ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം അനുസ്മരിച്ച് ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ് വിശ്വാസി സമൂഹം. ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മാഈലിന്റെയും ജ്വലിക്കുന്ന ഓര്‍മകള്‍ക്കു മുന്നിലാണ് ഇന്ന് വിശ്വാസിലോകം പെരുന്നാള്‍ ആഘോഷിക്കുന്നത്.

പ്രവാചകന്‍ ഇബ്രാഹിം നബി പുത്രന്‍ ഇസ്മാഈലിനെ നാഥന് ബലി നല്‍കാന്‍ തയ്യാറായ സമര്‍പ്പണത്തെയും വിശ്വാസത്തെയുമാണ് ബലി പെരുന്നാള്‍ അനുസ്മരിപ്പിക്കുന്നത്. ഇന്നലെ സായാഹ്നത്തോടെ അന്തരീക്ഷത്തില്‍ മുഴങ്ങിയ തക്ബീര്‍ ധ്വനികളോടെ മുസ്ലിം ലോകം പെരുന്നാള്‍ ദിനത്തെ വരവേറ്റു.  ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള 20 ലക്ഷത്തോളം വിശ്വാസികള്‍ ഹജ്ജ് കര്‍മത്തിന്റെ ധന്യതയിലാണ് ഇന്ന്.

പെരുന്നാളിനൊപ്പം ഓണം കൂടി കടന്ന് വന്നതോടെ കേരളീയരാകെ ആഘോഷ തിമിര്‍പ്പിലാണ്. ആഘോഷങ്ങളെ എപ്പോഴും ഓര്‍മ്മിച്ചെടുക്കുന്നതിലാണ് അതിന്റെ ആഴം തിരിച്ചറിയുക. 

മാസപ്പിറവി കണ്ട് പത്താം നാളാണ് പെരുന്നാള്‍ എന്നത് കൊണ്ട് ബലിപെരുന്നാളിന് ചെറിയ പെരുന്നാളിനെ അപേക്ഷിച്ച് ഒരുക്കങ്ങള്‍ നടത്താനുള്ള സമയം ഏറെയുണ്ട്‌. എന്നിരുന്നാലും പുതിയ കുപ്പായം..എണ്ണ തേച്ച് കുളി...വാസന സോപ്പുമൊക്കെ മനസ്സിലേക്ക് ഓടിയെത്തുമ്പോള്‍ കുട്ടിക്കാലത്ത് ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. പെരുന്നാളിന് പള്ളിയില്‍ പോകുമ്പോള്‍ ഇടാനുള്ള പുത്തന്‍ കുപ്പായത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകില്ല. അന്നൊക്കെ വര്‍ഷത്തിലൊരിക്കല്‍ പെരുന്നാളിന് മാത്രമാണ് പുതിയ കുപ്പായം കിട്ടുന്നത്. അത് തയ്ച്ചുകിട്ടാന്‍ തുന്നല്‍ക്കാരന്റെ കടയുടെ മുന്നില്‍ ഒരു രാവ് മുഴുവന്‍ കാത്തുനിന്നിട്ടുണ്ട്.  മദ്രസയും സ്‌കൂളും കഴിഞ്ഞ് കടക്ക് മുന്നിലൂടെ പോകുമ്പോള്‍ ഹാംഗറുകളില്‍ എന്റെ കുപ്പായം തയ്ച്ച് വെച്ചിട്ടുണ്ടോയെന്ന് എപ്പോഴും നോക്കിക്കൊണ്ടിരിക്കും.  അതേ കളറിലുള്ള കുപ്പായങ്ങള്‍ കടയില്‍ തൂങ്ങിക്കിടക്കുന്നത് കാണുമ്പോള്‍ കൂട്ടുക്കാര്‍ക്ക് ഇടയിലുള്ള ഒന്നിനെ ചൂണ്ടിക്കാണിച്ച് എന്റേതാണെന്ന് പറയും.  

perunnal
നല്ല വാസനയുള്ള സോപ്പിട്ട് കുളിച്ച ശേഷം പുതിയ കുപ്പായത്തില്‍ അത്തറും പുരട്ടി പള്ളിയിലേക്ക് പോകാനുള്ള ഉത്സാഹം ഒന്നുവേറെ തന്നെയായിരുന്നു. പഞ്ഞി ചെറിയ കുരു പോലെയാക്കി അതിലാണ് അത്തര്‍ പുരട്ടുന്നത്. സെന്റ് മണക്കുന്ന പഞ്ഞിക്കുരു ചെവിയിടുക്കില്‍ തിരുകിവെച്ച് പള്ളിയിലേക്ക് പോകുന്നത് വലിയ ഗമയായിരുന്നു.  സുബ്ഹ് ബാങ്കിന് മുന്നേ ഉമ്മയും വല്യുമ്മയുമൊക്കെ എണീറ്റിട്ടുണ്ടാകും. അടുപ്പത്ത് നിന്ന് പോത്തിറച്ചി  തിളച്ച്‌ വെന്തതിന്റെ ഗന്ധം മൂക്കിലേക്ക് അടിച്ചാണ് രാവിലെ ഞാന്‍ എണീക്കുക. വീട്ടിലെ എല്ലാ കുട്ടികളും ഈ സമയത്ത് എണീക്കും. ആട്ടിയ വെളിച്ചെണ്ണയുടെ കീടം ശരീരത്തില്‍ തേക്കലാണ് ആദ്യ പടി. വല്യുമ്മ എല്ലാവരുടേയും ശരീരത്തില്‍ തേച്ച് പിടിപ്പിക്കും. പൂര്‍ണ്ണ നഗ്നരായി പിന്നെ വീടിന് ചുറ്റും നടക്കലാണ് പണി. 

