ദൈവത്തിന്റെ ഒരനുഭവം ഉണ്ടായാൽ ഒരാളുടെ സർവ ആശകളും തീരും -ഗുരുനാനാക്‌
ഇത്തരത്തിൽ ദൈവത്തെ അനുഭവിച്ച, സർവ ആശകളും നശിച്ച സെയ്‌ന്റ്‌ ഫ്രാൻസിസിന്റെ ഉള്ളിൽ ദൈവത്തെ അറിയുക’ എന്ന ഒരാഗ്രഹത്തിന്റെ കനൽ സദാ ജ്വലിച്ചിരുന്നു. ഒരു മഞ്ഞുകാലത്ത്‌ മൂകമായിനിൽക്കുന്ന ബദാം വൃക്ഷത്തിന്റെ മുന്നിൽ സ്നേഹലീനനായി നിന്ന അദ്ദേഹം വൃക്ഷത്തിനുനേരേ ആഴത്തിൽ നോക്കുകയും ‘ദൈവത്തെപ്പറ്റി പറയൂ’ എന്ന്‌ മന്ത്രിക്കുകയും ചെയ്തപ്പോൾ ഒരു മഹാവിസ്മയമാണുണ്ടായത്‌. ആ വൃക്ഷം മഞ്ഞിന്റെ കുളിരിൽ പൊടുന്നനെ പൂവിട്ടുനിന്നു! പൂക്കളെ ദൈവത്തിന്റെ സ്നേഹസന്ദേശവാഹകരായി കാണുകയും അവരോട്‌ ‘എന്റെ കുഞ്ഞുസോദരിമാരേ’ എന്നുവിളിച്ചു സല്ലപിക്കുകയും പതിവുള്ള അദ്ദേഹത്തോട്‌ പൂക്കൾ അതിന്റെ നേർത്ത പരിമളത്തിലൂടെ, നിറത്തിലൂടെ നവ്യതയിലൂടെ ദൈവത്തെപ്പറ്റി വാചാലമായിത്തന്നെ പറയുകയായിരുന്നില്ലെ?

ഫ്രാൻസിസിന്‌ എന്നുമുതൽ ദൈവികവെളിച്ചം കിട്ടിയോ, അന്നുമുതൽ ആ ലഹരിയിലല്ലാതെ ഒരു നിമിഷം പോലും അദ്ദേഹത്തെ ആരും കണ്ടിരുന്നില്ല. സദാ മരത്തോടുമാത്രമല്ല തന്റെ മുന്നിൽക്കണ്ട പുല്ലിനോടും പുഴുവിനോടും കിളിയോടും മീനിനോടും ചീവീടിനോടും നക്ഷത്രത്തോടും ചന്ദ്രനോടും സൂര്യനോടും ജലത്തിനോടും  അഗ്നിയോടും മരണത്തിനോടും ഒക്കെ ഇടപെടുമ്പോൾ അവയൊക്കെ ദിവ്യസ്പന്ദനത്തിന്റെ സ്ഥൂലയാഥാർഥ്യങ്ങളാണെന്ന്‌ വൈകാരികമായി അനുഭവിച്ച അദ്ദേഹം അവയോടൊക്കെയും ഒരു തരത്തിൽ ഹൃദയംകൊണ്ട്‌ ‘പരമമായതിനെപ്പറ്റി, ദൈവത്തെപ്പറ്റി ഞങ്ങളോടു പറയൂ’ എന്നപേക്ഷിക്കുകയായിരുന്നില്ലെ?

