ശിവരാത്രിയോടനുബന്ധിച്ച് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തിരുമല, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്‍മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടൈക്കോട്, തിരുവിതാംകോട്, തൃപ്പന്നിയോട്, തിരുനട്ടാലം ശിവക്ഷേത്രത്തില്‍ നടക്കുന്ന ആചാരമാണ് ശിവാലയ ഓട്ടം. പഴയ വേണാട് രാജ്യത്തിന്റെ ഭാഗമായിരുന്ന തോവാള, അഗസ്തീശ്വരം,  കല്‍കുളം, വിളവങ്കോട് താലൂക്കുകളിലാണ് ഈ ആചാരം നിലനില്‍ക്കുന്നത്. 

കല്‍കുളം-വിളവങ്കോട് താലൂക്കുകളിലെ ശൈവവൈഷ്ണവ വിഭാഗക്കാരുടെ ഒത്തൊരുമയുടെ നിദര്‍ശനമാണ് ശിവാലയഓട്ടം. 12 ശിവക്ഷേത്രങ്ങള്‍ ചുറ്റി മഹാശിവരാത്രി ദിവസം നടത്തുന്ന, 81 കിലോമീറ്റര്‍ വരുന്ന ഓട്ടപ്രദക്ഷിണമാണ് ഇത്. 

ശിവരാത്രിദിനം രാത്രിവരെ ഈ ഭക്തജനഓട്ടം തുടരും. ഓട്ടത്തില്‍ പങ്കെടുക്കുന്ന ഭക്തര്‍ ഒരാഴ്ചമുമ്പേ വ്രതമെടുക്കാറുണ്ട്. മാര്‍ത്താണ്ഡത്തിനടുത്തുള്ള മുഞ്ചിറ തിരുമലക്ഷേത്രത്തില്‍നിന്നാണ് ഓട്ടം തുടങ്ങുന്നത്. ഇവിടെനിന്നും മാര്‍ത്താണ്ഡം വഴി തിക്കുറിശ്ശിയിലേക്ക്. 12 കിലോമീറ്റര്‍ ദൂരത്തില്‍ കുഴിത്തുറയ്ക്കടുത്ത് താമ്രപര്‍ണി നദിക്കരയിലാണ് തിക്കുറിശ്ശി ക്ഷേത്രം. അവിടെനിന്ന് അരുമന, കളിയല്‍ വഴി 14 കിലോമീറ്റര്‍ തൃപ്പരപ്പിലേക്ക്. 

പിന്നീട് കുലശേഖരം കോണ്‍വെന്റ് ജങ്ഷന്‍ വഴി എട്ടുകിലോമീറ്റര്‍ ഓടിയാല്‍ തിരുനന്തിക്കര നന്ദീശ്വരന്‍കോവിലായി. അവിടെനിന്ന് കുലശേഖരം കോണ്‍വെന്റ് ജങ്ഷന്‍ വഴി ഏഴുകിലോമീറ്റര്‍ ദൂരത്തിലാണ് പൊന്‍മനെ തീപിലാന്‍കുടി മഹാദേവക്ഷേത്രം. പൊന്‍മനെയില്‍നിന്ന് 11 കിലോമീറ്റര്‍ ദൂരത്തിലുള്ള തിരുപന്നിപ്പാകം ശിവക്ഷേത്രമാണ് അടുത്തത്. അവിടെനിന്നും 6 കിലോമീറ്റര്‍ മാറിയാണ് കല്‍കുളം നീലകണ്ഠസ്വാമിക്ഷേത്രം. 

temple
തൃപ്പരപ്പ് മഹാദേവ ക്ഷേത്രം

മൂന്നുകിലോമീറ്റര്‍കൂടി സഞ്ചരിച്ചാലുള്ള മേലാങ്കോടാണ് എട്ടാമത്തെ ക്ഷേത്രം. അടുത്തത് തിരുവിടൈക്കോടാണ്. അഞ്ചുകിലോമീറ്റര്‍. എട്ടുകിലോമീറ്ററാണ് അവിടെനിന്ന് അടുത്ത ക്ഷേത്രത്തിലേക്ക് -തിരുവിതാംകോട് മഹാദേവക്ഷേത്രം. അവിടെനിന്നും ഒമ്പതുകിലോമീറ്റര്‍ ഓടിയാല്‍ തൃപ്പന്നിക്കോട് മഹാദേവക്ഷേത്രം. 

പിന്നെ നാലുകിലോമീറ്റര്‍ കൂടിയായാല്‍ തിരുനട്ടാലമായി. നാഗര്‍കോവിലില്‍നിന്ന് 17 കിലോമീറ്റര്‍ പടിഞ്ഞാറുമാറി ഓട്ടം അവസാനിക്കുന്ന ഇവിടെ ഹരനും ഹരിയും ഒന്നിക്കുന്ന കാഴ്ചയും കാണാം.  ഇവിടെ ചന്ദനമാണ് പ്രസാദം മറ്റുള്ളയിടങ്ങളില്‍ തിരുനീരും. മൊത്തം 80 കിലോമീറ്ററാണ് പിന്നിടുന്നത്. പണ്ട് ഓടിത്തന്നെ പോയിരുന്ന ഓട്ടമാണെങ്കില്‍ കാലം മാറിയപ്പോള്‍ പലരും ബൈക്കിലും കാറിലുമൊക്കെയാക്കിയിട്ടുണ്ട് ഓട്ടം. പഴയപാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരും ഉണ്ട്. 

ഇപ്പോഴിത് പാക്കേജ് ടൂറിസത്തിന്റെ ഭാഗമായതിനേ തുടര്‍ന്ന് തിരുവനന്തപുരത്തുനിന്ന് ടൂര്‍ പാക്കേജുകള്‍ ഉണ്ട്. ഓട്ടം തുടങ്ങുന്ന മുഞ്ചിറ മഹാദേവക്ഷേത്രം തിരുവനന്തപുരത്തുനിന്ന് 45 കി.മീ. മാറിയാണ്. നെയ്യാറ്റിന്‍കര പാറശ്ശാല കളിയിക്കാവിള വഴിപോവാം. മാത്രമല്ല പ്രദേശത്തേക്ക് ഇപ്പോള്‍ ധാരാളം ട്രയിനുകളും ഉണ്ട്. 

ഈ ക്ഷേത്രങ്ങളുമായി 
ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്. 
Sucheendram Devaswom Board Ph: 04652 241270