Shivaതൃശ്ശൂര്‍​ : തിരുവാതിരയെത്തുമ്പോൾ ഓർക്കാൻ ഒത്തിരിയുണ്ടാകും പഴയമനസ്സുകൾക്ക്. ഗോതമ്പുകഞ്ഞിയും പുഴുക്കും ഊഞ്ഞാലാട്ടങ്ങളും വെറ്റിലമുറുക്കും എല്ലാം ആതിരപ്പുലരിപോലെ മനസ്സിനു കുളിരുപകരുന്ന ഓർമ്മകളാണ്. കാലം മാറിയെങ്കിലും ഇത്തരം കുളിരുകൾ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ഈ തിരുവാതിരക്കാലത്തും ഉണ്ടാകുന്നു. പഴയതലമുറയ്ക്ക് ഗൃഹാതുരത്വവും പുതിയതലമുറയ്ക്ക് കൗതുകവും പകരുന്നതാണ് ഇത്തരം ചടങ്ങുകൾ.

പുതിയ കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് ഇവ ഇപ്പോൾ നടത്തുന്നത്‌. തിരുവാതിര ദിവസം രാവിലെ 10.30ഓടെ തിരുവാതിര സദ്യ ആരംഭിക്കും. ഗോതമ്പുകഞ്ഞി, പുഴുക്ക്, കുവ്വപ്പായസം തുടങ്ങിയവയാണ് പാളപ്ലേറ്റിൽ നൽകുക. അയ്യായിരം പേർക്കുള്ള സദ്യയാണ് ഒരുക്കുന്നത്. കഞ്ഞികുടിക്കാൻ നൽകുന്നത് പച്ചപ്ലാവിലകൊണ്ടുണ്ടാക്കിയ കുമ്പിളും. 

നല്ലെങ്കര ശ്രീദുർഗ്ഗ സേവാസമിതിയുടെ നേതൃത്വത്തിലും ഇത്തരം ആഘോഷം നടക്കുന്നുണ്ട്. രാവിലെ 6ന് വ്രതാരംഭം ഉണ്ടാകും. നാക്കിലയിൽ നൊയമ്പ് ഭക്ഷണം നൽകും.സാംസ്‌കാരിക ഘോഷയാത്ര നടക്കും. വൈകീട്ട് 7നാണ്‌ സാംസ്‌കാരിക സമ്മേളനം.  തുടർന്ന് തിരുവാതിരയുമായി ബന്ധപ്പെട്ട എട്ടങ്ങാഴി അളക്കൽ, തിരുവാതിരക്കളി,പാതിരാപ്പൂ ചൂടൽ, 101 മുറുക്കൽ, മലർവറുക്കൽ തുടങ്ങിയ ചടങ്ങുകൾ നടക്കും.

മൂർക്കനിക്കര വീമ്പിൽ തേരോത്ത് ശിവക്ഷേത്രത്തിൽ എഴുന്നള്ളിപ്പും ആനകളും തായമ്പകയുമൊക്കെയുള്ള പൂരാഘോഷമാണ് തിരുവാതിരഉത്സവം.   പൂവണി ശിവക്ഷേത്രത്തിൽ പഞ്ചാരിമേളവും തിരുവാതിരകളികളും ബുധനാഴ്ച അരങ്ങേറും.  തലോർ മഹാദേവക്ഷേത്രത്തിൽ വൈകീട്ട് 6.45ന്‌ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരുടെ നേതൃത്വത്തിലുള്ള ട്രിപ്പിൾ തായമ്പക അരങ്ങേറും. 

ദീപസ്തംഭം മഹാശ്ചര്യം

തിളങ്ങുന്ന ദീപസ്തംഭത്തിൽ തിരിതെളിച്ചുകൊണ്ടാണ് ഇത്തവണ വടക്കുന്നാഥക്ഷേത്രം ആതിരയെ എതിരേൽക്കുക. തിരുവാതിരദിവസമാണ് പുതുക്കിയ ദീപസ്തംഭത്തിന്റെ സമർപ്പണം. രണ്ടായിരത്തിലധികം കിലോ തൂക്കംവരുന്ന 11 തട്ടുകളുള്ള ദീപസ്തംഭമാണ് തിളക്കം വീണ്ടെടുത്തത്.  തിളക്കം വീണ്ടെടുക്കുക മാത്രമല്ല ഇതിന്റെ തകരാറുകൾ പരിഹരിക്കുകയും ചെയ്തു. നടവരമ്പ് കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പുതുക്കൽ പണികൾ നടന്നത്.

ഒന്നരമാസത്തോളം മുപ്പതോളം തൊഴിലാളികൾ ജോലിചെയ്താണ് ഇതു പുതുക്കിയെടുത്തത്.   വടക്കുന്നാഥക്ഷേത്രത്തിലെ  ദീപസ്തംഭം ഇത്തരത്തിൽ അഴിച്ചുകൊണ്ടുപോയത് ആർക്കും ഓർമ്മയില്ല. ക്രെയിൻ ഉപയോഗിച്ചാണിത് അഴിച്ചതും പുതുക്കലിനുശേഷം തിരികെ സ്ഥാപിച്ചതും. ഇതിന്റെ സമർപ്പണം ബുധനാഴ്ച വൈകീട്ടാണ് നടക്കുക. കൊച്ചിൻദേവസ്വം ബോർഡ് പ്രസിഡന്റ്‌ എം.കെ. സുദർശൻ സമർപ്പണം നിർവഹിക്കും.