കരുതലും കാരുണ്യവും സേവനവും ഉയര്‍ത്തിപ്പിടിച്ച് ബിലീവേഴ്‌സ് ചര്‍ച്ച് ക്രിസ്തുമാര്‍ഗത്തില്‍ മാതൃകയാകുകയാണ്..മദര്‍ തെരേസയെപ്പോലെയും ഫാദര്‍ ഡാമിയനെപ്പോലെയും സമര്‍പ്പിത മനസ്‌കരായി സഭാ പ്രവര്‍ത്തകര്‍ കാരുണ്യവഴിയില്‍ ദീപംതെളിക്കുന്നു. വലംകൈ ചെയ്യുന്നത് ഇടം കൈ അറിയാതെ സേവനവഴിയില്‍ ദീപസ്തംഭമായി കെ.പി.യോഹന്നാന്‍ മെത്രാപ്പോലീത്ത സഭയെ നയിക്കുന്നു.

16 വര്‍ഷങ്ങള്‍ ഒരു മനുഷ്യജന്മത്തിലെ കുറച്ച് നാളുകളാണ.്  ശൈശവകാലം  ഒരു സഭയെ സംബന്ധിച്ച് പരിശോധനയുടെ കാലയളവേയല്ല. എന്നാല്‍ വ്യക്തി, സഭ, സമൂഹം എന്തായിരിക്കുമെന്നതിന്റെ സൂചനകള്‍ ഈ കാലത്തിനുള്ളില്‍ തെളിഞ്ഞുവരാം. അത്തരം ഒരു പരിശോധനയിലാകട്ടെ സമാനതകളില്ലാത്ത നന്മകളുടെ സമൂഹമാണ് ബിലീവേഴ്‌സ് എന്ന് വിലയിരുത്താം. ക്രിസ്തുവിന്റെ കുരിശുമരണത്തെത്തുടര്‍ന്ന് യെഹൂദിയായിലും സമീപനാടുകളിലും രൂപപ്പെട്ട വചനനിറവിന്റെ കൂട്ടായ്മപോലെ 30 വര്‍ഷത്തോളം വിവിധ പ്രദേശങ്ങളില്‍ നിലനിന്ന പ്രാര്‍ത്ഥനാകൂട്ടായ്മകളാണ് പിന്നീട് ഒരു സഭയായത്. എല്ലാ അര്‍ത്ഥത്തിലും സുവിശേഷപ്രഘോഷണമാണ് ഇവര്‍ നടത്തുക. 

ആത്മാവിന്റെ സുതാര്യതയുള്ള ഇടയശ്രേഷ്ഠനേതൃത്വമാണ് ബിലീവേഴ്‌സ് ചര്‍ച്ചിനുള്ളത്. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും കരുതലിന്റെയും പ്രവാചകനായ മെത്രാപ്പൊലീത്തയുടെ ഉള്‍ക്കാഴ്ചയും പ്രാര്‍ത്ഥനയും ധ്യാനനിരതയും ബിലീവേഴ്‌സ് ചര്‍ച്ചിനെ ആദിമ ക്രൈസ്തവ സമൂഹമായി ഇന്നും നിലനിര്‍ത്തുന്നു. സ്വന്തം സഭയിലെ ദരിദ്രരോട് മാത്രമല്ല, പ്രാന്തവല്‍ക്കരിക്കപ്പെട്ട സമൂഹത്തോടൊപ്പമുള്ള അളവില്ലാത്ത സ്‌നേഹം ഇവരുടെ തുടിക്കുന്ന സാക്ഷ്യമാണ്.അതുതന്നെയാണ് അനൗപചാരികതയില്ലാത്ത കൂട്ടായ്മയായി ബിലീവേഴ്‌സ് ചര്‍ച്ചിനെ മാറ്റുന്നത്.

