ഭക്തരുടെ മനസുകളില്‍ ആഘോഷത്തിന്റെ അലയടിയാണ് ശ്രീകൃഷ്ണ ജയന്തി. ക്ഷേത്രങ്ങളും ബാലഗോകുലങ്ങളും ഈ ആഘോഷത്തിനായി തയ്യാറെടുപ്പുകള്‍ തുടങ്ങുന്നതിനും മുമ്പ്  കൊസപ്പേട്ടയിലെ തെരുവുകള്‍ ഉണരും. ശ്രീകൃഷ്ണ ജയന്തിയ്ക്ക് ഒരു മാസം മുമ്പ്്് ഉണ്ണിക്കണ്ണന്റെ രൂപങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങുകയാണു പതിവ്. ഇത്തവണയും അതിനു മാറ്റമുണ്ടായില്ല. അതിനാല്‍ കൊസപ്പേട്ട തെരുവ് ഉണ്ണിക്കണ്ണന്മാരെ കൊണ്ടു നിറഞ്ഞു കഴിഞ്ഞു.

കളിമണ്ണിലും പേപ്പറുകള്‍ അരച്ചുണ്ടാകുന്ന മിശ്രിതം കൊണ്ടുമാണു കൊസപ്പേട്ട് ശ്രീകൃഷ്ണ രൂപങ്ങള്‍ നിര്‍മിക്കുന്നത്. ചെറുപ്രതിമകള്‍ മുതല്‍ 12 അടി ഉയരത്തിലുളള ശ്രീകൃഷ്ണ പ്രതിമകള്‍ വരെ നിര്‍മിക്കും. നഗരത്തില്‍ ശ്രീകൃഷ്ണ ജയന്തി നാളികള്‍ ഘോഷയാത്രകളിലും വീടുകളിലെ ആഘോഷങ്ങളിലുമെല്ലാം ഈ പ്രതിമകളാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനായി ശ്രീകൃഷ്ണ 'വിഗ്രഹങ്ങള്‍'വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധി്ച്ചിട്ടുണ്ടെന്ന് പ്രതിമകള്‍ തയ്യാറാക്കുന്നവര്‍ പറയുന്നു. ശ്രീകൃഷ്ണ ജയന്തി മാത്രമല്ല ഗണേശോത്സവം, നവരാത്രി തുടങ്ങിയ ആഘോഷ വേളകളിലും കൊസപ്പേട്ട് നിര്‍മിച്ച പ്രതിമകളും വിഗ്രഹങ്ങളും നഗരമെങ്ങും വിറ്റു പോകും. 

kosappettuഒരു നുറ്റാണ്ടുകാലമായി വ്യത്യസ്ത ആഘോഷങ്ങള്‍ക്കു വേണ്ടി പ്രതിമകളും വിഗ്രങ്ങളും നിര്‍മിക്കുന്ന ഒരു വലിയ സമൂഹം കൊസപ്പേട്ടുണ്ട്. തലമുറകള്‍ കൈമാറി വന്ന കരവിരുതാണ് ഇവര്‍ക്ക് ഈ കളിമണ്‍ വിഗ്രഹ നിര്‍മാണം. മുന്‍പുണ്ടായിരുന്നതു പോലെ പുതിയ തലമുറ ഇതിലേക്കു കടന്നു വരുന്നതു കുറഞ്ഞുവെങ്കിലും ഇവിടെുളള കുശവ കുടുംബത്തിലെ ഒരാളെങ്കിലും കുലത്തൊഴിലില്‍ മുന്നോട്ടു കൊണ്ടു പോകുന്നവരാണ്. 

