മക്കളേ, 

ഇന്ന് എല്ലാ മേഖലകളിലും കച്ചവടമനഃസ്ഥിതി വളരുകയാണ്. കുടുംബബന്ധങ്ങളിലും വ്യക്തിബന്ധങ്ങളിലുമൊക്കെ ഈ മനോഭാവം വേരൂന്നിക്കഴിഞ്ഞു. ആരെ കാണുമ്പോഴും നമ്മുടെ ആദ്യചിന്ത അയാളിൽനിന്ന്‌ തനിക്കെന്തുനേട്ടമുണ്ടാകുമെന്നാണ്. ഒന്നും നേടാനില്ലെങ്കിൽ അവിടെ ബന്ധം സ്ഥാപിക്കപ്പെടുന്നില്ല. നേട്ടത്തിന്‌ കോട്ടം തട്ടുമ്പോൾ ബന്ധവും മുറിയുന്നു. ഈശ്വരനോട്‌ പ്രാർഥിക്കുന്നതും ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തുന്നതും ദാനംചെയ്യുന്നതുമെല്ലാം ഇന്ന്‌ കച്ചവടമായി മാറിയിരിക്കുന്നു. അത്രമാത്രം സ്വാർഥത മനുഷ്യമനസ്സുകളിൽ നിറഞ്ഞുകഴിഞ്ഞു. ഇതിന്റെ ദോഷഫലമാണ് ഇന്ന്‌ മനുഷ്യസമൂഹം അനുഭവിക്കുന്നത്. 

ഈ മനോഭാവം ഒരു സാംക്രമികരോഗം പോലെയാണ്. ഒരാളെ നമ്മൾ കച്ചവടമനോഭാവത്തോടെ കാണുമ്പോൾ അറിയാതെ അയാളിലും അതേഭാവം ഉണരും. ക്രമേണ അത്തരം മനോഭാവം സമൂഹത്തിലാകെ പടരും. പുരാവസ്തുക്കൾ ശേഖരിക്കുന്ന ഒരാളുടെ കഥ ഓർക്കുകയാണ്. വഴിനടക്കുമ്പോൾ അയാൾ ഒരു വീടിന്റെ വാതിൽക്കൽ ഒരു പൂച്ചയിരുന്ന് പാൽ കുടിക്കുന്നതുകണ്ടു. പാൽപ്പാത്രം അഴുക്കുപിടിച്ചതാണെങ്കിലും വളരെ പഴക്കമുള്ളതും അമൂല്യവുമാണെന്ന് അയാൾക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലായി. അത് സൂത്രത്തിൽ തട്ടിയെടുക്കാൻ ഉദ്ദേശിച്ച് അയാൾ വീട്ടുകാരനെ സമീപിച്ച് ആ പൂച്ചയെ നൂറുരൂപയ്ക്ക് വില്ക്കാമോ എന്നുചോദിച്ചു. ‘‘നൂറു രൂപയ്ക്കോ? ഒരിക്കലുമില്ല. ഇതെന്റെ പ്രിയപ്പെട്ട പൂച്ചയാണ്’’, വീട്ടുകാരൻ ആ ഉണക്കപ്പൂച്ചയെ കൈയിലെടുത്തുകൊണ്ട് പറഞ്ഞു. 

‘‘നിങ്ങൾക്കത്ര പ്രിയപ്പെട്ടതാണെങ്കിൽ ഞാനതിന് ആയിരം രൂപ നൽകാം. എന്തുപറയുന്നു? എനിക്കാണെങ്കിൽ വീട്ടിൽ എലികളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്’’, പുരാവസ്തുപ്രേമി പറഞ്ഞു. വീട്ടുകാരൻ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.  പണം വാങ്ങി അയാൾ പൂച്ചയെ കൈമാറി.    ‘‘സുഹൃത്തേ, ഈ പൂച്ചയ്ക്ക് ഞാൻ ആയിരം രൂപ തന്നതല്ലേ. നിങ്ങൾക്ക് അതിന്റെ ആ പഴയ പാൽപ്പാത്രം കൂടി തന്നാലെന്താ? ഞാൻ വേറൊരു പാത്രം അന്വേഷിച്ച് നടക്കേണ്ടല്ലോ’’ എന്ന അഭ്യർഥന വന്നപ്പോൾ വീട്ടുകാരൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ‘‘ഇല്ല സുഹൃത്തേ, ഇതെനിക്ക് ഭാഗ്യം കൊണ്ടുവരുന്ന പാത്രമാണ്. നിങ്ങൾക്കറിയാമോ ഈ ഒരാഴ്ചയ്ക്കള്ളിൽ ഈ പാത്രം കാരണം അറുപത്തിയെട്ട് തെരുവുപൂച്ചകളെ വിറ്റഴിക്കാൻ എനിക്ക് കഴിഞ്ഞു.’’

ജീവിക്കാൻ ‘ബിസിനസ്‌’ ആവശ്യമാണ്. എന്നാൽ ജീവിതം ‘ബിസിനസാ’യി മാറരുത്. നിസ്വാർഥമായി മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനുമുള്ള ഒരു മനസ്സ് നമ്മൾ വളർത്തിയെടുത്താൽ, അതിന്റെ പ്രയോജനം അവർക്കു മാത്രമല്ല, നമുക്കുകൂടിയാണ്.  തീർച്ചയായും അത്തരം സന്മനോഭാവം അവർക്ക് നമ്മളോടും തോന്നും. തിരിച്ചൊന്നും കിട്ടിയില്ലെങ്കിൽപോലും നിഷ്‌കളങ്കമായ ഒരു സന്തോഷം നമ്മുടെ മനസ്സിൽ തങ്ങിനിൽക്കും. നല്ല സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളുമെല്ലാം ഈ വിധമുള്ള മനോഭാവത്തിൽനിന്നാണ് വളരുന്നത്. ക്രമേണ അവരുടെയും നമ്മുടെയും ജീവിതത്തിൽ ശാന്തിയും സന്തോഷവും നിറയും.
അമ്മ