ഇന്ത്യൻ സംസ്കൃതി ഏതെങ്കിലും നഗരങ്ങളിലല്ല കാടുകളിലാണ് മുളച്ചുയർന്നത്. ഇന്ത്യയിലുണ്ടായ മോഹനമായ ആശയങ്ങളൊക്കെയും മനുഷ്യൻ മരങ്ങൾക്കിടയിൽ ജീവിച്ചിരുന്നപ്പോൾ പിറന്നിട്ടുള്ളവയാണ്. മനുഷ്യനും പ്രകൃതിയിലെ ചരാചരങ്ങളും തമ്മിലുള്ള അദമ്യമായ അടുപ്പത്തിൽനിന്നാണ് ഇന്ത്യയുടെ ജ്ഞാനസുഗന്ധികളായ പൂക്കൾ വിരിഞ്ഞുവന്നത്.- രബീന്ദ്രനാഥ ടാഗോർ, തപോവനം

ഇന്ത്യയുടെ അറിവിന്റെ മുഴുവൻ സ്രോതസ്സുകളും പുരാണങ്ങൾ, വേദങ്ങൾ, ഉപനിഷത്തുക്കൾ, മഹാഭാരതം, രാമായണം, യോഗസൂത്രങ്ങൾ, ആയുർവേദം എല്ലാം വനങ്ങളിൽനിന്നുണ്ടായി. ഇന്ത്യയിലെ മഹത്തായ രണ്ട് മതങ്ങൾ-ബുദ്ധമതവും ജൈനമതവും-അഥവാ ബുദ്ധനും മഹാവീരനും ഏതെങ്കിലും വലിയ കെട്ടിടങ്ങൾക്കകത്തുവെച്ചല്ല, മറിച്ച് വൃക്ഷച്ചുവടുകളിൽ ധ്യാനിച്ചിരിക്കുമ്പോഴത്രേ പിറന്നത്.

വൃക്ഷങ്ങൾ വെറും വൃക്ഷങ്ങൾ മാത്രമല്ലെന്നു പറയുന്ന മനോഹരമായൊരു കഥ പുരാണങ്ങളിലും ഇന്ത്യൻ ഇതിഹാസങ്ങളിലും പറയുന്നുണ്ട്-  വാക്കിന്റെ പാവനമായ മൊഴിയുടെ സ്ഥാനം എവിടെയാവണം എന്നതിനെപ്പറ്റി ദൈവങ്ങൾ തമ്മിലൊരു തർക്കമുണ്ടായി. ഒടുവിൽ ദൈവങ്ങളെല്ലാവരുംകൂടി വാക്കിനെ ജലത്തിനടിയിൽ ഒളിപ്പിച്ചുവെച്ചു. തുടർന്നും ദൈവങ്ങൾ അവൾക്കായി അവകാശമുന്നയിച്ചപ്പോൾ ജലദേവത അവളെ ജലത്തിൽനിന്നുയർത്തി. അപ്രകാരം പാവനയായ വാക്ക് ജലത്തിനുമീതെ ഉയർന്നുനിൽക്കുകയും ഒടുവിൽ അവളൊരു വനത്തിലേക്ക് പ്രവേശിക്കുകയും വീണ്ടും ദൈവങ്ങൾ അവൾക്കായി അവകാശവാദവുമായി വന്നപ്പോൾ ജലം അവളെ മനുഷ്യരാശിക്കായി പാടുന്ന മരങ്ങളിൽ ലയിപ്പിക്കുകയും ചെയ്തു. ഇവയിൽനിന്ന് ഇടയ്ക്ക, ചെണ്ട, മദ്ദളം, ഓടക്കുഴൽ, വീണ, വയലിൻ, സിത്താർ, സാരംഗി, സന്തൂർ എന്നീ വാദ്യ സംഗീതോപകരണങ്ങളും പേനയുമുണ്ടായി.

ഏറ്റവും ചെറിയ വിത്തുകളുടെ ഹൃദയങ്ങളിലൊളിഞ്ഞിരിക്കുന്ന ജീവന്റെ മഹാരഹസ്യമെന്തെന്ന് വിസ്മയപ്പെടാനും, മനുഷ്യന്റെ ആർത്തിയും തിന്മയും ജീവിതത്തിനുമീതെ നാശത്തിന്റെ നരകത്തീ വീഴ്‌ത്തുമ്പോഴും ഒന്നുമറിയാതെ, ദൈവമൊരുക്കിവെച്ച ഭൂമിയിലെ പുല്ലുകളുടെ നേരേ, അതിന്റെ പച്ചയുടെ നേരേ നന്ദിയുള്ളവരാകാനും കഴിയുമ്പോൾ മാത്രമാണ് ജീവിതം ദിവ്യമാകുന്നതെന്ന് സെൻ ബുദ്ധദർശനത്തിന്റെ വ്യാഖ്യാതാവും ഗ്രന്ഥകാരനുമായ അലൻ വാട്സ് രേഖപ്പെടുത്തിയിട്ടുണ്ട്.

