ഒരിക്കൽ ഒരമ്മ ഗുരുറാബി ബാൽഷേമിന്റെ അടുത്തുവന്നു ചോദിച്ചു: ‘‘എന്റെ മകൻ ദൈവത്തിൽനിന്ന് അകന്നുപോയിരിക്കുന്നു. ഞാനെന്തുചെയ്യണം?’’
ബാൽഷേമിന്റെ മറുപടി ഇതുമാത്രമായിരുന്നു: ‘‘അവനെ അതിരറ്റു സ്നേഹിക്കുക’’. സന്മാർഗത്തിൽനിന്ന്, നേരിൽനിന്ന്, വെളിച്ചത്തിൽനിന്ന്, നിങ്ങളുടെ മകൻ അകന്നുപോകുന്നതിനുള്ള ഒരേയൊരു ചികിത്സ അവനെ അതിരറ്റു സ്നേഹിക്കുകയെന്നതുമാത്രമാണ്. അവന്റെ സന്തോഷം നിങ്ങളുടെതിനേക്കാൾ പ്രധാനമായിരിക്കട്ടെ. എല്ലാ പ്രശ്നങ്ങളുടെയും നേരെയുള്ള ഒരാളുടെ സമീപനം ഇതായിരിക്കണം.
ഇതിലധികം ഫലപ്രദമായി, കലാത്മകമായി, തൃപ്തികരമായി ജീവിതത്തെ ഏകതയിൽ നിർത്താനുതകുന്നതായി മറ്റൊന്നുമില്ല. ഇതൊരു ജീവിതസമീപനമായിരുന്നാൽ ഇതിൽനിന്ന് എല്ലാം വിരിയും, ഫലിക്കും.
‘‘അമ്മ ഒരേയൊരു കുഞ്ഞിനെ സ്നേഹിക്കുന്നതുപോലെ ഈ ലോകത്തിലെ മുഴുവൻ ജീവജലങ്ങളെയും സ്നേഹിക്കുക...’’ എന്ന് ബുദ്ധൻ.‘സ്നേഹിക്കുക’ എന്നാൽ ‘അറിയുക’ എന്നാണർഥം.
സോക്രട്ടീസിനെപ്പറ്റി കേട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ‘‘എനിക്ക് ചെറുപ്പമായിരുന്നപ്പോൾ ‘ഞാൻ അറിഞ്ഞു’ എന്ന് ഞാനറിഞ്ഞു. ഞാൻ കൂടുതൽ പക്വതയാർജിച്ചപ്പോൾ ‘എനിക്ക് അധികം അറിയില്ല’ എന്നു തോന്നാൻ തുടങ്ങി. ഞാൻ അധികമധികം പക്വതനേടിയപ്പോൾ ‘എനിക്ക് ഒന്നുമറിയില്ല’ എന്നു ഞാൻ അറിയാൻ തുടങ്ങി. എനിക്ക് ഒന്നു മാത്രമറിയാം. ‘എനിക്ക് ഒന്നുമറ്ിയില്ല’ എന്ന്. ഇത് പ്രഖ്യാപിച്ച ദിവസം ഡെൽഫി ദേവാലയം അദ്ദേഹത്തെ മഹാജ്ഞാനിയെന്നു വാഴ്ത്തി.
‘അറിയില്ല’ എന്നതാണ് മഹത്തായ അറിവ്! സോക്രട്ടീസിന്റെ ‘അറിവില്ലായ്മ’, എല്ലാമറിഞ്ഞ ഒരാളുടെ അറിവുകൾക്കപ്പുറമാണ് അറിവെന്ന വെളിവാണ്. നമ്മുടേത് ജീവിതത്തിന്റെ സ്ഥൂലയാഥാർഥ്യങ്ങൾക്കപ്പുറത്തുള്ള സൂക്ഷ്മവെളിച്ചമൊന്നും കാണാത്തതിലെ അജ്ഞതയാണ്.
