മക്കളേ, 
 സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വീണ്ടും മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്ന സമയമാണല്ലോ ഇത്. കടലിൽ പൊങ്ങിക്കിടക്കുന്ന മഞ്ഞുമലയുടെ ചെറിയൊരു അംശം മാത്രമേ നമ്മൾ കാണുന്നുള്ളൂ. അതുപോലെയാണ് മാധ്യമശ്രദ്ധ നേടുന്ന സംഭവങ്ങളുടെ കാര്യവും. തിരക്കുള്ള റോഡ് മുറിച്ചുകടക്കുമ്പോൾ നമ്മൾ വളരെ സൂക്ഷിക്കും. ശ്രദ്ധ തെറ്റിയാൽ അപകടം പിണയാം. ഇതുപോലെ സ്ത്രീകൾ വളരെയേറെ ശ്രദ്ധിച്ചു നീങ്ങേണ്ട ഒരു സമൂഹമാണ് ഇന്നത്തേത്. സമൂഹം എങ്ങനെയുള്ളതാണെന്ന് ഓരോ കുട്ടിയെയും പഠിപ്പിക്കണം. അവിടെ നമ്മെ ആക്രമിക്കുന്നവരുണ്ടാകാം, ചൂഷണം ചെയ്യുന്നവരും അനാദരിക്കുന്നവരുമുണ്ടാകാം. അവരോടെല്ലാം വിവേകപൂർണമായി പ്രതികരിക്കാൻ കുട്ടികളെ പ്രാപ്തരാക്കണം.

ഇക്കാലത്ത് ചെറുപ്പക്കാർ അധികസ്വാതന്ത്ര്യത്തോടെ പരസ്പരം ഇടപഴകാൻ ആഗ്രഹിക്കുന്നു. അതിനിടയിൽ സമൂഹം അടിച്ചേല്പിക്കുന്ന വേലിക്കെട്ടുകളെ അതിക്രമിക്കാനും അവർ മടിക്കുന്നില്ല. അതാണ്‌ പുരോഗമനം എന്ന് അവർ ധരിക്കുന്നു. എന്നാൽ, പുരോഗമനമെന്നു പറഞ്ഞാൽ അമിതസ്വാതന്ത്ര്യവും ഉത്തരവാദിത്വമില്ലായ്മയുമല്ല. അതുപോലെതന്നെ മൂല്യങ്ങൾ സംരക്ഷിക്കുക എന്നാൽ അമിതനിയന്ത്രണവും അടിച്ചമർത്തലുമല്ല. സ്വന്തം മാതാപിതാക്കളോടും സഹോദരീസഹോദരന്മാരോടുമെന്നപോലെ സ്വാഭാവികമായ പെരുമാറ്റമാണാവശ്യം.

ഒപ്പം സാഹചര്യം മനസ്സിലാക്കിയുള്ള ആത്മനിയന്ത്രണവും വേണം. ഇക്കാര്യത്തിൽ സമൂഹത്തിന്റെ ചിന്താഗതി ആകെ മാറേണ്ടതുണ്ട്. അച്ഛനമ്മമാർക്കും അധ്യാപകർക്കും മാധ്യമങ്ങൾക്കും കലാസാംസ്കാരിക രംഗങ്ങളിലുള്ളവർക്കുമെല്ലാം ഇതിൽ വലിയൊരു പങ്കുവഹിക്കാനുണ്ട്. സമൂഹത്തിന് തെറ്റായ സന്ദേശം അവർ നല്കരുത്. ശരിയായ സന്ദേശം നല്കുകയും വേണം. സ്ത്രീകളെ കേവലം വിനോദോപാധിയായി മാത്രം ചിത്രീകരിക്കാനും, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെക്കുറിച്ച് പൊലിപ്പിച്ച വാർത്തകൾ പ്രസിദ്ധീകരിക്കാനുള്ള ഒരു പ്രവണത ഇന്ന്‌ മാധ്യമരംഗത്ത് കണ്ടുവരുന്നുണ്ട്. ഇതിന്റെ ദോഷവശങ്ങളെക്കുറിച്ച് നമ്മൾ ബോധവാന്മാരാകണം.

നമ്മുടെ സമൂഹത്തിൽ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ 'കണ്ടീഷൻഡ്' ആണ്. ആനയെ ഒരു ചെറിയ മരത്തിൽ കെട്ടിയിടും. വാസ്തവത്തിൽ ആ മരം മറിച്ചിട്ട് പോകാനുള്ള ശക്തി ആനയ്ക്കുണ്ട്. എന്നാൽ ചെറുപ്പം മുതലുള്ള ഭയപ്പെടുത്തൽകൊണ്ട് സ്വന്തം ശക്തി ആന മറന്നുപോയിരിക്കുന്നു. അത്‌ ബന്ധനത്തിൽനിന്ന് മോചനം നേടാൻ ശ്രമിക്കുന്നതേയില്ല. ഒരളവോളം നമ്മുടെ സ്ത്രീകളുടെ കാര്യവും ഇതുപോലെയാണ്. പുരുഷന്മാരാകട്ടെ തലമുറകളായി സ്ത്രീകളെക്കാൾ മുൻഗണനയും അധികാരവും അനുഭവിച്ച് വളർന്നവരാണ്. അതുകാരണം കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളാൻ അവർക്കും കഴിയുന്നില്ല. രണ്ടുകൂട്ടരും അവരവരുടെ 'കണ്ടീഷണിങ്ങി'ൽ നിന്നുപുറത്തുവരാൻ സ്വയം ശ്രമിക്കണം, പുറത്തുവരണം.

കാമവും ക്രോധവുമെല്ലാം മനുഷ്യസഹജമാണ്. അതുകൊണ്ട് വികാരങ്ങളെ വിവേകപൂർവം നിയന്ത്രിക്കാൻ കുട്ടികളെ പഠിപ്പിക്കണം. അതിന് കുട്ടിക്കാലത്തുതന്നെ നമ്മുടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശരിയായ അറിവും മൂല്യങ്ങളും പകർന്നുനല്കണം. സ്ത്രീകളെ അമ്മയെപ്പോലെയും പെൺകുട്ടികളെ സഹോദരിയെപ്പോലെയും കാണാൻ പഠിപ്പിച്ചിരുന്ന ഒരു സംസ്കാരം നമുക്കുണ്ടായിരുന്നു. അതിനെ നമുക്ക് വീണ്ടെടുക്കാം.
അമ്മ