വിഗ്രഹങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നതിന് അനുസരിച്ചു ആന്ധ്രാപ്രദേശില്‍ നിന്ന് തൊഴിലാളികളെ കൊണ്ടു വന്നും ഇവിടെ നിര്‍മാണം നടക്കുന്നുണ്ട്. ഭക്ഷണവും താമസവും ദിവസകൂലിയും നല്‍കിയാണ് ഇവരെ ഇവിടെ പണിയെടുപ്പിക്കുന്നത്. അതിനാല്‍ ചെലവും കൂടുതലാണ്. അതിന്റെ ഭാഗമായി  പ്രതിമകളുടെ വിലയും കൂടുന്നു. ഭക്തര്‍ മുന്‍ കാലങ്ങളില്‍ നിന്ന് വിപുലമായി ആഘോഷിക്കുന്നതിനാല്‍ വിഗ്രഹങ്ങളുടെ ആവശ്യക്കാര്‍ കൂടുതലാണ്. അതുകൊണ്ടു തന്നെ എറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന കാലം  കൂടിയാണിത്.

പരിസ്ഥിതി നിയമങ്ങള്‍ പാലിച്ചുകൊണ്ടാകണം നിര്‍മാണം. വിഗ്രഹങ്ങള്‍ നിര്‍മിക്കാനുളള ചെങ്കല്‍ചൂളകള്‍ പരിസ്ഥിതി നിയമ പ്രകാരം ആഴ്ചയില്‍ രണ്ടു ദിവസം മുമ്പ് മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയു. മാത്രമല്ല കളിമണ്‍ പ്രതിമയെക്കാള്‍ ഭക്തര്‍ക്ക് ഇപ്പോള്‍ താത്പര്യം ഭാരം കുറഞ്ഞ പേപ്പര്‍ അരച്ചുണ്ടാക്കിയ പ്രതിമകളാണെന്നും പ്രതിമ നിര്‍മാതാക്കള്‍ പറയുന്നു. ആഘാഷത്തിന്റെ നിറവില്‍ തങ്ങളുടെ അധ്വാനം പലപ്പോഴും ആരും അറിയാറില്ലെന്ന് കഴിഞ്ഞ പത്ത് വര്‍ഷമായി പ്രതിമകള്‍ നിര്‍മിക്കുന്ന ജയരാമന്‍ പറയുന്നു.

മുന്‍ കാലങ്ങളില്‍ ചെറിയ പ്രതിമകള്‍ക്കായിരുന്നു പ്രിയം. 25 വര്‍ഷം മുമ്പ് രണ്ട് രൂപയ്ക്കായിരുന്നു കളിമണ്‍ പ്രതിമ വില്പന നടത്തിയിരുന്നത്. ഇപ്പോള്‍ 50 രൂപയായി. വലിയ പ്രതിമകള്‍ക്ക് 200 രൂപയും വിലയായി. പ്രതിമകളുടെ നിര്‍മാണം ലാഭകരമാണെങ്കിലും അല്ലെങ്കിലും ഈ ജോലി പുണ്യമായി കരുതുന്നവരാണ് ഇവിടെയുളളവരില്‍ മിക്കവരും,. ഈ തൊഴിലില്ലെങ്കില്‍ മറ്റൊരു ജോലി ചെയ്യാന്‍ തനിക്ക് സാധിക്കില്ലെന്നു കൊസപ്പേട്ടയില്‍ 25 വര്‍ഷമായി ശ്രീകൃഷ്ണ പ്രതിമ നിര്‍മിക്കുന്ന ശകുന്തള പറഞ്ഞു. ഇതൊരു പുണ്യ കര്‍മമാണെന്നും മുടക്കരുതെന്നുമാണു പൂര്‍വികര്‍ പറഞ്ഞു നല്‍കിയിരിക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഒരിക്കലെങ്കിലും  കൊസപ്പേട്ട് സന്ദര്‍ശിച്ചവര്‍ക്ക് ഇതൊരു അതിശോക്തിയായി തോന്നില്ല. കാരണം അത്ര സൂക്ഷമതയോടും ഭക്തിയോടും കൂടിയാണ് ഇവിടെ ഇവര്‍ പ്രതിമ നിര്‍മാണ നടത്തുന്നത്.