ശാസ്ത്രഗ്രന്ഥങ്ങളെ പ്രതി എല്ലാ ആദരവും വെച്ചു പുലര്‍ത്തികൊണ്ടുതന്നെ പറയട്ടെ, അതെല്ലാം സമാഹരിക്കപ്പെട്ട അറിവാണ്...

'അറിവ്' - 'അറിയുക' - ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം 

'അറിവ്' എന്നൊന്നുണ്ട്. എന്നുവെച്ചാല്‍ എണ്ണമറ്റ ഓര്‍മ്മകളുടെ ഒരു കൂമ്പാരം എന്നു പറയാം. അതില്‍ നിന്നും വിഭിന്നമായിട്ടുള്ളതാണ് 'അറിയുക' എന്ന പ്രക്രിയ. അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഈ ലോകത്തെ... ജീവിതത്തെ അറിയുക എന്നതാണ്. പലവഴികളിലൂടെ പലപ്പോഴായി ജീവിതത്തെ കുറിച്ച് മനസ്സിലാക്കിയെടുത്തിട്ടുള്ളതെല്ലാം ഒന്നുചേരുമ്പോള്‍ അത് അറിവായിത്തീരുന്നു.

ഇങ്ങനെ നേടിയിട്ടുള്ള അറിവ് പൂര്‍ണ്ണമല്ല, ശരിയായിട്ടുള്ളതുമല്ല. കുറെയൊക്കെ മുന്‍വിധി കലര്‍ന്നിട്ടുള്ളതായിരിക്കും. പുതിയ അനുഭവങ്ങള്‍ ആര്‍ജിച്ചെടുക്കാന്‍ അത് നിങ്ങളെ അനുവദിക്കുകയില്ല. നിങ്ങളുടെ ജീവിതത്തില്‍ അതുകൊണ്ട് കാര്യമായതൊന്നും സംഭവിക്കുകയുമില്ല. സാമാന്യമായ ജീവിതബോധം അല്ലെങ്കില്‍ ലോകപരിചയം നിങ്ങളെ നിലനിന്നുപോരാന്‍ സഹായിക്കും. അല്ലാതെ പരമമായ സ്വാതന്ത്ര്യത്തിലേക്കു നയിക്കുകയില്ല.  

sadguruശാസ്ത്രഗ്രന്ഥങ്ങളെ പ്രതി എല്ലാ ആദരവും വെച്ചു പുലര്‍ത്തികൊണ്ടുതന്നെ പറയട്ടെ, അതെല്ലാം സമാഹരിക്കപ്പെട്ട അറിവാണ്. സൃഷ്ടികര്‍ത്താവിനാല്‍ എഴുതപ്പെട്ടിട്ടുള്ള ഒരു പുസ്തകമാണ് നിങ്ങള്‍. ജീവിതത്തെ കുറിച്ച് വിശദമായി ആഴത്തില്‍ മനസ്സിലാക്കണമെങ്കില്‍ അവനവനാകുന്ന ഈ പുസ്തകത്തെ വായിച്ചു പഠിക്കുകയാണ് വേണ്ടത്.
സ്വന്തം നിലനില്‍പ്പിനെക്കുറിച്ച് ആലോചിക്കേണ്ടേ?

നിശ്ചയമായും വേണം. എന്നാല്‍ അതിനൊരു മറുവശമുണ്ട്. മനുഷ്യനേക്കാള്‍ ബുദ്ധിശക്തിയില്‍ എത്രയോ താഴേക്കിടയിലാണ് കൃമി, കീടങ്ങളുടെ സ്ഥാനം. അന്യമായ ഒരറിവും നേടാതെ സഹജപ്രകൃതിയെ മാത്രം ആശ്രയിച്ച് അവയെല്ലാം ഈ ഭൂമിയില്‍ സുഖമായി ജീവിക്കുന്നില്ലേ? അവയുടേതിനേക്കാള്‍ എത്രയോമടങ്ങ് വലുതും ശക്തവുമാണ് മനുഷ്യന്റെ തലച്ചോര്‍. എന്നിട്ടും ജീവിതം മുഴുവന്‍ സ്വന്തം നിലനില്‍പ്പിനായി മാത്രം ചിലവഴിക്കുന്നത് ബുദ്ധിശൂന്യതയല്ലാതെ എന്താണ്.

