യോഗാഭ്യാസങ്ങള്‍ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനുള്ളതാണെങ്കിലും ആത്യന്തികമായി യോഗയുടെ ഉദ്ദേശ ലക്ഷ്യം ആത്മീയമായ ഉന്നതിയാണ്. ഉത്തമ വിശ്വാസമുള്ള ഗുരുവിന്റെ കീഴില്‍ നേരിട്ട് അഭ്യസിക്കേണ്ട വിദ്യയാണ് യോഗ. അച്ചടക്കവും സാധനയുമാണ് അതിന്റെ അടിത്തറ. മോക്ഷമാണ് അതിന്റെ പരമലക്ഷ്യം. അറിയാവുന്നതില്‍നിന്ന് അറിയാത്തതിലേക്കുള്ള പ്രയാണമാണ് അതിലേക്കുള്ള മാര്‍ഗം. എട്ട് അംഗങ്ങളാണ് യോഗയിലുള്ളത്. അതുകൊണ്ട് ഇതിനെ അഷ്ടാംഗയോഗ എന്ന് പറയുന്നു. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് അംഗങ്ങളാണ് യോഗയിലുളളത്.

ഇതില്‍ യോഗ പരിശീലിക്കുന്നതിന് മുമ്പായി അറിഞ്ഞ് നടപ്പിലാക്കേണ്ട അതീവ പ്രാധാന്യമുള്ള രണ്ട് ഘടകങ്ങളാണ് യമനിയമങ്ങള്‍. യമങ്ങള്‍ എന്നാല്‍ വ്യക്തിയിലെ സഗുണ ഭാവങ്ങളെ ഉണര്‍ത്താനുള്ള ശീലങ്ങളാണ്. അഹിംസ , സത്യം, അസ്‌തേയം, അപരിഗ്രഹം, ബ്രഹ്മചര്യം തുടങ്ങിയവയാണ് യമങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനസ്സുകൊണ്ടും, പ്രവര്‍ത്തികൊണ്ടും യാതൊന്നിനേയും വേദനിപ്പിക്കരുത് എന്നാണ് അഹിംസ.  ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും സത്യമായിരിക്കണം അതാണ് സത്യം. അര്‍ഹതയില്ലാത്തത് ആഗ്രഹിക്കരുത്, കൈവശപ്പെടുത്തരുത് എന്നാണ് ആസ്‌തേയം. അവശ്യം വേണ്ടത് മാത്രം സ്വന്തമാക്കുകയും ആവശ്യമില്ലാത്തത് അതായത് ദുര്‍മോഹങ്ങള്‍ ഉപേക്ഷിക്കുക എന്നാണ് അപരിഗ്രഹം അര്‍ത്ഥമാക്കുന്നത്. മനസ്സുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ യാതൊന്നിനേയും ദുരുപയോഗം ചെയ്യാതിരിക്കുക എന്നാണ് ബ്രഹ്മചര്യം കൊണ്ട് ഉദ്ദേശിക്കുന്നത്.

ശൗചം, സന്തോഷം, തപസ്സ്, ഈശ്വര പ്രണിധാനം, സ്വാദ്ധ്യായം എന്നിവയാണ് നിയമം. ശരീരം, വാക്ക്, വിചാരം, പ്രവൃത്തി ശുചിയായിരിക്കുക എന്നതിനെയാണ് ശൗചം എന്ന് പറയുന്നത്. ദുശ്ശീലവും ദുര് വിചാരങ്ങളും, ദുഷ്പ്രവര്‍ത്തികളും ഇല്ലാതെ മനസ്സിനെ നിഷ്‌കളങ്കമായും സൂക്ഷിക്കുക. കൂടാതെ എല്ലായ്‌പ്പോഴും സന്തുഷ്ടനായിരിക്കുക. ഇതാണ് സന്തോഷം. കൃത്യനിഷ്ഠ, ആത്മവിശ്വാസം, പരിശ്രമം, കടമകള്‍ എന്നിവ യഥാസമയം നിറവേറ്റുന്നതിനായി പ്രയത്‌നിക്കുന്നതാണ് തപസ്സ്. ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും ഈശ്വരാര്‍പ്പണമായി കരുതുന്നതിനെ ഈശ്വര പ്രണീധാനം എന്ന് പറയുന്നു. അവനവനെക്കുറിച്ച് നടത്തുന്ന വിലയിരുത്തലുകള്‍, വിമര്‍ശനങ്ങള്‍, പിഴവുകള്‍ക്കുള്ള പ്രായശ്ചിത്തം സ്വാദ്ധ്യായം എന്ന് പറയുന്നു.

