ക്രിസ്തുവിന്റെ മനുഷ്യമുഖമായി ബിലീവേഴ്‌സ് ചര്‍ച്ച്. കല്‍ക്കട്ടയിലെ വിശുദ്ധ അമ്മയെപ്പോലെ മോളോക്കോ ദ്വീപിലെ ഫാദര്‍ ഡാമിയനെപ്പോലെ വലംകൈ ചെയ്യുന്നത് ഇടംകൈ അറിയാതെ കരുതലിന്റെയും സ്‌നേഹത്തിന്റെയും സുവിശേഷകനായ ഡോ.കെ.പി.യോഹന്നാന്‍ മെത്രാപ്പൊലീത്തയും ബിലീവേഴ്‌സ് ചര്‍ച്ചും ഭാരതത്തിന്റെ പുണ്യമായി മാറുകയാണ്. അശാന്തിയില്‍ ഇരിക്കുന്നവര്‍ക്ക് പ്രാര്‍ത്ഥനയുടെയും കൗണ്‍സിലിംഗിന്റെയും വചനനീരുറവയായി, വിശക്കുന്നവന് അപ്പവും രോഗിക്ക് വൈദ്യനും നിരാശ്രയര്‍ക്ക് ആശ്രയവും നിരക്ഷരന് അക്ഷരവും ദാഹിക്കുന്നവന് കുടിവെള്ളവും പരിത്യജിക്കപ്പെടുന്നവന് സമീപസ്ഥനും വീടില്ലാത്തവര്‍ക്ക് വീടുമായി മാനവരാശിക്ക് അശാന്തിയുടെ തീരത്ത് ശാന്തിയാകുകയാണ് ബിലീവേഴ്‌സ് ചര്‍ച്ച്.

16 വര്‍ഷങ്ങള്‍ ഒരു മനുഷ്യജന്മത്തിലെ കുറച്ച് നാളുകളാണ് അതുകൊണ്ടുതന്നെ ഈ കാലം ശൈശവകാലം എന്നാണ് അറിയപ്പെടുക. ഒരു സഭയെ സംബന്ധിച്ച് ഇത് ഒരു പരിശോധനയുടെ കാലയളവേയല്ല. എന്നാല്‍ വ്യക്തി, സഭ, സമൂഹം എന്തായിരിക്കുമെന്നതിന്റെ സൂചനകള്‍ ഈ കാലത്തിനുള്ളില്‍ തെളിഞ്ഞുവരാം. അത്തരം ഒരു പരിശോധനയിലാകട്ടെ സമാനതകളില്ലാത്ത നന്മകളുടെ സമൂഹമാണ് ഇതെന്ന് പറയാതിരിക്കാന്‍ വയ്യ. ക്രിസ്തുവിന്റെ ക്രൂശുമരണത്തെത്തുടര്‍ന്ന് യെഹൂദിയായിലും സമീപനാടുകളിലും രൂപപ്പെട്ട വചനനിറവിന്റെ കൂട്ടായ്മപോലെ 30 വര്‍ഷത്തോളം വിവിധ പ്രദേശങ്ങളില്‍ നിലനിന്ന പ്രാര്‍ത്ഥനാകൂട്ടായ്മകളാണ് പിന്നീട് ഒരു സഭയായത്. എല്ലാ അര്‍ത്ഥത്തിലും സുവിശേഷപ്രഘോഷണമാണ് ഇവര്‍ നടത്തുക. അതുകൊണ്ടുതന്നെയാണ് ചില ദോഷൈകദൃക്കുകള്‍ കല്ലെറിയുമ്പോഴും തിരുമേനിയും സഭയും മനുഷ്യഹൃദയങ്ങളില്‍ മായാത്ത മുദ്ര തീര്‍ത്തതും സമൂഹം ഈ സഭയെ നെഞ്ചോട് ചേര്‍ത്തതും.

