പൊങ്കാല ഉത്സവത്തിനായി ആറ്റുകാൽ ക്ഷേത്രം ഒരുങ്ങുന്നു. മാർച്ച് മൂന്നു മുതൽ 12 വരെയാണ് ഉത്സവം. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിലും സമീപപ്രദേശങ്ങളിലും വൈദ്യുതദീപാലങ്കാരങ്ങൾ നിറഞ്ഞു. ക്ഷേത്രത്തിലേക്കുള്ള നടപ്പന്തലിൽ ഭക്തജനത്തിരക്കു നിയന്ത്രിക്കാൻ പ്രത്യേക സൗകര്യങ്ങളൊരുക്കുന്നതിന്റെ ജോലികൾ നടന്നുവരുന്നു.

ഉത്സവത്തിനു മുമ്പുതന്നെ ക്ഷേത്രത്തിൽ ഭക്തജനത്തിരക്കു തുടങ്ങി. ഇത്തവണ കലാപരിപാടികൾ കാണുന്നതിനായി സ്റ്റേജിനോടു ചേർന്ന് വലിയ പന്തൽ നിർമിച്ചിട്ടുണ്ട്. സ്റ്റേജിന്റെ പണികളും അവസാനഘട്ടത്തിലാണ്. ഉത്സവത്തോടനുബന്ധിച്ചുള്ള അലങ്കാരങ്ങളുടെയും മൈക്ക് സെറ്റിന്റെയും പണികൾ ഒരുമാസം മുൻപുതന്നെ തുടങ്ങിയിരുന്നു.

വെള്ളിയാഴ്ച രാവിലെ 9ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിനു തുടക്കമാകും.  ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തോറ്റംപാട്ട് കേൾക്കാൻ ഇത്തവണയും നിരവധി ഭക്തജനങ്ങളെത്തും. പൊങ്കാലയ്ക്കും കുത്തിയോട്ടത്തിനും താലപ്പൊലിക്കും മറ്റും പ്രത്യേകം കമ്മിറ്റികൾ രൂപവത്കരിച്ച് ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. 

വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിനായി ക്ഷേത്ര ട്രസ്റ്റ് ഓഫീസ് വളപ്പിൽ പന്തലുകൾ നിർമിച്ചു. ഉത്സവം തുടങ്ങുന്ന നാൾ മുതൽ ഭക്തർ നേർച്ചയായി നടത്തുന്ന വിളക്കുകെട്ടുകൾ ക്ഷേത്രത്തിലേക്ക്‌ എത്തിത്തുടങ്ങുന്നതോടെ നഗരം ഉത്സവലഹരിയിലാകും. പൊങ്കാലക്കലങ്ങളും ഇതിനോടകം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരന്നുകഴിഞ്ഞു.