തളിപ്പറമ്പ്: പട്ടുവം ദീനസേവനസഭ സ്ഥാപക ദൈവദാസി മദര്‍പേത്രയുടെ 41-ാം ചരമവാര്‍ഷികാചരണം ബുധനാഴ്ച നടന്നു. മദറിന്റെ ഓര്‍മകള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ വൈദികരും സിസ്റ്റര്‍മാരുമുള്‍പ്പെടെ ധാരാളംപേര്‍ ദിനാചരണത്തില്‍ പങ്കെടുത്തു.

യേശുവിന്റെ അമാനുഷിക പ്രചോദനം ഉള്‍ക്കൊണ്ട മദര്‍പേത്രയുടെ ധന്യസ്മരണകള്‍ നമ്മുടെ മനസ്സില്‍ കൂടുതല്‍ സ്‌നേഹവും കരുത്തും നിറയ്ക്കുമെന്ന് കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. അനുസ്മരണബലിയര്‍പ്പിച്ച് സ്‌നേഹനികേതന്‍ കോണ്‍വെന്റ് ചാപ്പലില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്. ദൈവദാസി മദര്‍പേത്രയെ അള്‍ത്താര വണക്കത്തിലേക്ക് ഉയര്‍ത്തുന്ന കാലത്തിനുവേണ്ടി നമുക്ക് പ്രാര്‍ഥിക്കാമെന്നും ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.

ദീനസേവനസഭയുടെ ചരിത്രം വ്യക്തമാക്കുന്ന ഹിസ്റ്റോറിക്കല്‍ മ്യൂസിയവും മദര്‍പേത്രയുടെ സ്മൃതിനിലയവും മാതൃമഹാവൃക്ഷ ശില്പവും ബിഷപ്പ് ആശീര്‍വദിച്ചു. ദീനസേവനസഭയുടെ നാല്പത്തിയെട്ട് വര്‍ഷത്തെ ചരിത്രം വ്യക്തമാക്കുന്നതാണ് മ്യൂസിയം. പ്രദര്‍ശനവസ്തുക്കളും ചരിത്രരേഖകളുമാണ് സ്മൃതിമന്ദിരത്തിലും ചരിത്രമ്യൂസിയത്തിലുമായി സജ്ജീകരിച്ചിട്ടുള്ളത്.

പട്ടുവം വെള്ളിക്കീല്‍ ഇടവകകളില്‍നിന്ന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് മദര്‍ പേത്ര എന്‍ഡോവ്‌മെന്റ് ബിഷപ്പ് നല്‍കി. കാരക്കുണ്ട് ഡോണ്‍ബോസ്‌കോ സ്‌കൂളില്‍നിന്നും എസ്.എസ്.എല്‍.സി.-പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും കാഷ് അവാര്‍ഡ് ബിഷപ്പ് വിതരണംചെയ്തു. മോണ്‍. പയസ് എഴേടത്ത്, തളിപ്പറമ്പ് ഫൊറോന വികാരി ഫാ. ബെന്നി മണപ്പാട്ട്, ദീനസേവനസഭ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഡാനിയേല, ഫാ. മാത്യു തൈക്കല്‍, സിസ്റ്റര്‍ ഡാനിയേല, സിസ്റ്റര്‍ വിനീത തുടങ്ങിയവര്‍ സംസാരിച്ചു.