ധാരാളം കണ്ടുംകേട്ടും പഠിച്ചും അറിഞ്ഞും അനുഭവിച്ചും മനസ്സും ശരീരവുംതളർന്ന ഒരു മനുഷ്യരാശിയാണ്‌ ഇന്ന്‌ ലോകത്തെവിടെയും പുലർന്നുപോരുന്നത്‌. ഉണർന്നിരിക്കെ ഒരുവ്യക്തി ആവശ്യമായ സംവേദനത്തെ കെടുത്തിക്കളയുന്നതാണ്‌ ഭരണകൂടവും സ്വകാര്യഏജൻസികളും മാധ്യമങ്ങളും മതങ്ങളുമൊക്കെ ചേർന്നുണ്ടാക്കുന്ന സങ്കീർണമായ സ്ഥൂല ആശയപ്രപഞ്ചം.

ഇതിനുള്ളിൽപ്പെട്ട്‌ ഞെരിഞ്ഞ്‌ വ്യക്തിപരമായ ഒരു ഞരക്കംപോലും ഉണ്ടാക്കാനാവാത്തതരത്തിലുള്ള  ഇന്നത്തെ മനുഷ്യൻ അളവറ്റ ഏകാന്തതയും ഏകാഗ്രതയും നിശ്ശബ്ദതയുമൊക്കെയാണ്‌ ആവശ്യപ്പെടുന്നത്‌.ആധുനിക ജീവിതത്തിന്റെ ഭാഗമായ ദൃശ്യമാധ്യമത്തെ ഇനി വീടിനുപുറത്തേക്ക്‌ വലിച്ചെറിയാൻ നമുക്കാവില്ല. അതും ദൈനംദിന ജീവിതത്തിന്റെ ശബ്ദപ്രപഞ്ചം സൃഷ്ടിക്കുന്ന കനത്ത ഒച്ചകളുടെയും ജീവിതാസക്തിപുരണ്ട കൃത്രിമ ദൃശ്യസംസ്കാരത്തിന്റെ ഭീകരമായ  മുദ്രകളുടെയും പിടയിൽപ്പെട്ട്‌ ഉഴലുന്ന ഒരു ശൈശവവും കൗമാരവും യൗവനവും കേരളീയ ജീവിതത്തിന്റെ എത്ര വേദനാകരമായ അനുഭവത്തെയാണ്‌ അന്നന്ന്‌ ജീവിച്ചുതീർക്കുന്നതെന്ന്‌ സാംസ്കാരികപ്രവർത്തകർ പഠിക്കാൻ തുടങ്ങിയിട്ടില്ല.

കുട്ടികൾക്കുപോലും ഈ ജീവിതമിനിവേണ്ട എന്ന്‌ തോന്നുന്നതരത്തിൽ ഗുരുതരമായൊരു വ്യാധി നമ്മുടെ ജീവിതത്തെ ഗ്രസിച്ചത്‌ മനുഷ്യചരിത്രത്തിൽ ഇതുവരെയില്ലാത്ത ഒരു ലോകം നമ്മുടെകൺമുന്നിൽ നാമറിയാതെ പ്രത്യക്ഷപ്പെട്ടത്‌ ശരിയായതരത്തിൽ കാണാനും അഭിമുഖീകരിക്കാനും മുന്നോട്ടുപോകാനും   ഒരന്ധതയും പുലർത്താതെ ജീവിതത്തെ അതിന്റെ മുഴുവൻ മഹത്ത്വത്തോടെ അറിയാനും സഹായിക്കുന്ന എന്തെങ്കിലും ഒരുപകരണം ഇല്ലാതെ ആർക്കും ഇനി മുന്നോട്ടുപോകാനാവില്ല.

ഭൗതികമായ ഒരു ജീവിതത്തിന്റെ വഴികളിലൂടെ നടന്നുനടന്ന്‌ എവിടെയുമെത്താതെ തളർന്നുകൊണ്ടിരിക്കുന്ന നാം സാധാരണ മനുഷ്യർക്ക്‌ ഭക്ഷണംപോലെ, ഉറക്കംപോലെ ഒരു ശുശ്രൂഷ മനസ്സിലും വേണ്ടതായി ധ്യാനരീതികൾ സൂചിപ്പിക്കുന്നു.