സെയ്‌ന്റ്‌ ഫ്രാൻസിസ്‌ മരിക്കാറായപ്പോൾ പൊടുന്നനെ ഒരു മുഖം തെളിഞ്ഞുവന്നു. തന്നെ ഒടുവിലായി പുറത്തേറ്റി വളരെദൂരം വളരെനേരം നടന്ന കഴുത. അവൾ ആ ചാപ്പലിന്റെ പുറത്ത്‌ അസ്വസ്ഥമായി ശബ്ദിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പതുക്കെ എണീറ്റ്‌ തളർന്നവശമായ സ്വന്തം പാദങ്ങളെ കരുണയോടെ, നന്ദിയോടെ നോക്കി. അദ്ദേഹം എങ്ങനെയോ പുറത്ത്‌ മുട്ടിലിഴഞ്ഞെത്തി. അപ്പോൾ ആ സാധു ജന്തു തന്നെ ഒരു നോക്കുകാണാനെന്നതുപോലെ പുറത്തുകാത്തിനിൽക്കുകയായിരുന്നു. അദ്ദേഹം കഴുതയുടെ മുഖമാകെ തൊട്ടുതലോടി. ഹൃദയ നിറവോടെ അതിന്റെ കണ്ണുകളിലേക്കു നോക്കി ഇടർച്ചയോടെ പറഞ്ഞു: ‘എന്റെ സഹോദരി, ഞാൻ നിന്നോട്‌ ക്ഷമചോദിക്കാൻ വന്നതാണ്‌. നിന്നെ ഞാൻ എത്രയോ വിഷമിപ്പിച്ചു. നിന്റെ പുറത്തുകയറി എത്രയോ ദൂരം സഞ്ചരിച്ചു.

ക്ഷീണിതയായിരുന്ന നീ ഒരു പരാതിയുമില്ലാതെ എന്നെ പേറി നടന്നുപോയി. അങ്ങനെയൊക്കെ നിന്നെ ഞാൻ ദ്രോഹിച്ചതിന്‌ നിന്നോട്‌ ക്ഷമചോദിക്കാനും എന്റെ ഒടുങ്ങാത്ത നന്ദി അറിയിക്കാനും യാത്രപറയാനുമാണ്‌ ഞാൻ നിന്റെയരികിൽ വന്നത്‌’ ഇത്‌ പറഞ്ഞ്‌ അദ്ദേഹം ആ സോദരിയെ ആലിംഗനം ചെയ്യുകയും അവളുടെ മുഖത്ത്‌ ചുംബിക്കുകയുംചെയ്തു. 

ഒരാൾക്ക്‌ മറ്റൊരാളുടെ വേദന, യാതന മനസ്സിലാകുന്നില്ല. അതുകാണാനുള്ള കണ്ണ്‌ നമുക്കില്ല. അതുകണ്ടാൽ നമുക്ക്‌ അവരോട്‌ ക്ഷമിക്കാൻ കഴിയും, സ്നേഹിക്കാനും. ഇതിന്‌ നാം മറ്റൊരാളായി മാറണം. അപ്പോൾ അവരുടെ ദുഃഖം, അപമാനം, ഗതികേട്‌, അവരുടെതായ ഓരോ അനുഭവവും നമ്മുടെതന്നെ സ്വന്തം അനുഭവമായി നമുക്കനുഭവപ്പെട്ടു. സെയ്‌ന്റ്‌ ഫ്രാൻസിസ്‌ അത്തരത്തിൽ ദേഹവും മനസ്സും ആത്മാവും പരിവർത്തിതനായ ഒരാളായിരുന്നു.

 ‘‘എന്റെ ദേഹം എനിക്ക്‌ എന്നും അനുസരണ വിധേയമായിരുന്നു. എന്റെ നിർദേശങ്ങൾ അതുപാലിച്ചു. യേശുക്രിസ്തുവിനെ സേവിക്കുന്നതിന്‌ ഞാനും എന്റെ ദേഹവും ഒന്നായിരുന്നു’’ എന്നദ്ദേഹം പറയുന്നുണ്ട്‌. യേശുവിന്റെ പഞ്ചക്ഷതങ്ങൾ, തിരുമുറിവുകൾ സ്വന്തം ദേഹത്തിലും ആന്തരികസത്തയിലും അനുഭവപ്പെടുന്ന തരത്തിൽ അദ്ദേഹത്തിന്റെ ദേഹവും ബോധവും മാറ്റുകയായിരുന്നു. 