ഒരു മണിക്കൂര്‍ കഴിഞ്ഞ് എല്ലാവരുമായി വല്യുമ്മ പുഴയിലേക്ക്. കുളിക്കഴിഞ്ഞ് എത്തുമ്പോഴേക്കും ബിരിയാണിയുടെ മണം മൂക്കില്‍ കയറും. തത്കാലം പള്ളിയില്‍ പോകുന്നതിന് മുമ്പ് പത്തിരിയില്‍ അഡ്ജസ്റ്റ് ചെയ്യും. ഇസ്തിരിഇട്ടുവെച്ച പുത്തന്‍ കുപ്പായത്തിന്റെ ഓരോ ബട്ടണും സൂക്ഷിച്ചാണ് ഇടുക. കുപ്പായം ചുളിയാണ്ടിരിക്കാനാണ് ഇത്. ശേഷം വല്യുപ്പാടെ മുന്നിലെത്തും.  വല്യുപ്പയാണ് അത്തര്‍ പുരട്ടി തരുന്നത്. മരപ്പെട്ടിയുടെ മൂലയില്‍ നിന്ന് ഒരു ചെറിയ കുപ്പിയില്‍ പനിനീര്‍ ഗന്ധമുള്ള അത്തര്‍ കുപ്പായത്തിലും ടവ്വലിലും പുരട്ടി തരും. ശേഷം വല്യുപ്പയോടൊപ്പം പള്ളിയിലേക്ക്. പോകുന്ന വഴിക്ക് എല്ലാവരും പരസ്പരം ഡ്രസുകളിലേക്കാണ് നോക്കി കൊണ്ടിരിക്കുന്നത്.  

പലതരത്തിലുള്ള അത്തറുകളുടെയും പുത്തന്‍ കുപ്പായത്തിന്റെയും മിശ്രിത ഗന്ധം പള്ളിയിലാകെ പരക്കും. തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായി അന്തരീക്ഷത്തില്‍ ഈ ഗന്ധങ്ങള്‍ ഇടകലരുന്നതാണ് ഇന്നും പെരുന്നാളെന്ന് കേള്‍ക്കമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത്. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് ഒമ്പത് മണി ആകുമ്പോഴേക്കും വീട്ടില്‍ തിരിച്ചെത്തിയിരിക്കും. അപ്പോഴേക്കും ചോറ് വിളമ്പാനുള്ള തയ്യാറെടുപ്പുകളായി. ഉമ്മയും വല്യുമ്മയും എളാമയുമൊക്കെ പുത്തന്‍ മാക്‌സിയിലെത്തിയിട്ടുണ്ടാകും. ആദ്യം ഓരോ ഗ്ലാസ് പായസം കുടിക്കും. ഗോതമ്പോ, സേമിയയോ കൊണ്ടുണ്ടാക്കിയ പായസം. ഉമ്മറത്തെ ടേബിള്‍ മാറ്റിവെച്ച് താഴെ പായ വിരിച്ച് എല്ലാവരും കൂടിയാണ് ഭക്ഷണം കഴിക്കാനിരിക്കുക. നെയ്‌ച്ചോറായാലും ബിരിയാണി ആയാലും വലിയ പപ്പടം നിര്‍ബന്ധമാണ്. ഭക്ഷണം കഴിച്ചതിന് ശേഷം ഉമ്മാടെ വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പായി. ഇതിനിടയില്‍ അമ്മായിടെ വീട്ടില്‍ പോയി പായസം കുടിച്ച് വരും. 

പെരുന്നാള്‍ ദിനത്തേക്കാള്‍ ആവേശമാണ് പെരുന്നാള്‍ രാവുകള്‍ക്ക്. രാത്രി അങ്ങാടികളിലേക്ക് പോകാന്‍ അനുമതി ഉള്ള ദിവസം. ഇറച്ചിക്കും പച്ചക്കറിക്കുമായി കൂട്ടുകാരാടൊപ്പം ടോര്‍ച്ചു തെളിയിച്ചുള്ള പോക്ക് ഓര്‍മകളില്‍ വേറിട്ട് നില്‍ക്കുന്നു. കൂട്ടുകാരുടെ വീടുകളെല്ലാം അടുത്തടുത്താണ്. ഒരു വീട്ടില്‍ നിന്നിറങ്ങി മതിലുകളില്ലാത്ത പറമ്പിലൂടെ അടുത്ത വീട്ടിലെത്തും. അന്ന് രാത്രി മൂന്നും നാലും വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കും. 

പെരുന്നാള്‍ രാവുകളില്‍ പെണ്‍കുട്ടികളുടെ ഉള്ളുനിറയെ മൈലാഞ്ചിച്ചോപ്പിന്റെ ചന്തം നിറയും. കൈനിറയെ വിവിധ ഡിസൈനുകളിലെ മൈലാഞ്ചിച്ചിത്രങ്ങള്‍കൊണ്ട് മൊഞ്ചണിയാനുള്ള തിരക്കിലായിരുന്നു എല്ലാവരും. പെരുന്നാള്‍ തലേന്ന് മണിക്കൂറുകളെടുത്തണിഞ്ഞ മൈലാഞ്ചിയുടെ ഭംഗി ഉറപ്പുവരുത്താത്തതിനാല്‍ പലര്‍ക്കും സമാധാനമില്ലായിരുന്നു. പെരുന്നാളാഘോഷം പൂര്‍ണമാകണമെങ്കില്‍ പെണ്‍കുട്ടികള്‍ മൈലാഞ്ചിച്ചോപ്പണിയുകതന്നെ വേണം.