ദൈവകൃപയുടെ തണലില്‍ വളര്‍ന്നുവന്ന ബിലീവേഴ്‌സ് ചര്‍ച്ച് 12 വൈദികരെക്കൂടി എപ്പിസ്‌കോപ്പാമാരായി അഭിഷേകം ചെയ്യുകയാണ്. സഭയുടെ പിതാവും തലവനുമായ ഡോ.കെ.പി.യോഹന്നാന്‍ മെത്രാപ്പൊലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തിലും മറ്റ് തിരുമേനിമാരുടെ സഹകാര്‍മ്മകത്വത്തിലുമാണ് ചടങ്ങുകള്‍, 2017 മാര്‍ച്ച് 2ന് രാവിലെ 7 ന് കുറ്റപ്പുഴ സെന്റ് തോമസ് കത്തീഡ്രലില്‍വെച്ചാണ് സ്ഥാനാരോഹണ ചടങ്ങ്. 16 രാജ്യങ്ങളിലായി 84 രൂപതകളാണ് സഭയ്ക്കുള്ളത്. 325 ഭാഷകള്‍ സംസാരിക്കുന്ന 27 ലക്ഷം വിശ്വാസികള്‍ സഭയ്ക്കുണ്ട്. നവാഭിഷിക്ത എപ്പിസ്‌കോപ്പാമാര്‍ കൂടിച്ചേരുന്നതോടെ മെത്രാപ്പൊലീത്തയുള്‍പ്പെടെ 22 തിരുമേനിമാര്‍ ഉള്ള സഭയായി ബിലീവേഴ്‌സ് ചര്‍ച്ചിനെ പരമകാരുണ്യവാനായ ദൈവം അനുഗ്രഹിച്ചിരിക്കുകയാണ്. 

ദൈവം തന്റെ ജനത്തെ നയിക്കാന്‍ എക്കാലവും അര്‍ഹരായവരെ തെരഞ്ഞെടുത്ത് അഭിഷേകം ചെയ്യുന്നുണ്ട്. ചരിത്രത്തെ നയിക്കുന്ന ദൈവത്തിന്റെ പരിപാലനമാണ് ഇത് വ്യക്തമാക്കുന്നത്. യിസ്രായേല്‍ ജനത്തെ നയിക്കുന്നതിന് മോശെയെ തെരഞ്ഞെടുത്തതുപോലെ മനുഷ്യരാശിയുടെ ജീവിതയാത്രയില്‍ എല്ലാക്കാലത്തും ഇത്തരം തെരഞ്ഞെടുപ്പുകള്‍ നമുക്ക് കാണുവാന്‍ കഴിയും. 

പുതിയ നിയമകാലഘട്ടത്തില്‍ മാറ്റമില്ലാത്ത ദൈവവചനമാണ് സഭയെ ശരിയായ പാതകളിലൂടെ നയിക്കുവാന്‍ സഹായിക്കുന്നത്. ക്രിസ്തുനാഥനും അപ്പൊസ്തലന്മാരും നല്‍കിയ പ്രബോധനങ്ങളിലും വിശ്വാസത്തിലും യാത്ര ചെയ്യുവാന്‍ വചനം കരുത്ത് പകര്‍ന്നുകൊണ്ടിരിക്കുകയാണ്. വചനനിറവില്‍ വളരുന്ന ബിലീവേഴ്‌സ് ചര്‍ച്ച് കാതോലികവും അപ്പൊസ്തലികവും ഏകവും വിശുദ്ധവുമായ സഭയിലാണ് വിശ്വസിക്കുന്നത്. ഏ.ഡി. 325ല്‍ ആദിമസഭ നിഖ്യാവിശ്വാസപ്രമാണം ഔദ്യോഗികമായി അംഗീകരിച്ചതായാണ് ചരിത്രം. ഈ വിശ്വാസപ്രമാണം തന്നെയാണ് ബിലീവേഴ്‌സ് ചര്‍ച്ചും ഏറ്റുപറയുന്നത്. 
സ്ഥലകാലഭേദമെന്യേ ഏതു നൂറ്റാണ്ടിലും യഥാര്‍ത്ഥ ക്രിസ്തീയ സഭ അപ്പൊസ്തലിക സഭതന്നെയാണ്. അപ്പൊസ്തലിക ഉപദേശങ്ങളിലാണ് സഭ പണിയപ്പെട്ടത്. ആദിമസഭയില്‍ അപ്പൊസ്തലന്മാരാണ് പിതാക്കന്മാരെ കൈവെയ്പ്പ് നല്‍കി അഭിഷേകം ചെയ്തിട്ടുള്ളത്. ഈ പിന്‍തുടര്‍ച്ച ഇന്നും തുടരുകയാണ്. അപ്പൊസ്തലന്മാരുടെ നേരിട്ടുള്ള കൈവെയ്പിലൂടെ ലഭിച്ച അഭിഷേകവും അധികാരവുമാണ് നൂറ്റാണ്ടുകള്‍ പിന്നിട്ട് ഇന്നും മേല്‍പ്പട്ടക്കാരായ സഭാ അദ്ധ്യക്ഷന്മാരിലും നിറയുന്നത്. 