യമനിയമങ്ങള്‍ പരിശീലിച്ച് പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ ശരിയായി യോഗയിലേക്ക് കടക്കാന്‍ സാധിക്കു. അടുത്ത ഘട്ടമാണ് ആസനം. 'സ്ഥിരസുഖം ആസനം' സ്ഥിരമായ സുഖം പ്രദാനം ചെയ്യുന്നതെന്തോ അതാണ് ആസനമെന്ന് പറയുന്നത്. ധ്യാനം ചെയ്യുന്നതിനായി ശരീരത്തെ കൂടുതല്‍ സുഖപ്രദമാക്കുന്നതിനാണ് ആസനങ്ങള്‍. ഇവ പരിശീലിച്ചതിന് ശേഷം പ്രണായാമത്തിലേക്ക് കടക്കണം. ബോധപൂര്‍വ്വം ചില നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ശ്വാസോച്ഛ്വാസം ചെയ്യുന്നതിനെയാണ് പ്രാണായാമം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടുതല്‍ പ്രാണവായുവിനെ ശരീരത്തിലേക്ക് എത്തിക്കുക എന്നതാണ് പ്രാണായാമത്തിന്റെ മുഖ്യലക്ഷ്യം. ശ്വാസവും മനോവികാരങ്ങളും പരസ്പര പൂരകങ്ങളാകയാല്‍ ശ്വാസത്തെ നിയന്ത്രിക്കുന്നതിലൂടെ മനോനിയന്ത്രണം സാധ്യമാകുമെന്നാണ് യോഗാചാര്യന്‍മാര്‍ പറയുന്നത്.

പ്രാണായാമത്തിന് ശേഷം യോഗയുടെ അടുത്ത പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുന്നു. പ്രത്യാഹാരം എന്നാണ് ഈ ഘട്ടത്തിന് പറയുന്നത്. പഞ്ചേന്ദ്രീയങ്ങളുടെ നിയന്ത്രണമാണ പ്രത്യാഹാരത്തിലൂടെ നടക്കുന്നത്. ഈ അവസ്ഥയില്‍ വ്യക്തിക്ക് ബാഹ്യലോകത്തുനിന്നുള്ള യാതോരു അനുഭവങ്ങളും ഉണ്ടാവുകയില്ല. പ്രത്യാഹാരത്തിന് ശേഷം മനസിനെ ശരീരത്തിലെ ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ ഏകാഗ്രമാക്കുകയാണ് അടുത്ത ഘട്ടം. ധാരണ എന്നാണ് ഇതിനെ വിളിക്കുന്നത്. നാസാഗ്രം, നാഭിചക്രം മുതലായ ഏതെങ്കിലും ഒരു സ്ഥാനത്തെ ഈ ആവശ്യത്തിനു തിരഞ്ഞെടുക്കുകയാണ് സാധാരണ ഗതിയില്‍ ചെയ്യുന്നത്. ഈ അവസ്ഥയുമായി സാധകന്‍ പൊരുത്തപ്പെടുന്ന അവസ്ഥയാണ് അടുത്ത ഘട്ടം. ഇതിനെ ധ്യാനം എന്നാണ് വിളിക്കുന്നത്.

ധ്യാനം ശീലിക്കുന്നവന്‍ പ്രണവത്തെ(ഓംകാരത്തെ)അവലംബമായി സ്വീകരിക്കാറുണ്ട്. മനസിനെ ആത്മാവുമായി ഐക്യപ്പെടുത്താനുള്ള മധ്യസ്ഥനായാണ് പ്രണവ ശബ്ദത്തെ ഉപയോഗിക്കുന്നത്. ഇതല്ലാതെയും ധ്യാനാവസ്ഥയില്‍ എത്താന്‍ സാധിക്കും. അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം, പുണ്യപാപങ്ങള്‍, വാസന എന്നീ ജീവധര്‍മങ്ങളൊന്നുമില്ലാത്ത പരമാത്മാവിനെ ധ്യാനിച്ച് ആ ചൈതന്യവുമായി ഐക്യപ്പെടുകയാണ് ധ്യാനത്തിലൂടെ ചെയ്യുന്നത്. യോഗത്തിന്റെ എട്ടാമത്തേതും അവസാനത്തേതുമായ അംഗമാണ് സമാധി. ഉപ്പും വെള്ളവും പോലെ മനസ്സും ആത്മാവും ഐക്യം പ്രാപിക്കുന്ന ഒരവസ്ഥയാണ് സമാധിയില്‍ അനുഭവപ്പെടുന്നത്.

മറ്റ് ഏഴ് അവസ്ഥകളിലും സാധകനും ലക്ഷ്യവും തമ്മില്‍ വൈരുധ്യങ്ങള്‍ വേറിട്ട് നില്‍ക്കുന്നതു. എന്നാല്‍ സമാധി അവസ്ഥയില്‍ സാധകന്‍ പരമാത്മാവുമായി ഐക്യം പ്രാപിക്കുന്നു. ഇവിടെ വൈരുധ്യങ്ങള്‍ അവസാനിച്ച് ഭേദഭാവങ്ങള്‍ ഇല്ലാതാകുന്നു. മാധിയില്‍ ധ്യാതാവും ധ്യാനവും ധ്യേയത്തില്‍ വിലയം പ്രാപിച്ച്-ത്രിപുടി നശിച്ച്-എല്ലാം ഏകാത്മകമായിത്തീരുന്നു. ഈ അവസ്ഥയില്‍ സാധകന് അളവില്ലാത്ത ആനന്ദത്തെ അനുഭവിക്കാന്‍ സാധിക്കുന്നു. പാതഞ്ജലപദ്ധതിയനുസരിച്ച് സമാധിയില്‍ സാധകന്‍ അനുഭവിക്കുന്ന പരമാനന്ദം ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യം കൊണ്ടുള്ളതാണ്. സമാധിയാണ് യോഗയുടെ ആത്യന്തിക ലക്ഷ്യം. ഇത് സാധിച്ചെടുക്കാന്‍ ഗുരുമുഖത്തിനിന്ന് നേരട്ട് യോഗ അഭ്യസിക്കുന്നതാണ് ഉത്തമം.