ചോദ്യകര്‍ത്താവ്: നമസ്‌ക്കാരം, സദ്ഗുരു. ആദിയോഗിയുടെ 21 അടി വലുപ്പമുള്ള  പ്രതിമകള്‍ ലോകത്തെമ്പാടും സ്ഥാപിക്കുവാന്‍ പോകുന്നുവെന്ന്  കേള്‍ക്കുന്നുണ്ടല്ലോ. അതിന്റെ പ്രാധാന്യം എന്താണ്? ഈഷായോഗ  സെന്ററില്‍ ആദിയോഗി ആലയത്തിനു മുന്‍പില്‍ അതിലൊന്ന് പണിയുന്നത് ഞാന്‍ കാണുകയുണ്ടായി. ഇതുപോലൊരെണ്ണം മുംബൈയിലും സ്ഥാപിക്കുവാന്‍ അങ്ങ് ഉദ്ദേശിക്കുന്നുണ്ടോ?

സദ്ഗുരു :  മുംബൈയിലെ കാര്യങ്ങള്‍ നിങ്ങളാണ് ആസൂത്രണം ചെയ്യേണ്ടത്. അത് എങ്ങനെ നടപ്പാക്കണമെന്ന്ഞാന്‍ പറഞ്ഞു തരാം. ആദ്യം  ആദിയോഗിയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷ്ഠിക്കുന്നതിനെ കുറിച്ചു പറയാം. സപ്തര്‍ഷികള്‍ ലോകമെമ്പാടും സന്ദര്‍ശിച്ചതിനെക്കുറിച്ച് ഞാന്‍ ഇതിനു മുമ്പ് സംസാരിച്ചിട്ടുണ്ട്. എണ്ണായിരമോ പന്തീരായിരമോ വര്‍ഷങ്ങള്‍ക്കുമുന്‍പ് സൗത്ത് അമേരിക്ക, ടര്‍ക്കി, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളില്‍ ലിംഗാരാധനയും , ലോകത്താകമാനം സര്‍പ്പാരാധനയും നിലനിന്നിരുന്നു എന്നതിന്  ഗവേഷണത്തില്‍ നിന്ന് ലഭിച്ച തെളിവുകള്‍ 
ധാരാളമുണ്ട്. പുരാവസ്തു  ശാസ്ത്രമനുസരിച്ചും തെളിവുകളുണ്ട്.

കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകളായി മാത്രമാണ് ഇത് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. തുടക്കത്തില്‍ സപ്തര്‍ഷികളുടെ  സ്വാധീനം ലോകമെമ്പാടും വ്യാപിച്ചിരുന്നു. ആദിയോഗിയുടെ യോഗ  ശാസ്ത്രത്തിന്റെ ഗുണങ്ങളനുഭവിക്കാത്ത സംസ്‌കാരങ്ങളില്ലതന്നെ. യോഗ  എല്ലായിടത്തും പ്രചരിച്ചു - ഒരു  മതമായോ, വിശ്വാസ സംഹിതയായോ , തത്ത്വചിന്തയായോ അല്ല; ഒരു  പ്രക്രിയയായി മാത്രം. കാലം  കടന്നുപോകെ  ഇത് വികലമാക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഇന്നും ലോകത്തെമ്പാടുമുള്ള  രണ്ടരലക്ഷം ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള  യോഗചര്യ  പിന്തുടരുന്നുണ്ട്. അടിച്ചേല്പിക്കപ്പെടാതെ ഇത്രയും കാലം ജനങ്ങള്‍ക്കിടയില്‍ നിലനിന്ന വേറെ ഒന്നും  മാനവ ചരിത്രത്തിലുണ്ടായിട്ടില്ല.