ഇന്ന് ലോകത്ത് നിലനിൽക്കുന്ന വിദ്യാഭ്യാസംകൊണ്ട് ജീവിതത്തിന്റെ അഗാധതയനുഭവിക്കാൻ ഒരാൾക്കാവുന്നില്ല. അർഥവത്തായ ഒരു ചോദ്യത്തിനുപോലും ഇതുകൊണ്ടുത്തരം കിട്ടുന്നില്ല. നമുക്കറിയില്ല എന്നതാണ് ഇന്നത്തെ ജീവിതത്തിന്റെ ഒരേയൊരു തത്ത്വശാസ്ത്രം.
വിദ്യാഭ്യാസവൃക്ഷത്തിന് ഇരു കനികളാണ്. സ്നേഹവും ജ്ഞാനവും. വൃക്ഷത്തിന്റെ ഇലകൾ, പൂക്കൾ, കനികളെല്ലാം കാണാവുന്നതത്രേ. വേരുകൾ, പക്ഷേ, ഭൂമിക്കടിയിലാണ്. അജ്ഞാതമായിടത്ത്, അദൃശ്യമായിടത്ത്. കാണാൻകഴിയുന്ന വേരുകൾക്കപ്പുറത്ത് കാണാനാവാത്ത വേരുകൾ വേറെയും കാണും. വിശ്വജീവിതവുമായി കണ്ണി ചേർക്കപ്പെട്ട ജീവിതത്തിന്റെ കേന്ദ്രം അജ്ഞാതമാണെന്നുമാത്രമല്ല, അറിയാനാവാത്തതുമത്രേ. അതിലേക്ക് തലച്ചോറുകൊണ്ട് സൂത്രങ്ങൾക്കൊണ്ട്, മത്സരബുദ്ധികൊണ്ട്, സാമർഥ്യംകൊണ്ട്, ഒരാൾക്കും കടന്നുചെല്ലാനാവില്ല. സ്നേഹംകൊണ്ട്, മൗനംകൊണ്ട്, ഉൾക്കാഴ്ചകൊണ്ട്, ഹൃദയംകൊണ്ട് അവിടേക്ക് എത്തിനോക്കാനാവും.
യഥാർഥത്തിൽ വിദ്യാഭ്യാസം എന്നാൽ ‘അറിവിന്റെ അപ്പം സ്നേഹത്തിന്റെ തേനിൽമുക്കി കഴിക്കുക’ എന്നാണ്. ‘ജീവിക്കുക’യെന്ന കലയത്രേ മറ്റേതു കലകളെക്കാളുമേറെ ശ്രേഷ്ഠമായ കല. ഒരു കവിതയെഴുതുന്നതിനേക്കാൾ, അല്ലെങ്കിൽ ഒരു ചിത്രം വരയ്ക്കുന്നതിനേക്കാൾ മഹത്തായ കലയാണിത്. ലോകത്തിലെ എല്ലാ ക്ഷേത്രങ്ങളെക്കാളും പള്ളികളെക്കാളും പാവനമത്രേ അത്. ഈ കല പഠിപ്പിച്ചുതരാൻ ഒരാൾക്കുമാവില്ല. ജീവിതകലയെന്നാൽ ഭയമുക്തമായി, പ്രശ്നരഹിതമായി, സംഘർഷരഹിതമായി ജീവിക്കാൻ പഠിക്കുകയെന്നത്രേ.
വിദ്യാഭ്യാസത്തിൽ അതിമാനുഷികതയിലേക്കുള്ള ക്രമമായ ഒരു പരിവർത്തന പ്രക്രിയയുണ്ട്. ചിന്തകളുടെ അതിരുകൾപ്പുറത്തേക്ക് പോകുമ്പോൾ മനുഷ്യന്റെ അവബോധം അതിമാനവീയമാകുന്നു. മൃഗീയതയിൽനിന്ന് മാനവീയതയിലേക്കും അവിടെനിന്ന് അതിമാനവീയതയിലേക്കും വ്യക്തികളെ ഉണർത്താൻ കഴിയുമ്പോൾ വിദ്യാഭ്യാസം പ്രപഞ്ചത്തിലെ മുഴുവൻ ചരാചരങ്ങൾക്കും നേരെയുള്ള സ്നേഹത്തിന്റെ പുതിയൊരവബോധം സൃഷ്ടിക്കുന്നു. അത്തരം ഒരവബോധത്തിൽ സംഘർഷമില്ല, ഭയമില്ല, ഇരുളില്ല.
