രിത്രവും വിശ്വാസവും നിത്യതപസ് ചെയ്യുന്ന കുംഭഗോപുരങ്ങള്‍. പഴമ തീര്‍ക്കുന്ന ശില്പചാരുതയുടെ നിത്യവിസ്മയങ്ങള്‍. വിശ്വാസത്തിന്റെ ശാന്തസാമീപ്യങ്ങള്‍. ചെവിയോര്‍ത്താല്‍ കിട്ടുന്ന തേരൊലികള്‍-ലിംഗരാജ ക്ഷേത്രത്തെ വരച്ചിടാന്‍ ഇത്തരം വാക്കുകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വലിപ്പം പോര.

Lingraj-templeഒഡീഷയ്ക്ക് കാലം നല്‍കിയ അടയാളമാണ് ലിംഗരാജ ക്ഷേത്രം. കലിംഗരാജ്യ ചരിത്രത്തോളം നീണ്ട ഓര്‍മകള്‍ ശിലാരൂപം പൂണ്ടു നില്‍ക്കുന്ന കലാനുഭവം. ഭുവനേശ്വറിലെ ഏറ്റവും വലിയ ക്ഷേത്രമായ ലിംഗരാജ ക്ഷേത്രം നിര്‍മിച്ചത് പതിനൊന്നാം നൂറ്റാണ്ടിലാണെന്ന്  ചരിത്രപുസ്തകം പറഞ്ഞു തരുന്നു. ശിവന്റെ പ്രത്യേക ഭാവമാണ് ക്ഷേത്രത്തില്‍ ആരാധിക്കപ്പെടുന്നത്. ശിവനും വിഷ്ണുവും ചേര്‍ന്ന ഹരിഹരനാണ് ലിഗരാജ ക്ഷേത്രത്തില്‍ അധിവസിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. 

108 ശിവലിംഗങ്ങള്‍ പൂജിക്കുന്ന ചെറുതും വലുതുമായ അമ്പതോളം ക്ഷേത്രങ്ങള്‍ ഒരങ്കണത്തില്‍ പടര്‍ന്നു കിടക്കുന്നു.കലിംഗ വാസ്തുവിദ്യയുടെ വിശാല സാക്ഷ്യമായി തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്ര ഗോപുരം ഭുവനേശ്വറിനും അതുവഴി  ഒഡീഷയ്ക്കും ചരിത്രാതീതകാലം മുതല്‍ വിലാസം നല്‍കുന്നു. പുരാവസ്തു വകുപ്പിന് കീഴിലുള്ള സംരക്ഷിത സ്മാരകം കൂടിയാണ് ഈ ക്ഷേത്ര സമുച്ചയം.

ക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിന് 180 അടിയാണ് ഉയരം. മധ്യകാല വാസ്തുവിദ്യപ്രകാരം നിര്‍മിച്ച ക്ഷേത്രം സോമവംശി രാജവംശമാണ് നിര്‍മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പുരാതന വാസ്തുവിദ്യ പ്രകാരം വിമാനം, ജഗമോഹനം, നടമന്ദിരം, ഭോഗമണ്ഡപം എന്നിങ്ങനെ നാല് ഭാഗങ്ങളായി തിരിച്ചാണ് നിര്‍മാണം. പതിനൊന്നാം നൂറ്റാണ്ടിലാണ് നിര്‍മാണം പൂര്‍ത്തിയായതെങ്കിലും ആറാം നൂറ്റാണ്ടില്‍ തന്നെ ക്ഷേത്ര നിര്‍മാണം തുടങ്ങിയിട്ടുണ്ട്.

