അന്യരെ വേദനിപ്പിക്കാതെ ജീവിതം പുലർത്താനുള്ളത് സമ്പാദിക്കാൻ കഴിയുന്നവൻ അനുഗ്രഹിക്കപ്പെട്ടവനാണ് - ഗൗതമബുദ്ധൻ

വലിയവലിയ തത്ത്വങ്ങൾ, ഉപദേശങ്ങൾ പ്രസംഗത്തിലൂടെ കൊടുക്കാൻ ആർക്കും കഴിയും. പക്ഷേ, മറ്റുള്ളവർക്കു കണ്ടുപഠിക്കത്തക്ക രീതിയിൽ എത്രപേർ ജീവിക്കുന്നു! മനുഷ്യനെ ഉയർത്തുന്നത്, മഹാനാക്കുന്നത് പരീക്ഷണഘട്ടങ്ങളാണ്, മറിച്ച് വിജയവേളകളല്ല.ജീവിതത്തിലെ ഓരോ സന്ദർഭങ്ങളും നേരിടേണ്ടതു തന്നെയാണ്. എങ്കിൽ, എന്തുകൊണ്ട് സ്നേഹത്തോടെ അതിനെ നേരിട്ടുകൂടാ? സ്നേഹമില്ലെങ്കിൽ ജീവിതത്തിന്റെ മുഴുവൻ നിധികളും നമ്മുടെ ദൃഷ്ടിയിൽ നിന്ന്‌ പൂട്ടിവെക്കപ്പെടുന്നു. കാരണം, യഥാർഥ സ്നേഹമത്രെ സുഖജീവിതത്തിന്റെ വാതിൽ തുറക്കാനുള്ള താക്കോൽ. ജീവിതം ഉള്ളിൽനിന്നു തുടങ്ങുന്നു. ഓരോ മനുഷ്യനും ആർക്കുമറിയാത്ത ഒരു കഥപറയാനുണ്ട്.
നാമെത്രയധികം ജീവിക്കുന്നു എന്നതല്ല, നാമെങ്ങനെ ജീവിക്കുന്നു എന്നതത്രെ പ്രധാനം. വായുവിൽ പക്ഷികളെപ്പോലെ പറക്കുന്നത്, കടലിൽ മത്സ്യങ്ങളെപ്പോലെ നീന്തുന്നത് എപ്രകാരമെന്ന് നാം പഠിച്ചുകഴിഞ്ഞു. എന്നാൽ, ഈ ഭൂമിയിൽ സമാധാനത്തോടെ എങ്ങനെ ജീവിക്കണമെന്ന് നാമിനിയും പഠിച്ചിട്ടില്ല. 

കുട്ടിക്കാലം, യൗവനകാലം ആർക്കും സുന്ദരമായേക്കാം, മധ്യവയസ്സ്, വാർധക്യം ഇത് അസുന്ദരമാകുന്നത് മനോഘടനയുടെ ഒരു പോരായ്മയാണ്. മാധുര്യമേറിയ നല്ല ഇന്നലെകൾ മനുഷ്യജീവിതത്തിന്റെ സ്വർഗരാജ്യമായി, നഷ്ടപ്പെട്ട വാഗ്ദത്തഭൂമിയായി എല്ലാ മനുഷ്യരുടെയും ഉള്ളിൽ ജീവിക്കുകയാണ്. ഇതോർത്തുകൊണ്ട് കീറ്റ്‌സ് എഴുതി: ‘ഞാനിതിനകം മരിച്ചുകഴിഞ്ഞതായി എനിക്കു തോന്നുന്നു. ഇപ്പോൾ ഞാൻ ഒരു മരണാനന്തര ജീവിതം ജീവിച്ചു തീർക്കുകയാണ്’. കുട്ടിയായിരിക്കെ, തരുണനായിരിക്കെ ഒരാൾ മുഴുവൻ ഇന്ദ്രിയങ്ങളെക്കൊണ്ടും കൂടുതൽ ആഴത്തിൽ, കൂടുതൽ അളവിൽ ജീവിതത്തിന്റെ സുഖം, ആനന്ദം, ഇന്ദ്രിയങ്ങൾ പകർന്നു നൽകുന്ന ലഹരി അനുഭവിക്കുന്നു.