യോഗശാസ്ത്രത്തില്‍ മനസ്സിനെ പതിനാറ് ഭാഗങ്ങളായിട്ടാണ് പരിഗണിക്കുന്നത്. ഈ പതിനാറില്‍ ഒരു ഭാഗം കൊണ്ടുതന്നെ ലൗകിക ജീവിതത്തില്‍ വമ്പന്‍ വിജയം നേടാനാകുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. മറ്റു പതിനഞ്ചു ഭാഗങ്ങളും കേന്ദ്രീകരിക്കേണ്ടത് ആന്തരികസൗഖ്യത്തിന്റെ കാര്യത്തിലാണ്. കാരണം ഭൗതീക ലോകത്തേക്കാള്‍ വളരെ വളരെ വിശാലവും സങ്കീര്‍ണ്ണവുമാണ് മനുഷ്യന്റെ ആന്തരിക ലോകം.

ഇന്ന് ശാസ്ത്രജ്ഞന്‍മാരും പറയുന്നുണ്ട്, പ്രപഞ്ചത്തിന്റെ നാലു ശതമാനം മാത്രമാണ് സൃഷ്ടിക്കപ്പെട്ടതായിട്ടുള്ളത് എന്ന്, ശേഷിക്കുന്ന ഭാഗമെല്ലാം ഇരുണ്ട ദ്രവ്യവും ഊര്‍ജ്ജവും ആണ് എന്ന്. അതുകൊണ്ടാണ് പറഞ്ഞത് നാലുശതമാനം മാത്രം മനസ്സുപയോഗിച്ച് നമ്മുടെ ജീവിതവ്യാപാരങ്ങള്‍ വളരെ  ഭംഗിയായി നടത്താമെന്ന്. 
നിങ്ങള്‍ എന്ന പുസ്തകത്തെ ''അറിയുവാന്‍'' 

സാക്ഷാല്‍ ഈശ്വരന്‍ തന്നെയാണ് നിങ്ങളാകുന്ന ഈ പുസ്തകം രചിച്ചിട്ടുള്ളത്. അതുകൊണ്ട്, ജീവിതത്തെ മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ അവനവനാകുന്ന ഈ പുസ്തകം തന്നെയാണ് വായിക്കേണ്ടത്. പുരാണങ്ങളിലും ശാസ്ത്രങ്ങളിലുമുള്ളത് സമാഹരിക്കപ്പെട്ടിട്ടുള്ള അറിവാണ്. അതിനോടെനിക്ക് ലവലേശം അനാദരവില്ല. അത് സാഹിത്യമോ, ചരിത്രമോ, സാങ്കേതിക ശാസ്ത്രമോ ആയിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ പറഞ്ഞേനെ 'വായിക്കൂ' എന്ന്, പക്ഷേ ആത്മജ്ഞാനത്തെ കുറിച്ചുള്ള ഒരു തുറന്ന പുസ്തമാണ് നിങ്ങള്‍.

അതില്‍ പ്രതിപാദിച്ചിരിക്കുന്നത് നിങ്ങളെകുറിച്ചാണ്. മറ്റേതൊരു പുസ്തകം വായിക്കുന്നതിനേക്കാള്‍ ഈ ഒരു പുസ്തകം വായിക്കുന്നതുകൊണ്ടല്ലേ  നിങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ പ്രയോജനം ലഭിക്കുകയുള്ളൂ? ഈശ്വരന്റെ തന്നെ വാക്കുകളാണെങ്കില്‍ പോലും, ഈ ഗ്രന്ഥങ്ങളെല്ലാം എഴുതപ്പെട്ടിരിക്കുന്നത് ഏതെങ്കിലുമൊരു ഭാഷയിലാണ് എങ്കില്‍ അതിനര്‍ത്ഥം മനുഷ്യരാണ് ആ ഗ്രന്ഥം എഴുതിയിട്ടുള്ളത് എന്നാണല്ലോ.

jaggi bookഎന്തും വളച്ചൊടിക്കല്‍, വികൃതമാക്കല്‍ മനസ്സിന്റെ സ്വതവേയുള്ള ശീലമാണ്. നിങ്ങള്‍ നേരിട്ടു കണ്ട ഒരു കാഴ്ച, അതിനെകുറിച്ച് ഒരു ചങ്ങാതിയോതോന്നു പറഞ്ഞു നോക്കു. അയാള്‍ മറ്റൊരാളോട്, അയാള്‍ ഇനിയൊരാളോട്, അങ്ങനെയൊരു ഇരുപത്തിയഞ്ചു പേര്‍. ഇരുപത്തിനാലുമണിക്കൂറുകള്‍ക്കുള്ളില്‍ അതേ വാര്‍ത്ത നിങ്ങളിലേക്കു തിരിച്ചെത്തുന്നു. നിങ്ങള്‍ അന്തം വിട്ടു നിന്നുപോകും. ആ കഥ രൂപത്തിലും ഭാവത്തിലും ആകെ മാറിയിട്ടുണ്ടാവും! 