കഴുത്തില്‍ വാള്‍വെച്ച് ഭീഷണിപ്പെടുത്തി ആരും ആരെക്കൊണ്ടും യോഗ  ചെയ്യിച്ചിട്ടില്ല. ഇത് അടിച്ചേല്‍പിക്കാന്‍ ആരും ശക്തി പ്രയോഗിച്ചിട്ടില്ല. എന്നിട്ടും യോഗ 15,000 - 20,000 വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ഇതിനെ   പ്രചരിപ്പിക്കാന്‍ ഒരു അധികാര കേന്ദ്രം ഇല്ല. ഈ പ്രക്രിയയുടെ പ്രയോജനം മാത്രമാണ് ഇതിന്റെ ശക്തി. യോഗയുടെ പ്രചാരത്തില്‍ ഏറ്റക്കുറച്ചിലുകള്‍  ഉണ്ടായിട്ടുണ്ട്. പക്ഷെ എല്ലായ്‌പ്പോഴും പൂര്‍വാധികം ശക്തിയോടെ തിരിച്ചു   വന്നിട്ടുമുണ്ട്. യോഗയുടെ ആവിര്‍ഭാവത്തെക്കുറിച്ച് ചില സംശയങ്ങള്‍ ഇന്ന്  ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ന് പ്രചാരത്തിലുള്ള യോഗ ഏതോ യൂറോപ്യന്‍ വ്യായാമ പദ്ധതിയില്‍ നിന്ന് എടുത്തതാണെന്നുപോലും കരുതുന്നവരുണ്ട്. ഇതുമായി ബന്ധമുള്ള ഒരു സംസ്‌കാരത്തെയും, മനുഷ്യ മനസ്സിനെ  വളരെയധികം സ്വാധീനിച്ച വ്യക്തിയേയും അവഗണിക്കാന്‍ ഉള്ള ശ്രമവും  നടക്കുന്നുണ്ട്.

adiyogiഞാന്‍ മരിക്കുന്നതിന് മുന്‍പ് ആദിയോഗിക്ക് വേണ്ട അംഗീകാരം  നേടികൊടുക്കണമെന്ന്എനിക്ക്ആഗ്രഹമുണ്ട്. ഇതിനായുള്ള  പരിശ്രമത്തിന്റെ ഭാഗമാണ് ഈ വലിയ പ്രതിമകള്‍. രണ്ടര വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് സ്വീകാര്യമായ രൂപം ഞങ്ങള്‍ക്ക് ലഭിച്ചത്. ആ രൂപം പ്രതിമാരൂപത്തില്‍ ആവിഷ്‌കരിക്കുന്ന പണിയാണ് ഇപ്പോള്‍  നടന്നുകൊണ്ടിരിക്കുന്നത്. ഓരോ  ആദിയോഗി പ്രതിമക്കൊപ്പവും 111 അടി  നീളവും വീതിയുമുള്ള തറയില്‍  2 1/2 അടി ഉയരമുള്ള ലിംഗവും പ്രതിഷ്ഠിക്കും. ധ്യാനത്തിലിരിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലങ്ങളായിരിക്കും ഇവ. പ്രതിമകള്‍  ആദ്യം സ്ഥാപിക്കുന്നത് വടക്കേ അമേരിക്കയിലാണ്. ടെന്നിസി  ആശ്രമത്തിനു (ഈഷ  ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ്  ഇന്നര്‍ സയന്‍സസ്സ് -മാക്ക്മിന്‍   വില്ല ) മുന്‍പിലാണ് ഒന്ന്. മറ്റൊരെണ്ണം സീറ്റലില്‍ സാന്‍ ജോസിനടുത്തതായിട്ടും, വേറൊന്ന് ടോറോണ്‍ടോയിലുമാണ്. മറ്റു പലേ നഗരങ്ങളിലും ഇതിനുള്ള പരിശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഓരോ സ്റ്റേറ്റിലും  ഒന്ന് വീതം - അമ്പത് പ്രതിമകള്‍ അമേരിക്കയില്‍ സ്ഥാപിക്കാനാണ്  ഉദ്ദേശിക്കുന്നത്.

