തരുണ്‍ താഹിലിയാനി:  ആത്മജ്ഞാനത്തിനുവേണ്ടി സ്വയം അറിയുവാന്‍  ക്രിയകള്‍ ഉപയോഗിക്കുവാന്‍ ശ്രമിക്കുകയാണ് ഞാന്‍. ഇതില്‍ അങ്ങേയ്ക്ക് ഞങ്ങളെ സഹായിക്കുവാന്‍ കഴിയുമെന്ന് കരുതുന്നു. 

സദ്ഗുരു: ആത്മാവിനെ വളര്‍ത്തുവാന്‍ സാധ്യമല്ല. അത് തികച്ചും പൂര്‍ണത നേടിയതായതുകൊണ്ട് അതിന് പരിപാലനത്തിന്റെ ആവശ്യമില്ല. അതിനെ മറ്റൊന്നായി മാറ്റുവാനും സാദ്ധ്യമല്ല. എന്തെന്നാല്‍ നിങ്ങള്‍ ആത്മാവ് എന്ന് വിളിക്കുന്നത് സൃഷ്ടിയുടെ അടിസ്ഥാനവുമാണ്. നിങ്ങള്‍ നിങ്ങളുടെ വ്യക്തിത്വത്തെയാണ്  സ്വത്വം എന്ന് വിളിക്കുന്നതെങ്കില്‍ നിങ്ങളുടെ വ്യക്തിത്വത്തിനും പരിപോഷണം ആവശ്യമില്ല, അതിനു വേണ്ടത്  ലയനമാണ്. പൗരസ്ത്യ രാജ്യങ്ങളില്‍ വ്യക്തിത്വത്തെ ഇല്ലാതാക്കുവാനാണ്  ശ്രമിക്കുന്നത്. 

പാശ്ചാത്യവും പൗരസ്ത്യവുമായ നിലപാടുകളിലെ പ്രധാനപ്പെട്ട വ്യത്യാസം ഇതാണ്. ഞാന്‍ ഒരിക്കലും പാശ്ചാത്യര്‍ക്കെതിരല്ല. ഞാന്‍ പറയുന്നത് നിങ്ങള്‍ ഒരു കാര്യവും നിര്‍ബന്ധിച്ച് ചെയ്യിക്കരുതെന്നാണ് - അത് പാശ്ചാത്യമായാലും പൗരസ്ത്യമായാലും. ഇത് ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ചായിരിക്കണം. ഉദാഹരണത്തിന് നമ്മള്‍ ഇഗ്ലീഷ്  സംസാരിക്കുന്നത് നമ്മുടെ ആളുകളുടെയും സമൂഹത്തിന്റെയും ഉയര്‍ച്ചയ്ക്ക് അത് നല്ലതാണെന്ന അറിവുകൊണ്ടാണ്. 

ഞാന്‍ ഇവിടെ തമിഴില്‍ സംസാരിച്ചാല്‍ നിങ്ങളാരും ഇവിടെ ഇരിക്കില്ല. പക്ഷെ ഞാന്‍ മറ്റുള്ളവരെക്കാള്‍ വലിയവനാണെന്നു കാണിയ്ക്കുവാന്‍ ഇംഗ്ലീഷില്‍ സംസാരിക്കുകയാണെങ്കില്‍ അത് പരിതാപകരമായിരിക്കും. അറിഞ്ഞുകൊണ്ട്, ആവശ്യത്തിണ് ഇഗ്ലീഷ് സംസാരിക്കുന്നത് നല്ലതാണ്. ഇത് മറ്റു കാര്യങ്ങള്‍ക്കും ബാധകമാണ്.

നമുക്ക് നമ്മുടെ വിഷയത്തിലേയ്ക്ക് തിരിച്ചു പോകാം. സൃഷ്ടിയുടെ അടിസ്ഥാനമായ സ്വത്വത്തിന് പരിപോഷണം ആവശ്യമില്ല. നിങ്ങളുടെ വ്യക്തിത്വമാണ് ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും പരിപോഷണം ആവശ്യമില്ല.

തരുണ്‍ താഹിലിയാനി: ഓരോരുത്തരും സ്വത്വം എന്ന വാക്കിനെ വിവിധ തരത്തിലാണ് വ്യാഖ്യാനിക്കുന്നതെന്നാണ് എനിയ്ക്കു  തോന്നുന്നത്.

സദ്ഗുരു: ഇത് പദങ്ങളുടെ അര്‍ത്ഥത്തിന്റെ കാര്യമല്ല. ഉപയോഗിക്കുന്ന വാക്കുകളുടെ കാര്യത്തില്‍ ഞാന്‍ വളരെ ശ്രദ്ധാലുവാണ്. എന്തെന്നാല്‍ ആശയത്തെപ്പറ്റി സംശയം ഉണ്ടാകരുത്. നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ ശരിയാക്കിയെടുക്കണമെങ്കില്‍ ആദ്യം ഒരു കാര്യം തീര്‍ച്ചയാക്കണം - നിങ്ങളുടെ ഈ ശരീരത്തില്‍ എത്ര ആളുകള്‍ ഉണ്ട്? 
    
തരുണ്‍ താഹിലിയാനി: ആള്‍ ഒന്ന് പക്ഷെ പല സ്വത്വങ്ങള്‍.

സദ്ഗുരു: അല്ല. ഒരാള്‍, പല മുഖങ്ങള്‍. ശരിയായി മനസ്സിലാക്കുവാന്‍ വേണ്ടി ഞാന്‍ ഭാഷയുടെ അവ്യക്തത മാറ്റുവാന്‍ ശ്രമിക്കുകയാണ്. ഈ   ശരീരത്തില്‍ എത്ര ആളുകള്‍ ജീവിക്കുന്നുണ്ട്?

തരുണ്‍ താഹിലിയാനി: ഒരാള്‍ മാത്രം.

സദ്ഗുരു: വാസ്തവത്തില്‍ സംഭവിക്കുന്നത് ഇതാണ്. ഒരാളേയുള്ളുവെങ്കിലും അയാള്‍ തന്നെത്തന്നെ പലതായി പകുക്കുന്നു. ഇത് അയാളുടെ സൗകര്യത്തിനായി ചെയ്യുന്നതാണ്. നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയും, ചുറ്റുമുള്ളവര്‍ക്കുവേണ്ടിയും വളരെ നല്ലതും സംതൃപ്തി നല്‍കുന്നതുമായ ഒരു കാര്യം ചെയ്തുവെന്നിരിക്കട്ടെ. അപ്പോള്‍ നിങ്ങള്‍ പറയും, 'ഞാന്‍, തരുണാണ് ഇത് ചെയ്തത്'. നിങ്ങള്‍ വളരെ മോശമായ ഒരു കാര്യം ചെയ്തുവെന്നിരിക്കട്ടെ. അപ്പോള്‍ നിങ്ങള്‍ പറയും, 'എന്റെ അഹംഭാവമാണ് അത്  ചെയ്തത്' എന്ന്. വാസ്തവത്തില്‍ ഈ മിസ്റ്റര്‍ അഹംഭാവം എന്നൊരാളില്ല. അതുകൊണ്ട് അയാളെ നന്നാക്കുവാനും സാധിക്കുകയില്ല.

Sadguruഒരു വ്യക്തിയെ പലതാക്കി മുറിക്കുവാന്‍ സാധ്യമല്ല. നിങ്ങള്‍ ഒരു  വ്യക്തിയാണെന്നും  നിങ്ങളെ  പലതാക്കി മാറ്റുവാന്‍  സാധിക്കുകയില്ല എന്നും മനസ്സിലാക്കിയാല്‍ മാത്രമേ പരിവര്‍ത്തനം  സാധ്യമാകു. തോന്നുമ്പോഴെല്ലാം പത്തായി മാറുന്ന ആളുകളെ നന്നാക്കാന്‍ സാധ്യമല്ല. മാറ്റത്തെ ചെറുക്കുവാന്‍ ആളുകള്‍ ഉണ്ടാക്കുന്ന ഒരു അസന്നിഗ്ദ്ധതയാണ് ഇത്. ഈ സൂത്രം ലോകത്താകമാനമുണ്ട്. അങ്ങിനെയാണെങ്കില്‍ അവര്‍ക്ക്  മാറ്റത്തിനുവേണ്ടി ഒന്നും ചെയ്യേണ്ടതില്ല. അതിനെക്കുറിച്ച്  സംസാരിച്ചാല്‍ മാത്രം മതി.

ഒരാളുടെ വ്യക്തിത്വം എന്ന് പറയുന്നത് അയാള്‍ കാലാകാലങ്ങളായി സമ്പാദിച്ച അനേകം കഷണങ്ങളും തുണ്ടുകളും  ചേര്‍ത്ത് കൃത്രിമമായി നിര്‍മ്മിച്ച ഒന്നാണ്. കൃത്രിമമായി നിര്‍മ്മിച്ചതുകൊണ്ട് നല്ലപോലെ രക്ഷിച്ചില്ലെങ്കില്‍ അത് തകര്‍ന്നുപോകും. ഇതാണ് ആത്മീയസാധനയുടെ പ്രധാന ഉദ്ദ്യേശം. തകരാണുള്ളതെല്ലാം ഇപ്പോള്‍ തന്നെ തകരട്ടെ. നിങ്ങളുടെ ഉള്ളില്‍ ഒരിക്കലും തകരാത്ത ഒന്നുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ കാര്യമായ ഒരു പരിണാമം വരണമെങ്കില്‍ സ്രഷ്ടാവിന്റെ ബുദ്ധി അതിനായി പ്രവര്‍ത്തിക്കണം. 

നിങ്ങളുടെ വ്യക്തിത്വം നിങ്ങളുടെ തന്നെ സൃഷ്ടിയാണ്. ഒരേ മാതാപിതാക്കളുടെ രണ്ട് കുട്ടികളെ ഒരേ സംസ്‌കാരത്തിന് കീഴില്‍ വളര്‍ത്തി, ഒരേ വിദ്യാലയത്തില്‍ പഠിപ്പിച്ചാലും അവര്‍ ഒരുപോലെ ആയിത്തീരണമെന്നില്ല. അതിനാലാണ്  ഞങ്ങള്‍ പറയുന്നത് നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം നിങ്ങളുടെ കര്‍മ്മം അഥവാ പ്രവൃത്തി ആണെന്ന്. പുറമെ  നിന്ന് പല അറിവുകളും നിര്‍ദ്ദേശങ്ങളും വന്നിട്ടുണ്ടാകാം, പക്ഷെ എങ്ങിനെ ഉപയോഗിച്ചു എന്നത് നിങ്ങളുടെ മാത്രം തീരുമാനപ്രകാരമാണ്. നിങ്ങളെ ഇന്നത്തെ  സ്ഥിതിയിലാക്കിയത്  നിങ്ങള്‍  തന്നെയാണ് പക്ഷെ നിങ്ങളത്  മറന്നുപോയി. നിങ്ങളാണ് ഈ വ്യക്തിത്വം വളര്‍ത്തിയതെന്ന് ഓര്‍ത്താല്‍ അതിനെ മാറ്റാനും നിങ്ങള്‍ക്ക് കഴിയും. 

ഇതുവരെയായി ഞാന്‍ എന്റെ വ്യക്തിത്വം മൂന്നുതവണ പൂര്‍ണ്ണമായി മാറ്റിയിട്ടുണ്ട്. ഇനിയും ഞാന്‍ അത് ചെയ്‌തേക്കാം. അത് എല്ലാവരെയും ഞെട്ടിയ്ക്കും. (ചിരിക്കുന്നു ) ധ്യാനലിംഗ പ്രതിഷ്ഠക്കു മുന്‍പ് എന്നെ നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ ഞാന്‍ തികച്ചും വ്യത്യസ്തനായിരുന്നു എന്ന് മനസ്സിലാകും - വസ്ത്രത്തിലും കാഴ്ച്ചയിലും മാത്രമല്ല, എല്ലാ വിധത്തിലും. ഞാന്‍ ചിരിക്കുന്നതാരും കണ്ടിരുന്നില്ല. ഈ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനുള്ള തീവ്രശ്രമത്തിലായിരുന്നു ഞാന്‍. അത് കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഇനി ഞാന്‍ എന്റെ വ്യക്തിത്വം മാറ്റുവാന്‍ പോകുകയാണ്. ഇവിടെ ഒരു പുതിയ മനുഷ്യന്‍ വന്നു എന്നു കരുതി ആരും ഓടിപ്പോകേണ്ട.'' 

ഞാന്‍  ഇങ്ങനെ ഒരു മുന്നറിയിപ്പ് കൊടുത്തിട്ടും കുറേപ്പേര്‍ വിട്ടുപോയി. അവര്‍ക്കു പരിചയമുണ്ടായിരുന്ന ആളായിരുന്നില്ല അപ്പോഴത്തെ ഞാന്‍. ഒരു പ്രത്യേക ജോലിക്ക് ഞാന്‍ എന്നെത്തന്നെ ഒരു പ്രത്യേകരൂപത്തില്‍ അവതരിപ്പിച്ചു. മറ്റൊരു ജോലി തുടങ്ങിയപ്പോള്‍  ഞാന്‍ എന്നെത്തന്നെ മാറ്റി സൃഷ്ട്ടിച്ചു. അതിലെന്താണ് കുഴപ്പം?

നിങ്ങള്‍ ചെയ്യുന്ന ജോലിയുടെ ആവശ്യത്തിനനുസരിച്ച് നിങ്ങളുടെ വ്യക്തിത്വം മാറ്റിയെടുക്കാം. ഇപ്പോള്‍ നിങ്ങള്‍ ഉണ്ടാക്കിയിരിക്കുന്ന പ്രതിച്ഛമായ ഒരു ശക്തമായ പ്രതിഭാസമായിരിക്കയാണ്. ബോധപൂര്‍വ്വമല്ലെങ്കിലും നമ്മള്‍ ഓരോരുത്തരും ഓരോ വ്യക്തിത്വം ഉണ്ടാക്കിയെടുക്കും. ഇതില്‍ ഏതാണ് നല്ലത് ഏതാണ് ചീത്ത എന്നതല്ല പ്രശ്‌നം. ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്; നിങ്ങള്‍  നിങ്ങളുടെ പ്രതിച്ഛയയോട് തീര്‍ത്തും ഒട്ടിപ്പിടിച്ചു കഴിഞ്ഞൊ അതോ നിങ്ങള്‍ ബോധപൂര്‍വം അതില്‍നിന്ന് അല്പമെങ്കിലും വിട്ടു  നില്‍ക്കുന്നുണ്ടോ? 

തരുണ്‍ താഹ്ലിയാനി: നമ്മള്‍ പലതിനോടും ബോധപൂര്‍വം  ഒട്ടിപിടിച്ചുനില്‍ക്കുന്നുണ്ട്.

സദ്ഗുരു: ശരിയാണ്. അത് തന്നെയാണ് മാറ്റേണ്ടതും. നിങ്ങളുടെ  വ്യക്തിത്വത്തെ നിങ്ങള്‍ പരിപോഷിപ്പിക്കേണ്ടതില്ല. അതിനെ നിങ്ങളില്‍ നിന്നും കുറച്ചെങ്കിലും അകറ്റി നിര്‍ത്തണം. ഉദാഹരണത്തിന് നിങ്ങള്‍ അയഞ്ഞ ഉടുപ്പുകള്‍ ധരിക്കുകയാണെങ്കില്‍ നിങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളെപ്പറ്റി എപ്പോഴും ബോധവാനായിരിക്കും - അവ ഒരിക്കലും നിങ്ങളുടെ ഒരു ഭാഗമായി തീരുന്നില്ല. എന്നാല്‍ നിങ്ങള്‍ ഇറുകിയ നൈലോണ്‍  വസ്ത്രങ്ങള്‍ ധരിക്കുകയാണെങ്കില്‍ കുറച്ച് കഴിയുമ്പോള്‍ അത് നിങ്ങളുടെ തൊലി പോലെ ദേഹത്തിന്റെ ഒരു ഭാഗമായിത്തത്തീരും. 

നിങ്ങളും നിങ്ങളുടെ വസ്ത്രങ്ങളും എന്ന  വ്യത്യാസം ഇല്ലാതായിത്തീരും. നിങ്ങളുടെ വസ്ത്രങ്ങളില്‍ നിന്ന് അകലം പാലിച്ചാല്‍ നിങ്ങള്‍ അവയുമായി ഒട്ടിപ്പോകില്ല. അതുപോലെ നിങ്ങള്‍ നിങ്ങളുടെ വ്യക്തിത്വം, ദേഹം, മനസ്സ് എന്നിവയില്‍നിന്നും അകലം പാലിയ്ക്കണം. അങ്ങിനെയാണെങ്കില്‍ നിങ്ങള്‍ക്ക് അവയെല്ലാം പൂര്‍ണ്ണമായി ഉപയോഗിക്കുവാന്‍ സാധിക്കും. അവ നിങ്ങളെ ഒരിക്കലും ദു:ഖിപ്പിക്കുകയില്ല.