ആത്മാവിന്റെ സുതാര്യതയുള്ള ഇടയശ്രേഷ്ഠനേതൃത്വമാണ് ബിലീവേഴ്‌സ് ചര്‍ച്ചിനുള്ളത്. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും കരുതലിന്റെയും പ്രവാചകനായ മെത്രാപ്പൊലീത്തയുടെ ഉള്‍ക്കാഴ്ചയും പ്രാര്‍ത്ഥനയും ധ്യാനനിരതയും ബിലീവേഴ്‌സ് ചര്‍ച്ചിനെ ആദിമ ക്രൈസ്തവ സമൂഹമായി ഇന്നും നിലനിര്‍ത്തുന്നു. സ്വന്തം സഭയിലെ ദരിദ്രരോട് മാത്രമല്ല, പ്രാന്തവല്‍ക്കരിക്കപ്പെട്ട സമൂഹത്തോടൊപ്പമുള്ള അളവില്ലാത്ത സ്‌നേഹം ഇവരുടെ തുടിക്കുന്ന സാക്ഷ്യമാണ്. സത്യത്തില്‍ ഇത് ഹൃദയത്തിന്റെ പരമാര്‍ത്ഥതയാണ്. അതുതന്നെയാണ് അനൗപചാരികതയില്ലാത്ത കൂട്ടായ്മയായി ബിലീവേഴ്‌സ് ചര്‍ച്ചിനെ മാറ്റുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയെപ്പോലെ വലിപ്പചെറുപ്പമില്ലാത്ത ഇടപെടലുകളും, ജീവതവുമാണ് സഭയ്ക്കും സ്വന്തം താല്പര്യങ്ങള്‍ക്കും പകരം ക്രിസ്തുവിനെ കേന്ദ്രബിന്ദുവാക്കിയുള്ള ജീവിതമാണ് ഡോ.കെ.പി.യോഹന്നാന്‍ മെത്രാപ്പൊലീത്തയെയും ഈ പരമാദ്ധ്യക്ഷന്റെ കീഴിലുള്ള സഭയെയും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആത്മീയ ചൈതന്യമാക്കി മാറ്റുന്നത്.
 
വഴിയും വെള്ളവും വെളിച്ചവും ഇല്ലാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും ഇവരുടെ സ്‌നേഹസ്പര്‍ശം എത്തിയിട്ടുണ്ട്. കുഷ്ഠരോഗം വന്ന് വിരലുകള്‍ അറ്റുപോകുകയും മൂക്കും ചെവിയും മുറിഞ്ഞുപോകുകയും അസഹ്യമായ ദുര്‍ഗന്ധംവമിക്കുകയും ചെയ്യുന്ന കുഷ്ഠരോഗികളെ ബന്ധുക്കല്‍ പോലും ഉപേക്ഷിച്ചിടത്ത് 50 ഗ്രാമങ്ങളിലാണ് ഇവരെ ശുശ്രൂഷിക്കുവാന്‍ ആശുപത്രികള്‍ പോലും സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്നത്. ശരീരത്തിലെ മാംസകഷണങ്ങള്‍ അടര്‍ന്നുവീഴുമ്പോള്‍ കരയുവാന്‍ കണ്ണീര്‍പോലും വറ്റിപ്പോയ രോഗികളാണ് ഇവര്‍. പഴുപ്പിന്റെ ദുര്‍ഗന്ധം ശ്വാസം മുട്ടിപ്പിക്കുമ്പോഴും സഹോദരിയായി മക്കളായി കാരുണ്യത്തിന്റെ കരസ്പര്‍ശമാകുന്ന ഈ കന്യാസ്ത്രീകളെയും (സിസ്റ്റേഴ്‌സ് ഓഫ് കംപാഷന്‍) നേതൃത്വം നല്‍കുന്ന വൈദികരെയും ഇവരെ മാനസികമായും ആദ്ധ്യാത്മികമായും ആയുധമണിയിക്കുന്ന ഡോ.കെ.പി.യോഹന്നാന്‍ മെത്രാപ്പൊലീത്തായേയും എങ്ങനെ ഭാരതത്തിന് മറക്കാനാകും. 
