ബോധിവൃക്ഷച്ചുവട്ടില്‍

ഒരു പ്രഭാതത്തിൽ ധ്യാനാനന്തരം ജൂതവിശുദ്ധനായ റാബിബുനാം തന്റെ ശിഷ്യന്മാരോടൊപ്പം പുറത്തേക്കു നടക്കാൻ പോയി. മഴനനഞ്ഞു കുതിർത്ത മണ്ണിൽ പതുക്കെ പദമൂന്നി തണുത്ത ഇളംകാറ്റിന്റെ സ്പർശമേറ്റ്‌, രാവിലെ വിരിഞ്ഞ പൂക്കളുടെ പരിമളം നുകർന്ന്‌, ചുറ്റുമുള്ള മരങ്ങൾക്കിടയിൽനിന്ന്‌ പുറപ്പെടുന്ന കുഞ്ഞുപ്രാണികളുടെയും കിളികളുടെയും ഒച്ചകൾകേട്ട്‌, വൃക്ഷങ്ങൾക്കിടയിലൂടെ വന്നുവീഴുന്ന സൂര്യകിരണങ്ങളെനോക്കി നിശ്ശബ്ദം നടന്നുപോകവേ റാബിബുനാം എല്ലാം മറന്നുകൊണ്ട്‌ തെല്ലിട പ്രാർഥനയോടെ ഭൂമിക്കുനേരേ നോക്കി. അദ്ദേഹം കൈകൊണ്ട്‌ ഒരുപിടി മണ്ണു വാരിയെടുത്ത്‌ അതിലുള്ള ഓരോ മണൽത്തരിയെയും സൂക്ഷിച്ചുനോക്കി. അദ്ദേഹത്തിന്റെ കൺപീലികൾ നനഞ്ഞു. ആ മണ്ണ്‌ എടുത്തഭാഗത്തുതന്നെ മൃദുവായിവെച്ചുകൊണ്ട്‌ കൈയിലെ മൺതരികൾ അവിടെത്തന്നെ നിക്ഷേപിച്ചുകൊണ്ട്‌, ‘ഇവയെ ഇതിന്റെ സ്ഥാനത്തുനിന്നു മാറ്റാൻ ഞാനാര്‌?’ എന്ന്‌ സ്വയം ഉരുവിട്ടുകൊണ്ട്‌ അദ്ദേഹം പതുക്കെ അവിടെനിന്നു നടന്നുപോയി.

കരുണയുദിക്കുമ്പോൾ ഒരാൾ ഇപ്രകാരമാണ്‌. ഈ ഭൂമിയിലുള്ളതിനെയെല്ലാം നോക്കിനടത്തുന്ന ഒരു മഹാപ്രഞ്ജ എല്ലാറ്റിലും നിറഞ്ഞുനിൽക്കുന്നുണ്ട്‌. അതിനെ അനുസരിച്ചു ജീവിക്കുമ്പോൾ ഭൂമി അയാൾക്കൊരു സ്വർഗമായി മാറുന്നു. ഈയൊരു വിവേകം തീർത്തും കൈമോശം വന്നുകഴിഞ്ഞൊരു മനുഷ്യസഞ്ചയമാണ്‌ ഭൂമിയിലെങ്ങും നിവസിക്കുന്നത്‌.  റാബിബുനാം ഒരിക്കൽ പറഞ്ഞു: ‘‘ഓരോരുത്തർക്കും രണ്ട്‌ പോക്കറ്റുകളുണ്ട്‌. അയാളുടെ വലതുകീശ വാക്കുകൾക്കായുള്ളതാണ്‌. എന്റെ രക്ഷയ്ക്കായി ഈ ലോകം നിർമിക്കപ്പെട്ടിരിക്കുന്നു’. ഇടത്തേതിൽ ‘ഞാൻ മണ്ണുംചാരവുമാണ്‌’ എന്നെഴുതിവെച്ചിരിക്കുന്നു. നിങ്ങളുടെ ദേഹമാകുന്ന  തിരിയും ജീവിതവുമാകുന്ന എണ്ണയും രാവുംപകലും എരിഞ്ഞുകൊണ്ടിരിക്കുകയാണ്‌. അതിൽ നിങ്ങൾ  പുറത്തുള്ള എന്തൊക്കെയോ വായിച്ചുകൊണ്ടിരിക്കുകയാണ്‌. നിങ്ങൾ