അപ്പൊസ്തലിക ഉപദേശങ്ങളില്‍ സഭ നയിക്കപ്പെടുമ്പോള്‍ സഭ അപ്പൊസ്തലന്മാരാലും അവരുടെ പിന്‍ഗാമികളാലും നയിക്കപ്പെടുകയും പവിത്രമാകുകയുമാണ് ചെയ്യുന്നത്. എപ്പിസ്‌കോപ്പല്‍ സിനഡും സിനഡിനെ സഹായിക്കുന്ന വൈദികരും ക്രിസ്തുവിനാല്‍ നിയമിതരായ അപ്പൊസ്തലന്മാരോടുകൂടെ ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ സഭയുടെ അഥവാ വിശുദ്ധ പത്രൊസ് ശ്ലീഹായുടെ പിന്‍തുടര്‍ച്ചക്കാരായി അവര്‍ കര്‍ത്താവിനെ പ്രതിനിധീകരിക്കുകയാണ് ചെയ്യുക.

ചരിത്രപരവും ഭരണപരവുമായ എപ്പിസ്‌കോപ്പസിയുടെ ആരംഭം യെരുശലേമിലെ അപ്പൊസ്തലന്മാരില്‍ നിന്നാണ് ആരംഭിക്കുന്നത്. പിന്നീട് അവിടെനിന്നും അന്ത്യോക്യയിലേക്കും കുസ്തന്തീനോസ് പൊലീസിലേക്കും റോമിലേക്കും വ്യാപിക്കയായിരുന്നു. 1534ല്‍ റോമന്‍ കത്തോലിക്കാ സഭയില്‍ നിന്നും ഇംഗ്ലണ്ടിലെ സഭ അടര്‍ന്നുമാറുകയും ആംഗ്ലിക്കന്‍ സഭ (ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്) രൂപം ചെയ്യുകയും ചെയ്തു. സി.എസ്.ഐ., സി.എന്‍.ഐ. മലങ്കര മാര്‍ത്തോമ്മ സഭ എന്നിവ ഈ ആംഗ്ലിക്കന്‍ സംസര്‍ഗ്ഗത്തിലുള്ള സഭകളാണ്. ആംഗ്ലിക്കന്‍ സഭയില്‍ ഉണ്ടായിരുന്ന തിരുമേനിമാര്‍ റോമന്‍ കത്തോലിക്കാസഭയില്‍നിന്നും അഭിഷിക്തന്മാരായവരാണ്. അങ്ങനെ അവര്‍ക്കും ആദിമസഭയിലൂടെ തുടര്‍ന്ന അപ്പൊസ്തലിക പാരമ്പര്യം നിലനിര്‍ത്താന്‍ കഴിഞ്ഞു.
2003 ഫെബ്രുവരി 6ന് തിരുവല്ല കുറ്റപ്പുഴ സെന്റ് തോമസ് ദൈവാലയത്തില്‍വെച്ച് സി.എസ്.ഐ.സഭയുടെ വര്‍ക്കിംഗ്, എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ അനുമതിയോടെ സി.എസ്.ഐ. സഭാ മോഡറ്റേറായിരുന്ന മോസ്റ്റ് റവ. ഡോ. കെ.ജെ.സാമുവേല്‍ തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് വെരി. റവ. ഡോ.കെ.പി.യോഹന്നാന്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പ്രഥമ ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ട് ബിലീവേഴ്‌സ് ചര്‍ച്ച് അപ്പൊസ്തലിക സഭയുടെ ഭാഗമായി മാറിയത്. 2000 ജനുവരിയില്‍ ചേര്‍ന്ന ബിലീവേഴ്‌സ് ചര്‍ച്ചിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സഭയുടെ ഭരണസംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. 2002 ജനുവരി 1നു ചേര്‍ന്ന എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ ഈ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചു. മുഖ്യധാരയിലുള്ള വിവിധ സഭകളില്‍നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് സി.എസ്.ഐ. മോഡറേറ്ററെ സമീപിച്ചത്. ഉപഭൂഖണ്ഡത്തില്‍ റോമന്‍ കത്തോലിക്കാ സഭ കഴിഞ്ഞാല്‍പിന്നെ ഏറ്റവും കൂടുതല്‍ എപ്പിസ്‌കോപ്പല്‍ ചരിത്രമുള്ള ഈ സഭാ മോഡറേറ്റര്‍ ബിലീവേഴ്‌സ് ചര്‍ച്ചിനെ വിശദമായി പഠിക്കുകയും സി.എസ്.ഐ. സിനഡ് വര്‍ക്കിംഗ് കമ്മറ്റി, എക്‌സിക്യൂട്ടീവ് കമ്മറ്റി എന്നിവയില്‍ നടത്തിയ കൂടി ആലോചനയുടെയും നല്‍കിയ അനുമതിയുടെയും തുടര്‍ച്ചയായാണ് സി.എസ്.ഐ. സഭാ മോഡറേറ്റര്‍ തിരുമേനി 2003ല്‍ റൈറ്റ് റവ. ഡോ.കെ.പി.യോഹന്നാനെ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്തത്. 