ഇന്ത്യയില്‍  ഇതിനായി  ആരെങ്കിലും മുന്‍കൈ എടുത്താല്‍  ഇത്തരം  പ്രതിമകള്‍ സ്ഥാപിക്കാന്‍ സാധിക്കും. ഇന്ത്യയുടെ നാല് മൂലകളിലും ഓരോ  112 അടി പൊക്കമുള്ള ആദിഗുരുവിന്റെ പ്രതിമകള്‍ സ്ഥാപിക്കുവാന്‍ ചിലര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. സൂര്യരശ്മികള്‍ ആദ്യം പതിക്കുന്ന അരുണാചല്‍ പ്രദേശില്‍ ഇത്തരമൊരു പ്രതിമ സ്ഥാപിക്കുവാന്‍ അവിടത്തെ സര്‍ക്കാര്‍ ഞങ്ങളെ ക്ഷണിച്ചിട്ടുണ്ട്.  ഇന്ത്യയില്‍ പതിക്കുന്ന ആദ്യ സൂര്യ രശ്മി അദ്ദേഹത്തിന്റെ മുഖത്താവണമെന്ന് എനിക്ക് മോഹമുണ്ട്. മാനവരാശിക്ക് അദ്ദേഹം നല്‍കിയ സംഭാവനകളുടെ പേരില്‍ ജാതി, മത ലിംഗ ഭേദമെന്യേ  അദ്ദേഹത്തെ ബഹുമാനിക്കണം. അദ്ദേഹത്തെ ഒരു ദൈവമായിട്ടല്ല  കാണേണ്ടത്. എല്ലാ പരിമിതികളെയും മറികടന്ന ഒരു മഹാമനുഷ്യനായിട്ടാണ് അദ്ദേഹത്തെ കാണേണ്ടത്. ഒരു  മനുഷ്യന്  ചെയ്യുവാന്‍ പറ്റുന്നതെല്ലാം അദ്ദേഹം ചെയ്തു. ചെയ്യുവാന്‍ പറ്റാത്തതും ചെയ്തു. ഇത്തരമൊരു സാധ്യത ആദ്യമായി മനുഷ്യര്‍ക്കായി തുറന്നു കൊടുത്തത്  അദ്ദേഹമാണ്. അദ്ദേഹം  അതിനെക്കുറിച്ച് സംസാരിക്കുക മാത്രമല്ല  ചെയ്തത് - ഇത് എങ്ങനെ നടപ്പാക്കണമെന്ന് ചിട്ടയായി കാണിച്ച് കൊടുക്കുകയും  ചെയ്തു.

adiyogiമാനവ ചേതനക്ക് ഇത്രയും സംഭാവന ചെയ്ത ഒരാള്‍ ഇതിനു മുന്‍പോ   പിമ്പോ ഉണ്ടായിട്ടില്ല 112 അടി പൊക്കമുള്ള ഈ ആദിയോഗി പ്രതിമകളില്‍ ഒന്ന് ഉത്തരാഖണ്ടില്‍, ഹരിദ്വാറിലേയ്ക്ക് പോകുന്ന വഴിയില്‍ ആയിരിക്കണം. ഒന്ന്  കന്യാകുമാരിയില്‍.  മറ്റൊന്ന് രാജസ്ഥാനില്‍ അതിര്‍ത്തിക്കടുത്തായിരിക്കണം. മനുഷ്യരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ആദിയോഗി പ്രതിമകള്‍ ഈ രാജ്യത്തിന്റെ നാല് മൂലകളിലും ഉയര്‍ന്നു നില്‍ക്കണം. ആദിയോഗിയെക്കുറിച്ച് ഒരു പുസ്തകവും പ്രസിദ്ധീകരിക്കാന്‍  ഞങ്ങള്‍ ഉദ്ദേശിക്കുന്നുണ്ട്.  അദ്ദേഹത്തെ ഒരു  മനുഷ്യനായി മാത്രം കാണുക എന്നത് വളരെ പ്രധാനമാണ്. അങ്ങിനെയാണെങ്കില്‍ മാത്രമേ നമ്മള്‍ അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിക്കുകയുള്ളു. രാമനെയോ, വിഷ്ണുവിനെയോ ക്രിസ്തുവിനെയോ  അതുപോലുള്ള മറ്റാരെയെങ്കിലും നമ്മള്‍  ഈശ്വരനായി കണക്കാക്കിയാല്‍ പിന്നെ നാം അവരെപോലാകുവാന്‍  ശ്രമിക്കുകയില്ല. ഇത് ഒരു വലിയ പ്രശ്‌നമാണ്. എനിക്ക് നിങ്ങളോട്  ആവര്‍ത്തിച്ച് പറയുവാനുള്ളത് ആദിയോഗി ഒരു മനുഷ്യനുപരി എന്തുതന്നെ  ആയിരുന്നാലും എന്നും ഒരു മനുഷ്യന്‍ തന്നെ ആയിരുന്നു എന്നുള്ളതാണ്.

