മഴയില്‍ ഒരു തീര്‍ഥാടനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് കൊട്ടിയൂരിലേക്ക് പോവാന്‍ ഇതാണ് സമയം. മഴയും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ഹനിക്കാതെ കാക്കേണ്ടുന്നതിന്റെ ആവശ്യകതയും ഈ ഉത്സവത്തിന്റെ മറ്റൊരു മാനമാണ്. ദക്ഷയാഗഭൂമിയാണ്‌ കൊട്ടിയൂര്‍. ഭഗവാന്‍ പരമശിവനെ അപമാനിക്കാന്‍ ദക്ഷന്‍ നടത്തിയ യാഗം വീരഭദ്രനും പരിവാരങ്ങളും ചേര്‍ന്ന് തടസ്സപ്പെടുത്തിയത് ഈ യാഗഭൂമിയിലാണ്. യാഗം മുടങ്ങിയ മണ്ണില്‍ സ്വയംഭൂവായി ഒരു ശിവലിംഗം ഉയര്‍ന്നുെവന്നും അത്  ശിവസാന്നിധ്യമാെണന്നും ഭക്തര്‍ വിശ്വസിക്കുന്നു. കണ്ണൂര്‍ജില്ലയുെട കിഴക്ക് വയനാടുജില്ലയോട് ചേര്‍ന്നുകിടക്കുന്ന ഗ്രാമമാണ് കൊട്ടിയൂര്‍. വയനാട് പേര്യയില്‍നിന്ന് ഉദ്ഭവിക്കുന്ന ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി പകുക്കുന്നു. പുഴയുടെ തെക്കുഭാഗത്ത് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. പുഴയുെട വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂര്‍. വൈശാഖോത്സവം ഇവിടെയാണ് നടക്കുന്നത്.

വെള്ളത്താല്‍ ചുറ്റപ്പെട്ട മണിത്തറയും വെള്ളത്തിലും കരയിലുമായി കെട്ടിപ്പൊക്കിയ പര്‍ണശാലകളും ചേര്‍ന്നാല്‍ അക്കരെകൊട്ടിയൂര്‍ ക്ഷേത്രമായി. ബാവലിയില്‍നിന്ന് കിഴക്കുഭാഗത്തുകൂടെ ഒഴുകിയെത്തുന്ന വെള്ളം ക്ഷേത്രമുറ്റമായ തിരുവന്‍ചിറയെ വലംെവച്ച് പടിഞ്ഞാറുഭാഗത്തുകൂടി ബാവലിയിേലക്കുതന്നെ  തിരിച്ചുേപാകുന്നു. ബാവലിയിലെ ഉരുളന്‍കല്ലുകളും െചളിയുംകൊണ്ടാണ് മണിത്തറ ഉണ്ടാക്കുന്നത്. ഓടകളും ഞെട്ടിപ്പനയോലയും കാട്ടുമരങ്ങളുെട കമ്പുകളും കവൂള്‍ ചെടിയുടെ നാരും ഉപയോഗിച്ചാണ് പര്‍ണശാലകള്‍. തെങ്ങോലയും വാഴപ്പോളയും കൊണ്ട് തീര്‍ക്കുന്ന കൈയാലകള്‍.

മണിത്തറയുടെ മുകളിലെ കുടയ്ക്ക് ഞെട്ടിപ്പനയോലയും ഓടക്കമ്പും. പ്രസാദം നല്‍കാന്‍ കൂവയിലയും മലവാഴയിലയും. എല്ലാംകൊണ്ടും പ്രകൃതിയുമായി ഇണങ്ങുന്നു ഈ ഉത്സവവിശേഷങ്ങള്‍. പലപ്പോഴും തകര്‍ത്തുപെയ്യുന്ന മഴയും ഉരുളന്‍ കല്ലുകളില്‍ ഒഴുകുന്ന പുഴയും അന്തരീക്ഷത്തെ പ്രകൃതിസാന്ദ്രമാക്കും. കോഴിേക്കാട്ടുനിന്ന് വടകര, കുഞ്ഞിപ്പള്ളി, കൂത്തുപറമ്പ് വഴി 122 കിലോമീറ്ററാണ് ദൂരം.  തലശ്ശേരിയില്‍ച്ചെന്ന് പോവുകയാണ് ബസ് സൗകര്യത്തിന് നല്ലത്. ഇതുവഴി 126 കിലോമീറ്ററുണ്ട്. കോഴിക്കോട്, ബാലുശ്ശേരി, പേരാമ്പ്ര, കുറ്റ്യാടി, വഴി പക്രംതളം ചുരത്തിലൂടെ  ബോയ്സ്ടൗണ്‍ വഴിയും പോവാം.