ഭൗതികശരീരത്തിന്റെ പ്രഥമതലത്തിൽ ജീവിക്കുന്ന ഒരാൾ ആ നിലയിൽനിന്നാണ്‌ എന്തും നോക്കുന്നത്‌. ശരീരതലത്തിൽ മാത്രം ജീവിക്കുന്ന ഒരാൾ നിങ്ങളെ നോക്കുമ്പോൾ അയാൾ ആ നിലപാടിൽ മാത്രമാണ്‌ നിങ്ങളെ കാണുന്നത്‌. അതിലപ്പുറം അയാൾക്ക്‌ കാണാനാവില്ല. ലോകമെങ്ങും മനുഷ്യരാശി ഇന്ന്‌ ഈ പ്രഥമതലത്തിലാണ്‌ നിലയുറപ്പിച്ചിരിക്കുന്നത്‌. ആശയങ്ങളുടെ തലത്തിലുള്ള തർക്കങ്ങളുണ്ടാകുമ്പോഴും എതിരാളിയെ തന്റെ ആശയം വ്യക്തതയോടെ ബോധിപ്പിക്കുന്നതിനുപകരം അയാളെ ശാരീരികമായി നശിപ്പിക്കാനാണ്‌ ഇത്തരക്കാർ ശ്രമിക്കുന്നത്‌.

വടക്കൻ കേരളത്തിൽ ഒന്നരദശകക്കാലമായി പ്രബലമായിവരുന്ന ഹിംസാത്മക രാഷ്ട്രീയം ഒരു സത്യം ചൂണ്ടിക്കാട്ടുന്നുണ്ട്‌. പഴയകാലത്തിന്റെ മതപരമായ മൂല്യങ്ങളും പുതിയകാലത്തിന്റെ ഭൗതികവാദപരമായ മൂല്യങ്ങളും ഒരു \വികാരത്തിലാണ്‌, കേവലം ഭൗതികമായ ശുഷ്കപ്രതലത്തിലാണ്‌ നിലയുറപ്പിച്ചിരിക്കുന്നത്‌. മാർക്സിസം ഭൗതികപരമായ ഒരു ചിന്തയെന്നനിലയ്ക്ക്‌ കേവലം ഭൗതികമാവുന്നത്‌ മനസ്സിലാക്കാനാവും. എന്നാൽ, മതപരമായ പശ്ചാത്തലമുള്ള ഒരു ചിന്ത ജീവിതത്തെ അതീന്ദ്രിയതയുടെകൂടി ഭാഗമായി കാണുന്നതിനുപകരം ‘ശാരീരികമായി’ കാണുന്നത്‌ ‘കൊന്നവനെ കൊല്ലുക’ എന്നു പ്രവർത്തിക്കുന്നത്‌ ന്യായമോ?

ഒരാൾ മനസ്സുകൊണ്ടും വിശ്രമിക്കുന്നുണ്ടെങ്കിൽ അയാൾക്ക്‌ ധ്യാനത്തിന്റെ ആവശ്യമില്ല. ധ്യാനം ആന്തരിക ശുശ്രൂഷയ്ക്കുള്ള ഒരൗഷധമാകുന്നു. ആരോഗ്യമുണ്ടെങ്കിൽ മരുന്നെന്തിന്‌? എന്നാൽ ധ്യാനം വേണ്ടാത്ത ഒരൊറ്റ മനുഷ്യനെപ്പോലും ഭൂമിയിലെവിടെയും കാണാനാവില്ല. എന്തെന്നാൽ മനുഷ്യരാശി മുഴുവൻ രോഗികളാണ്‌. ഭൂമി ഒരാസ്പത്രിയും.

ഭൗതികവാദികളെക്കാൾ ധ്യാനംവേണ്ടത്‌ മതത്തിന്റെ പേരുപറഞ്ഞ്‌ ജീവിക്കുന്നവർക്കാണ്‌. ചുണ്ടിൽ ആത്മീയ പദാവലികളും ഉള്ളിൽ ഭൗതികന്റെ മുഴുൻ ആസക്തികളുമായി സ്വയം വെന്തുരുകുന്നത്‌ അവരാണ്‌.മാർക്സിസവും ഭൗതികവാദദർശനവും മതങ്ങളെ മുഴുവനായി നിരാകരിച്ചതിലൂടെ മനുഷ്യന്റെ ഏറ്റവും സമ്പന്നമായ ഒരു പൈതൃകത്തെയാണ്‌ നിരസിച്ചത്‌. ഇത്‌ തിരിച്ചറിയാൻ ബുദ്ധനും ലാവോത്സുവും മുതൽ ഗുർജിഫും കൃഷ്ണമൂർത്തിയും ദാദാലേഖരാജും വരെയുള്ള മതമുക്തമായ ആത്മീയതയുടെ മാർഗത്തിൽ സഞ്ചരിച്ചിരുന്നവരുടെ ജീവിതകലയെപ്പറ്റിയുള്ള പാഠങ്ങളെ ഒന്നറിയുന്നത്‌ വ്യക്തികളെ എല്ലാതരം അടിമത്തങ്ങളിൽനിന്നും വിമോചിപ്പിക്കുന്നു.