സി.എസ്.ഐ. സഭയിലെ മോസ്റ്റ്. റവ.ഡോ. ജെ.ഡബ്ലു.ഗ്ലാഡ്സ്റ്റണ്‍, കന്യാകുമാരി ബിഷപ്പായിരുന്ന മോസ്റ്റ് റവ. ഡോ. ദേവകടാക്ഷം (ഇരുവരും പിന്നീട് മോഡറേറ്റന്മാരായി), മുന്‍ മോഡറേറ്റര്‍ മോസ്റ്റ്. റവ.ഡോ.വിക്ടര്‍ പ്രേംസാഗര്‍, സി.എന്‍.ഐ ബിഷപ്പുമാരായ ബി.എന്‍.നായ്ക്, പ്രേംകുമാര്‍ ധൗടേക്കര്‍, കല്‍ദായ സുറിയാനി സഭയുടെ മാര്‍ അപ്രേം മെത്രാപ്പൊലീത്ത, ലൂഥറന്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ഡോ.രാജരത്‌നം എന്നീ സഭാപിതാക്കന്മാരും ചടങ്ങിന് സാക്ഷികളായി. 2006, 2010 വര്‍ഷങ്ങളില്‍ ബിലീവേഴ്‌സ് ചര്‍ച്ച് പുതിയ എപ്പിസ്‌കോപ്പാമാരെ വാഴിച്ചിരുന്നു.

സഭയുടെ വര്‍ധിതമായ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കാന്‍ മേല്‍പ്പട്ടക്കാര്‍ കുറവായ സാഹചര്യത്തിലാണ് ഇപ്പോള്‍ പുതിയ 12 എപ്പിസ്‌കോപ്പാമാരെക്കൂടി വാഴിക്കാന്‍ എപ്പിസ്‌കോപ്പല്‍ സിനഡ് തീരുമാനിച്ചത്. സഭ രാജ്യത്തിന്റെ വ്യത്യസ്ഥ മേഖലകളില്‍ ശുശ്രൂഷ ചെയ്തു വരികയാണ്. സുവിശേഷ പ്രഘോഷണം, ശുചിത്വ പരിപാലനം, ആരോഗ്യ ബോധവത്ക്കരണം, രോഗചികിത്സ, സ്വയംതൊഴില്‍, ദുരന്തനിവാരണം, സ്ത്രീ ശാക്തീകരണം, നിരാശ്രയര്‍ക്ക് സംരക്ഷണം, മനുഷ്യാവകാശ പ്രവര്‍ത്തനം, തുടങ്ങിയ മേഖലകളില്‍ ദീര്‍ഘവീഷണത്തോടെയും പ്രതിജ്ഞാബദ്ധവുമായ പ്രവര്‍ത്തനങ്ങളാണ് നിര്‍വഹിച്ചുവരുന്നത്. ചുരുക്കത്തില്‍ വിശ്വാസത്തിനും പ്രവര്‍ത്തിക്കും വേണ്ടി ആഴത്തില്‍ സമര്‍പ്പിക്കപ്പെട്ട ഒരു സഭയാണ് ബിലീവേഴ്‌സ് ചര്‍ച്ച്. ഇത് ദൈവീക കരുണയും അവിടുത്തെ കൃപാ കടാക്ഷവും ഒന്നുകൊണ്ടുമാത്രമാണ് സാധ്യമായത്. ദൈവീക തണലിലാണ് സഭ വളര്‍ന്നുവന്നത് എന്നത് അഭിമാനത്തോടെ സ്മരിക്കുന്നു.