കോഴിക്കോട്: വ്യക്തികേന്ദ്രിതമായ ലോകത്തുനിന്ന് പ്രപഞ്ചകേന്ദ്രിതമായിടത്ത് എത്തുന്നതാണ് സൂഫിസമെന്ന് പ്രഭാഷകനും എഴുത്തുകാരനുമായ ഷൗക്കത്ത് പറഞ്ഞു. മാതൃഭൂമി ബുക്‌സ് ആധ്യാത്മിക പുസ്തകോത്സവത്തിന്റെ ഭാഗമായി കെ.പി. കേശവമേനോന്‍ ഹാളില്‍ സൂഫിസം ഒരനുഭവം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് അതിശയോക്തി നിറഞ്ഞ ലോകത്തിലാണ്. അതില്‍ നിന്നുമാറി ജീവിതത്തിന്റെ ധന്യതയിലേക്ക് തിരിച്ചുനടക്കണം. നമുക്ക് സ്വീകാര്യമല്ലാത്തത് അന്യവത് കരിക്കുന്ന രീതിയില്‍ നിന്നുള്ള മാറ്റം ഉണ്ടാകണം. അതിനായി ഭാഗികമായ കാഴ്ചയില്‍ നിന്നും കേള്‍വിയില്‍ നിന്നുമെല്ലാം മാറി ബോധത്തിലേക്ക് എത്തുകയാണ് വേണ്ടത്. ബോധത്തിന്റെ വികാസത്തിലൂടെയാണ് നമ്മള്‍ സൂഫിസത്തിലും സന്ന്യാസത്തിലുമെല്ലാം എത്തുന്നത്. 
 
സൗന്ദര്യാത്മകമല്ലാത്ത അറിവ് അപകടരമാണ്. മാനവസൗഹാര്‍ദത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. നമ്മള്‍ ദാര്‍ശനിക കാര്യങ്ങളിലേക്ക് കടക്കുന്നത് ഗുരുത്വത്തിലൂടെ അല്ലാതെയായതുകൊണ്ടാണ് അത് ഹിംസാത്മകമാകുന്നത്. അതുപോലെ സ്ഥൂലതയില്‍ നിന്ന് സൂക്ഷ്മതയിലേക്ക് കടക്കണം.
 
സ്ഥൂലതയിലാണ് വിഭാഗീയത ഉണ്ടാകുന്നത്. ഇന്ന് നമ്മള്‍ സ്വയം കാണാതെ ചുറ്റുപാടുകളെയാണ് കാണുന്നത്. വിശാലമായ ദര്‍ശനത്തിന്റെ പാശ്ചാത്തലത്തിലിരുന്ന് സ്വയം കാണാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗായത്രി സംസാരിച്ചു. മാതൃഭൂമി ബുക്‌സില്‍ നടക്കുന്ന പുസ്തകോത്സവം 14-ന് സമാപിക്കും.