ആകാശത്തിനായി ഭൂമി രചിച്ച കവിതകളാണ് മരങ്ങളെന്ന്  എഴുതിയത് കവി ഖലീൽ ജിബ്രാനാണ്. മരത്തിൽനിന്ന് ഏറെ പഠിക്കാനുണ്ട്. തലയുയർത്തി ആത്മാഭിമാനത്തോടെ നിൽക്കുക. വളരുക; പുതുതളിരിലകളിട്ട് ശാഖോപശാഖകളായി പടർന്നുപന്തലിച്ചുകൊണ്ടേയിരിക്കുക. അടിവേരുകളെ ഒരിക്കലും മറക്കാതിരിക്കുക. ഒടിയാതിരിക്കാൻ വേണ്ടത്ര അളവിൽമാത്രം വളയുക. സവിശേഷമായിലഭിച്ച തനിമ തിരിച്ചറിയുക; ആസ്വദിക്കുക...തുടങ്ങി പലതും. മരംപോലെ ആയിത്തീരുക എന്നൊരു ആപ്തവാക്യവും കേട്ടിട്ടുണ്ട്.  അതെന്തിനാണങ്ങനെ എന്ന് ആശങ്കപ്പെടുന്നവരോട് ഓരോ പുതുവർഷത്തിനും ഒരു സന്ദേശം പറയാനുണ്ടാവും. പഴുത്ത് കരിഞ്ഞു തുടങ്ങിയ ഇലകളെ ശാന്തമായി പൊഴിഞ്ഞുവീഴാൻ അനുവദിക്കുക എന്നതാണത്. നമ്മുടെ വിഷമങ്ങളെയും ദുരന്തങ്ങളെയും അതുപോലെ മറന്നുകളയുക. ഭൂമിക്കുള്ളിൽ അഗാധമായും ശക്തമായും വേരോടിയ മരം കൊടുങ്കാറ്റിനെ പുഞ്ചിരിച്ചുകൊണ്ട് നേരിടുമെന്ന് ഒരു പഴമൊഴിയുണ്ട്. ഏതൊരു വടവൃക്ഷവും ഇങ്ങനെ ശക്തരായിത്തീർന്നത് അതിജീവനത്തിന്റെ കഠിനപാതകൾ പിന്നിട്ടാണ്.  
***  
ഇനി ജീവിതസമസ്യകളോട് ചേർത്തുവയ്ക്കാവുന്ന വൃക്ഷസംബന്ധമായ മൂന്ന് വസ്തുതകളടങ്ങിയ സന്ദേശങ്ങൾ കൂടി. അതിനാദ്യമായി കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ, പരിചയക്കാർ, സഹപ്രവർത്തകർ എന്നിവരൊയൊക്കെ ഒരു ‘വൃക്ഷസ്ഥിതി’പരീക്ഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താം. പിന്നീട് അതിന്റെ പരിണാമം ഇങ്ങനെയായിരിക്കും. ചിലരെ നമ്മൾ ഇലമനുഷ്യരായി കാണുക. നമ്മുടെ ജീവിതത്തിലേക്ക് ചിലരെങ്കിലും കടന്നുവരുന്നത് മരത്തിലെ ഇലകളെന്നപോലെയാണ്. ഒരു നിശ്ചിത കാലയളവിൽ മാത്രമാകും അവർ കൂടെയുണ്ടാവുക. അവരെ എല്ലാക്കാലത്തേക്കും ആശ്രയിക്കാനാവില്ല. കാരണം തണലേകി ഒരുപരിധി കഴിഞ്ഞാൽ അവ ക്ഷീണിതരാവും. കടുത്ത തണുപ്പിലോ ശക്തമായ കാറ്റിലോ ഇലകൾ പൊഴിഞ്ഞുവീഴുന്നതുപോലെ ഇല മനുഷ്യരും നമ്മെ കടന്നുപോകും. ആപത്തുകാലത്ത് അവർ നമ്മെ തുണച്ചെന്നു വരില്ല. ദുർബലരായ അവരോട് അനിഷ്ടം കാണിച്ചതുകൊണ്ട് ഒരു കാര്യവുമില്ല. 