വഴിയും വെള്ളവും വെളിച്ചവും ഇല്ലാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും സഭയുടെ സ്‌നേഹസ്പര്‍ശം എത്തിയിട്ടുണ്ട്. കുഷ്ഠരോഗം വന്ന് വിരലുകള്‍ അറ്റുപോകുകയും മൂക്കും ചെവിയും മുറിഞ്ഞുപോകുകയും അസഹ്യമായ ദുര്‍ഗന്ധംവമിക്കുകയും ചെയ്യുന്നവരെ ബന്ധുക്കല്‍ പോലും ഉപേക്ഷിച്ചിടത്ത,് 50 ഗ്രാമങ്ങളിലാണ് ഇവരെ ശുശ്രൂഷിക്കുവാന്‍ ആശുപത്രികള്‍ പോലും സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്നത്.  പഴുപ്പിന്റെ ദുര്‍ഗന്ധം ശ്വാസം മുട്ടിപ്പിക്കുമ്പോഴും സഹോദരിയായി മക്കളായി കാരുണ്യത്തിന്റെ കരസ്പര്‍ശമേകുന്നു സിസ്റ്റേഴ്‌സ് ഓഫ് കംപാഷന്‍.

ബംഗാളിലെ ബന്ദഗിയിലെ ശിശുമാര്‍ക്കറ്റിലും ഈ സഭയുടെ കരങ്ങള്‍ നീണ്ടു. മക്കള്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുവാന്‍ മാര്‍ഗ്ഗമില്ലാതെ പത്ത് മാസം നൊന്തു പ്രസവിച്ച അമ്പത് പൊന്നുമക്കളെയാണ് അമ്മമാര്‍ അന്ന് വില്പനയ്ക്ക് വച്ചത്. ചില ഇംഗ്ലീഷ് മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വന്നതോടെ സഭയുടെ നിര്‍ദ്ദേശാനുസരണം ഇവിടെ ഓടിയെത്തിയ സിസ്റ്റേഴ്‌സ് ഓഫ് കംപാഷന്‍ പ്രവര്‍ത്തകര്‍ 132 കുട്ടികളെയാണ് ഏറ്റെടുത്തത്. അവര്‍ക്ക് ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും നല്‍കി പോറ്റിവളര്‍ത്തുകയാണ് ഈ കന്യാസ്ത്രീ സമൂഹം. പ്രകൃതി മനംതെളിഞ്ഞ് സൗന്ദര്യം വിതറിയ സുന്ദര്‍ബന്‍ ദ്വീപസമൂഹത്തിലെ സഭയുടെ സേവനം സാഹസികമാണ്. മരമുകളില്‍ കയറുകയും നീന്തി ഇരയെ പിടിക്കുകയും ചെയ്യുന്ന ബംഗാള്‍ കടുവകള്‍ ഈ ദ്വീപസമൂത്തിലെ ഗ്രാമങ്ങളില്‍ കൊന്നുവീഴ്ത്തിയത് നൂറുകണക്കിന് ഗ്രാമീണരെയാണ്. പകല്‍പോലും കണ്ടല്‍കാട് വീട്ട് മറുകരയിലെത്തി നാശം വിതയ്ക്കുകയാണ് ഇവ. തേന്‍ ശേഖരിച്ചും മീന്‍ പിടിച്ചും വിറക് വെട്ടിയും ഉപജീവനം കഴിക്കുന്ന ഈ പാവങ്ങള്‍ പലപ്പോഴും കടുവയുടെ ആഹാരമായി മാറുന്നു. മീന്‍ പിടിക്കാന്‍ പോകുന്നവരാകട്ടെ പലപ്പോഴും മുതലകള്‍ക്ക് ഇരയായി മാറുന്നു. ഭര്‍ത്താവ് കൊല്ലപ്പെടുന്നതോടെ വിധവയായി മാറുന്ന ഈ സ്ത്രീ സമൂഹത്തിന്റെ നരകജീവിതത്തിന് വീടും, ആഹാരവും, മാര്‍ഗ്ഗവും, വിദ്യാഭ്യാസവും പാചകം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ആഹാരം വെച്ചുകൊടുത്തുമൊക്കെ സഭ കരുതലിന്റെ അടയാളമാകുന്നു.
ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ സ്‌കൂളുകള്‍ അന്യമായി ബാലവേലക്ക് വിധിക്കപ്പെട്ട 85,000 വിദ്യാര്‍ത്ഥികള്‍ക്കാണ് സഭ രൂപം  കൊടുത്ത ബ്രിഡ്ജ് ഓഫ് ഹോപ്പ് നല്ല ഭക്ഷണവും, വസ്ത്രവും, പഠനോപകരണങ്ങളും, വിദ്യാഭ്യാസസൗകര്യവും ഒരുക്കി ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളാക്കി മാറ്റുന്നത്. ശുദ്ധജലം ഇല്ലാത്ത ഗ്രാമങ്ങളില്‍ 26,000 കുഴല്‍കിണറുകളും 58,000 ബയോസാന്റ് വാട്ടര്‍ ഫില്‍റ്ററും സ്ഥാപിച്ചു. പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ മാര്‍ഗ്ഗമില്ലാത്ത ഉത്തരേന്ത്യയിലെ ഇരുളടഞ്ഞ ഗ്രാമങ്ങളിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം ശിരസ്സാവഹിച്ച് സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായും അല്ലാതെയും 28,000 ടോയ്‌ലെറ്റുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കഴിഞ്ഞതു.