ഇപ്രകാരം മനുഷ്യരാശിയിലുള്ള ഓരോ സോദരനും സോദരിയും മൃഗബോധത്തിൽനിന്ന്‌ മാനവബോധത്തിലേക്കും ദിവ്യബോധത്തിലേക്കും എത്താനുള്ള യേശുവിന്റെ ദിവ്യപ്രബോധനത്തെ തന്റെ ശ്വാസനിശ്വാസത്തിലൂടെ കാണിച്ചുകൊടുക്കാൻ എളിയവനും സാധാരണക്കാരനുമായ ഒരാളെ, ഫ്രാൻസിസിനെ പ്രപഞ്ചത്തിന്റെ അദൃശ്യമായ ദിവ്യബോധം നിയോഗിക്കുകയായിരുന്നു. സെയ്‌ന്റ്‌ ഫ്രാൻസിസിന്റെ ജീവിതത്തിലെ എണ്ണമറ്റ അനുഭവങ്ങൾ ഇതിനെ ഉദാഹരിക്കും.

അത്തരത്തിലൊന്ന്‌ തന്റെ ആത്മീയ സോദരനായ ബർണാദിനെ കാണാൻ പോയതിനെത്തുടർന്നുണ്ടാകുന്നു. ബർണാദ്‌ ധ്യാനത്തിൽ മുഴുകിയിരുന്നതിനാൽ ഫ്രാൻസിസിന്റെ സാന്നിധ്യം അദ്ദേഹം അറിഞ്ഞതേയില്ല. ഇതിൽ വിഷമിച്ച്‌ തിരിച്ചുപോയ ഫ്രാൻസിസിന്‌, ധ്യാനത്തിൽ ബർണാദ്‌ തീർത്തും ദൈവികതയിൽ മുഴുകിപ്പോയതുകൊണ്ടാണ്‌ തന്റെ സാന്നിധ്യത്തെ അറിയാതെ പോയത്‌ എന്ന സന്ദേശം ലഭിക്കുകയും അപ്രകാരം തിരിച്ചെത്തിയ ഫ്രാൻസിസ്‌ ബർണാദിനോട്‌ ഇപ്രകാരം അപേക്ഷിക്കുന്നു.

‘‘എന്റെ അഹങ്കാരം ശിക്ഷിക്കപ്പെടണം, അതുകൊണ്ട്‌ ഞാൻ പറയുന്നതുപോലെ താങ്കൾ ചെയ്യണം. ഞാനിവിടെ മലർന്നുകിടക്കും. താങ്കൾ ഒരു കാൽ എന്റെ കഴുത്തിലും മറ്റേത്‌ മുഖത്തും ചവിട്ടി മൂന്നുവട്ടം കുറുകെ കടക്കണം. അപ്പോൾ എന്നെ നിന്ദിച്ചുകൊണ്ട്‌ പറയണം. ഹേ, നികൃഷ്ടനായ ചെറിയ മനുഷ്യാ. നിന്റെ അഹങ്കാരം കൂടിപ്പോകുന്നു.’’ വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെയാണ്‌ ബർണാദ്‌ ഫ്രാൻസിസിന്റെ കല്പന അനുസരിച്ചത്‌. ചൈനക്കാരുടെ ബുദ്ധനായ ലാവോത്സു മനുഷ്യന്റെ ഏറ്റവും വലിയ മഹിമ താഴ്‌മയിൽ ജീവിക്കലാണ്‌ എന്നു പറയുന്നതിനെ സെയ്‌ന്റ്‌ ഫ്രാൻസിസിനോളം ഉദാഹരിക്കുന്ന ഒരാളും ഭൂമിയിൽ പിറന്നിട്ടുണ്ടാവില്ല.