ഏതൊരു മനുഷ്യനും ഇതുപോലെ ചെയ്യുവാന്‍ സാധിക്കും. ഏത്  ചുറ്റുപാടുകളില്‍ ജനിച്ചു വളര്‍ന്നവനായാലും, എത്ര അറിവുള്ളവനായാലും, അറിവില്ലാത്തവനായാലും, അദ്ദേഹത്തെപ്പോലെ വളരുവാന്‍ കഴിയും. ചില  നിര്‍ദ്ദിഷ്ടകാര്യങ്ങള്‍ ചെയ്യുവാന്‍ തയ്യാറാവുകയാണെങ്കില്‍ ആത്മജ്ഞാനം  ലഭിക്കുകതന്നെ ചെയ്യും. ഇത് ഒരു പ്രധാനപ്പെട്ട അറിയിപ്പാക്കാനും അദ്ദേഹത്തെ യോഗയുടെ ഉപജ്ഞാതാവാക്കുവാനും വേണ്ടിയാണ്  അദ്ദേഹത്തിന്റെ നാല് വലിയ പ്രതിമകള്‍ രാജ്യത്ത് സ്ഥാപിക്കുവാനും, 21അടി പൊക്കമുള്ള പ്രതിമകള്‍ പറ്റുന്നിടത്തെല്ലാം പ്രതിഷ്ഠിക്കുവാനും ഞങ്ങള്‍  ശ്രമിക്കുന്നത്.
ഞാന്‍ ഇന്ന് എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അതിനെല്ലാം കാരണം, എനിക്ക് സൗജന്യമായി ലഭിച്ച  ഈ ശാസ്ത്രമാണ്. എന്റെ ചെറുപ്പകാലത്ത് ഇതില്‍ എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കില്‍  - 'യോഗ ചെയ്യണമെങ്കില്‍ ഗുരുപൂജ ചെയ്യണം' എന്നോ മറ്റോ  - ഞാന്‍  ഉടന്‍ എഴുന്നേറ്റു പോകുമായിരുന്നു.  നമസ്‌ക്കരിക്കു എന്നോ, വിളക്ക് കൊളുത്തു എന്നോ  പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അപ്പോള്‍ത്തന്നെ വിട്ടുപോയേനെ. അന്ന് അപ്രകാരം യാതൊരു  നിബന്ധനകളും ഉണ്ടായിരുന്നില്ല. എന്ത്   ചെയ്യണമെന്നതിനെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവ ഗുണം ചെയ്യുകയും ചെയ്തു. ആദിയോഗി സംഭാവന ചെയ്ത, മതവുമായി  യാതൊരു ബന്ധവും ഇല്ലാത്ത, ഈ ശാസ്ത്രം ഇല്ലായിരുന്നെങ്കില്‍ ഞാന്‍  ഇന്നത്തെ നിലയില്‍ എത്തുകയില്ലായിരുന്നു.