പ്രകൃതിഭംഗി നിറഞ്ഞ വഴിയാണെങ്കിലും വീതികുറഞ്ഞ റോഡായതിനാല്‍ ബോയ്സ്ടൗണില്‍ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. തലശ്ശേരിയില്‍നിന്ന് 64 കിലോമീറ്ററാണ് ദൂരം. തലശ്ശേരിയില്‍നിന്ന് കൂത്തുപറമ്പ് എത്തണം. അവിടെനിന്ന് ഒരു കിലോമീറ്റര്‍ പിന്നിട്ട് തൊക്കിലങ്ങാടിനിന്ന് വലത്തോട്ടുതിരിഞ്ഞാല്‍  വയനാട് റോഡ്. 30 കിലോമീറ്റര്‍ പോയാല്‍ നിടുംപൊയില്‍. നേരേയുള്ള റോഡില്‍ രണ്ടുകിലോമീറ്റര്‍ പോയാല്‍ വാരപ്പീടിക അവിടെനിന്ന്  വലത്തോട്ടുതിരിയുക. കൊളക്കാട് കേളകം വഴി കൊട്ടിയൂരിലേക്ക് എത്താം. വാരപ്പീടികയില്‍നിന്ന് നേരേപോയാല്‍ തെറ്റുവഴി-തുണ്ടി-മണത്തണ കേളകം വഴിയും കൊട്ടിയൂരിലെത്താം. ഉത്സവകാലത്ത് വാഹനത്തിരക്ക് വളരെക്കൂടുതലായതിനാല്‍ ഈ വഴിയും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ബോയ്സ് ടൗണിലെ ചുരം റോഡില്‍ തിരക്കാണെങ്കില്‍ 30 കിലോമീറ്റര്‍ നേരേ നിടുംപൊയിലില്‍വന്ന് കേളകം റോഡിലേക്ക് കയറി പോവാം.

ട്രെയിനില്‍ വരുന്നവര്‍ തലശ്ശേരി ഇറങ്ങി ബസ്സില്‍ പോവുന്നതാണ് നല്ലത്. ഉത്സവകാലത്ത് സ്‌പെഷ്യല്‍ ബസുകള്‍ ധാരാളമുണ്ടാവും. ദൂരെദിക്കില്‍നിന്ന് എത്തുന്നവര്‍ക്ക്് വിശ്രമിക്കാനും  താമസിക്കാനും മൂന്ന് റെസ്റ്റ്ഹൗസുകളും മൂന്ന് ഹാളുകളും ദേവസ്വം സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഇതിന് ബുക്കിങ് ഇല്ല. എസ്.എന്‍.ഡി.പി.യും പെരുമാള്‍ സേവാസംഘവും ഇതുപോലെ സൗകര്യം ചെയ്തുകൊടുക്കാറുണ്ട്. ഇതിനുപുറമേ കൈയാലകളിലും ഭക്തര്‍ക്ക് വിശ്രമിക്കാം. ഉത്സവത്തിനെത്തുന്നവര്‍ക്ക് ദേവസ്വംവക ഉച്ചഭക്ഷണം സൗജന്യമാണ്. ദേവസ്വവുമായി ബന്ധപ്പെടാനുള്ള നമ്പര്‍: 0490- 2430234, 2430434.