ചെങ്ങന്നൂര്‍: ഭക്തര്‍ക്ക് ദര്‍ശനപുണ്യമേകി ചെങ്ങന്നൂരമ്മയ്ക്ക് പമ്പാനദിയില്‍ തൃപ്പൂത്താറാട്ട്. വ്യാഴാഴ്ച രാവിലെ മൂടിക്കെട്ടിയ ആകാശവും തുടര്‍ന്നുപെയ്ത മഴയും ആശങ്കയുണര്‍ത്തി. മാനം തെളിഞ്ഞതോടെ ഭക്തരുടെ മനവും തെളിഞ്ഞു. തൃപ്പൂത്തായശേഷം ദേവിയെ ശ്രീകോവിലില്‍നിന്ന് തൃപ്പൂത്തറയിലേക്ക് മാറ്റിയിരുന്നു. ഏഴരയോടെ ആറാട്ടിനായി പുറത്തേക്ക് എഴുന്നള്ളിച്ച് തൃപ്പൂത്താറാട്ടിനുള്ള ചടങ്ങുകള്‍ ആരംഭിച്ചു. മലയാളവര്‍ഷത്തെ ആറാമത്തെ തൃപ്പൂത്താണിത്.

പമ്പാനദിയിലെ മിത്രപ്പുഴക്കടവില്‍ ദേവിക്ക് ആറാട്ട് നടന്നു. തന്ത്രി കണ്ഠര് മോഹനര് മുഖ്യകാര്‍മികത്വം വഹിച്ചു. ആറാട്ടിനുശേഷം ദേവിയെ കടവിലെ ആറാട്ടുപുരയിലെ പ്രത്യേക മണ്ഡപത്തില്‍ എഴുന്നള്ളിച്ചിരുത്തി. വിശേഷാല്‍ പൂജകളും നിവേദ്യവും നടന്നു. ഭക്തര്‍ നിറപറ അര്‍പ്പിച്ചു. ദേവി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളവേ പാതയ്ക്ക് ഇരുവശവുമുള്ള വീടുകളില്‍ നിലവിളക്കും നിറപറയും ഒരുക്കിവച്ച് സ്വീകരണം നല്‍കി.

ധാരാളം സ്ത്രീകള്‍ താലപ്പൊലിയെടുക്കാന്‍ എത്തിയിരുന്നു. എഴുന്നള്ളിപ്പ് ക്ഷേത്രമതില്‍ക്കകത്ത് പ്രവേശിച്ചതോടെ കിഴക്കേ ആനക്കൊട്ടിലില്‍ പറയെടുപ്പ് തുടങ്ങി. തുടര്‍ന്ന് മഹാദേവനെ ശ്രീകോവിലിന് പുറത്തേക്ക് എഴുന്നള്ളിച്ചു. ദേവിയെയും സ്വീകരിച്ച് ദേവന്‍ പടിഞ്ഞാറേനടയിലെത്തിയപ്പോള്‍ നിരവധി ഭക്തര്‍ നിറപറ അര്‍പ്പിച്ചു. പ്രദക്ഷിണം പൂര്‍ത്തിയാക്കി അകത്തെഴുന്നള്ളിച്ചശേഷം ഇരുനടകളിലും കളഭാഭിഷേകം നടന്നു.

മഴമൂലം ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അവധിയായതിനാല്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കുട്ടികളുള്‍പ്പെടെ നിരവധിപേര്‍ എത്തിയിരുന്നു. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ എന്‍.ചന്ദ്രശേഖരന്‍നായര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്.അശോക്കുമാര്‍, ക്ഷേത്ര ഉപദേശകസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തൃപ്പൂത്താറാട്ടുദിവസം മുതല്‍ 12 ദിവസം ഹരിദ്രപുഷ്പാഞ്ജലി നടത്താന്‍ സൗകര്യമുണ്ട്.