“എന്താണ് ജീവിതം?’’

ഒരിക്കൽ  ഒരു പത്രപ്രവർത്തകൻ പ്രസിദ്ധനായ ഒരു  പാചകക്കാരനുമായുള്ള അഭിമുഖത്തിനിടെ ഇങ്ങനെ ചോദിച്ചു. ''എന്താണ്‌ ജീവിതം?'' ഒരു നിമിഷം ആലോചിച്ചശേഷം പാചകക്കാരൻ പറഞ്ഞു ...“ജീവിതമോ ..?... അത് .......ആയുസ്സെന്ന നാക്കിലയിൽ...ഈശ്വരൻ വിളമ്പിയ വിഭവസമൃദ്ധമായ സദ്യപോലെയാണ്. അവിയൽ പോലെ സമ്മിശ്രമായ അനുഭവങ്ങൾ. അച്ചാർപോലെ നീറുന്ന ഓർമകൾ. പപ്പടംപോലെ പൊടിയുന്ന സ്വപ്നങ്ങൾ. രസം പോലെ ഇടയ്ക്ക് കണ്ടുമുട്ടി പിരിയുന്ന സുഹൃത്തുക്കൾ. ചില സമയങ്ങളിൽ ഓലൻ പോലത്തെ നിർവികാരത. ചിലപ്പോൾ കാളൻ പോലെ ആറ്റിക്കുറുക്കിയെടുത്ത അനുഭവങ്ങൾ. ഒപ്പം പുളിശ്ശേരി പോലെ മധുരമായ  ബാല്യകൗമാരങ്ങൾ. കളി ചിരി പറയുന്ന കായ വറുത്തതും ശർക്കര ഉപ്പേരിയും. ഏറെ മധുരിക്കുന്ന യൗവനമെന്ന പാലട പ്രഥമൻ. ഒടുവിലായി ...വാർധക്യമെന്ന കയ്‌പേറിയ കൊണ്ടാട്ടവും...........ഇതൊക്കെത്തന്നെയല്ലേ ജീവിതം...‍” ഇതായിരുന്നു  അദ്ദേഹത്തിന്റെ മറുപടി. ‘വേണ്ടസമയം ആവുമ്പോൾ ഇലയെടുത്ത്  മടങ്ങുകതന്നെ വേണ’മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു 

ജീവിതമെന്നത് ഒരു സൈക്കിൾ ഓടിക്കുംപോലെ അത്ര  ലളിതമല്ല. പക്ഷേ, സൈക്കിൾ ഓടിക്കുമ്പോഴെന്നപോലെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെയാണ്  ജീവിതവും ബാലൻസ് ചെയ്യപ്പെടേണ്ടതെന്നതാണ് വസ്തുത. ജീവിക്കേണ്ടതെങ്ങനെ എന്ന ചോദ്യത്തിന് ജീവിച്ചുകൊണ്ടുതന്നെ മറുപടി പറയേണ്ടുന്ന ജീവനകലയാണത്. അതിജീവനത്തിന്റെ നല്ലൊരംശം കൂടി വേണ്ടതോതിൽ അതോടൊപ്പം  ലയിച്ചുചേരുകയും വേണം. യാഥാർത്ഥ്യമാക്കാനാവുന്ന കുഞ്ഞ് സ്വപ്നങ്ങൾ കാണുക. എവിടെപ്പോകണമെന്നും  എന്താവണമെന്നും മനസ്സുപറയുന്നത് അനുസരിക്കുക. കാരണം നമുക്കെല്ലാവർക്കും ഒരൊറ്റ ജീവിതമേയുള്ളൂ. സന്തോഷത്തിലേക്ക് നയിക്കാൻ വേണ്ട പ്രത്യാശയും മനുഷ്യത്വം നഷ്ടമാകാതിരിക്കാൻ വേണ്ടത്ര സങ്കടങ്ങളും നമ്മെ ശക്തരാക്കാൻ വേണ്ടുവോളമുള്ള പരീക്ഷണങ്ങളും  ഒഴിവാക്കണമെന്നല്ല. ലോകത്ത് സന്തുഷ്ടരായവർ എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചവരൊന്നുമല്ല. പ്രസന്നകാല നേട്ടങ്ങളാൽ വിലയിരുത്തപ്പെടുന്നവർ പലരും കഠിന ഭൂതകാലങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേറ്റു വന്നവർ കൂടിയാവും. വ്യത്യസ്ത ജീവിതാവസ്ഥകൾ വിശദമാക്കുന്ന ഒരു കഥ കൂടി.

