കോഴിക്കോട്:  വിജയദശമി ദിനമായ ഇന്ന് അറിവിന്റെ ആദ്യക്ഷരങ്ങള്‍ നുകര്‍ന്ന് കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് പിച്ചവെക്കും. വിജയദശമി ദിനത്തിലെ വിദ്യാരംഭച്ചടങ്ങുകള്‍ക്ക് ക്ഷേത്രങ്ങളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് എത്തിയിട്ടുള്ളത് പതിനായിരങ്ങളാണ്. നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതി കുട്ടികള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കും.

കേരളത്തില്‍ കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തില്‍ സരസ്വതീനടയ്ക്കു സമീപം പ്രത്യേക എഴുത്തിനിരുത്തല്‍ മണ്ഡപം ഒരുക്കിയിട്ടുണ്ട്. മാത്രമല്ല പ്രമുഖ ക്ഷേത്രങ്ങളായ എറണാകുളത്ത് ചോറ്റാനിക്കരയിലും പറവൂര്‍ ദക്ഷിണമൂകാംബിയിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഭാഷാപിതാവിന്റെ നാടായ തിരൂര്‍ തുഞ്ചന്‍ പറമ്പിലും ഇന്ന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും.

കല്‍മണ്ഡപത്തില്‍ പാരമ്പര്യ എഴുത്താശാന്മാരും സരസ്വതി മണ്ഡപത്തില്‍ സാഹിത്യകാരന്മാരും കവികളും ആദ്യാക്ഷരം പകര്‍ന്നു നല്‍കും. നിരവധിപ്പേര്‍ ഇവിടെ കുട്ടികളെ എഴുത്തിനിരുത്താനായി എത്തിച്ചിട്ടുണ്ട്. പുലര്‍ച്ചെമുതല്‍ വിവിധ ക്ഷേത്രങ്ങളില്‍ വിജയദശമിയോടനുബന്ധിച്ച് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

മാത്രമല്ല വിജയദശമി ദിനത്തില്‍ ഗായകന്‍ യേശുദാസ് തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്ന പ്രത്യേകതകൂടിയുണ്ട്. ദര്‍ശനത്തിന് ശേഷം ക്ഷേത്രത്തില്‍ സ്വാതി തിരുനാള്‍ രചിച്ച പദ്മനാഭ ശതകം ആലപിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. താന്‍ ഹിന്ദുമത വിശ്വാസിയാണെന്നുള്ള സത്യവാങ്മൂലം എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് യേശുദാസിന് ദര്‍ശനത്തിന് അനുമതി നല്‍കാന്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി തീരുമാനിച്ചത്.