മാനന്തവാടി: ജീവിതം കഷ്ടപ്പെടുന്നവരുടെ വേദന യകറ്റാനുള്ള യജ്ഞമാക്കണമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. മാനന്തവാടി ബ്രഹ്മസ്ഥാന ക്ഷേത്രവര്‍ഷികത്തിനെത്തിയ അവര്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു. ഭൂമിയില്‍ 200- കോടിയിലധികം പട്ടിണിപ്പാവങ്ങളുണ്ട്. ലോകത്ത് ദാരിദ്ര്യവും കഷ്ടപ്പാടും കൊണ്ടും ദുരിതമനുഭവിക്കുന്ന അനേകംപേരുണ്ട്. അവരോടെല്ലാം നമുക്ക് കടപ്പാടുണ്ട്. നമ്മളെല്ലാവരും അടിസ്ഥാനപരമായി ഒന്നാണെന്നബോധം നമുക്കുണ്ടാവണം. സ്‌നേഹത്തില്‍ നമ്മുടെഹൃദയങ്ങള്‍ ഒന്നായിത്തീരണം. വ്യാവസായികവിപ്‌ളവമോ സാങ്കേതികവിപ്ലവമോ അല്ല മനുഷ്യ ഹൃദയങ്ങളില്‍നിന്ന് ഉദിക്കുന്ന വിപ്‌ളവമാണ് നമുക്ക് ആവശ്യം.

സമൂഹത്തില്‍ പലപ്രശ്‌നങ്ങളും തുടങ്ങുന്നത് തെറ്റായ വാക്കുകളില്‍നിന്നാണ്. വാക്കുകളുടെശക്തി അപാരമാണ്. ധ്യാനാത്മകമായ മനസ്സ് സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ അതില്‍ നിന്ന് ഉടലെടുക്കുന്നവാക്കുകളും പ്രവൃത്തികളും നന്മ നിറഞ്ഞതായിരിക്കും. ക്ഷമ, ശ്രദ്ധ, വിശ്വാസം ഇവയെല്ലാം ഒന്നിച്ച് കൈകോര്‍ത്തുപോകുന്ന ഗുണങ്ങളാണ്. ഒന്നുള്ളിടത്ത് മറ്റെല്ലാം തനിയെയുണ്ടാകും. ബാഹ്യമായും ആന്തരികമായുമുള്ള ഏതുതടസ്സവും തരണംചെയ്യാന്‍ ഈ മൂന്നുഗുണങ്ങളും അനിവാര്യമാണ്. ഏതുരംഗമായായാലും സ്ഥിരോത്സാഹത്തോടെ നിരന്തരമായി പരിശ്രമിക്കുന്നവര്‍ക്കേ വിജയിക്കാന്‍ സാധിക്കൂ. പലപ്പോഴും സംഭവിക്കാറുള്ളത് ഒന്നോരണ്ടോ പ്രാവശ്യം പരാജയപ്പെട്ടാല്‍ നമ്മള്‍ നിരാശരാകുന്നുവെന്നുള്ളതാണ്. എന്തെല്ലാം തടസ്സങ്ങള്‍ ഉണ്ടായാലും മുന്നോട്ടുപോകാന്‍ ശ്രമിച്ചുകൊണ്ടിരിക്കണം.

ലോകത്തില്‍ പലര്‍ക്കും ജ്ഞാനത്തെക്കുറിച്ച് അഹങ്കാരമുണ്ട്. എന്നാല്‍ അഹങ്കാരത്തെക്കുറിച്ച് ജ്ഞാനമില്ല താനും. അഹങ്കാരത്തിന്റെ ഫലം ദുഃഖവും ബോധക്കുറവുമാണെങ്കിലും അതിലൊരു സുഖം കണ്ടെത്തുന്നവരാണ് സമൂഹത്തലേറെയും. എടുക്കുന്നതിലധികം ലോകത്തിനുകൊടുക്കുമ്പോഴാണ് നമ്മള്‍ യഥാര്‍ഥത്തില്‍ വളരുന്നത്. നമ്മള്‍ കൊടുക്കുന്നതാണ് നമുക്കു തിരിച്ചുകിട്ടുക. എല്ലാവരിലും ഈശ്വരനെ കണ്ട് സ്‌നേഹിക്കാനും സേവിക്കാനും നമുക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു.

ബ്രഹ്മസ്ഥാന ക്ഷേത്രവാര്‍ഷിക മഹോത്സവത്തിന്റെ അവസാനദിനത്തെ പരിപാടികള്‍ വെള്ളിയാഴ്ച രാവിലെ ആറു മണിക്ക് ധ്യാനത്തോടെതുടങ്ങി. അര്‍ച്ചന, ശനിദോഷ നിവാരണ പൂജ, അനുഗ്രഹ പ്രഭാഷണം, ഭജന എന്നിവ നടത്തി. രാവിലെ വേദിയിലെത്തിയ മാതാ അമൃതാനന്ദമയിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാ കുമാരി, പി.പി. മുകുന്ദന്‍ , അഡ്വ. പി. ചാത്തു കുട്ടി എന്നിവര്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു.