നിങ്ങള്‍ക്ക് ജീവിതം ആഴത്തില്‍ പഠിക്കണമെങ്കില്‍ നിങ്ങളുടെ മനസ്സ് അപരിചിതമായതിനെ കണ്ടെത്താന്‍ സജ്ജമായിരിക്കണം. അതിനായി ആദ്യം  ശരീരവും, വികാരങ്ങളും നിയന്ത്രിക്കണം. അതിനൊപ്പം നിങ്ങളുടെ ഊര്‍ജ്ജത്തിന്റെ സംവിധാനവും ശക്തിപ്പെടുത്തണം.

യുക്തിവാദത്തിന്റെ സത്തതന്നെ പരിചിതമായതിനെ കണ്ടുപിടിച്ച് അതുമായി ബന്ധപെടുത്തുക എന്നതാണ്. നിഗൂഡതകള്‍ കണ്ടുപിടിക്കുന്നതിന് ഇത് തടസ്സമായിരിക്കും. സൃഷ്ടിയുടെ ശരിയായ ഭാവം ഏകതകളിലും, സമാനതകളിലും പരിചിതങ്ങളിലുമല്ല. സൃഷ്ടിയുടെ ഏറ്റവും ഉപരിയായ തലത്തില്‍ മാത്രമേ സമാനതയുള്ളു . ഉദാഹരണത്തിന്  വെളുത്ത  തൊലിയുള്ള  രണ്ട്  പേരെയും  കറുത്ത  തൊലിയുള്ള രണ്ടുപേരെയും എടുത്തു നോക്കിയാല്‍  പുറമെനിന്ന് നോക്കുമ്പോള്‍ അവര്‍ രണ്ടും ഒരു തരത്തിലുള്ളവരാണെന്ന് പറയാം പക്ഷെ ആഴത്തില്‍ ചിന്തിച്ചാല്‍ ഏതെങ്കിലും രണ്ടുപേര്‍ എപ്പോഴെങ്കിലും  ഒരുപോലെയായിരിക്കുമോ ?

സമാനതകള്‍ക്കായി തിരയുമ്പോള്‍ യുക്തിവാദം ജീവിതത്തിനെ ബാഹ്യമായി മാത്രമേ കാണുന്നുള്ളൂ. ഉള്ളിലേക്കിറങ്ങിച്ചെന്നു നോക്കിയാല്‍ സമാനതകള്‍  വളരെ സങ്കിര്‍ണ്ണമാണെന്ന് കാണാം. സൂക്ഷ്മമായി പരിശോധിച്ചാല്‍ നിങ്ങളുടെ ശരീരത്തിലെ ഓരോ ഭാഗങ്ങളും - കൈവിരലിലെ  രേഖകള്‍ , കണ്ണിലെ കൃഷ്ണമണി , തലമുടി  തുടങ്ങിയവയെല്ലാം  - അതുല്യമായതാണെന്ന്  കാണാം . പ്രപഞ്ചത്തില്‍ ഒരിടത്തും   ഒന്നിനോട്  തീര്‍ത്തും സമാനമായ മറ്റൊന്നിനെ കാണുവാന്‍ കഴിയുകയില്ല. ഒരാറ്റം  മറ്റൊന്ന് പോലെയല്ല . ഓരോന്നിനും  അതിന്റേതായ സവിശേഷ  ഗുണങ്ങളുണ്ട് . 

നിങ്ങളുടെ മനസ്സിലെ യുക്തിബോധം നിലനില്‍ക്കുന്നത് നിങ്ങള്‍ കാണുന്ന സമാനതകളിലാണ് . യുക്തിബോധം ശക്തമാകുംതോറും നിങ്ങളുടെ ചിന്തകള്‍ ഉപരിപ്ലവമാകുന്നു .സൃഷ്ടിയുടെ നിഗൂഢതകളിലേക്ക് കടക്കണമെങ്കില്‍ നിങ്ങളുടെ മനസ്സിനെ  സമാനതകളൊഴിവാക്കി, പരിചിതമായ ചിന്താ മേഖലകള്‍ക്ക്  പുറത്തേക്ക്  കടക്കുവാന്‍ പരിശീലിപ്പിക്കണം .  നിങ്ങള്‍  ആദ്യമായി  കാണുന്ന , അപരിചിതമായതിനെ  നേരിടുമ്പോള്‍  അസ്വസ്ഥത തോന്നിയേക്കാം . അപരിചിതമായതായിരിക്കാം  ദിവ്യമായത് ; എന്നാലും  നിങ്ങള്‍ക്ക്  പരിചിതമായ  ചെകുത്താനെ പരിചിതമല്ലാത്ത  മാലാഖയെക്കാള്‍  സ്വീകാര്യമാണ്. ചെകുത്താനാണെങ്കിലും പരിചയമുണ്ടെങ്കില്‍ സമാധാനമുണ്ട് . അപരിചിതന്‍ മാലാഖ  ആയിരിക്കാം ; പക്ഷെ  അപരിചിതമായതിനെ പരിശോധിക്കാന്‍ ആര്‍ക്കുണ്ട്  ധൈര്യം ?

പരിചിതമായതിനോടൊട്ടിനില്‍ക്കാന്‍ എല്ലാവര്‍ക്കും  ഇഷ്ടമാണ് . എല്ലാ ദിവസവും  ഒരേ  പാതയിലൂടെ  നടക്കാനാണ് താല്‍പ്പര്യം . പ്രായം  കൂടുന്തോറും അവരുടെ പരിചിതമേഖലകള്‍ ചുരുങ്ങി വരുകയും അവസാനത്തെ പെട്ടിയിലേക്ക് കടക്കുക എന്നത് മാത്രമായി അവരുടെ സാഹസികത ചുരുങ്ങുകയും ചെയ്യും . മരിച്ചാലും അവര്‍ ആ പെട്ടിയില്‍നിന്ന് പുറത്തുകടക്കുന്നില്ല . പരിചിതമായതിനെ തിരയുമ്പോള്‍ നിങ്ങള്‍  ഒരു  'യു ' ടേണ്‍ എടുക്കുകയാണ് . കുറച്ച് കഴിയുമ്പോള്‍ നിങ്ങള്‍ ഒരു വൃത്തത്തില്‍  സഞ്ചരിക്കുകയാവും .

പരിചിതമായതിനെ  തിരയുന്നവര്‍ മറ്റേതൊരു ജന്തുവിനെയുംപോലെ വട്ടത്തില്‍ കറങ്ങുകയേ  ഉള്ളു. ഭൗതികമായതെല്ലാം ചാക്രികവുമാണ് . ആറ്റം(atom) മുതല്‍  സൗരയൂഥം വരെ അപ്രകാരം  തന്നെയാണ് ,  ഒരു ചക്രത്തില്‍ കറങ്ങി  തുടങ്ങിയാല്‍ അതില്‍നിന്ന്  വിട്ടുവരുവാന്‍ സാധിക്കയില്ല. ഭൗതികതയ്ക്ക്  അതിന്റേതായ ഒരു ശക്തിയുണ്ട്

മുന്‍പോട്ട് പോകാനും പുതിയ കാര്യങ്ങള്‍ക്കായി തിരച്ചില്‍ നടത്തുവാനും മനസ്സിനെ പാകപ്പെടുത്തേണ്ടതുണ്ട്. പരിചിതമായതിനെ തിരയാതിരിക്കാനാണ്  മനസ്സിനെ  പഠിപ്പിക്കേണ്ടത് . ഈ ജീവിതം സംസാരത്തില്‍ നിന്നും സന്യാസത്തിലേക്കുള്ള ഒരു യാത്രയാണ്. സന്യാസമെന്നാല്‍ സന്യാസിയാകുക എന്നല്ല അര്‍ത്ഥം. ചാക്രികമായതില്‍നിന്ന് പുറത്തുകടക്കുക  എന്നാണതിനര്‍ത്ഥം. സംസാരമെന്നാല്‍ കുടുംബം എന്നര്‍ത്ഥമില്ല - തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തികള്‍ എന്നെ  ഇതിനര്‍ത്ഥമുള്ളു. പരിചിതമായതിനെ തിരയുമ്പോള്‍ ദൈവയോഗത്താല്‍ ഒന്നിച്ച് വരുന്നതിനെ നമ്മള്‍  പ്രതീക്ഷിക്കും.

ഒരു കഥ ഓര്‍മ്മ വരുന്നു. ശങ്കരന്‍ പിള്ളയുടെ മകന്‍ സ്‌ക്കൂളില്‍ ചേര്‍ന്നു. ടീച്ചര്‍ ചില വാക്കുകള്‍ കൊടുത്തിട്ട് അവയുടെ  അര്‍ത്ഥം പറയുവാന്‍  കുട്ടികളോട്  ആവശ്യപ്പെട്ടു. 'ആകസ്മികം ' എന്ന വാക്കിന്റെ അര്‍ത്ഥം ആര്‍ക്കറിയാം?' ടീച്ചര്‍  ചോദിച്ചു . ശങ്കരന്‍  പിള്ളയുടെ മകന്‍ കൈ  പൊക്കി ഉത്തരം പറഞ്ഞു 'എന്റെ അച്ഛനും അമ്മയും  ഒരേ ദിവസമാണ്  വിവാഹം കഴിച്ചത്. ആ കുട്ടിക്ക് കാര്യം ശരിയായി മനസ്സിലായിട്ടില്ല.

അവന്റെ അസ്തിത്വത്തിനു കാരണം  അവന്റെ മാതാപിതാക്കള്‍ വിവാഹിതരായി എന്നതാണ്. തന്റെ സൃഷ്ടിയുടെ കാരണം മനസ്സിലാക്കാതെ അവന്‍ ഒന്നിച്ചുവന്ന രണ്ട്  തീയതികളെപ്പറ്റി ചിന്തിക്കുകയാണ്. ദൗര്‍ഭാഗ്യവശാല്‍ ഭൗതിക ശാസ്ത്രത്തിലും ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ആകസ്മികമായി സംഭവിക്കുന്നതിനെയാണ് ശാസ്ത്രജ്ഞര്‍ കൂട്ടുപിടിക്കുന്നത.്  

സംഭവങ്ങളെ അങ്ങിനെയും കാണാം; പക്ഷെ അത് വളരെ ആഴം കുറഞ്ഞ  ഒരു കാഴ്ച്ചപ്പാടായിരിക്കും. അസ്തിത്ത്വത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുവാന്‍  അതിനു കഴിയുകയില്ല. ചുറ്റുമുള്ളതെല്ലാം നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും; പക്ഷെ സൃഷ്ടിയുടെ  പ്രഭാവം  കാണുവാന്‍  കഴിയുകയില്ല. അജ്ഞാതമായ ഇടങ്ങളില്‍  ബോധപൂര്‍വം ചരിക്കുവാന്‍ ഉറച്ച ശരീരവും അതിനേക്കാള്‍ ഉറച്ച  വികാരങ്ങളും ആവശ്യമാണ് . 'ഉറച്ച 'എന്നതിന് 'പതറാത്തത് 'എന്നോ 'മരിച്ചത്'എന്നോ അല്ല അര്‍ത്ഥം.

'ഉറച്ച വികാരങ്ങള്‍ ' എന്നാല്‍ നിങ്ങളുടെ മനസ്സില്‍  സ്‌നേഹമോ അനുകമ്പയോ ഇല്ല എന്നര്‍ത്ഥവുമില്ല. സ്ഥിരത എന്നാല്‍ ശൂന്യത  എന്നോ വരള്‍ച്ചയെന്നോ അര്‍ത്ഥമില്ല . അത്തരമൊരു സ്ഥിരതയില്ലെങ്കില്‍ നിങ്ങളുടെ മനസ്സ് വീണ്ടും പരിചിതമായതിനെ തിരഞ്ഞു തുടങ്ങും . നിങ്ങള്‍ അപരിചിതമായതിലേക്ക്  കടന്നാല്‍  നിങ്ങളുടെ വികാരങ്ങള്‍ അണപൊട്ടിയൊഴുകും .

കുറെയധികം  അന്തഃസ്രവങ്ങള്‍ അഥവാ വികാരങ്ങള്‍ നിങ്ങള്‍ക്ക്  ഉള്‍ക്കൊള്ളണമെങ്കില്‍ സ്ഥിരത അത്യാവശ്യമാണ്. ചിലരുടെ  വികാരങ്ങള്‍ ദുഷിച്ചതായതുകൊണ്ട്  വികാരങ്ങള്‍ ഒന്നടങ്കം    മോശമാകണമെന്നില്ല. വികാരങ്ങള്‍  മനുഷ്യജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ഒരു ഭാഗമാണ്. കഴിഞ്ഞ കുറച്ച് നൂറ്റാണ്ടുകളായിട്ട്  വികാരങ്ങളെ ജീവിതത്തില്‍നിന്ന്  പുറത്താക്കിയിരിക്കയാണ്, പ്രത്യേകിച്ചും പാശ്ചാത്യനാടുകളില്‍. ഇതിനാലാണ് മനുഷ്യരുടെ ഇടയില്‍ പ്രേമം എന്ന വികാരവും നഷ്ടമായിരിക്കുന്നത്. ഇന്നെല്ലാം കണക്കുകൂട്ടിയാണ് ചെയ്യുന്നത്. വിവാഹത്തിന് മുന്‍പേ തന്നെ വിവാഹമോചിതരായാല്‍ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച്  നിബന്ധനകള്‍ ഉണ്ടാക്കുന്നു. 

ഇത്രയും കണക്കുകൂട്ടലുകള്‍ക്കിടയില്‍  വികാരങ്ങളുടെ ഭംഗി ആസ്വദിയ്ക്കാന്‍ പറ്റുമോ ? വികാരങ്ങളെ കെട്ടഴിച്ചുവിട്ടണം. വികാരങ്ങളെ നിയന്ത്രിച്ചാല്‍ , പ്രേമത്തില്‍  മുങ്ങുക , മതിമറക്കുക  എന്നിവ  അനുഭവിക്കാന്‍ സാധിക്കുകയില്ല . ഏതൊന്നിനെയും  സ്‌നേഹത്തോടെ  കാണുവാന്‍  നിങ്ങള്‍ക്ക്  കഴിയണം . ഇത്  നിങ്ങളുടെ  സ്വന്തം കാര്യമാണ് , മറ്റാരുടേതുമല്ല . നിങ്ങള്‍  തയ്യാറാണെങ്കില്‍  ഒരു  നായയെയോ , പുരുഷനെയോ , സ്ത്രീയെയോ , ഒരു കല്ലിനെയോ , എന്തിനെ  വേണമെങ്കിലും  നിങ്ങള്‍ക്കുസ്‌നേഹിക്കാനാകും . കണ്ണൊന്നടച്ചാല്‍ മതി,  സ്‌നേഹത്തില്‍ മുഴുകി  നിങ്ങള്‍ക്ക്  ഇവിടെ  ഇരിക്കാനാകും .

marriageവിവാഹമെന്നാല്‍  രണ്ടുപേര്‍ക്ക്  ഏതെങ്കിലും  തരത്തില്‍  ഒന്നായിച്ചേരണമെന്ന  ആഗ്രഹമുണ്ട് എന്നാണ്. നിങ്ങള്‍ കണക്കുകൂട്ടലുകളോടുകൂടി  ഇതിനായി പുറപ്പെട്ടാല്‍, ആദ്യം കുറച്ച് കാലം അത് ഒരു ധാരണ എന്ന നിലയില്‍ വിജയിച്ചേക്കം. പക്ഷെ  കാലം കടന്നു  പോകുമ്പോള്‍ നിങ്ങളുടെ  ശരീരവും , മനസ്സും  വികാരങ്ങളും നിങ്ങള്‍ സംശയത്തോടെ നോക്കുന്ന ഒരാളുമായി പങ്കിടുന്നത് വേദനാജനകമായിരിക്കും .

ഇത് ഒരു പ്രത്യേക  സമൂഹത്തിന്റെ  പ്രശ്‌നമല്ല. കുറച്ച് കാലം കഴിഞ്ഞാല്‍ ഇത് ലോകത്തെവിടെയും സംഭവിക്കാം. നമ്മളെന്തിന്  ഈ  വഴിയേ  പോകണം ? ഇത്  വിവാഹത്തെക്കുറിച്ച്  മാത്രമല്ല . ഇത്തരമൊരു മനസ്സുള്ളപ്പോള്‍ നിങ്ങള്‍ക്ക് ജീവിതത്തിന്റെ അജ്ഞാത ഭാഗങ്ങളെ പരിശോധിക്കാനാവില്ല. ജീവിതത്തിന്റെ നിഗൂഢതകളെകുറിച്ച് മനസ്സിലാക്കണമെങ്കില്‍, എല്ലാ വികാരങ്ങളെയും കൈകാര്യം  ചെയ്യാന്‍ പറ്റുന്ന ഒരു മനസ്സുണ്ടാവണം. 

വികാരങ്ങളെ സ്വതന്ത്രമായി വിടാനും, നിയന്ത്രിക്കാനും പറ്റുന്ന ഒരു മനസ്സുണ്ടായിരിക്കണം. ഇത്തരമൊരു വൈകാരിക ഭദ്രത കൈവരിച്ചില്ലെങ്കില്‍  നിങ്ങള്‍ക്കൊരിക്കലും അജ്ഞാതമായതിനെ തിരയുവാന്‍ സാധിക്കുകയില്ല. അജ്ഞാതമായതിനെ അന്വേഷിച്ചില്ലെങ്കില്‍ നിങ്ങള്‍ സുരക്ഷിതരായിരിക്കും,  പക്ഷെ അല്പജ്ഞാനിയായിരിക്കുകയും ചെയ്യും. പ്രശ്‌നത്തിന്റെ മൂലകാരണത്തിലേക്ക് കടക്കാതെ, ബാഹ്യമായി മാത്രം ഇതിനെ കൈകാര്യം ചെയ്താല്‍  ഫലം കുറച്ച് കാലത്തിനു ശേഷം വ്യക്തമാകും . 

ഇതിനുള്ള  ഉദാഹരണമാണ്  നാം ഇന്ന്  കാണുന്ന അനാവശ്യമായ മനുഷ്യക്കുരുതികള്‍  - കൊല്ലുവാന്‍  വേണ്ടി മാത്രം കൊല്ലുക.  ഇത്  പ്രത്യേകിച്ച് ചെറുപ്പക്കാരായ പുരുഷന്മാറില്‍ കാണുന്ന ഒരു പ്രവണതയാണ്. അവര്‍ക്ക് കുറച്ചെങ്കിലും വഴി വിട്ടു കൊടുത്തില്ലെങ്കില്‍ അവര്‍ ലഹരിക്കടിമയാകുകയോ. ആരെയെങ്കിലും അനാവശ്യമായി ഉപദ്രവിക്കുകയോ ഒക്കെ ചെയ്യും. അവര്‍ക്കങ്ങനെ ചെയ്യണമെന്ന്  തോന്നുകയാണ്; കാരണം  എല്ലായ്‌പ്പോഴും അവര്‍ നിയന്ത്രണത്തിലാണ്. ദിവസവും പലരും അവരെ പലതരത്തില്‍  നിയന്ത്രിക്കുകയാണ് . 65 മൈല്‍   വേഗത്തില്‍ വലത്ത് വശത്ത് കൂടെ വണ്ടി ഓടിക്കണം, ദിവസവും ജോലിക്കുപോകണം, എല്ലാ മാസവും  ഇന്‍ഷ്വറന്‍സ്  അടക്കണം .ഇത്തരം നൂറു കണക്കിനു നിയന്ത്രണങ്ങള്‍ അവരെ വെറി പിടിപ്പിക്കുകയാണ്.

പുരുഷസഹജമായ അവരുടെ സ്വഭാവം ഇതിനെതിരെയാണ്. സമൂഹത്തില്‍ എത്രത്തോളം നിയന്ത്രണം കൊണ്ടുവരാന്‍ നമ്മള്‍ ശ്രമിക്കുന്നുവോ അത്രയും  കൂടുതല്‍ അവര്‍ അക്രമാസക്തരാകും  -എന്തിനെയെങ്കിലും, ആരെയെങ്കിലും അല്ലെങ്കില്‍ അവനവനെത്തന്നെ നശിപ്പിക്കാന്‍ ശ്രമിക്കും. കൂടുതല്‍  നിയന്ത്രണം കുഴപ്പങ്ങള്‍ സൃഷ്ടിക്കയെ ഉള്ളു. ചെറുപ്പക്കാര്‍ ഭ്രാന്തമായ, സ്വയം നശിപ്പിക്കുന്നതായ, എന്തെങ്കിലും ചെയ്യും. അതല്ലായെങ്കില്‍ മറ്റേതെങ്കിലും വസ്തുവിനെയോ, മനുഷ്യനേയോ നശിപ്പിക്കും. ഇത് എപ്പോഴെങ്കിലും ലോകത്താകമാനം പരക്കും; എന്തെന്നാല്‍ നമുക്ക് ജീവിതത്തിന്റെ അടിസ്ഥാന  തത്ത്വങ്ങള്‍ അറിഞ്ഞുകൂടാ. ബാഹ്യമായ കാര്യങ്ങള്‍ വിശകലനം ചെയ്ത് ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാണ് നമ്മള്‍  ശ്രമിക്കുന്നത്.  ഇത് ഒരിക്കലും നടപ്പാകില്ല.

ഇത്തരം സാമൂഹിക പ്രശ്‌നങ്ങള്‍ രാഷ്ട്രീയക്കാരാണ് പരിഹരിക്കേണ്ടത്,  ഞാനല്ല. പക്ഷെ നിങ്ങള്‍ക്ക് ജീവിതം ആഴത്തില്‍  പഠിക്കണമെങ്കില്‍ നിങ്ങളുടെ  മനസ്സ് അപരിചിതമായതിനെ കണ്ടെത്താന്‍ സജ്ജമായിരിക്കണം. അതിനായി ആദ്യം ശരീരത്തെ നിയന്ത്രിക്കണം, വികാരങ്ങളും നിയന്ത്രിക്കണം . അതിനൊപ്പം നിങ്ങളുടെ ഊര്‍ജ്ജത്തിന്റെ സംവിധാനവും ശക്തിപ്പെടുത്തണം.

ഈ ഉറപ്പില്ലാതെ ആര്‍ക്കും ജീവന്റെ അജ്ഞാതമായ ഭാഗങ്ങള്‍  പരിശോധിക്കാന്‍ സാധിക്കുകയില്ല. അവര്‍ പരിചിതമായതില്‍ മാത്രം ഒതുങ്ങി നില്‍ക്കും. പരിചിതമായത് സുഖപ്രദമായിരിക്കാം; പക്ഷെ നിങ്ങള്‍ വിരസത മൂലം  മരിച്ചുപോകും. ആവേശം മൂലം മരിക്കുന്നത് ഇതിലും നല്ലതാണ്. ഇത്രയും ഗംഭീര സൃഷ്ടിയായ നിങ്ങള്‍ വിരസതമൂലം മരിച്ചാല്‍ അത് ഏറ്റവും വലിയ   ഒരു പാതകമാകും