പട്ടം മേജർ ആർച്ച് ബിഷപ്പ് ഹൗസിൽ ഓർമകളുടെ ഭവനമെന്ന മ്യൂസിയം തുറന്നു. മലങ്കര കത്തോലിക്കാ  സഭയുടെ സഭാതലവന്മാരും തിരുവനന്തപുരം  അതിഭദ്രാസനത്തിന്റെ അധ്യക്ഷന്മാരുമായിരുന്ന ആർച്ച് ബിഷപ്പ് ഗീവർഗീസ് മാർഇവാനിയോസ്, ആർച്ച്‌ ബിഷപ്പ് ബനഡിക്ട്‌ മാർഗ്രിഗോറിയോസ്, മേജർ ആർച്ച്‌ ബിഷപ്പ്  സിറിൽബസേലിയോസ് കാതോലിക്കാബാവ എന്നിവരുടെ ഭരണകാലഘട്ടങ്ങളെ അനുസ്മരിച്ചുകൊണ്ടുള്ള മ്യൂസിയമാണ് ചൊവ്വാഴ്ച തുറന്നത്. 

മൂന്നുപേരുടെയും ജീവിതത്തെ ആസ്പദമാക്കിയുള്ള മൂന്ന് ഗ്യാലറികളാണ് മ്യൂസിയത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ഇവരുടെ ജനനം മുതൽ മരണം വരെയുള്ള കാലഘട്ടങ്ങളെ  ക്രമീകരിച്ചുള്ള അപൂർവ ചിത്രങ്ങളാണ് മ്യൂസിയത്തിലെ പ്രധാന ആകർഷണം. സിറിയൻ ഭാഷയിൽ ബേത് ദുക്‌റോനെ എന്നുപറയുന്ന ഓർമകളുടെ ഭവനമെന്നാണ് മ്യൂസിയത്തിന് പേരുനൽകിയിരിക്കുന്നത്. ഇവരുടെ മാതാപിതാക്കളുടെയും കുടുംബങ്ങളുടെയും ചിത്രങ്ങളോടെയാണ് പ്രദർശനം തുടങ്ങുന്നത്. രാജ്യാന്തര സന്ദർശനങ്ങൾ നടത്തിയപ്പോൾലഭിച്ച അപൂർവ സമ്മാനങ്ങളും മ്യൂസിയത്തിലുണ്ട്. ഇവർ ഉപയോഗിച്ചിരുന്ന പഴയകാലത്തെ റേഡിയോ, ഗ്രാമഫോൺ, കാസറ്റുകൾ എന്നിവയുടെ ശേഖരവും മ്യൂസിയത്തിലുണ്ട്.

പേനകൾ, എഴുത്തുപകരണങ്ങൾ, അംശവസ്ത്രങ്ങൾ, ഉപകരണങ്ങൾ, മലങ്കര പുനരൈക്യ രേഖകൾ, റോമിൽ നിന്നുള്ള കല്പനകളുടെ രേഖകൾ, മോതിരങ്ങൾ, മാർപാപ്പമാരുമായുള്ള കത്തിടപാടുകൾ, കവടിയാർ കൊട്ടാരത്തിലെ കുടുംബാംഗങ്ങളുമായുള്ള ചിത്രങ്ങൾ എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്.  കർദ്ദിനാൾ മാർബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 

ചടങ്ങിൽ വികാരി ജനറൽമാരായ മാത്യു മനക്കരക്കാവിൽ, ജോൺ കൊച്ചുതുണ്ടിൽ, ഗീവർഗീസ് മണ്ണിക്കരോട്ട്  കോറെപ്പിസ്‌ക്കോപ്പ, ഡോ. ഗീവർഗീസ് കുറ്റിയിൽ,  ഡോ. കുര്യാക്കോസ് തടത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജേക്കബ് പുന്നൂസ്, മുൻ ചീഫ്‌സെക്രട്ടറി ജോൺ മത്തായി,   മദർ ജൈൽസ് ഡി.എം. തുടങ്ങിയവർ പങ്കെടുത്തു. മ്യൂസിയം രൂപകല്പനചെയ്ത രാജു ചെമ്മണ്ണലിനെ ചടങ്ങിൽ ആദരിച്ചു.