മറ്റെല്ലാവരെക്കാളും അധികം ദരിദ്രനാകാൻ അദ്ദേഹം ആഗ്രഹിച്ചു. വീടുകൾ തോറും പോയി യാചിച്ചുകിട്ടുന്ന ഭക്ഷണമാണ്‌ അദ്ദേഹം പതിവായി കഴിച്ചിരുന്നത്‌. ഒരുടുപ്പുമാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. തന്നെക്കാൾ ദാരിദ്ര്യമുള്ളവരെ കണ്ടാൽ ഉടൻ തന്റെ ഉടുപ്പൂരി അയാൾക്ക്‌ സമ്മാനിച്ചിരുന്നു. യേശുവിന്റെയും അവിടുത്തെ അമ്മയുടെയും ദാരിദ്ര്യത്തെപ്പറ്റി കണ്ണീർവാർത്തുകൊണ്ട്‌ അദ്ദേഹം സദാ ധ്യാനിച്ചിരുന്നു. രോഗിയായപ്പോൾ ആരൊക്കെയോ പ്രേരിപ്പിച്ച്‌ കോഴിസൂപ്പു കഴിച്ചുപോയതിൽ കുറ്റബോധമുണ്ടായ ഫ്രാൻസിസ്‌ ശിഷ്യരെക്കൊണ്ട്‌ തന്റെ കഴുത്തിൽ കയറിട്ട്‌ ‘‘ഇതാ തപസ്സുചെയ്യുന്നവനെന്നു പറയുകയും ആരുമറിയാതെ കോഴിസൂപ്പുകുടിക്കുകയും ചെയ്ത കൊതിയൻ’ എന്നു പറഞ്ഞ്‌ തെരുവിൽ നടത്തിച്ച്‌ സ്വയം ശിക്ഷിക്കുകയുണ്ടായി. 

ദൈവത്തെ കാണാൻ നിങ്ങൾ ‘നിങ്ങളിലെ നിങ്ങളെ’ അഹത്തെ ഉന്മൂലനം ചെയ്യുക. ഒരാളിൽ ഞാൻ ഏതുവരെ ഉണ്ടോ അതുവരെ ദൈവത്തെ കാണാനാവില്ല. എന്ന്‌ അദ്ദേഹം പറഞ്ഞു. ദൈവത്തെ സമ്പർക്കപ്പെടണമെങ്കിൽ നാം ദൈവത്തെപ്പോലെയാകണം എന്നു കാണിച്ചുതന്ന ഒരു മഹാജീവിതം. അതുതന്നെയായിരുന്നു സെയ്‌ന്റ്‌ ഫ്രാൻസിസിന്റെ ഏറ്റവും വലിയ പ്രാർഥന. ദൈവത്തോട്‌ ദൈവമല്ലാത്തതുചേരില്ല. വെള്ളവും പെട്രോളും ചേരാത്തതുപോലെ ദൈവവും സ്നേഹമറ്റ മനസ്സും ഒന്നിച്ചുചേരില്ല. 

പ്രാണികുലവുമായി, പക്ഷികുലവുമായി, വൃക്ഷകുലവുമായി അദ്ദേഹത്തിനുണ്ടായിരുന്ന സ്നേഹം അദ്ദേഹം ഇരിക്കുമ്പോഴും നിൽക്കുമ്പോഴും ഉറങ്ങുമ്പോഴുമൊക്കെ അദ്ദേഹത്തിനുചുറ്റും സ്നേഹത്തിന്റെ അതിരറ്റ ഒരാകാശമായി നിലനിന്നു. ‘‘അല്പം വിതയ്ക്കുന്നവൻ അല്പം മാത്രം കൊയ്യും. അധികം വിതയ്ക്കുന്നവൻ അധികം കൊയ്യും’’. (കൊറി. 9:6) സ്നേഹത്തിന്റെ വിത്തുകൾ അധികം വിതയ്ക്കുകയും അത്‌ അധികം കൊയ്യുകയും ചെയ്ത ‘സ്നേഹയോഗി’യായിരുന്നു ഫ്രാൻസിസ്‌ പുണ്യവാളൻ. യേശുവിനെപ്പോലെത്തന്നെ തന്റെ ജീവിതത്തിലെ ഓരോ നിമിഷവും അദ്ദേഹം സ്നേഹത്തിന്റെ നിറവിൽ ജീവിക്കുകയും മരിക്കുകയും ചെയ്തു.