തിരുവനന്തപുരം: മകരവിളക്കു പ്രമാണിച്ച് ശ്രീക്ക് മ്യൂസിക്‌സ് അയ്യപ്പഭക്തഗാന സിഡി പുറത്തിറക്കി. സന്നിധാനത്തു നടന്ന ചടങ്ങില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് നല്‍കി സിഡിയുടെ പ്രകാശനം നിര്‍വഹിച്ചു. പമ്പാഗണപതി സ്തുതിയോടെ ആരംഭിക്കുന്ന ഇതിലെ ആറ് ഗാനങ്ങളും രചിച്ചത് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം. ഗിരിനാഥ് ആണ്. തരംഗനിസരി സ്‌കൂള്‍ ഓഫ് മ്യൂസിക്‌സിലെ അധ്യാപകന്‍കൂടിയായ പി.എസ്. ജ്യോതികുമാര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. നിസര മ്യൂസിക് സ്റ്റുഡിയോ ഉടമയും പ്രശസ്ത സൗണ്ട് റെക്കോഡിസ്റ്റുമായ എസ്.എ. രാജീവ് മിക്‌സിംഗ് നിര്‍വഹിച്ചിരിക്കുന്നു. പ്രമുഖ ഗായകരായ കല്ലറ ഗോപന്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം എം.ജി. സ്വരസാഗര്‍, എന്നിവര്‍ക്കുപുറമേ സംഗീത സംവിധായകനും ഇതിലെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ശ്രീക്ക് മ്യൂസിക്‌സിന്റെ രണ്ടാമത്തെ ഭക്തിഗാന ഓഡിയോ സിഡിയാണിത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ എം.മധുസൂദനനും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.