അതുകൊണ്ടാണ് പറഞ്ഞത് ആയിരമായിരം ആണ്ടുകള്‍ പഴക്കം ചെന്ന പുരാണങ്ങള്‍, സഹസ്രാബ്ദങ്ങള്‍ കൈമാറി വന്നതിനിടയ്ക്ക് എന്തെല്ലാം വൈകൃതങ്ങള്‍ അതില്‍ വന്നുപെട്ടിരിക്കാം! ചുറ്റും വെള്ളം പൊങ്ങിയിരിക്കേ, വീട്ടുമുറ്റത്തെ കുളത്തിന് എന്തു പ്രസക്തി? ജഗദീശ്വരന്‍ നിങ്ങളുടെ അന്തരാത്മാവായി സ്ഫുരിച്ചുകൊണ്ടിരിക്കേ നിങ്ങളുടെ ശ്രദ്ധ സദാ തിരിയേണ്ടത് അങ്ങോട്ടേക്കല്ലേ?

ഏതെങ്കിലുമൊരു പുസ്തകത്തില്‍ നിന്നാണ് നിങ്ങള്‍ നിങ്ങളെ പറ്റി വായിക്കുന്നുവെങ്കില്‍ അത് യാഥാര്‍ത്ഥ്യമല്ല, കേവലം ഒരു കഥ മാത്രമാണ്. അവനവനിലേക്കു ശ്രദ്ധ തിരിക്കൂ. അതിനു സഹായകമായ ഉപാധികള്‍ കരസ്ഥമാക്കൂ. ഒരു ഗ്രന്ഥത്തേയും ഞാന്‍ പുച്ഛിച്ചു തള്ളുകയല്ല. അവനവന്റെ ഉള്ളിന്റെ ഉള്ളിലേക്കിറങ്ങിച്ചെന്ന്‌ അവനവനെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞ ഏതൊരാള്‍ക്കും ശാസ്ത്രഗ്രന്ഥങ്ങള്‍... അവ ഏതായായാലും നിസ്സാരവും, വിരസവുമായേ തോന്നു.

കുരുക്ഷേത്രത്തില്‍ നടന്ന ശ്രീകൃഷ്ണാര്‍ജ്ജുന സംവാദം. അര്‍ജ്ജുനന്‍ രാജകുമാരനായിരുന്നല്ലോ. ആ കാലത്ത് നേടാവുന്ന ഏറ്റവും ഉയര്‍ന്നരീതിയിലുള്ള വിദ്യാഭ്യാസവും നേടിയിരുന്നു. ശ്രീകൃഷ്ണന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ശ്രദ്ധിക്കുമ്പോഴും ഇടയ്ക്ക് അര്‍ജ്ജുനന്‍ പറയുന്നതായി കാണാം, 'ഇങ്ങനെയല്ലല്ലോ ശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ളത്.'' താന്‍ പഠിച്ചു മനസ്സിലാക്കിയിട്ടുള്ള എല്ലാ ശാസ്ത്രങ്ങളുടേയും നേരേയാണ് അവിടെ അര്‍ജുനന്‍ വിരല്‍ചൂണ്ടുന്നത്. അതിന് ശ്രീകൃഷ്ണന്‍ നല്‍കുന്ന മറുപടി ഏറ്റവും ശ്രദ്ധാര്‍ഹമാണ്. 

"ആത്മജ്ഞാനം സിദ്ധിച്ച ഒരാളുടെ മുമ്പില്‍ ശാസ്ത്രഗ്രന്ഥങ്ങള്‍, വെള്ളപ്പൊക്കം ബാധിച്ചിരിക്കേ മുറ്റത്തെ കിണറു നിറയെ വെള്ളമുണ്ട് എന്നു പറയുന്നതുപോലെയാണ്.'
പക്ഷെ അതും നിങ്ങളുടെ കാഴ്ചപ്പാടിനെ അനുസരിച്ചിരിക്കും. നിങ്ങള്‍ ഒരു മരുഭൂമിയിലാണ് കഴിയുന്നതെങ്കില്‍ കിണര്‍ നിറയെ വെള്ളം കാണുമ്പോള്‍ അത് മഹാസമുദ്രമാണെന്ന് തോന്നിയേക്കാം.

