അമ്മകന്യാമണി തന്റെ നിര്‍മ്മലദുഃഖങ്ങളിപ്പോള്‍ നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും. ദുഃഖമൊക്കെ പറവാനോ വാക്കു പോരാ മാനുഷര്‍ക്ക് ഉള്‍ക്കനെ ചിന്തിച്ചുകൊള്‍വാന്‍ ബുദ്ധിയും പോരാ... എന്മനോവാക്കിന്‍വശംപോല്‍ അമ്മകന്നി തുണയെങ്കങ്കില്‍ പറയാമല്‍പ്പം...                                                                        അമ്പതുനോമ്പുകാലങ്ങളില്‍ ക്രിസ്തീയ ഭവനങ്ങളില്‍ നിന്ന് പുത്തന്‍പാനയിലെ വരികളുയരും. ലോകസൃഷ്ടിമുതല്‍ യേശുക്രിസ്തുവിന്റെ ജനനമരണോത്ഥാനങ്ങള്‍വരെയുള്ള സംഭവങ്ങളാണ് പുത്തന്‍പാനയുടെ പ്രമേയം. 

പുത്തന്‍പാനയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി കരുതപ്പെടുന്നത് പത്ത്, പതിനൊന്ന്, പന്ത്രണ്ട് പാദങ്ങളാണ്. അതില്‍ത്തന്നെ വ്യാകുലമാതാവിന്റെ വിലാപമായ പന്ത്രണ്ടാം പാദമാണ് പുത്തന്‍പാനയിലെ ഹൃദയസ്പര്‍ശിയായിട്ടുള്ള ഭാഗം. 

ജര്‍മന്‍ മിഷനറിയായിരുന്ന അര്‍ണോസ് പാതിരിയാണ് പുത്തന്‍പാനയുടെ രചയിതാവ്. ഒരു ജര്‍മന്‍കാരനായിരുന്ന അദ്ദേഹം 1699ലാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ദൈവികപട്ടം സ്വീകരിച്ച ശേഷം തൃശൂരിനടുത്ത് താമസമാക്കിയ പാതിരി മലയാളത്തിലും സംസ്‌കൃതത്തിലും പ്രാവീണ്യം നേടിയെടുത്തു. മതപ്രചാരണാര്‍ത്ഥമായിട്ടാണ് പാതിരി പാന രചിച്ചത്. 1500ല്‍പരം വരികളിലായി പതിനാലുപാദങ്ങളാണ് പുത്തന്‍പാനയിലുള്ളത്. പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനയുടെ മാതൃകയിലാണ് പുത്തന്‍പാനയുടെ രചന. 

പുത്തന്‍പാന എന്നതിനുപുറമെ, മിശിഹായുടെ പാന, രക്ഷാചരിത കീര്‍ത്തനം എന്നും ഈ കൃതി അറിയപ്പെടുന്നു. പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനയുടെ ചുവടുപറ്റിയാണ് പുത്തന്‍ പാനയുടെ രചനയെന്ന് പറയപ്പെടുന്നു. അക്കാലത്തെ കൃതികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ ലളിതമായ ഭാഷയിലാണ് പാന എഴുതപ്പെട്ടിട്ടുള്ളതെന്ന് കാണാം. സംസ്‌കൃതപദങ്ങളുടെ ധാരാളിത്തവുമില്ല. തികച്ചും സാധാരണക്കാരുടെ ഭാഷയിലെഴുതാന്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടുമുണ്ട്. കാവ്യകുലപതികളായ ചെറുശ്ശേരി, എഴുത്തച്ഛന്‍ എന്നിവരുടെ മലയാളത്തെ അപേക്ഷിച്ചുനോക്കുമ്പോള്‍ ദ്രാവിഡ പ്രയോഗങ്ങള്‍ നിറഞ്ഞതാണ് അര്‍ണോസ് പാതിരിയുടെ മലയാളം. 

ആദ്ധ്യാത്മികതയുമായി ഇഴുകിച്ചേര്‍ന്ന പുത്തന്‍പാനയിലെ പത്താം പാദത്തിലെ 'പുളിയാത്തപ്പം തിന്നേണ്ടും മുമ്പിലെ' എന്ന ഈരടിയും മരിച്ച യേശുവിനെ കുറിച്ചുള്ള മാതാവിന്റെ വിലാപമായ പന്ത്രണ്ടാം പാദത്തിലെ 'അമ്മകന്യാമണിതന്റെ നിര്‍മ്മല' എന്ന ഈരടിയും പഴയ തലമുറക്കാര്‍ക്ക് ഹൃദിസ്ഥമാണ്.