ഭൗതികവാദ ചിന്തയും ആത്മീയവാദചിന്തയും ഒരു നഗരത്തിൽ അഗ്നിബാധയുണ്ടായപ്പോൾ അതിന്റെ നടുക്കുപെട്ട്‌ തീവെന്ത്‌ ചാകാൻപോകുന്ന ബദ്ധവിരോധികളായ കുരുടനെപ്പോലെയും മുടന്തനെപ്പോലെയുമാണ്‌. ഇവരിരുവരും കടുത്ത ശത്രുക്കളാണ്‌. അങ്ങനെയിരിക്കെ അവർ പാർക്കുന്ന നഗരത്തിൽ പരിസരത്തെയാകെ വിഴുങ്ങിക്കൊണ്ട്‌ തീ ആളിപ്പടർന്നു.

ആളുകൾ ജീവനുംകൊണ്ട്‌ ഓടുകയാണ്‌. കുരുടന്‌ ഒാടാൻ കഴിയും. പക്ഷേ, കണ്ണില്ലാത്തതുകൊണ്ട്‌ ഏതു ദിശയിലേക്കാണെന്ന്‌ കാണാനാവില്ല. മുടന്തനാവട്ടെ ഏതു ദിശയിലേക്കാണ്‌ ഓടേണ്ടതെന്ന്‌ അറിയാം. പക്ഷേ, കാലില്ലാത്തതുകൊണ്ട്‌ ഓടാനാവില്ല. അതുകൊണ്ട്‌ അവരുടെ അന്ത്യമടുത്തെന്ന്‌ വന്നപ്പോൾ ഇരുവരും വൈരംമറന്ന്‌ ഒന്നിക്കുകയാണ്‌. അന്ധൻ മുടന്തനെ എടുക്കുകയും മുടന്തൻ സൂചിപ്പിക്കുന്ന സങ്കീർണമാർഗങ്ങളിലൂടെ അന്ധൻ കാഴ്ചയുള്ളവനെപ്പോലെ മതിമറന്ന്‌ ഓടുകയും അവർ മരണത്തിൽനിന്ന്‌ രക്ഷപ്പെടുകയുമാണ്‌.

ഭൗതികവാദ ചിന്തയും ആത്മീയചിന്തയും തമ്മിൽ ഇത്തരം ഒരു സംനയനം നടക്കാനുള്ള സമയമായി. ഇതുണ്ടാകുമ്പോൾ മനുഷ്യരാശിയുടെ അവബോധം വികസിച്ച ഒരവബോധമായിരിക്കും. ഒരു ദർശനത്താലും അന്ധമാക്കപ്പെടാത്ത, മുടന്തിപ്പോകാത്ത ഒരവബോധം. ധ്യാനവും കമ്യൂണിസവും ഒരുപോലെ സ്വാഭാവികമായ ഒരറിവും പ്രയോഗവുമായി മാറുന്ന ഒരവബോധം. ഗൗതമബുദ്ധനും കാൾമാർക്സും പുലർത്തിയിരുന്ന സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്ന ഒരവബോധം.

‘‘ഒരു ചിത്രശലഭം പൂവിന്റെ ഇതളുകളെയോ കേസരങ്ങളെയോ അല്പംപോലും നോവിപ്പിക്കാതെ തനിക്കാവശ്യമായ തേൻ നുകരുന്നതുപോലെ മനുഷ്യൻ ഭൂമിയിൽനിന്ന്‌ തനിക്കുവേണ്ടതുമാത്രം സ്വീകരിക്കണം’’ എന്ന്‌ ബുദ്ധൻ പറഞ്ഞു. ഇതു സാധ്യമാവുമ്പോൾ മാത്രമേ ‘‘അന്യന്റെ വാക്കുകൾ സംഗീതംപോലെ ശ്രവിക്കപ്പെടുന്ന ഒരു കാലം വരും’’ എന്ന മാർക്സിന്റെ മഹത്തായ സ്വപ്നം യാഥാർഥ്യമാകൂ.