എന്നാല്‍ കര മുഴുവനായും വെള്ളം പൊങ്ങി മൂടിയിരിക്കേ കിണറിലെ വെള്ളത്തിന് എന്താണ് പ്രസക്തി? പറഞ്ഞുവരുന്നത് ഇത്രമാത്രം. നിങ്ങളുടെ ഹൃദയക്ഷേത്രത്തില്‍ ജഗദ്സ്രഷ്ടാവ് സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ പിന്നെ, നിങ്ങളുടെ എല്ലാ അന്വേഷണവും  അത് കണ്ടെത്താന്‍ വേണ്ടിയുള്ളതിലേക്കായിരിക്കണം.
ക്രമരഹിതമായത്  അതാണ് ഭാരതീയ സംസ്‌കാരത്തിന്റെ മനോഹാര്യത.

ഭാരതീയ സംസ്‌കാരത്തെ പറ്റി പറയുകയാണെങ്കില്‍, നിരവധി വൈവിധ്യങ്ങള്‍ക്കിടയിലും എല്ലാറ്റിനേയും ചേര്‍ത്തു നിര്‍ത്തുന്ന എന്തോ ഒന്ന് അതിലുണ്ട്. പുറമേ നിന്നു നോക്കുമ്പോള്‍ കുത്തഴിഞ്ഞതായി തോന്നിയേക്കാം, എന്നാല്‍ ആഴങ്ങളിലേക്കിറങ്ങിയാല്‍ അതിന്റെ ഉറപ്പും ഐക്യവും ആര്‍ക്കും വ്യക്തമാകും. വളരെ ചിട്ടയോടുകൂടിത്തന്നെയാണ് അത് നിലനിന്നുപോന്നിട്ടുള്ളത്.

പലേ അന്യരാജ്യങ്ങളും അതിക്രമിച്ചു കയറിയിട്ടും, പലേ ആഭ്യന്തര കലാപങ്ങല്‍ ഉണ്ടായിട്ടും ഭാരതീയ സംസ്‌കാരം ഒരിക്കലും പാടേ തകര്‍ന്നിട്ടില്ല. അതിനു കാരണം കെട്ടുറപ്പുള്ള ആ സംസ്‌കാരത്തിന്റെ സ്വാധീനം ഇന്നും ജനഹൃദയങ്ങളില്‍ പ്രതിഫലിച്ചു കിടക്കുന്നു എന്നുള്ളതാണ്. എല്ലാ ശൈഥില്യങ്ങളും പിളര്‍പ്പുകളും ഉപരിതലത്തില്‍ മാത്രമാണ്.

sadhguru 3

എല്ലാറ്റിനേയും ചേര്‍ത്തുപിടിച്ചു നിലനിര്‍ത്തുന്ന എന്തോ ഒന്ന് ഇപ്പോഴും ഇതിന്റെ അടിത്തട്ടിലുണ്ട്. അത് സര്‍ക്കാരോ നിയമങ്ങളോ സാമൂഹ്യവ്യവസ്ഥകളോ ഒന്നുമല്ല. മനുഷ്യമനസ്സുകളില്‍ മറഞ്ഞു കിടക്കുന്ന എന്തോ ഒന്ന്. അതാണ് ഇന്ന് ഭാരതീയ ജനസമൂഹത്തെ ഒന്നായി നിലനിര്‍ത്തിക്കൊണ്ടുവരുന്നത്. 

ഇന്ത്യ നേരിടുന്ന ദാരിദ്ര്യം വളരെയേറെ പരിതാപകരമാണ്. ഈയൊരു അവസ്ഥയിലും സാമാന്യ ബോധം നഷ്ടമാവാതെ ജനജീവിതം മുന്നോട്ടുപോകുന്നു, ആചാരങ്ങളും ആഘോഷങ്ങളും ഒരു തരം പടര്‍ന്നു പിടിക്കുന്ന ആവേശത്തോടെ വിധിപ്രകാരം നടത്തിവരുന്നു. ഇതെല്ലാം സാദ്ധ്യമാകുന്നത് ആന്തരികമായ ഒരു ശക്തിയുടെ പ്രേരണയാലാണ്. ആ ശക്തിയാകട്ടെ ഭാരതീയ സംസ്‌കൃതിയില്‍ സഹജമായി ഉള്‍ചേര്‍ത്തിട്ടുള്ളതാണ്. 

