മക്കളേ, 

ജീവിതത്തിന്റെ സ്വഭാവം അസ്ഥിരതയാണ്. നല്ലതും ചീത്തയുമായ പലതും ജീവിതത്തിലൊരു മുന്നറിയിപ്പുമില്ലാതെ കടന്നുവരാറുണ്ട്. ഈ ലോകത്തിൽ ശാശ്വതമായി ഒന്നും തന്നെയില്ല. ഇന്നത്തെ സുഹൃത്ത് നാളത്തെ ശത്രുവാകാം. ഈശ്വരൻ മാത്രമാണ്‌ എന്നെന്നുമുള്ള നമ്മുടെ യഥാർഥബന്ധു. ബന്ധങ്ങളും ഭൗതികവസ്തുക്കളുമെല്ലാം എത്രയുണ്ടായാലും ശാശ്വതമായ സുഖം നൽകാൻ അവയ്ക്ക്‌ കഴിയില്ല. അതിനാലുള്ളിൽ നമുക്ക് ഈശ്വരനോടു മാത്രമായിരിക്കണം ബന്ധം.

വൃക്ഷത്തിന്റെ ശിഖരത്തിലല്ല, ചുവട്ടിലാണ്‌ വെള്ളമൊഴിക്കേണ്ടത്. എങ്കിലേ, അതിന്റെയെല്ലാ ഭാഗങ്ങളിലും ആ വെള്ളം എത്തുകയുള്ളൂ. അതുപോലെ നമ്മൾ ഈശ്വരനെ സ്നേഹിക്കുന്നതിലൂടെ സർവജീവരാശികളെയുംസ്നേഹിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയായാൽ കുടുംബജീവിതം നയിക്കുമ്പോഴും ദുഃഖകാരണമായ മമതയ്ക്ക് നമ്മൾ അടിപ്പെടുകയില്ല.

മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥ നമ്മളൊക്കെ കേട്ടിട്ടുള്ളതാണ്. മണ്ണാങ്കട്ടയും കരിയിലയുംകൂടി കളിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നു കാറ്റു വന്നു. മണ്ണാങ്കട്ടയ്ക്കു വിഷമമായി. 'അയ്യോ! കഷ്ടം! കരിയില പറന്നു പോകുമല്ലോ'. മണ്ണാങ്കട്ട കരിയിലയുടെ മുകളിൽ കയറിയിരുന്നു. കരിയിലയെ രക്ഷിച്ചു. കുറച്ചുകഴിഞ്ഞ് മഴവന്നു. കരിയില മണ്ണാങ്കട്ടയുടെ പുറത്തിരുന്നു. മണ്ണാങ്കട്ടയെ രക്ഷിച്ചു. അല്പംകഴിഞ്ഞ് കാറ്റും മഴയും ഒരുമിച്ചുവന്നു. എന്തുണ്ടായി? കരിയില പറന്നും പോയി മണ്ണാങ്കട്ട അലിഞ്ഞും പോയി.

ഇതുപോലെയാണ് നമ്മുടെ ജീവിതം. നമ്മൾ മറ്റുള്ളവരെ ആശ്രയിച്ചു നില്ക്കുമ്പോൾ, ചെറിയ ചെറിയ നേട്ടങ്ങളും വിജയങ്ങളും നമുക്കുനേടാൻ സാധിച്ചെന്നുവരാം. എന്നാൽ വലിയ ആപത്തുവരുമ്പോൾ രക്ഷിക്കാൻ ആരുമുണ്ടാവില്ല. അവിടെ ഈശ്വരനോടുള്ള സമർപ്പണമൊന്നുമാത്രമേ നമുക്ക് ആശ്രയമുള്ളൂ. അവിടുത്തോടുള്ള ശരണാഗതി ഒന്നു മാത്രമാണ്‌ നമ്മുടെ ജീവിതത്തിന്റെ ഏകരക്ഷ. അതൊന്നുമാത്രമാണ്‌ ജീവിതത്തിലെന്നും ശാന്തിയും സംതൃപ്തിയും നിലനിർത്താനുള്ള വഴി.

ഭാര്യയെയും മക്കളെയും ഒന്നും സ്നേഹിക്കരുതെന്നല്ല ഇതിന്നർഥം. അവരെ അന്യരെപ്പോലെ കാണണമെന്നുമല്ല. അവരെയെല്ലാം വേണ്ടപോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും വേണം. എന്നാൽ ശാശ്വതബന്ധു ഈശ്വരൻ മാത്രമാണെന്നറിയണം. മറ്റുള്ളവരെല്ലാം ഇന്നല്ലെങ്കിൽ നാളെ വിട്ടുപിരിയും. അതുകൊണ്ട് എല്ലായ്‌പ്പോഴും ഭഗവാനെത്തന്നെ ആശ്രയിക്കുക. ബദ്ധിമുട്ടുകളെല്ലാം നമ്മുടെ ആന്തരികവളർച്ചയ്ക്ക്‌ വേണ്ടിയാണെന്നു കരുതണം. അങ്ങനെയായാൽ കുടുംബജീവിതത്തിലും ശാന്തിയും ആനന്ദവും അനുഭവിക്കാം.

ഈശ്വരനെ ആശ്രയിച്ചാൽ ജീവിതത്തിൽ യാതൊരു ദുഃഖവും കഷ്ടപ്പാടും ഉണ്ടാവുകയില്ല എന്നല്ല ഇതിനർഥം. പ്രയാസങ്ങളുണ്ടാകും. എന്നാൽ അവ നല്ലൊരളവ്‌ കുറഞ്ഞിരിക്കും. മാത്രമല്ല, പ്രയാസങ്ങളുടെയെല്ലാം നടുവിലും പതറാതെ ആത്മവിശ്വാസവും ആന്തരികമായ തൃപ്തിയും കാത്തുസൂക്ഷിക്കാൻ നമുക്ക്‌ കഴിയും.
റാണിയീച്ചയെ മാത്രം പിടിച്ചാൽമതി മറ്റുള്ള ഈച്ചകളൊക്കെ കൂടെപ്പോരും. അതുപോലെ ഈശ്വരനെ ആശ്രയിച്ചാൽ ആദ്ധ്യാത്മികവും ഭൗതികവുമായ സകല നേട്ടങ്ങളും വന്നുചേരും.

അമ്മ