                                                        *** *** ***
ഒരു രാജ്യത്തെ രാജാവിന് നാലുഭാര്യമാരാണ് ഉണ്ടായിരുന്നത്. നാലാമത്തെ ഭാര്യയോട്  രാജാവിന് പറഞ്ഞറിയിക്കാനാവാത്തത്രയും സ്നേഹമാണുണ്ടായിരുന്നത്. ആ ഭാര്യയെ തൃപ്തിപ്പെടുത്താനായി സാധ്യമായതെല്ലാം രാജാവ് ചെയ്യുമായിരുന്നു. മൂന്നാമത്ത ഭാര്യയെയും രാജാവിന് സ്നേഹമായിരുന്നു. പക്ഷേ, ഒരനുകൂല സാഹചര്യം  വന്നാൽ മറ്റുള്ളവർക്ക് വേണ്ടി മൂന്നാംഭാര്യ തന്നെ എപ്പോൾ വേണമെങ്കിലും ഉപേക്ഷിച്ചുപോകുമെന്ന ബലമായ സംശയം രാജാവിനുണ്ടായിരുന്നു. 

ഇനി രണ്ടാമത്തെ ഭാര്യയാകട്ടെ  രാജാവിന് ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഓടിച്ചെല്ലാനുള്ള  ആശ്വാസത്തിന്റെ ഇടമായിരുന്നു. രാജാവിന്റെ സങ്കടങ്ങൾ കേൾക്കാനും വേണ്ടപ്പോൾ പരിഹാരമാർഗ്ഗങ്ങൾ പറഞ്ഞ് സമാധാനിപ്പിക്കാനുമുള്ള  സന്നദ്ധത അവർ പ്രകടിപ്പിച്ചിരുന്നു.ഒന്നാം ഭാര്യ രാജാവിനെ ഒട്ടേറെ സ്നേഹിച്ചിരുന്നു. അദ്ദേഹത്തെ ഭരണത്തിൽ സഹായിക്കുന്നതിൽ വലിയ പങ്ക് വഹിക്കുകയും ചെയ്തിരുന്നു. എന്നാൽ രാജാവ് അവരെ തീരെ പരിഗണിച്ചതേയില്ല. അവരോടുള്ള ബാധ്യതകളൊന്നും അദ്ദേഹം നിറവേറ്റിയിരുന്നുമില്ല.

ഇതിനിടെ അപ്രതീക്ഷിതമായി രാജാവ് രോഗിയായി. മരണാസന്നനായപ്പോൾ ശവകുടീരത്തിൽ ഒറ്റയ്ക്ക് കഴിയുന്നതിനെക്കുറിച്ചോർത്ത്‌ രാജാവിന് ആധിയായി. അപ്പോൾ താൻ ഏറെ സ്നേഹിച്ചിരുന്ന നാലാം ഭാര്യയോട് രാജാവ് ചോദിച്ചു. “പ്രിയേ, മറ്റു ഭാര്യമാരേക്കാളേറെ ഞാൻ നിന്നെ സ്നേഹിച്ചു. നിന്റെ എല്ലാ ആഗ്രഹങ്ങളും ഞാൻ സാധിച്ചു തന്നു. എന്റെ കൂടെ ശവകുടീരത്തിൽ കൂട്ടാവാൻ നീ കൂടെ വരില്ലേ?‍” 
സാധ്യമല്ലെന്ന് ഒറ്റ വാക്കിൽ പറഞ്ഞ് നാലാം ഭാര്യ പുറത്തേക്ക് പോയി.

മൂന്നാം ഭാര്യ വന്നപ്പോൾ രാജാവ് ചോദിച്ചു. “ജീവിതം മുഴുക്കെ ഞാൻ നിന്നെ സ്നേഹിച്ചു. എന്റെ ജീവിതം തീരുമ്പോൾ നീ കൂടെ വരുമോ എനിക്ക് കൂട്ടായിട്ട്?‍”അവൾ പറഞ്ഞു. “ജീവിതം സുന്ദരമാണ്. എന്റെ യുവത്വം ശേഷിക്കുകയുമാണ്‌. അങ്ങയുടെ മരണശേഷം മറ്റൊരു ദാമ്പത്യത്തിലാണ്‌ എന്റെ പ്രതീക്ഷ.” രണ്ടാം ഭാര്യ മുറിയിലേക്ക് വന്നു. രാജാവ് പറഞ്ഞു. “എന്റെ വിഷമസന്ധികളിലെല്ലാം നീയായിരുന്നു എനിക്ക് ആശ്വാസം. എന്റെ ശവക്കല്ലറയിലും എനിക്ക് ആശ്വാസമേകുവാൻ നീ വരുമോ?‍” രണ്ടാം ഭാര്യ  പറഞ്ഞു. “ക്ഷമിച്ചാലും പ്രഭോ, ഈ ആവശ്യം ഞാനെങ്ങനെ പൂർത്തീകരിക്കും? അങ്ങയെ മണ്ണിലേക്ക് ഇറക്കിവെക്കുവോളം ഞാൻ കൂടെയുണ്ടാവും. അതിലപ്പുറം എനിക്ക് സാധ്യമാവില്ല‍”.