ജലതി കേസരി രാജാവാണ് ക്ഷേത്ര സ്ഥാപകന്‍ എന്ന് ചില പുരാതന ഗ്രന്ഥങ്ങളില്‍ സൂചനയുണ്ട്. ആറാം നൂറ്റാണ്ടിലെ ചില സംസ്‌കൃത ഗ്രന്ഥങ്ങളില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ആറാം നൂറ്റാണ്ടില്‍ നിര്‍മാണം തുടങ്ങിയെന്നാണ്‌ ചരിത്രകാരന്‍ ഡയിംസ് ഫര്‍ഗൂസണും പറയുത്. എന്നാല്‍ പൂര്‍ത്തീകരിച്ചത് പതിനൊന്ന്- പന്ത്രണ്ട് നൂറ്റാണ്ടുകളിലാണ് എന്നാണ് ധാരണ. 1929 ല്‍ ബ്രിട്ടീഷ് ഭരണകൂടം ക്ഷേത്രം നവീകരിച്ചതായി വ്യക്തമാക്കുന്ന രേഖകള്‍ ക്ഷേത്രത്തില്‍ ലഭ്യമാണ്. സര്‍ക്കാരും സ്വകാര്യ സംരംഭകരും ചേര്‍ന്ന് ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം രൂപ ചെലവില്‍ ക്ഷേത്രം നവീകരിച്ചതായി ക്ഷേത്രത്തില്‍ പതിച്ച ഫലകം വ്യക്തമാക്കുന്നു.സ്വകാര്യ സംരംഭകര്‍ എന്ന് ഉദ്ദേശിക്കുന്നത് അന്നത്തെ രാജകുടുംബമായിരിക്കണം.

Lingraj-temple

കൊത്തിയെടുത്ത കരിങ്കല്ലില്‍ തീര്‍ത്ത ഈ ക്ഷേത്ര സമുച്ചയം പുരാതന സാങ്കേതിക വിദ്യയുടെയും വാസ്തുവിദ്യയുടെയും അതിശയിപ്പിക്കുന്ന സംഗമമാണ്. ആധുനിക സാങ്കേതിക വിദ്യയെ തോല്‍പിക്കുന്ന നിലയില്‍ പടുകൂറ്റന്‍ കുംഭഗോപുരങ്ങള്‍ കല്ലില്‍ നിര്‍മിച്ചിരിക്കുന്നു. കല്ലുകളിലാകട്ടെ മധ്യകാല കൊത്തുപണികള്‍ കൊണ്ട് അലങ്കാരങ്ങളും തീര്‍ത്തിട്ടുണ്ട്. പ്രധാന കുംഭഗോപുരത്തിന് മുകളില്‍ കുത്തനെ നിര്‍ത്തിയ ഒരു വമ്പന്‍ ശംഖ് കരിങ്കല്ലില്‍ നിര്‍മിച്ചിരിക്കുന്നു.അതിനുള്ള പ്രതലം താങ്ങി നിര്‍ത്തിയിരിക്കുന്നത് നാല് സിംഹരൂപങ്ങളാണ്. കല്‍ക്ഷേത്രങ്ങളുടെ ഉദ്യാനം എന്ന് വിളിക്കാവുന്ന ഈ അങ്കണത്തിന് കൂറ്റന്‍ ചുറ്റുമതിലുമുണ്ട്. ഏഴര അടി കനമാണ് ചുറ്റുമതിലിനുള്ളത്.

പ്രതിദിനം ആറായിരത്തോളം പേര്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ടൊണ് കണക്ക്. ശിവരാത്രിയിലാണ്‌ പ്രധാന ഉത്സവം. ശിവരാത്രി ദിവസം ലക്ഷക്കണക്കിന് വിശ്വാസികള്‍ ക്ഷേത്ര ദര്‍ശനത്തിന്  എത്തും. നൂറോളം ക്ഷേത്രങ്ങളിലും നിത്യ പൂജയുണ്ട്. ക്ഷേത്രഭരണം ഒരു ട്രസ്റ്റാണ് നടത്തുന്നത്.

ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ  പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം സന്ദര്‍ശിച്ചു. മോദിയുടെ സന്ദര്‍ശനത്തോടെ ലിംഗരാജ ക്ഷേത്രം ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുന്നു.