ഇനി പറയുന്നത് ശാഖാ മനുഷ്യരെക്കുറിച്ചാണ്. ജീവിതത്തിൽ നാം കണ്ടുമുട്ടി പരിചയിക്കുന്ന ചിലരെങ്കിലും ശാഖാമനുഷ്യരെപ്പോലെയാവും. ഇലമനുഷ്യരേക്കാളും ശക്തരായിരിക്കും അവർ. പക്ഷേ, ഇത്തരക്കാരെ സൂക്ഷിക്കണം. നമ്മോട് സദാ ചേർന്നുനില്ക്കുമെങ്കിലും ഒരു പ്രതിസന്ധി വരുമ്പോൾ അവർ താങ്ങാവുമെന്ന് വിശ്വസിക്കാനാവില്ല. കാരണം ഒരു കൊടുങ്കാറ്റുമതി ശക്തമാണെന്നു കരുതിയ കൊമ്പുകൾപോലും ഒടിഞ്ഞുവീഴാൻ. സഹായം വേണ്ട പ്രതിസന്ധികളുടെ കാലങ്ങളിലായിരിക്കും അവ നമ്മെ കൈവിടുന്നത്. എങ്കിലും ഇലകളെക്കാൾ ശക്തരാണവ. ഒരു പരിധിവരെ അവ നമ്മുടെ ഭാരം താങ്ങിയെന്നുമിരിക്കും. എന്നാൽ, ആ നിശ്ചിതപരിധി കഴിഞ്ഞാൽ അവ നമ്മെ തുണയ്ക്കണമെന്ന് തന്നെയില്ല. അതുകൊണ്ട് പരിമിതി അറിഞ്ഞുകൊണ്ടു വേണം അവരെ ചേർത്തുപിടിക്കേണ്ടത്.

ഇനി പറയുന്നത് വേര് മനുഷ്യരെക്കുറിച്ചാണ്. ഒരു മരത്തിന് അതിന്റെ വേര് എത്രമാത്രം അനിവാര്യമാണോ അതുപോലെ സവിശേഷതയുള്ള കൂട്ടരായിരിക്കും ഇവർ. മരത്തിലെ വേരുകളെയെന്നപോലെ അദൃശ്യരായ ഇത്തരക്കാരെ കണ്ടുകിട്ടാൻ  പാടായിരിക്കും. അത്തരക്കാരുടെ ഒരേയൊരു ദൗത്യം, ശക്തവും ആരോഗ്യകരവുമായ ഒരു ജീവിതത്തിൽ ഉറപ്പിച്ചുനിർത്തി നിങ്ങളെ സന്തുഷ്ടരാക്കുകയെന്നതുമാത്രമായിരിക്കും. തങ്ങൾ അവിടെയുണ്ടെന്ന് ലോകത്തെ അറിയിക്കുകപോലും ചെയ്യാത്ത നിഷ്കാമകർമമായിരിക്കും അവരുടേത്. മഹാ ദുരന്തങ്ങളിൽ കടപുഴകി വീഴാതെ നിങ്ങളെ ദൃഢമായി താങ്ങിനിർത്തുന്നത് അവരായിരിക്കും. എന്തൊക്കെ സംഭവിച്ചാവും തങ്ങളുടെ ദൗത്യത്തിൽനിന്ന് അവരൊരിക്കലും പിന്തിരിയുകയേയില്ല. നിങ്ങളെ പരിപോഷിപ്പിക്കാൻവേണ്ട വെള്ളവും വളവും തന്ന് അവർ നിങ്ങൾക്കൊപ്പം തന്നെയുണ്ടാവും.

ഒരു മരത്തിൽ ഇലകളും ശാഖകളും വളരെയേറെ ഉണ്ടായിരിക്കും. എന്നാൽ, അടിവേരുകൾ കുറച്ചേ ഉണ്ടാവൂ. മനുഷ്യജീവിതത്തിലുമതേ. സ്വന്തം ജീവിതത്തിലും ഈ സിദ്ധാന്തം എങ്ങനെ പ്രാവർത്തികമായിട്ടുണ്ടെന്ന് നോക്കുക. ഒപ്പം ഒരു കാര്യവുംകൂടി. മറ്റുള്ളവരുടെ ജീവിതത്തിൽ നാം ആരാണ്...?  ഇലകളോ... ശാഖകളോ... അതോ വേരുകൾ തന്നെയാണോ...? എന്ന് നിശ്ചയിക്കുക. താങ്ങുന്ന വേരുകളിൽ  നന്ദിയുള്ളവരായിരിക്കുക; വേരുകളെന്ന പോലെ അനേകർക്ക് താങ്ങായിത്തീരുകയും ചെയ്യുക.