ബംഗാളിലെ ബാന്ദ്രയിലെ ശിശുമാര്‍ക്കറ്റിലും ഈ സഭയുടെ കരങ്ങള്‍ നീണ്ടു. മക്കള്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുവാന്‍ മാര്‍ഗ്ഗമില്ലാതെ പത്ത് മാസം നൊന്തു പ്രസവിച്ച അമ്പത് പൊന്നുമക്കളെയാണ് അമ്പത് അമ്മമാര്‍ അന്ന് വില്പനയ്ക്ക് വച്ചത്. ചില ഇംഗ്ലീഷ് മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വന്നതോടെ സഭയുടെ നിര്‍ദ്ദേശാനുസരണം ഇവിടെ ഓടിയെത്തിയ സിസ്റ്റേഴ്‌സ് ഓഫ് കംപാഷന്‍ പ്രവര്‍ത്തകര്‍ 132 കുട്ടികളെയാണ് ഏറ്റെടുത്തത്. അവര്‍ക്ക് ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും നല്‍കി പോറ്റിവളര്‍ത്തുകയാണ് ഈ കന്യാസ്ത്രീ അമ്മമാര്‍. പ്രകൃതി മനംതെളിഞ്ഞ് സൗന്ദര്യം വിതറിയ സുന്ദര്‍ബന്‍ ദ്വീപസമൂഹത്തിലെ സഭയുടെ സേവനം സാഹസികമാണ്. മരമുകളില്‍ കയറുകയും നീന്തി ഇരയെ പിടിക്കുകയും ചെയ്യുന്ന ബംഗാള്‍ കടുവകള്‍ ഈ ദ്വീപസമൂത്തിലെ ഗ്രാമങ്ങളില്‍ കൊന്നുവീഴ്ത്തിയത് ഇതിനകം നൂറുകണക്കിന് ഗ്രാമീണരെയാണ്. പകല്‍പോലും കണ്ടല്‍കാട് വീട്ട് മറുകരയിലെത്തി നാശം വിതയ്ക്കുകയാണ് ഇവ. തേന്‍ ശേഖരിച്ചും മീന്‍ പിടിച്ചും വിറക് വെട്ടിയും ഉപജീവനം കഴിക്കുന്ന ഈ പാവങ്ങള്‍ പലപ്പോഴും കടുവയുടെ ആഹാരമായി മാറുന്നു. മീന്‍ പിടിക്കാന്‍ പോകുന്നവരാകട്ടെ പലപ്പോഴും മുതലകള്‍ക്ക് ഇരയായി മാറുന്നു. ഭര്‍ത്താവ് കൊല്ലപ്പെടുന്നതോടെ വിധവയായി മാറുന്ന ഈ സ്ത്രീ സമൂഹത്തിന്റെ നരകജീവിതത്തിന് വീടും, ആഹാരവും, മാര്‍ഗ്ഗവും, വിദ്യാഭ്യാസവും പാചകം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ആഹാരം വെച്ചുകൊടുത്തുമൊക്കെ നന്മയുടെ വിശുദ്ധ രൂപങ്ങളാകുന്ന ഇവരെ എങ്ങനെ നമുക്ക് മറക്കാനാകും.
 
ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ സ്‌കൂളുകള്‍ അന്യമായി ബാലവേലക്ക് വിധിക്കപ്പെട്ട 85,000 വിദ്യാര്‍ത്ഥികള്‍ക്കാണ് സഭ രൂപം  കൊടുത്ത ബ്രിഡ്ജ് ഓഫ് ഹോപ്പ് നല്ല ഭക്ഷണവും, വസ്ത്രവും, പഠനോപകരണങ്ങളും, വിദ്യാഭ്യാസസൗകര്യവും ഒരുക്കി ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളാക്കി മാറ്റുന്നത്. ശുദ്ധജലം ഇല്ലാത്ത ഗ്രാമങ്ങളില്‍ 26,000 കുഴല്‍കിണറുകളും 58,000 ബയോസാന്റ് വാട്ടര്‍ ഫില്‍റ്ററും സ്ഥാപിച്ചു. പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ മാര്‍ഗ്ഗമില്ലാത്ത ഉത്തരേന്ത്യയിലെ ഇരുളടഞ്ഞ ഗ്രാമങ്ങളിലെ നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം ശിരസ്സാവഹിച്ച് സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായും അല്ലാതെയും 28,000 ടോയ്‌ലെറ്റുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കഴിഞ്ഞതും വിസ്മരിക്കാനാവില്ല. 