നമ്മുടെ സംസ്‌കാരത്തിന്റെ സൗന്ദര്യം തന്നെ അത് ഒരു ചട്ടകൂടിനകത്തും ഒതുങ്ങിനില്ക്കുന്നില്ല എന്നുള്ളതാണ്. പക്ഷെ ഒരു വ്യക്തി എന്ന നിലക്ക്  ഈ നാന്വത്വത്തിലും ഏകത്വം ദര്‍ശിക്കാനുള്ള കഴിവു നിങ്ങള്‍ക്കുണ്ടാകണം.  മനസ്സും, ശരീരവും, സാമൂഹിക സ്ഥിതികളുമൊക്കെ ശിഥിലമല്ല എങ്കില്‍ നിങ്ങള്‍ക്ക് ഉപയോഗപ്രദമാകാമായിരുന്ന സാധ്യതകളൊക്കെ ഉപയോഗശൂന്യമാകുന്നു.

ഒന്ന് സങ്കല്‍പിച്ചു നോക്കു.  നിങ്ങള്‍ അടുക്കളയിലേക്കു ചെല്ലുന്നു. അവിടെയെല്ലാം വലിച്ചുവാരിയിട്ടിരിക്കുന്നു. എന്ത് എവിടെയിരിക്കുന്നു എന്ന് കണ്ടുപിടിക്കാനാവുന്നില്ല. ഒന്നുരണ്ടു ദിവസം, സാധനങ്ങള്‍ തെരഞ്ഞ് കണ്ടുപിടിക്കുന്നത് ഒരു തമാശയായി തോന്നിയേക്കാം. എന്നാല്‍ തുടര്‍ന്നും ഇതുതന്നെയാണ് സ്ഥിതിയെങ്കില്‍ മനസ്സുമടുക്കും. ഒരു കാര്യവും വേണ്ടസമയത്ത് വേണ്ടതുപോലെ ചെയ്തു തീര്‍ക്കാനുമാവില്ല.

അത് നിങ്ങളുടെ കാര്യക്ഷമതയേയും സമാധാനത്തേയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. രാവിലെ ഒരു കപ്പു കാപ്പിയുണ്ടാക്കി കുടിക്കുന്നതിനുപോലും ഏറെനേരം മിനക്കെടേണ്ടിവരുന്ന അവസ്ഥ. അങ്ങനെയൊരു സാഹചര്യമാണ് ഇന്നു നമ്മുടെ നാട്ടില്‍ നിലവിലുള്ളത്. നിസ്സാരകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും വളരെയധികം ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥ. ബുദ്ധിയും പ്രാപ്തിയും ഉള്ളവര്‍പോലും നിസ്സഹായരായിപോകുന്നു.

അവരുടെ കാര്യശേഷികൊണ്ട് എന്തെല്ലാം നല്ല കാര്യങ്ങള്‍ രാജ്യത്തിനുവേണ്ടി ചെയ്തു തീര്‍ക്കാം. ചില ചെറിയ സമൂഹങ്ങളിലും സ്ഥാപനങ്ങളിലും വ്യവസായ, വ്യാപാര മേഖലകളിലും ചെറിയ രീതിയില്‍ ആളുകള്‍ സംഘടനകളുണ്ടാക്കുന്നുണ്ട്. എന്നാല്‍ അവ അധികവും പാശ്ചാത്യരീതിയിലുള്ളവയാണ്. പാശ്ചാത്യരീതിയില്‍ സംഘടിപ്പിച്ചിട്ടുള്ളതാണെങ്കില്‍ എല്ലാം വളരെ യാന്ത്രികമായി പിഴവുകളൊന്നുമില്ലാതെ നടന്നോളും.

