മക്കളേ, 

പരമശിവന് ആശുതോഷൻ എന്നൊരു പേരുണ്ട്. വളരെ എളുപ്പത്തിൽ പ്രസന്നനാകുന്നവൻ എന്നാണ് ആ പേരർത്ഥമാക്കുന്നത്. നമ്മുടെ എല്ലാ പ്രാർഥനകളും ഭഗവാൻ ഉടനടി പൂർത്തീകരിക്കുമെന്നല്ല ഇതിനർഥം. നമ്മുടെ മനോഭാവം ശരിയാണെങ്കിൽ തത്ക്ഷണം ഭഗവാൻ പ്രസാദിക്കുകതന്നെ ചെയ്യും. ഒന്നും ആഗ്രഹിക്കാതെ, ഒന്നും ആവശ്യപ്പെടാതെ ഭക്തിയും കൃതജ്ഞതയും നിറഞ്ഞ ഒരു ഹൃദയം ഭഗവാന് സമർപ്പിക്കുക എന്നതാണ് ഏറ്റവും നല്ല പ്രാർഥന. ആ നിഷ്‌കളങ്കതയും നിസ്വാർത്ഥതയും കാണുമ്പോൾ ഭഗവാൻ ആ നിമിഷം പ്രസന്നനാകും.

എല്ലാ പൂജകളിൽവെച്ചും ശുദ്ധഹൃദയത്തോടെയും ഏകാഗ്രമായ മനസ്സോടെയും ചെയ്യുന്ന പൂജയാണ് ഭഗവാന് ഏറ്റവും പ്രിയപ്പെട്ടത്. ഒരിക്കൽ ശിവഭക്തനായ ഒരു രാജാവ് അതിഗംഭീരമായ ഒരു ശിവക്ഷേത്രം പണിയിച്ചു. പ്രതിഷ്ഠയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും ആരംഭിച്ചു. പ്രതിഷ്ഠയുടെ തലേന്ന് രാജാവിന് സ്വപ്നത്തിൽ ശിവദർശനം ലഭിച്ചു. ഭഗവാൻ പറഞ്ഞു, ''നിന്റെ ഭക്തിയാലും പൂജകളാലും ഞാൻ പ്രീതനാണ്. എന്നാൽ നീ നടത്തുന്ന പ്രതിഷ്ഠയുടെ സമയത്ത് ഞാൻ ഉണ്ടായിരിക്കുകയില്ല. എനിക്ക് മറ്റൊരു ക്ഷേത്രപ്രതിഷ്ഠയിൽ പങ്കെടുക്കാനുണ്ട്. ആ ക്ഷേത്രവും അവിടത്തെ ഒരുക്കങ്ങളും നീ ചെയ്തതിൽനിന്നും വളരെ ശ്രേഷ്ഠമാണ്.'' 

ഭഗവാൻ ആ ക്ഷേത്രം നിർമിച്ച ഭക്തന്റെ പേരും ഗ്രാമത്തിന്റെ പേരും രാജാവിനോടു പറഞ്ഞു. ആ നിമിഷം രാജാവ് സ്വപ്നത്തിൽനിന്ന് ഉണർന്നു. ‘താൻ നിർമിച്ചതിനേക്കാൾ കേമമായ ക്ഷേത്രമോ? അതുകാണുകതന്നെ’. രാജാവ് പരിവാരങ്ങളോടൊത്ത് അടുത്തദിവസം ആ ഭക്തൻ വസിക്കുന്ന ഗ്രാമത്തിലെത്തി. അവിടെയെങ്ങും പുതുതായി നിർമിച്ച ഒരു ക്ഷേത്രവും കണ്ടില്ല. ആ ഭക്തന്റെ വീട് അന്വേഷിച്ചുകണ്ടെത്തി. ഓല മേഞ്ഞ ഒരു കുടിൽ. അതിനകത്ത് കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച ഒരാൾ ഇരുന്നു ധ്യാനിക്കുന്നു. ‘ഇതാണോ ഭഗവാന്റെ പരമ ഭക്തൻ?’ രാജാവിന് ആശ്ചര്യവും പുച്ഛവും തോന്നി. തന്റെ സംശയമകറ്റാനായി രാജാവ് പരമശിവനോടു പ്രാർഥിച്ചു.

ഉടൻ രാജാവിന് ആ ഗ്രാമീണഭക്തന്റെ മനസ്സ് പ്രത്യക്ഷമായി. ആ ഭക്തന്റെ മനസ്സിൽ രാജാവ് അതിസുന്ദരമായ ഒരു ക്ഷേത്രം ദർശിച്ചു. ഗംഗാജലം നിറച്ച ആയിരക്കണക്കിന് കലശങ്ങൾകൊണ്ട് ഭക്തർ ശിവനെ അഭിഷേകം ചെയ്യുന്നുണ്ടായിരുന്നു. ശംഖുനാദവും മന്ത്രജപവും അവിടെ മുഴങ്ങുന്നുണ്ടായിരുന്നു. അനേകം മഹർഷിമാരും ദേവീദേവന്മാരും അവിടെ സന്നിഹിതരായിരുന്നു. ശിവലിംഗത്തിൽ സാക്ഷാൽ പരമശിവൻ എഴുന്നെള്ളി സകലരെയും അനുഗ്രഹിക്കുന്നുണ്ടായിരുന്നു. 

ഇതുകണ്ടതും രാജാവിന്റെ അഹങ്കാരമകന്നു. ആ ഗ്രാമീണന്റെ ഭക്തിയുടെ മഹത്വം രാജാവുതിരിച്ചറിഞ്ഞു. ധ്യാനമഗ്‌നനായിരുന്ന ആ യോഗിയുടെ കാൽക്കൽ രാജാവ് ആദരപൂർവം പ്രണമിച്ചു. ഈശ്വരനെ നമ്മുടെ ഹൃദയത്തിലാണ് പ്രതിഷ്ഠിക്കേണ്ടത്. ഇതു മനസ്സിലാക്കാതെ നമ്മൾ ബാഹ്യമായ ആചാരങ്ങൾക്കും അലങ്കാരങ്ങൾക്കും അമിതപ്രാധാന്യം നല്കുന്നു. ഹൃദയത്തിൽ ഈശ്വരഭക്തിയും വിശുദ്ധിയും നിറയണം. മനസ്സ് ഏകാഗ്രമാകണം. അവിടെ ഈശ്വരൻ സദാ പ്രകാശിക്കും.
അമ്മ