മേട്ടുപ്പാളയം: എങ്ങും ചിലങ്ക നാദവും പെരുമ്പറകളും ശംഖൊലിയും മാത്രം. വാദ്യഘോഷാതികളുമായ് ദാസന്മാരുടെ നൃത്തവും. അതും ഭാരമേറിയ കത്തുന്ന പന്തം അണിഞ്ഞുള്ള നൃത്തം. തമിഴക ക്ഷേത്രങ്ങളില്‍  മറ്റെങ്ങും കാണാത്ത കാഴ്ചയാണിത്. കാരമട ക്ഷേത്രത്തിന് ചുറ്റുമുള്ള നൂറോളം ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ ദാസന്മാരെയെത്തുന്ന ഒരേയൊരു ക്ഷേത്രം.

തുണികൊണ്ട് ചുറ്റിയ പന്തം, അതിന്റെ ഒരറ്റം എണ്ണയൊഴിച്ച് കത്തിച്ച് പിടിച്ചാണ് ദാസന്മാരുടെ വരവ്. 10 കിലോ മുതല്‍ നൂറു കിലോ വരെ ഭാരമുള്ള പന്തം ചുമന്നാണ് ഇവരുടെ വരവ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഉത്സവത്തിന് എത്തുന്ന ഭക്തര്‍ കാരമരങ്ങള്‍ നിറഞ്ഞ വനത്തില്‍ (അങ്ങനെയാണ് കാരമട എന്ന സ്ഥലപേര് വന്നതെന്ന് പഴമക്കാര്‍ പറയുന്നു) കൂടി പെരുമാളിനെ തൊഴാനെത്തുമ്പോള്‍ വെളിച്ചത്തിനായി കുടുംബനാഥന്‍മാര്‍ പന്തം കത്തിച്ച് കാല്‍നടയായി എത്തുന്നത്  പരിണമിച്ചാണ് ഇപ്പോഴും പന്തം കത്തിച്ചുള്ള വരവ്.

കാലക്രമേണ പാരമ്പര്യ അവകാശികള്‍ ദാസന്മാരാവുന്ന പതിവായി. ചിലര്‍ നേര്‍ച്ചയായും ദാസന്മാരാവുന്ന ചടങ്ങുണ്ട്. വൈഷ്ണവ സമ്പ്രദായം പിന്തുടരുന്നവരാണ് ദാസന്മാര്‍ എന്നപേരില്‍ പെരുമാളിനെ സേവിക്കാന്‍ എത്തുന്നതെന്ന് ക്ഷേത്ര തന്ത്രികുടുംബത്തിലെ ഇളംതലമുറക്കാരന്‍ ബാലാജി രംഗാചാരി പറയുന്നു.

masamak festക്ഷേത്രത്തിലെ താന്ത്രിക സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്ന കുടുംബങ്ങളായ തിരുമല നല്ലാന്‍ ചക്രവര്‍ത്തി, ഭട്ടര്‍ വംശത്തില്‍പെട്ട വീട്ടുകാര്‍ക്കാണ് ദാസന്മാരെ നിയമിക്കാന്‍ അവകാശം. പെരുമാളിനെ സേവിക്കുന്ന എല്ലാ ജാതിയില്‍ പെട്ടവര്‍ക്കും ദാസന്മാരാവാം.  വൃതമിരുന്നു എത്തുന്നവര്‍ തന്ത്രിക്ക് മുന്‍പാകെ ഇനിമുതല്‍ പെരുമാളിനായ് ജീവിതം അര്‍പ്പിക്കുമെന്നും, പെരുമാള്‍ പുകഴ് പാടി ശിഷ്ടജീവിതം നയിക്കുമെന്നും സത്യംചെയ്ത് വലത് കൈയില്‍ ചക്രവും, ഇടതു കൈയില്‍ ശങ്ഖും മുദ്ര പതിപ്പിക്കും.