എന്നാല്‍ അവിടെ ജീവിതത്തിന്റെ തുടിപ്പു കാണാനാവില്ല. കര്‍ശനമായ നിയമങ്ങളുണ്ടാക്കുക എളുപ്പമാണ്. 'ഇതുപോലെത്തന്നെ അളന്നുമുറിച്ചു ചെയ്യണം' എന്നുപറയാനും പ്രയാസമില്ല. എന്നാല്‍ എല്ലാം ചട്ടക്കൂടുകള്‍ക്കുളളില്‍ കൃത്യമായി ഒതുക്കപ്പെടുമ്പോള്‍, അത് പൊളിച്ചു പുറത്തു ചാടാനുള്ള പ്രവണത സ്വാഭാവികമായുമുണ്ടാകും. പാശ്ചാത്യനാടുകളില്‍ ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

എല്ലാ ചിട്ടവട്ടങ്ങളും വേണ്ടതുപോലെ നടക്കുന്നുണ്ട്. എന്നിട്ടും ഒരു കൂട്ടം ആളുകളുടെ ശ്രദ്ധ, ആ വേലിക്കെട്ടുകള്‍ തകര്‍ത്ത് പുറത്തേക്കു കുതിക്കുന്നതിലേക്കാണ്. അതിനു പ്രത്യേകിച്ചു കാരണമൊന്നുമില്ല. ഒരു സംഘടനയുടെ നിര്‍ദ്ദിഷ്ടമായ നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങികൂടേണ്ടി വരുമ്പോള്‍ അവര്‍ക്കു വീര്‍പ്പു മുട്ടുന്നു എന്നുള്ളതല്ലാതെ.
ഇന്ത്യയിലെ അദ്ധ്യാത്മികമാര്‍ഗങ്ങള്‍ ഒരിക്കലും സംഘടിതമായിരുന്നില്ല.

sadhguru 4

കാരണം ഒന്നിനേയും അടിച്ചമര്‍ത്തണമെന്ന ഉദ്ദേശം അവര്‍ക്കില്ലായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. ആര്‍ക്കും യഥേഷ്ടം ഏതുവഴിയും പിന്‍തുടരാനുള്ള  ഇടം ഇന്നു നമ്മുടെ നാട്ടിലില്ല. അതുകൊണ്ട് ചില ചിട്ടവട്ടങ്ങള്‍ പാലിച്ചേ ശരിയാവൂ എന്നതാണ് സ്ഥിതി. ഒരു കിലോമീറ്ററിനുള്ളില്‍ ഒരാള്‍ മാത്രമേ താമസിക്കുന്നുള്ളു എങ്കില്‍ ആര്‍ക്കും എന്തു ഭ്രാന്തും കാണിക്കാമായിരുന്നു. എന്നാല്‍ ജനസാന്ദ്രത ഇത്രത്തോളം വര്‍ദ്ധിച്ചിരിക്കേ നിശ്ചയമായും  ഓരോചുവടും ശ്രദ്ധയോടെതന്നെ വെക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ചില വ്യവസ്ഥകള്‍ എല്ലാവരും പാലിച്ചേ മതിയാവു, സൈ്വരമായ ജനജീവിതത്തിന് അത് ഏറ്റവും ആവശ്യമാണ്. 

ആ ഒരു സമതുലിതാവസ്ഥ ഉണ്ടാക്കുക - വ്യക്തി സ്വാതന്ത്ര്യത്തിനു ഭംഗം വരുത്താതെ ഒട്ടൊരു നിയന്ത്രണത്തോടുകൂടിയുള്ള ജിവിതം, ഏറ്റകുറച്ചിലുകള്‍ കൂടാതെ വ്യക്തി എന്ന നിലയില്‍ സ്വയം വളര്‍ന്നു വികസിക്കാനുള്ള സാഹചര്യം, അതേ സമയം സമൂഹത്തെ പ്രതി അവശ്യം വേണ്ട പ്രതിബന്ധത  ഞാന്‍ ഊന്നല്‍  നല്‍കാന്‍ ആഗ്രഹിച്ചിരുന്നത് എപ്പോഴും ഇതിലാണ്. ഈ സമതുലിതാവസ്ഥ പ്രഭാവത്തില്‍ കൊണ്ടുവരാന്‍ പറ്റിയ ശാസ്ത്രമാണ് യോഗ - പുറത്തേ സാഹചര്യങ്ങള്‍ എത്രതന്നെ കുഴഞ്ഞുമറിഞ്ഞതാണെങ്കിലും അത് നിങ്ങളെ ബാധിക്കുകയില്ല, നിങ്ങളുടെ അന്ത:സ്ഥിതമായ വ്യവസ്ഥിതിക്ക് എല്ലായ്‌പ്പോഴും സമീകരണം നിലനിര്‍ത്താനാകും.