അദ്ദേഹം എല്ലാ മതങ്ങള്‍ക്കും  അപ്പുറമാണ്. മനുഷ്യബുദ്ധി സ്തംഭിച്ചു നില്‍ക്കുന്ന ഈ  പുതുയുഗത്തില്‍ യോഗ  വളരെ വിലപിടിച്ചതാണ്. എന്റെ ചെറുപ്പകാലത്തെ സ്വഭാവം -  വിളക്ക് കൊളുത്തില്ല, നമസ്‌ക്കരിക്കില്ല, ആരെങ്കിലും മന്ത്രം ചൊല്ലിയാല്‍ ഞാന്‍ എഴുന്നേറ്റു പോകും എന്നിവ  - അതെല്ലാം ബുദ്ധിയുടെ ഒരു  പ്രശ്‌നമാണ്. ബുദ്ധിക്ക് പ്രാധാന്യം കൊടുക്കുന്തോറും ഈ പ്രശ്‌നവും അഭിമുഖീകരിക്കേണ്ടിവരും. ഈ  പ്രശ്‌നത്തിന്  യോഗ മാത്രമാണ് ഒരു ശാസ്ത്രീയമായ പരിഹാരം. മറ്റുള്ളതെല്ലാം മനുഷ്യരെ തമ്മില്‍ അകറ്റുകയെ ഉള്ളു.  ഇത് സംഭവിക്കാവുന്ന കാലം വളരെ അകലെയല്ല. അത്തരമൊരു കാലം വരുന്നതിനു മുന്‍പ്  ആദിയോഗിയുടെ നാമം എല്ലായിടത്തും ഉച്ചരിക്കപ്പെടണമെന്നും, എല്ലാവര്‍ക്കും   യോഗ എന്ന ശാസ്ത്രം ലഭ്യമാക്കണമെന്നും എനിക്ക് മോഹമുണ്ട്. പ്രതിമയ്ക്ക് 112 അടി ഉയരം നല്‍കുന്നതിന് ഒരു കാരണമുണ്ട്. പരമമായ സത്യം കണ്ടെത്തുന്നതിന് ആദി യോഗി 112 മാര്‍ഗ്ഗങ്ങളാണ് പറഞ്ഞു തന്നിട്ടുള്ളത്. നിങ്ങള്‍ അതില്‍ ഒന്ന് മാത്രം ചെയ്താല്‍ മതി.  

ഇത് തന്നെ നിങ്ങളുടെ ജീവിതം ഏറ്റവും എളുപ്പത്തില്‍ മാറ്റി മറിക്കും ഈ ഇടങ്ങളില്‍ വരുന്ന ഒരാള്‍ക്ക് ഈ 112 കാര്യങ്ങളില്‍ നിന്ന്  ഒരെണ്ണം  തിരഞ്ഞെടുക്കാം. എന്നിട്ട് മൂന്നു മിനിട്ടു നേരം സാധന  ചെയ്തുകൊണ്ട് ആരംഭിക്കാം. ഏതൊരാള്‍ക്കും മൂന്നു മിനിറ്റ് ഇതിനായി മാറ്റി വയ്ക്കാന്‍ സാധിക്കും. ഇതുകൊണ്ട് ഗുണമുണ്ടായാല്‍ സാവധാനത്തില്‍  സമയം കൂട്ടി ആറോ, പന്ത്രണ്ടോ ഇരുപത്തിനാലോ മിനിറ്റായി  കൂട്ടിക്കൊണ്ടു വരാം. അടുത്ത പത്ത് വര്‍ഷത്തിനകം ഇതാണ് ഞങ്ങള്‍ക്ക്  സാധിക്കേണ്ടത്. ജാതി, മത , ലിംഗ ഭേദമെന്യേ ഏതൊരാള്‍ക്കും അഭ്യസിക്കാവുന്ന ഒരു ലളിതമായ ആത്മീയ സാധനാക്രമം ലഭ്യമാക്കണം. ഇത് സാധ്യമാക്കാന്‍ പരിശ്രമിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഞങ്ങളോടൊത്തു നില്‍ക്കൂ. ജനങ്ങളുടെ ജീവിതത്തില്‍ ഇപ്രകാരമൊരു സാധനാക്രമം കൊണ്ടുവരിക എന്നത് മാനവരാശിക്ക് നമുക്ക് നല്‍കാവുന്ന ഏറ്റവും മികച്ച  സംഭാവനയാണ്.