വീട്ടുമുറ്റത്ത്, പറമ്പുകളിൽ ഒരു മഴ വീഴുമ്പോഴേക്കും നാം ഉറങ്ങിയുണരുന്നതിനിടയ്ക്ക്, മുളച്ചുമുളച്ചുവരുന്ന പുല്ലുകൾപോലെ വിസ്മയകരമായി മറ്റെന്തുണ്ട്. സത്യത്തിൽ തീർത്തും സാധാരണമായ വസ്തുക്കളിൽ, ജീവികളിൽ, ഇലകളിൽ അടങ്ങിയ നിഗൂഢതകളെക്കാൾ അദ്‌ഭുതകരമായി മറ്റൊന്നുമില്ല.

ഔഷധസസ്യങ്ങളോരോന്നിന്റെയും അടുത്തുപോയിരുന്ന് അടുപ്പത്തോടെ, മനോനിറവോടെ കേട്ടിരിക്കാൻ സമയമുള്ള ഒരാളോട് ഓരോ ഔഷധസസ്യവും സംസാരിക്കാൻ തുടങ്ങിയാൽ, രോഗമുക്തിയുടെ, ആരോഗ്യത്തിന്റെ, സന്തോഷത്തിന്റെ, ആയുസ്സിന്റെ രഹസ്യസത്യം ഈ ഇലകൾക്കുള്ളിൽ ദൈവം ഒളിച്ചുവെച്ചിരിക്കുന്നുവെന്ന് അറിയാനാവും. ഋഗ്വേദത്തിലാണ് ഔഷധസസ്യങ്ങളെപ്പറ്റിയുള്ള അറിവ് ആദ്യമായി വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ ഔഷധസസ്യചരിത്രം സുമാർ മൂവായിരം വർഷങ്ങൾക്കുമുമ്പ് വേദകാലത്താണാരംഭിക്കുന്നത്.

ഋഗ്വേദം 101 തരം ഔഷധഗുണമുള്ള സസ്യങ്ങളെപ്പറ്റിയും അഥർവവേദം രണ്ടായിരം ഇനം ഔഷധസസ്യങ്ങളെപ്പറ്റിയും പറയുന്നുണ്ട്. ചാർവാകൻ എന്ന ഭാരതീയ ദാർശനികൻ ഔഷധഗുണമില്ലാത്ത ഒരു പുൽക്കൊടിപോലും ഭൂമിയിലില്ലെന്ന്‌ പറയുന്നുണ്ട്. ആയുർവേദത്തിൽ 80 ശതമാനം ഔധഷങ്ങളും സസ്യങ്ങളിൽനിന്നു നിർമിക്കുന്നവയാണ്. കോശങ്ങളെയും അന്തഃസ്രോതസ്സുകളെയും ശുദ്ധീകരിച്ച് ദേഹത്തെ രോഗമുക്തവും നവ്യവുമാക്കാൻ സസ്യങ്ങളോളം മറ്റൊന്നിനും സാധ്യമല്ല.

ചരകം, സുശ്രുതം, അഷ്ടാംഗഹൃദയം, ഭേളസംഹിത, ഹരിതസംഹിത എന്നീ ആയുർവേദ ഗ്രന്ഥങ്ങളിലും ഔഷധ സസ്യങ്ങളുടെ ഗുണങ്ങൾ വിശദമായി പറയുന്നുണ്ട്. ലോകത്തിലാകെ ഏഴായിരത്തോളം ഔഷധസസ്യങ്ങൾ ഉള്ളതായാണ് കണക്ക്. ഇതിൽ 1100 എണ്ണം ഇന്ത്യയിലാണ്.

ഇന്ത്യയിൽ ഭക്ഷണമായുപയോഗിച്ചിരുന്നതിന്റെ വലിയൊരു ഭാഗംതന്നെ ഔഷധഗുണമുള്ളവയായിരുന്നു. ചെറുനാരങ്ങ, നെല്ലിക്ക, കുങ്കുമപ്പൂവ്, തേൻ, ഇഞ്ചി, മഞ്ഞൾ, കരയാമ്പൂ, ഏലയ്ക്ക, കുരുമുളക്, ചുക്ക്, മുരിങ്ങയില, അഗത്തിച്ചീര, മല്ലിയില, പുതിയിന, കറിവേപ്പില, പപ്പായ, പച്ചമുളക്, ജീരകം, പെരുംജീരകം എന്നിവയും പലതരം പഴങ്ങളും ഇലകളും ഇവയിൽ പ്രധാനപ്പെട്ടവയാണ്.