രാജാവ് അതീവ ദുഃഖിതനായി. സങ്കടം രാജാവിന്റെ  കണ്ണുകളെ ഈറനണിയിച്ചു.അപ്പോഴാണ് അത് കേട്ടത്. “ഞാൻ വരാം അങ്ങയുടെ കൂടെ, എവിടെയാണെങ്കിലും അങ്ങയുടെ കൂടെ ഞാൻ ഉണ്ടാകും” അയാളുടെ ഒന്നാം ഭാര്യയായിരുന്നു അത്. അയാളുടെ നിരന്തര അവഗണന കാരണം അവൾ ക്ഷീണിച്ച് രോഗാതുരയായി മാറിയിരുന്നു. മരണാസന്നയായ അവളെ കണ്ടപ്പോൾ ജീവിതകാലത്ത് അവളെ വേണ്ടവിധം പരിഗണിച്ചില്ലല്ലോ എന്നോർത്ത് രാജാവിന്  സങ്കടമായി. നിറകണ്ണുകളോടെ രാജാവ് അവരോട് പറഞ്ഞു. “മറ്റുള്ളവരെക്കാൾ ഞാൻ നിന്നെയായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. എനിക്ക് ആയുസ്സ് നീട്ടിക്കിട്ടുകയാണെങ്കിൽ തീർച്ചയായും മറ്റു ഭാര്യമാരേക്കാൾ ഞാൻ നിന്നെ പരിപാലിക്കുന്നതാണ്.‍” 

ഈ കഥയിലെന്നപോലെ നമുക്കെല്ലാം ഈ നാലു ഭാര്യമാരെന്ന അവസ്ഥയുണ്ട്. നാലാമത്തെ ഭാര്യ നമ്മുടെ ദേഹമാണ്. ശരീരേച്ഛയെ പരിപോഷിപ്പിക്കാൻ നാം സദാസമയം നമുക്ക് ഉള്ളതെല്ലാം ചെലവഴിക്കുന്നു. മരണത്തോടെ ആ ശരീരം നമ്മെ വിട്ടുപോവുന്നു. മൂന്നാമത്തെ ഭാര്യ നമ്മുടെ ധനവും അധികാരവും തന്നെയാണ്. നമ്മുടെ മരണത്തോടെ അത് മറ്റുള്ളവരുടേതായി മാറുന്നു. രണ്ടാമത്തെ ഭാര്യ കുടുംബത്തെയും സുഹൃത്തുക്കളെയുമൊക്കെയാണ് പ്രതിനിധീകരിക്കുന്നത്. അവർക്ക് നമ്മെ മണ്ണിലേക്ക് ഇറക്കിവെയ്ക്കുന്നതുവരെ കൂടെ വരാനേ സാധിക്കൂ. ഒന്നാമത്തെ ഭാര്യ, അതാണ് നമ്മുടെ സത്‌കർമങ്ങൾ. നമ്മുടെ ദേഹേച്ഛക്ക് വേണ്ടി, പണത്തിനും അധികാരത്തിനും വേണ്ടി, സുഹൃത്തുക്കൾക്കു വേണ്ടി നാം അതിനെ അവഗണിക്കാറാണ് പതിവ്.
*** *** ***
പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ചുകൊണ്ട്‌ ജീവിച്ചാൽ മാത്രം പോര. കാണുന്നതിൽ മാത്രമാണ് കാര്യമെന്നു കരുതിയാൽ വഞ്ചിക്കപ്പെടുകയാവും ഫലം. സമ്പത്താണ് പ്രധാനമെന്ന് കരുതുന്നവർ അതെല്ലാം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാനിടയുള്ളതാണെന്നുകൂടി ഓർത്തിരിക്കണം. വെറും ശരീരം മാത്രമല്ല അതിനെ ജീവസുറ്റതാക്കുന്ന ആത്മാവുമാണ് നാമോരോരുത്തരുമെന്ന് തിരിച്ചറിയുമ്പോഴാണ്  ജീവിതം നേരായ വഴി കണ്ടെത്തുന്നത്. എന്നാലതുകൊണ്ട് കൊച്ചുകൊച്ചു ജീവിതാനന്ദങ്ങളെ പാടെ നിരാകരിക്കണമെന്ന്‌ അർത്ഥമില്ല.