മക്കളേ, 

ജീവിതത്തിൽ യഥാർഥ ശാന്തിയും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന ഏതൊരാളും സാഹചര്യങ്ങളെ അതിജീവിക്കാൻ പഠിച്ചിരിക്കണം. പ്രതികൂലസാഹചര്യങ്ങളിലാണ് ഒരുവന്റെ യഥാർഥ വ്യക്തിത്വം തിരിച്ചറിയാൻ കഴിയുക. പ്രലോഭനങ്ങൾക്ക് വശപ്പെട്ട് മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും അടിമയാകുക എളുപ്പമാണ്. എന്നാൽ പ്രലോഭനങ്ങളെ അതിജീവിക്കുക തികച്ചും പ്രയാസകരമാണ്. എങ്കിലും അതിനായി ശ്രമിച്ചുകൊണ്ടിരിക്കണം. 

ലോകസുഖങ്ങൾ അനുഭവിക്കരുതെന്നല്ല ഇതിനർഥം. സുഖങ്ങൾ അനുഭവിക്കാം. എന്നാൽ അത് ആസക്തിയിലേയ്ക്ക് വളരാൻ അനുവദിക്കരുത്. വിഷയങ്ങളുടെ നടുവിൽ ജീവിക്കുമ്പോഴും അവയിൽ ആസക്തിയോ മമതയോെവക്കാത്തവനാണ്‌ യഥാർഥ ധീരൻ. 
മദ്യപാനിയായ ഒരാൾ നാളെ മുതൽ താൻ മദ്യം കുടിക്കില്ലെന്നു തീരുമാനമെടുക്കുന്നു. മദ്യക്കുപ്പി കിടക്കയുടെ തലപ്പത്തുെവച്ചിട്ടാണ് ഈ തീരുമാനമെടുക്കുന്നത്. അടുത്ത ദിവസം രാവിലെ എഴുന്നേറ്റ ഉടനെ ആദ്യചിന്ത ‘കുടിക്കണോ, വേണ്ടയോ’ എന്നാണ്. അതു ചിന്തിച്ച് ചിന്തിച്ച് അറിയാതെ കൈ മദ്യക്കുപ്പിയിലേക്ക്‌ നീളും. 

നമുക്ക് ആസക്തിയുള്ള വസ്തു അടുത്തുെവച്ചുകൊണ്ട് അതിനെ അതിജീവിക്കുക പ്രയാസമാണ്. രാമായണത്തിലെ ബാലിവധകഥയുടെയും തത്ത്വം ഇതുതന്നെയാണ്. ബാലി ആരോട് നേരിട്ടു യുദ്ധം ചെയ്താലും അവരുടെ പാതിശക്തി ബാലിക്കു വന്നുചേരും. അതുകൊണ്ടാണ്  ശ്രീരാമൻ ബാലിയെ ഒളിയമ്പെയ്തു കൊന്നു എന്നു പറയുന്നത്. ബാലി കാമത്തിന്റെ പ്രതീകമാണ്. കാമത്തിനെ നേരിട്ടെതിർത്താൽ വിജയിക്കില്ല. ആസക്തിയിൽനിന്ന്‌ മോചനം നേടാൻ ആദ്യം വേണ്ടത് നമുക്ക് ആസക്തിയുള്ള വസ്തുക്കളിൽനിന്ന് അകന്നുനിന്ന് നല്ല ചിന്തകൾ മനസ്സിൽ വളർത്തുക എന്നതാണ്. 

മനസ്സിനെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഒരാൾ കുറച്ചുനാൾ പ്രതികൂലസാഹചര്യങ്ങളിൽനിന്നു മാറിനിന്ന് മനസ്സിനെ സ്വന്തം വരുതിയിൽ കൊണ്ടുവരാൻ പ്രയത്‌നിക്കണം. ഡ്രൈവിങ് പഠിച്ചുതുടങ്ങുന്ന ഒരാൾ ആദ്യം ഒരു മൈതാനത്തിൽ വണ്ടി ഓടിച്ചുപഠിക്കും. എന്നാൽ ഡ്രൈവിങ് പഠിച്ചുകഴിഞ്ഞൽ പിന്നെ മെയിൻറോഡിലും വണ്ടിയോടിക്കാം. വിത്തുവിതയ്ക്കുന്നതിനുമുമ്പായി ആദ്യം മണ്ണിലെ പുല്ലും കളയും മറ്റും നീക്കി വെടിപ്പാക്കാറുണ്ട്. നിലമുഴുത് മൺകട്ടകളും മറ്റും ഉടച്ചു നിരപ്പാക്കിയതിനുശേഷമാണു വിത്തുവിതയ്ക്കുന്നത്. വിത്തുമുളച്ച് വളർന്നുവരുന്ന സമയത്തും 

ശ്രദ്ധയോടെ കളകൾ പറിച്ചുകളയണം. അല്ലെങ്കിൽ ചെടിയുടെ വളർച്ച മുരടിക്കും. എന്നാൽ, ചെടി വളർന്ന് വൻമരമായിക്കഴിഞ്ഞാൽ കള നീക്കംചെയ്യേണ്ട കാര്യമില്ല. മരത്തിനെ യാതൊന്നും ചെയ്യാൻ കളയ്ക്കു സാധിക്കില്ല. കളയെ ചെറുത്തു നില്ക്കാനുള്ള ശക്തി മരം നേടിക്കഴിഞ്ഞു. അതുപോലെ മനോനിയന്ത്രണം ശീലിച്ചു തുടങ്ങുന്നവർ പ്രതികൂല സാഹചര്യങ്ങളിൽനിന്നും കഴിയുന്നതും മാറിനിൽക്കണം. എന്നാൽ നിരന്തരമായ അഭ്യാസത്തിലൂടെ മനസ്സ് നമ്മുടെ നിയന്ത്രണത്തിൽ വന്നുകഴിഞ്ഞാൽ, ബാഹ്യമായ ഏതു പ്രതിബന്ധത്തെയും പ്രലോഭനത്തെയും അതിജീവിക്കാൻ സാധിക്കും.
അമ്മ