ചവർപ്പും കൈപ്പുരസവും ചേർന്നതും ക്ഷാരഗുണമുള്ളതുമായ കറിവേപ്പില, പട്ട, വേര് എന്നിവ ദഹനശേഷിയും ബദ്ധിശക്തിയും വർധിപ്പിക്കുകയും മേദസ്സ്, കൃമി, ജ്വരം, വാതം, കഫം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുമെന്ന് ‘അഷ്ടാംഗഹൃദയ’ത്തിൽ പറയുന്നു. കറിവേപ്പിലയും മഞ്ഞളും അരച്ച് ഒരു മാസം പതിവായി കഴിച്ചാൽ അലർജി ശമിക്കും. കറിവേപ്പില പ്രധാനമരുന്നായി ചേർത്തുണ്ടാക്കുന്ന ‘കൈഡര്യാദി’ കഷായം വയറുകടി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾക്ക് ഫലപ്രദമാണ്. (കൈഡര്യം എന്നാൽ കറിവേപ്പില). മുടി കറുത്തിരുണ്ട് വളരാൻ കറിവേപ്പില, ബ്രഹ്മി, കയ്യോന്നി തുടങ്ങിയ മരുന്നുകൾ ചേർത്ത് വെളിച്ചെണ്ണ കാച്ചിത്തേക്കുന്നത് നല്ലതാണ്.

കറിവേപ്പില കേടുകൂടാതെ വളരെനാൾ വെക്കാൻ കീടനാശിനികളിൽ കുളിപ്പിച്ചാണ് ഇവ മാർക്കറ്റിലെത്തിക്കുന്നത്. മദ്യപാനം, മയക്കുമരുന്ന്, പുകവലി എന്നിവയുടെ ഉപയോഗം കുറവായ സ്ത്രീകളിലും കുട്ടികളിലും കാൻസർ, പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദം എന്നീ രോഗങ്ങൾ കൂടിവരുന്നതായാണ് കാണുന്നത്. കാരണക്കാരൻ രാസവളവും കീടനാശിനിയുമാണ്. മോചനമാർഗം ഒന്നേയുള്ളൂ. അത്യാവശ്യമായ പച്ചക്കറികൾ, കറിവേപ്പില എന്നിവ വിഷം തീണ്ടാതെ ലഭ്യമാകുന്ന തരത്തിൽ നാംതന്നെ കൃഷിചെയ്യേണ്ടിയിരിക്കുന്നു. മൺചെടികളിലും മണ്ണുനിറച്ച ചാക്കുകളിലും ഒക്കെ ഇതു നട്ടുവളർത്താം. ഓരോ വീട്ടിലും നാലോ അഞ്ചോ കറിവേപ്പിലച്ചെടി നട്ടുവളർത്താൻ ശ്രദ്ധിക്കണം. വേരിൽനിന്നും പൊട്ടിമുളയ്ക്കുന്ന തൈകളാണ് വേഗം വളരുക. ആദ്യത്തെ രണ്ടുവർഷം വളർച്ച മന്ദഗതിയിലായിരിക്കും. ഈ ഘട്ടത്തിൽ ഇലകൾ പറിച്ചെടുക്കരുത്.

‘ധ്യാനം, ബോധനം, സാന്ത്വനം’ ഉണ്ടാക്കാനായി ഒന്നര ദശകമായി ഷാജുഭായിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ‘ശാന്തിനികേതൻ’ ആരോഗ്യവും ഇലയറിവുമായി ബന്ധപ്പെടുത്തി കറിവേപ്പിനെ മുൻനിർത്തി ഒരു കൈപ്പുസ്തകം തയ്യാറാക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ഈ ദിശയിലുള്ള പലരെയും ഇതിന്റെ പ്രവർത്തകർ കണ്ടിരുന്നു. അവരിൽ ‘സസ്യഭാരതി’ ഉസ്താദ് വൈദ്യർ ഹംസ മടിക്കൈയുമായുള്ള കൂടിക്കാഴ്ച സമ്പന്നമായൊരനുഭവമായിരുന്നു. ഇന്ന് നമ്മുടെ എത്ര വീടുകളിൽ കറിവേപ്പ് നിലനിൽക്കുന്നുണ്ടെന്നറിയാൻ അദ്ദേഹം ഒരു പഠനം നടത്തിയപ്പോൾ നൂറിൽ രണ്ട് വീടുകളിൽ മാത്രമാണ് ഇത് വളർത്തുന്നതെന്ന് മനസ്സിലായി. തന്റെ മകളുടെ വിവാഹം നടക്കുമ്പോൾ അവിടെ വന്ന മുഴുവൻ പേർക്കും ഒരു പാരിതോഷികമായി ആയിരത്തിലേറെ കറിവേപ്പിൻ തൈകൾ അദ്ദേഹം നൽകുകയുണ്ടായി.