പ്രകൃതി ഭൂകമ്പമായി ദുരന്തം വിതച്ച് കെട്ടിടങ്ങളും മനുഷ്യജീവിതങ്ങളും മണ്ണടിഞ്ഞ നേപ്പാളിലെ ദുരന്തഭൂമിയില്‍ സ്വാന്തനവുമായി എത്തിയ ആദ്യ സംഘത്തില്‍ ബിലീവേഴ്‌സ് സഭയിലെ പുരോഹിതന്മാരും വിശ്വാസികളും ഉണ്ടായിരുന്നു. ഇവിടെ മാത്രമല്ല പ്രകൃതി ദുരന്തവും വിനാശവുമാകുന്ന പ്രദേശങ്ങളുടെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ എളിയപങ്കാളികളാകാന്‍ ഈ സഭയ്ക്കു കഴിയുന്നതില്‍ മലയാളസമൂഹത്തിന് അഭിമാനിക്കാം. സൈക്കിള്‍ റിക്ഷാതൊഴിലാളികള്‍, ആദിവാസികള്‍, നിരക്ഷരര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പതിനേഴ് ലക്ഷം ആളുകള്‍ക്കാണ് ജീവിത ഉപാധിയ്ക്കുള്ള ഉപകരണങ്ങള്‍ നല്‍കിയത്. മഞ്ഞില്‍പുതഞ്ഞ് മരണം മുഖാമുഖം കാണുന്ന പതിനാറ് ലക്ഷം പേര്‍ക്ക് ബ്ലാങ്കറ്റുകളും മലേറിയ പടരുന്ന ഗ്രാമങ്ങളില്‍ പതിമൂന്ന് ലക്ഷം കൊതുകുവലകളും നല്‍കി. സമൂഹം തെരുവിലേക്ക് വലിച്ചെറിഞ്ഞ അഞ്ഞൂറിലധികം അനാഥക്കുട്ടികളെ ഏറ്റെടുത്ത് അവര്‍ക്ക് ജീവിതം നല്‍കുവാന്‍ കഴിഞ്ഞു. 2500 ലധികം വീടുകള്‍ നിര്‍മ്മിച്ചുനല്‍കി. പോഷകാഹാരക്കുറവ് മൂലം അപകടത്തിലാകാതിരിക്കാന്‍ ഗര്‍ഭിണികളായ ഒരുലക്ഷം പേര്‍ക്കു വിറ്റാമിന്‍ ഗുളികകള്‍ നല്‍കുന്നു. ഒരുലക്ഷം കുട്ടികളില്‍ ആരോഗ്യപരിരക്ഷയ്ക്ക് നേതൃത്വം നല്‍കുന്നു. 35000 സ്ത്രീകള്‍ക്കാണ് സ്വയം തൊഴില്‍ പരിശീലനം നല്‍കിയത്. 50000 ലധികം സ്ത്രീകള്‍ക്ക് അക്ഷരജ്ഞാനം നല്‍കുന്നു. 

ഇങ്ങനെ വ്യത്യസ്തമായ നിരവധി മേഖലകളില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കര്‍മ്മസാന്നിധ്യം അനുഭവവേദ്യമാകുന്നത്. പതിനാറ് രാജ്യങ്ങളില്‍ ഇതിനകം വ്യാപിച്ച കാരുണ്യത്തിന്റെ ഈ സുവിശേഷം കൂടുതല്‍ കരുത്തോടെ ഇനിയും കൂടുതല്‍ ഇടങ്ങളിലേക്കും കുടുംബങ്ങളിലേക്കും വ്യാപിക്കട്ടെ എന്നാഗ്രഹിക്കാം. പതിനായിരക്കണക്കിന് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ ഇതിലൂടെ കഴിയും. ഇത് കാണാന്‍ കഴിയുന്നവര്‍ കാണട്ടെ. കേള്‍ക്കാന്‍ കഴിയുന്നവര്‍ കേള്‍ക്കട്ടെ. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവര്‍ക്കുമൊപ്പം നില്‍ക്കുന്ന ബിലീവേഴ്‌സ് ചര്‍ച്ചും ഡോ.കെ.പി.യോഹന്നാന്‍ മെത്രാപ്പൊലീത്തായുടെയും സഭയിലെ മുഴുവന്‍ എപ്പിസ്‌കോപ്പാമാരുടെയും മുഴുവന്‍ സഭാ സമൂഹത്തിന്റെയും നന്മകള്‍ക്കുമുമ്പില്‍ നമുക്ക് കരങ്ങള്‍ കൂപ്പാം. നിറഞ്ഞ മനസ്സോടെ.