രണ്ട് ‘ലോകത്തിലൊരു കുട്ടിയെങ്കിലും മനോവേദനയോടെ ജീവിക്കുവോളം നാം വലുതെന്നു ഘോഷിക്കുന്ന ശാസ്ത്രത്തിന്റെ കണ്ടുപിടിത്തവും പുരോഗതിയും മതാത്മകമായ ഒരു പ്രവർത്തനവും മഹത്തായതല്ല’ -ആൽബർട്ട് ഐൻസ്റ്റൈൻ
ശരിയായ വിദ്യാഭ്യാസം ഒരു ജീവിതകാലം മുഴുവൻ പൂർണമായും സംഘർഷമറ്റ ഒരുമനസ്സോടെ ജീവിക്കാൻ സഹായിക്കുന്നതാവണം ഒരാൾക്കു തൊഴിൽ കണ്ടെത്താൻ സഹായിക്കുന്നതല്ല ശരിയായ വിദ്യാഭ്യാസം. വിദ്യാഭ്യാസം എന്നത് ഒരധ്യാപകനിൽനിന്ന് കേവലം അറിവ് ശേഖരിച്ചുവെയ്ക്കലോ ഒരു പുസ്തകത്തിൽനിന്ന് കണക്ക് പഠിക്കലോ രാജാക്കന്മാരെപ്പറ്റിയും മറ്റും ചരിത്രത്തിലെ തീയതികൾ മനഃപാഠമാക്കലോ അല്ല. പരീക്ഷ ജയിക്കലുമല്ല.
ബുദ്ധിക്ക്, സാമർഥ്യത്തിന്, മത്സരത്തിന്, തൊഴിലിന് പ്രാധാന്യംകൊടുക്കുന്ന ഒരു വിദ്യാഭ്യാസ ദർശനത്തിന്റെ ഫലമത്രേ ലോകംമുഴുവൻ ഇന്നുനേരിടുന്ന പ്രതിസന്ധി. മനുഷ്യരാശിയാകെ മാത്സര്യം, വിജയം, നേട്ടം എന്നതിൽ കേന്ദ്രീകരിച്ചിരിക്കുന്നു. തീവ്രമായ ഉത്കർഷേച്ഛയുള്ള മനുഷ്യൻ ആദരണീയനായി കരുതപ്പെടുന്നു. അതിമോഹമുള്ള, അസൂയയുള്ള മനുഷ്യൻ വിജയം പിടിച്ചടക്കുന്നു. ഏറ്റവും ഉയരത്തിലെത്താൻ എന്തും ചെയ്യുന്നു. വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടന്നുവരുന്ന മത്സരങ്ങളെല്ലാം കുട്ടികളെ ബാഹ്യമായി അക്രമികളും ഹിംസാത്മകരും കള്ളത്തരങ്ങളുള്ളവരുമാക്കുകയാണ്.
അവരെ ആന്തരികമായ സംഘർഷത്തിലേക്കും വേദനയിലേക്കും നിസ്സഹായതയിലേക്കും വലിച്ചെറിയുകയാണ്. അതിൽനിന്ന് അവരുടെ സ്വത്വത്തിനേൽക്കുന്ന മുറിവുകൾക്ക് മരുന്നൊന്നും കിട്ടാതെവരുമ്പോൾ, അപ്പോൾ മാത്രമാണ് ഏറ്റവും ആഹ്ലാദത്തോടെ കൊണ്ടാടേണ്ട തന്റെ കൗമാരപ്രായത്തിൽത്തന്നെ ‘ഈ ജീവിതമെനിക്കു വേണ്ടയേ, ഞാൻ പോകുന്നു’ എന്നു പറഞ്ഞുകൊണ്ട് ലോകത്തിലെ കുട്ടികൾ ആത്മഹത്യചെയ്യാൻ തുടങ്ങിയത്.