ഭൂതകാലത്തിൽ മാത്രം ജീവിക്കൽ മനുഷ്യനെ ഒരയഥാർഥ ലോകത്തിൽ ജീവിക്കുന്നവനാക്കുകയാണ്. ഭൂതകാലത്തിൽ ജീവിക്കുന്ന ഒരാൾ ഒരിക്കലും ജീവിതത്തോട് നീതി കാട്ടുന്നില്ല. എന്തെന്നാൽ, കഴിഞ്ഞുപോയ കാലം, അത് ഒരു നിമിഷം മുൻപായാലും ഒരു മണിക്കൂർ മുൻപായാലും ഒരു വർഷം മുൻപായാലും അതൊരുപോലെയാണ്, കഴിഞ്ഞുപോയതാണ്. ഭൂതകാലചിന്തകളുടെ ഭാരത്തോടൊപ്പം ഭാവികാലത്തെപ്പറ്റിയുള്ള ഉത്കണ്ഠയും കാരണം നമ്മുടെ മനസ്സ് ഒരിക്കലും വർത്തമാനകാലത്ത് ജീവിക്കാതെ കടന്നുപോവുകയാണ്. അതുകൊണ്ട്, വർത്തമാനകാലത്തിൽ സർവവും മറന്നുകൊണ്ട് ജീവിക്കുകയെന്നത് വലിയൊരു വെല്ലുവിളിയാകുന്നു.

സ്വാഭാവികമായും ഒരാൾ മധ്യവയസ്കനാവുമ്പോൾ, വൃദ്ധാവസ്ഥയിലെത്തുമ്പോൾ ആരോഗ്യം ക്ഷയിക്കുന്നു. ഭക്ഷണരുചി കുറയുന്നു. ദഹനശക്തി ഇല്ലാതാകുന്നു. ഭക്ഷണത്തിലൂടെ ലഭിക്കുന്ന ആനന്ദാനുഭൂതി അകലുന്നു. കടിച്ചുതിന്നാനുള്ള പല്ലുകൾ തേയുകയും ആടുകയും തുളവീഴുകയും കൊഴിയുകയും ചെയ്യുന്നു. തുടർന്നാണ് ശ്രവണശേഷികുറഞ്ഞുവരുന്നത്, കാഴ്ച മങ്ങിവരുന്നത്. ഒരിക്കൽ താനനുഭവിച്ച ജീവിതസുഖങ്ങൾ, ഭക്ഷണം, കുളി, രതി, യാത്ര എല്ലാം കുറഞ്ഞു കുറഞ്ഞുവരുന്നു. ഇൗ വിചാരം ഒരാളെ ഒരിക്കലും ജീവിതത്തെ സമഗ്രതയോടെ കാണാനനുവദിക്കുന്നില്ല. ജനനം പോലെ മരണവും യൗവനം പോലെ വാർധക്യവും ആരോഗ്യം പോലെ രോഗവും സുഖം പോലെ വേദനയും ജീവിതത്തിന്റെ അനിവാര്യതയായി അറിയാനുള്ള ഒരുൾക്കാഴ്ച ജീവിതത്തിൽ ഉണ്ടാകുമ്പോൾ മാത്രമാണ് ജീവിതത്തിന്റെ ആഴം, അനന്തത ഒരാളറിയുന്നത്.

 ‘ജീവിതത്തിലെ ഏറ്റവും വലിയ ചോദ്യം മരണം എന്നതാണ്. അതിന്റെ ഉത്തരം ജീവിതവും’ - ധ്യാനഗുരു ദാദാലേഖ രാജ്