മാരാമണ്‍: വിശ്വാസത്തിന്റെ പേരില്‍ മനുഷ്യനെ ആക്രമിക്കുന്നതിനെയും കൊല്ലുന്നതിനെയും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. 122-ാം മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീട്ടില്‍ ആട്ടിറച്ചി വാങ്ങിവെച്ച മുസല്‍മാനെ മാട്ടിറച്ചിയെന്നുപറഞ്ഞ് ചിലര്‍ തല്ലിക്കൊന്നു. വിശ്വാസി സമൂഹത്തിന്റെ ഭക്തി ഇതാണോയെന്ന് അദ്ദേഹം ചോദിച്ചു. മനുഷ്യനെ കൊന്നൊടുക്കി സ്വര്‍ഗം നേടാന്‍ കഴിയില്ല. ഭീകര പ്രവര്‍ത്തനത്തിലൂടെ മനുഷ്യനെ ഇല്ലായ്മചെയ്താലും സ്വര്‍ഗം കിട്ടില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

വിശ്വാസികള്‍ കുപ്രചാരണങ്ങളില്‍ വീണുപോകരുത്. അവയെ സഹനത്തോടെ അവഗണിക്കണം. നായയ്ക്കുള്ള വിലപോലും മനുഷ്യന് ഇല്ലാതെ പോകുന്ന സാഹചര്യം അംഗീകരിക്കാനാവില്ല. അന്ധകാരത്തിന്റെ സാന്നിധ്യം രാജ്യങ്ങളില്‍ വ്യാപിക്കുന്നു. ദൈവം ഈ ലോകത്തെ മാറ്റിത്തീര്‍ക്കട്ടെ എന്ന് പ്രാര്‍ഥിക്കാം. യേശുദേവന്‍ ദൈവത്തിന്റെ മനുഷ്യമുഖമാണെന്ന് കേശവ്ചന്ദ്ര സെന്നും ശ്രീരാമകൃഷ്ണ പരമഹംസനും പറഞ്ഞിട്ടുണ്ട്. ആ മനുഷ്യമുഖം കാണുന്നവര്‍ ദൈവത്തെ കാണുന്നതായി മെത്രാപ്പൊലീത്ത ഓര്‍മിപ്പിച്ചു.

നോട്ടുനിരോധനം ഒരു ജനത്തെ ദുരിതത്തിലാക്കിയെന്ന് അധ്യക്ഷപ്രസംഗം നടത്തിയ ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ പറഞ്ഞു. ഒരുക്കമില്ലാതെ നടപ്പാക്കിയ തീരുമാനമായിരുന്നു അത്. ഭരണാധികാരികള്‍ക്ക് നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ മനസ്സുണ്ടാകണം. അതിനായി പ്രാര്‍ഥിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത പ്രാരംഭ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ബിഷപ്പ് എഡ്വേര്‍ഡ് മുകുന്ദലേലി റാമലോണ്ടി ആദ്യ പ്രഭാഷണം നടത്തി.