എടവണ്ണയിലെ അധ്യാപകനും എഴുത്തുകാരനും ഉറ്റമിത്രവുമായ അബ്ദുള്ളക്കുട്ടി തന്റെ സ്കൂളിലെ ഒരാറാംതരക്കാരൻ സ്കൂളിനടുത്തുള്ള ഒരു പഴയ കെട്ടിടത്തിനുള്ളിൽ ‘എന്റെ മാഷ് നല്ലൊരാളാണ്’ എന്നെഴുതിവെച്ച് തൂങ്ങിമരിച്ചതിനെപ്പറ്റി ആയിടെ എഴുതിയ കത്ത് നമ്മുടെ കാലത്തും കുട്ടികൾ സ്നേഹം കിട്ടാതെ എങ്ങനെ ഈ നശിച്ച ജീവിതത്തിൽനിന്ന് ഓടിപ്പോകുന്നുവെന്ന് ഓർമിപ്പിക്കുന്നതായിരുന്നു. എന്തോ ഒരു ചെറിയ തെറ്റിന്റെ പേരിൽ സ്കൂളിൽനിന്ന് പുറത്താക്കപ്പെട്ട അവൻ മൂന്നാഴ്ചയിലധികം ക്ളാസിൽ കയറാനാവാതെ സ്കൂളിന്റെ പരിസരങ്ങളിൽ വന്നു നിന്നിരുന്നുവത്രെ. അവനുവേണ്ടി വക്കാലത്തുപറയാൻ വീട്ടിൽനിന്ന് ആരെങ്കിലുമൊന്ന് വരണമെന്നേ മാഷിനുണ്ടായിരുന്നുള്ളൂ.
‘‘നീയല്ലേ തെറ്റുചെയ്തത്? നീ തന്നെയതു പറഞ്ഞാൽ മതി’’ എന്നു പറഞ്ഞ് അമ്മയും അച്ഛനും അവനെ ഉപേക്ഷിക്കുകയായിരുന്നു. തൂങ്ങിമരിക്കുന്ന ദിവസം രാവിലെത്തന്നെ സ്കൂളിലെത്തി, തന്റെ സഹപാഠികളെയൊക്കെ കാണുകയും കുട്ടികളൊക്കെ ഉച്ചഭക്ഷണംകഴിച്ച് കളിതമാശകൾ പറഞ്ഞ് സ്കൂൾമുറ്റത്ത് എല്ലാംമറന്ന് സന്തോഷിക്കുമ്പോൾ അവൻ വേദനയോടെ ഏറെ നേരമത് നോക്കി നിൽക്കുകയും പിന്നീട് സ്കൂളിനടുത്തുള്ള പരിചയമുള്ള ഒരു കച്ചവടക്കാരനോട് തനിക്കുവേണ്ടി മാഷെയൊന്നു കണ്ടു സംസാരിക്കുമോ എന്നു ചോദിച്ചപ്പോൾ അയാളത് അല്പംപോലും ഗൗനിക്കാതെ അവഗണിക്കുകയായിരുന്നു. അങ്ങനെ തനിക്കുമുന്നിൽ വീടും നാടും സ്കൂളും പൂർണമായി വാതിലടച്ചപ്പോൾ ആ കുട്ടിയനുഭവിച്ച വേദന, തീ നമുക്ക് സങ്കല്പിക്കാനാവില്ല.
മരിക്കാൻ പോകുമ്പോൾപ്പോലും താൻ കാരണം തന്റെ മാഷ്ക്ക് ഒരു ചീത്തപ്പേരു വരാതിരിക്കാനായി ‘എന്റെ മാഷ് നല്ലൊരാളാണ്’ എന്നെഴുതിവെച്ചതിലെ സ്നേഹം, വെളിച്ചം മുതിർന്നവരായ നമുക്ക് കാണാനായില്ലല്ലോ എന്നോർക്കുമ്പോൾ നാമൊക്കെയും നമ്മുടെയുള്ളിൽ എന്തുതരം മരുഭൂമികളാണ് വളർത്തിയിരിക്കുന്നതെന്ന് തിരിച്ചറിയാനാവുന്നു.