***
ജീവിതവഴികളിലെ കൊടുങ്കാറ്റുകളെ എങ്ങനെ അതിജീവിക്കാമെന്ന് സൂചിപ്പിക്കുന്ന ഒരു  കുഞ്ഞുമരത്തിന്റെ കഥകൂടി ഇതോടൊപ്പം കുരുന്നിലകൾ തളിരിട്ട് തുടങ്ങുമ്പോഴേ കുഞ്ഞുമരത്തിന് നിരവധി കൊടുങ്കാറ്റുകളെയും ചുഴലിക്കാറ്റുകളെയും അതിജീവിക്കാനായി പെടാപ്പാടുപെടേണ്ടിവന്നു. കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് പേമാരിയും വരൾച്ചയും മഞ്ഞുവീഴ്ചയും ആ ചെറിയ മരത്തിന്റെ ശാഖകളെ വല്ലാത്ത ദുരിതത്തിലാക്കി. ഒടുവിൽ തന്റെ സൃഷ്ടാവിനോട് അതിങ്ങനെ ചോദിച്ചു. “എന്തിനാണങ്ങ് എന്റെ ജീവിതം  ഈ സർവദുരിതങ്ങളുടെയും തടവറയിലാക്കിയിരിക്കുന്നത്?‍”  “അത് നിനക്ക് ഇപ്പോഴൊന്നുമല്ല പിന്നീടെപ്പോഴെങ്കിലുമാകും മനസ്സിലാവുക”-സൃഷ്ടാവ് പറഞ്ഞു. “ഏതുകൊടുങ്കാറ്റിനെയും ഉറച്ച്‌ നിവർന്നുനിന്ന് നേരിട്ട് അതിജീവിക്കുക. ഈ വെല്ലുവിളികളൊക്കെ കടന്നുപോകുമെന്ന വസ്തുത മനസ്സിൽ മറക്കാതെ സൂക്ഷിക്കുക” സൃഷ്ടാവ് തുടർന്നു. 

“ഇനിയും ഒരു ശീതകാലം കൂടിയായാൽ മഞ്ഞുപാളികളുടെ ഭാരംതാങ്ങാതെ എന്റെ ചില്ലകൾ ഒടിഞ്ഞുവീഴാനിടയുണ്ട്. ശക്തമായ കൊടുങ്കാറ്റിൽ ഞാൻ വേരുപറിഞ്ഞുവീണ് പറന്നുപോകാനുമിടയുണ്ട്.” അപ്പോഴും സൃഷ്ടാവ് പറഞ്ഞതിതാണ്. “ശക്തരായി നിലകൊള്ളുക. മണ്ണിനടിയിൽ ആഴത്തിൽ വേരുറപ്പിച്ച് നില്ക്കുക. അതെന്തിനാണെന്ന് ഒരു ദിവസം നിനക്ക് ബോധ്യപ്പെടുകതന്നെ ചെയ്യും.”അതുകേട്ട് ആ ചെറുമരം ശുഭചിന്തകൾകൊണ്ട് മനസ്സ് നിറച്ച് എങ്ങിനെയൊക്കെയോ മഹാമാരിയേയും കൊടുങ്കാറ്റിനെയുമൊക്കെ അതിജീവിച്ചു. ഒടുവിൽ വളർന്ന് കാമ്പുള്ള വൻവൃക്ഷമായപ്പോൾ അത് തിരിച്ചറിഞ്ഞ വസ്തുത ഇതാണ്. മഹാദുരന്തങ്ങൾക്കിടയിൽപ്പോലും മനസ്സ് തളരാതെ പിടിച്ചുനില്ക്കുന്നതാണ് ജീവിതം. അല്ലാതെ; കൊടുങ്കാറ്റുകളെ ഭയത്തോടെ പ്രതീക്ഷിച്ചിരിക്കുകയല്ല എന്ന് പഠിക്കുകയാണ് വേണ്ടതെന്നതാണത്. ജീവവൃക്ഷത്തിന്റെ ഇലകളും വർഷം തോറും പൊഴിയുമ്പോൾ ഇക്കാര്യവും ഓർമയിൽ വയ്ക്കണം.