മക്കളേ, 

എല്ലാ മതങ്ങളും നിസ്വാർഥസേവനത്തിന് വലിയ പ്രാധാന്യം നല്കുന്നു. നിസ്വാർഥമായ സേവനം മനസ്സിനെ പവിത്രീകരിച്ച് നമ്മളെ ഈശ്വരകൃപയ്ക്ക് അർഹരാക്കുന്നു. എന്നാലൊന്നും പ്രതീക്ഷിക്കാതെ വേണം സേവനം ചെയ്യുവാൻ. ഒരു നന്ദിവാക്കോ പ്രശംസയോപോലും പകരം പ്രതീക്ഷിക്കരുത്. അല്ലെങ്കിൽ ആ കർമം കൂലിവേലയ്ക്ക്‌ തുല്യമാകും ആത്മശുദ്ധിക്ക്‌ ഉപകരിക്കില്ല. 

തനിക്കായി ഒന്നും ആഗ്രഹിക്കാതെ ഒരു കർമം ചെയ്യുമ്പോൾ അത്രയും സമയം മനസ്സിൽനിന്ന് സ്വാർഥഭാവം മാറിനിൽക്കുകയും അത്‌ ചിത്തശുദ്ധിക്ക്‌ കാരണമാകുകയും ചെയ്യുന്നു. എന്നാൽ പുണ്യമോ പ്രശസ്തിയോ പ്രത്യുപകാരമോ ആഗ്രഹിച്ചുകൊണ്ട് സേവനം ചെയ്യുമ്പോൾ സേവനത്തിന്റെ യഥാർഥ ലക്ഷ്യം അവിടെ പരാജയപ്പെടുകയാണ്‌ ചെയ്യുന്നത്.

പലരും ക്ഷേത്രത്തിലോ പള്ളിയിലോ വല്ലതും സമർപ്പിക്കുന്നതുപോലും പ്രശസ്തിയും അംഗീകാരവും ആഗ്രഹിച്ചാണ്. ക്ഷേത്രത്തിൽ ട്യൂബ് ലൈറ്റ് സമർപ്പിച്ച് അതിന്റെ പുറത്ത് ''ഇന്നയാൾ സമർപ്പിച്ചത്'' എന്നെഴുതിവെച്ച് അതിന്റെ പ്രകാശംകൂടി നഷ്ടപ്പെടുത്തുന്നവരുണ്ട്. താൻ സംഭാവന ചെയ്തത് പത്ത്‌ പേരറിയണമെന്നാണ് അവരുടെ മോഹം. സംഭാവന സ്വീകരിച്ചവർ   കൃതജ്ഞതയെങ്കിലും പറഞ്ഞില്ലെങ്കിൽ അവർക്ക്‌ നീരസമായി. 

ഒരു ധനികൻ ഒരു ക്ഷേത്രത്തിൽ ദർശനത്തിനെത്തി, പൂജാരിയുടെ കൈയിൽ വലിയൊരു സംഖ്യ സംഭാവനയായി നൽകി. പൂജാരി അതിന് ധനികനോട്‌ നന്ദി പറയുകയോ, അയാളെ പ്രശംസിക്കുകയോ ചെയ്തില്ല. ഇത്രവലിയ തുക ഇതിനുമുമ്പ് മറ്റാരും അവിടെ സംഭാവന ചെയ്തിട്ടുണ്ടാവില്ലെന്നും മറ്റും ധനികൻ പറഞ്ഞുതുടങ്ങി. കുറേനേരം അയാളുടെ ആത്മപ്രശംസ കേട്ട്‌ പൂജാരി നിശ്ശബ്ദനായിരുന്നു. എന്നിട്ടും നിർത്താൻ ഭാവമില്ലെന്ന്‌ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു, ''എന്തിനിത്രയൊക്കെ പറയണം? ഈ സംഭാവനയ്ക്കു ഞാൻ നിങ്ങളോടു നന്ദി പറയണമെന്നാണോ കരുതുന്നത്?''

''എന്താ, ഇത്ര വലിയ ദാനം നല്കിയാൽ ഒരു നന്ദി വാക്കെങ്കിലും പ്രതീക്ഷിക്കുന്നതിലെന്താണു തെറ്റ്?'' ധനികൻ ചോദിച്ചു. 
പൂജാരി പറഞ്ഞു, ''ഈ തുക ഇവിടെ സ്വീകരിച്ചതിന്‌ നിങ്ങളാണു നന്ദി പറയേണ്ടത്. ഈശ്വരന്റെ ധനം നിങ്ങൾ കൈയടക്കിെവച്ചിരിക്കുന്നതിന്റെ ചെറിയൊരംശം മാത്രമാണിത്. അഹംഭാവമില്ലാതെ ഇതു സമർപ്പിക്കാൻ കഴിഞ്ഞാൽ മാത്രമേ നിങ്ങൾ ഈശ്വരകൃപയ്ക്ക്‌ പാത്രമാകൂ. ഈശ്വരനെയും ഭക്തരെയും സേവിക്കാൻ ഒരവസരം ലഭിച്ചതിന് നിങ്ങൾക്ക്‌ നന്ദിയുണ്ടാകണം. അതിന്‌ കഴിയില്ലെങ്കിൽ ഈ പണം മടക്കിക്കൊണ്ടുപോകുന്നതാണ്‌ നല്ലത്.''

മനസ്സാണ് നമ്മൾ ഈശ്വരനു സമർപ്പിക്കേണ്ടത്. മനസ്സ് ബന്ധിച്ചിരിക്കുന്ന വസ്തുക്കൾ സമർപ്പിച്ചാൽ മനസ്സ് സമർപ്പിച്ചതിന്‌ തുല്യമായി. വാസ്തവത്തിൽ നമുക്ക് സ്വന്തമായി ഒന്നുമില്ല. എല്ലാം ഈശ്വരന്റെതാണ്. സേവനം ചെയ്യാനുള്ള കഴിവും അവസരവും തന്നതിന് നമ്മൾ അവിടുത്തോട് നന്ദിയുള്ളവരായിരിക്കണം. നമ്മുടെ ശരീരമനോബുദ്ധികൾപോലും അവിടുത്തെ ദാനമാണെന്നു ബോധിച്ചാൽ പിന്നെ, അഹന്തയും സ്വാർഥതയും ഉണ്ടാവില്ല. അഹന്ത ഒഴിയുമ്പോൾ നമ്മൾ ഈശ്വരകൃപയ്ക്ക്‌ പാത്രമാകും.

അമ്മ