പന്തം ചുറ്റി നല്‍കുന്നതും തന്ത്രിയായിരിക്കും. ഉപയോഗിച്ച പന്തം തന്നെയാണ് അടുത്ത കൊല്ലതേക്കും ഉപയോഗിക്കുക. അടുത്ത തലമുറയ്ക്കും ഇതുതന്നെയാണ് കൈമാറുക.  ഇവരെല്ലാം ജീവിതകാലം മുഴുവന്‍ സസ്യാഹാരികളൂമായിരിക്കും. വൈഷ്ണവ സമ്പ്രദായം പിന്തുടരുന്നവരുടെ വീട്ടിലെ സത്കാര്യങ്ങള്‍ക്കെല്ലാം ആദ്യത്തെ ആചാരങ്ങളും പരിഗണനകളും അര്‍പ്പിക്കേണ്ടത് ദാസന്മാര്‍ക്കാണ്. 
     
മാസിമക രഥോത്സവത്തിന്റെ കൊടിയേറ്റം മുതല്‍ 10 ദിവസങ്ങള്‍ കടുത്ത വൃതാനുഷ്ഠനങ്ങളുടെ നാളുകളായിരിക്കും. തമിഴ്‌നാട്ടിന്റെ പലഭാഗങ്ങളില്‍ നിന്നുള്ളവര്‍ കൂടാതെ മംഗലാപുരം, ഹൈദ്രാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുപോലും ദാസന്മാരെത്തും. പാവപ്പെട്ടവനെന്നും പണക്കാരെനെന്നും വ്യത്യാസമില്ലാതെ വീടുവീടായി ഭിക്ഷ യാചിച്ചു കിട്ടുന്ന പണവും ധാന്യങ്ങളും ഭഗവാന് സമര്‍പ്പിക്കും. പകരം പ്രസാദമായ് പന്തം കത്തിച്ച കരികൊണ്ട് കുറിതൊടുവിക്കും.

ക്ഷേത്രത്തിന് ചുറ്റുമുള്ള  ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ കുടുംബത്തോടൊത്തോ അയല്‍ക്കാരെയും കൂട്ടിയോ കാല്‍നടയായി കാലില്‍ ചിലങ്കയും, ഒരു കൈയില്‍ പന്തവും മറ്റെകൈയില്‍ മുളവടിയും പിടിച്ചു മേളതാളങ്ങളുടെ അകമ്പടിയായി ക്ഷേത്ര കുളത്തിലെത്തും. കുളികഴിഞ്ഞ് തന്ത്രിയെകണ്ട് തുളസീജലം ഏറ്റുവാങ്ങി താളത്തിനനുസരിച്ച് നൃത്തം ചെയ്താണ് ഭഗവാനെ കാണാന്‍ എത്തുന്നത്. ഉത്സവത്തിന്റെ കൊടിയിറക്കം വരെ ഇവരെത്തും. 
     
ഇപ്പോഴത്തെ മുതിര്‍ന്ന തന്ത്രി 98 കാരനായ തിരുമല നല്ലാന്‍ ചക്രവര്‍ത്തി വി. രംഗാചാരിയുടെ കുടുംബത്തില്‍ നിന്ന് മാത്രം മുദ്ര വാങ്ങിചെന്ന ദാസന്മാര്‍ തന്നെ 7000 ത്തോളം പേര്‍ ഉണ്ടാകുമെന്നാണ് അദ്ധേഹത്തിന്റെ പക്ഷം. ഇതല്ലാതെ ഭട്ടര്‍ വംശത്തില്‍ നിന്ന് നിയമിച്ച അത്രയും ദാസന്മാര്‍ വേറെയുമുണ്ട്.

ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍  ഇവര്‍ക്ക് സമര്‍പ്പിക്കുന്ന കാഴ്ച വസ്തുക്കളും (പഴങ്ങള്‍ പച്ചക്കറികള്‍) മറ്റും ഒരോഹരി ഭക്തര്‍ക്ക് തന്നെ തിരിച്ചുനല്കും. (കുറച്ച് കാലം മുമ്പ് വരെ ഭക്തര്‍ നല്‍കുന്ന പഴങ്ങള്‍, ദാസന്മാര്‍ കഴിച്ചതിന്റെ ബാക്കിയായിരുന്നു ഭക്തര്‍ക്ക് തിരിച്ചു നല്‍കിയിരുന്നത്) ദാസന്മാര്‍ ആരെങ്കിലും മരണമടഞ്ഞാല്‍ ചടങ്ങുകള്‍പോലും മറ്റുള്ള ദാസന്മാരാണു ചെയ്യേണ്ടത്.