മള്ളിയൂര്‍: ആദിശങ്കരാചാര്യര്‍ സ്ഥാപിച്ച പ്രമുഖ വേദാന്തമഠങ്ങളിലൊന്നായ ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീതീര്‍ത്ഥ സ്വാമിയും വിധുശേഖരഭാരതീ സ്വാമിയും മള്ളിയൂര്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ച വൈകീട്ട് 4.30ഓടെയാണ് മഹാഗണപതി ക്ഷേത്രത്തില്‍ എത്തിയത്.

മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി പൂര്‍ണകുംഭം നല്‍കി സ്വാമിയെ സ്വീകരിച്ചു. മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ നീലംപറമ്പില്‍, പള്ളിക്കല്‍ സുനില്‍ എന്നിവരും സന്നിഹിതരായിരുന്നു.

പൂക്കള്‍ വിതറിയും ശ്ലോകങ്ങള്‍ ആലപിച്ചുമാണ് ശങ്കരാചാര്യന്‍മാരെ ക്ഷേത്രത്തിലേക്ക് ആനയിച്ചത്. തുടര്‍ന്ന് ഇരുവരും മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ദര്‍ശനത്തിനുശേഷം മള്ളിയൂര്‍ സ്മൃതിമണ്ഡപത്തിന്റെ നിര്‍മ്മാേണാദ്ഘാടനത്തിന്റെ ഭാഗമായി ശിലഫലകം അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് അനുഗ്രഹ പ്രഭാഷണം നടത്തി.
 
ഗണപതിപൂജ ചെയ്ത് കാര്യങ്ങള്‍ തുടങ്ങിയാല്‍ വിഘ്‌നങ്ങളില്ലാതെ കാര്യം നടക്കുമെന്നാണ് വിശ്വാസമെന്നും മള്ളിയൂര്‍ മഹാഗണപതിയുടെ രൂപം മനസ്സിന് ആനന്ദം നല്‍കുന്നതാണെന്നും അങ്ങനെയുള്ള രൂപത്തെ ആരാധന ചെയ്താല്‍ ഇഷ്ടനിഷ്ടങ്ങള്‍ നടക്കുമെന്നും സ്വാമി പറഞ്ഞു. ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി ദീര്‍ഘകാലം താമസിച്ച തറവാടിനു മുന്നിലാണ് കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് രൂപകല്‍പ്പന ചെയ്ത സ്മൃതിമണ്ഡപവും ധ്യാനമണ്ഡപവും ഉയരുന്നത്. ഭക്തജനങ്ങളുടെ സഹകരണത്തോടെ മണ്ഡപം നിര്‍മ്മിക്കാനാണ് മള്ളിയൂര്‍ ആധ്യാത്മികപീഠം തീരുമാനിച്ചിരിക്കുന്നത്.

മള്ളിയൂരിന്റെ പാരായണ ഗ്രന്ഥങ്ങള്‍, പുരസ്‌കാരങ്ങള്‍, ഭാഗവതസത്രങ്ങള്‍, പ്രഭാഷണങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവയൊക്കെ സ്മൃതിമണ്ഡപത്തിലുണ്ടാവും. ഭാഗവതസപ്താഹം ഉള്‍പ്പെടെയുള്ള ആത്മീയപരിപാടികള്‍ നടത്താനുള്ള ഹാളും നിര്‍മ്മിക്കും.