റാന്നി: സനാതന സംസ്‌കാരത്തിന്റെ അടിസ്ഥാനം സ്നേഹവും സഹിഷ്ണുതയുമാണെന്ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. റാന്നി ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാം ദിവസം നടന്ന യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്നേഹത്തോടെയും സഹിഷ്ണുതയോടും പെരുമാറുകയെന്നത് ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ഉദാത്തമായ സന്ദേശങ്ങളിലൊന്നാണ്. മറ്റുള്ളവരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നത് ആത്മസുഖത്തിനാണ്. നന്മ ചെയ്യുന്നത് ആത്മസംതൃപ്തിക്കാണ്. മനുഷ്യനെ തൃപ്തനാക്കാനാവില്ല.

ജീവിതത്തില്‍ നാം നേടേണ്ടത് ആത്മസംതൃപ്തിയാണ്. യഥാര്‍ത്ഥ ഭക്തിയുണ്ടെങ്കില്‍ അതിന് സാധിക്കും. ഭാരതസംസ്‌കാരത്തിന്റെ അടിത്തറ ആത്മീയതയാണ്. ഇതൊരിക്കലും നശിപ്പിക്കാനാവില്ല. കാലത്തിനനുസരിച്ച് മാറ്റങ്ങളുണ്ടാവണം. എന്നാല്‍ സംസ്‌കാരവും പൈതൃകവും ഒരിക്കലും മാറ്റാനാവില്ലെന്നും സ്വാമി പറഞ്ഞു.