പ്രകൃതി ഭൂകമ്പമായി ദുരന്തം വിതച്ച് കെട്ടിടങ്ങളും മനുഷ്യജീവിതങ്ങളും മണ്ണടിഞ്ഞ നേപ്പാളിലെ ദുരന്തഭൂമിയില്‍ സ്വാന്തനവുമായി എത്തിയ ആദ്യ സംഘത്തില്‍ ബിലീവേഴ്‌സ് സഭയിലെ പുരോഹിതന്മാരും വിശ്വാസികളും ഉണ്ടായിരുന്നു. ഇവിടെ മാത്രമല്ല പ്രകൃതി ദുരന്തവും വിനാശവുമാകുന്ന പ്രദേശങ്ങളുടെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ എളിയപങ്കാളികളാകാന്‍ ഈ സഭയ്ക്കു കഴിയുന്നതില്‍ മലയാളസമൂഹത്തിന് അഭിമാനിക്കാം. സൈക്കിള്‍ റിക്ഷാതൊഴിലാളികള്‍, ആദിവാസികള്‍, നിരക്ഷരര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പതിനേഴ് ലക്ഷം ആളുകള്‍ക്കാണ് ജീവിത ഉപാധിയ്ക്കുള്ള ഉപകരണങ്ങള്‍ നല്‍കിയത്. മഞ്ഞില്‍പുതഞ്ഞ് മരണം മുഖാമുഖം കാണുന്ന പതിനാറ് ലക്ഷം പേര്‍ക്ക് ബ്ലാങ്കറ്റുകളും മലേറിയ പടരുന്ന ഗ്രാമങ്ങളില്‍ പതിമൂന്ന് ലക്ഷം കൊതുകുവലകളും നല്‍കി. സമൂഹം തെരുവിലേക്ക് വലിച്ചെറിഞ്ഞ അഞ്ഞൂറിലധികം അനാഥക്കുട്ടികളെ ഏറ്റെടുത്ത് അവര്‍ക്ക് ജീവിതം നല്‍കുവാന്‍ കഴിഞ്ഞു. 2500 ലധികം വീടുകള്‍ നിര്‍മ്മിച്ചുനല്‍കി. പോഷകാഹാരക്കുറവ് മൂലം അപകടത്തിലാകാതിരിക്കാന്‍ ഗര്‍ഭിണികളായ ഒരുലക്ഷം പേര്‍ക്കു വിറ്റാമിന്‍ ഗുളികകള്‍ നല്‍കുന്നു. ഒരുലക്ഷം കുട്ടികളില്‍ ആരോഗ്യപരിരക്ഷയ്ക്ക് നേതൃത്വം നല്‍കുന്നു. 35000 സ്ത്രീകള്‍ക്കാണ് സ്വയം തൊഴില്‍ പരിശീലനം നല്‍കിയത്. 50000 ലധികം സ്ത്രീകള്‍ക്ക് അക്ഷരജ്ഞാനം നല്‍കുന്നു.