ചരിത്രവും സയൻസും പഠിച്ചിരിക്കാം; ഒരുപാട്‌ വിഷയങ്ങൾ പഠിച്ചിരിക്കാം. ഒട്ടേറെ പുസ്തകങ്ങൾ വായിച്ചിരിക്കാം. പക്ഷേ, നിങ്ങളുടെതന്നെ ജീവിതപുസ്തകത്താളുകൾ ഒന്നു വായിച്ചുനോക്കാൻപോലും നിങ്ങൾക്കുനേരമില്ല. വിളക്കണയുംമുമ്പ്‌ അതൊന്നു മറിച്ചുനോക്കുന്നത്‌ ഒരാളെ പലതിൽനിന്നും മുക്തനാക്കുന്നു’’ എന്നു പറഞ്ഞത്‌ ജെ. കൃഷ്ണമൂർത്തിയാണ്‌ (The book of life) ഒടുവിൽ ജെ. കൃഷ്ണമൂർത്തി അനുഭവത്തിനുപകരം യുക്തിയെ പ്രതിഷ്ഠിച്ച ആധുനിക ചിന്തയുടെ പരിമിതിയെ ഇപ്രകാരം തുറന്നുകാട്ടി. ‘യുക്തിയെ രാജാവാക്കിയതാണ്‌ മനുഷ്യനുപറ്റിയ മുഖ്യമായ യുക്തിരാഹിത്യം. നാം അടിസ്ഥാനപരമായി യുക്തിയില്ലാത്തവരാണ്‌. ഞാൻ എല്ലാറ്റിൽനിന്നും വേർപെട്ടവനാണെന്ന യുക്തിരാഹിത്യം ഉണ്ടാക്കുന്നത്‌ ചിന്തയാണ്‌, ഈ യുക്തിരാഹിത്യം കാണാൻ കഴിഞ്ഞില്ലെങ്കിൽ യുക്തിപരമായി ജീവിക്കാൻ നമുക്കാവില്ല’

ഒരു പൂ വളരെ ആഴത്തിൽനിന്നാണ്‌ വരുന്നത്‌. പതുക്കെപ്പതുക്കെയതു വരുന്നു. അതവിടെ മരച്ചില്ലയിൽ എന്നതുവരെ  ഒരാൾക്കതുകാണാനാവില്ല. പക്ഷേ, അത്‌ മണ്ണിന്റെ അടിത്തട്ടിൽനിന്ന്‌, വേരുകളിൽനിന്ന്‌ നിറവും സുഗന്ധവുമായി ഒരു സുന്ദരനിമിഷത്തിൽ ഭൂമിയിൽ വന്നുചേരുന്നു. ഒരു കവിയുടെ ഉള്ളിൽ ഒരു പൂ ജീവിതത്തിന്റെ സുന്ദരവും സുരഭിലവുമായ എന്തെന്തുവികാരങ്ങളാണുർത്തുന്നത്‌. ഒരു യുക്തിവാദിക്ക്‌ അത്‌ വെറുമൊരു പൂവ്‌ മാത്രം. മലയാളത്തിൽ എം.സി. ജോസഫ്‌, ഇടമറുക്‌ തുടങ്ങിയവർ ഉണ്ടാക്കിവെച്ച യുക്തിവാദ പൈതൃകം കേവലം കടലാസുപൂക്കളെപ്പോലെ. പൂന്താനം, നാരായണഗുരു എന്നിവർ ഉണ്ടാക്കിവെച്ച വചനപൈതൃകം തുളസിപ്പൂക്കളെപ്പോലെയും. കടാലാസുപൂക്കൾക്ക്‌ നിറവും ആകർഷണവുമുണ്ട്‌. തുളസിപ്പൂക്കൾക്ക്‌ നിറവും ഭംഗിയുമില്ല, സുഗന്ധമുണ്ട്‌.

പശുവിനെപ്പറ്റി ചിന്തിക്കുമ്പോൾ പശുവിനെപ്പറ്റിയുള്ള ബോധം ഒരാൾക്കുണ്ടാകും. അതിന്റെ ചിന്തയും, എന്നാൽ ഒരു പശുതന്നെ ഒരാളുടെ മുന്നിൽ നിൽക്കുമ്പോൾ പശുവിനെപ്പറ്റി അയാൾ ചിന്തിക്കുകയല്ല, അത്‌ കാണുകയാണ്‌, അനുഭവിക്കുകയാണ്‌. മണ്ണിലൂടെ ഒരാൾ നടക്കുമ്പോൾ അവിടെ കാലടികൾ പതിയുന്നു. എന്നാൽ, ഒരു കിളി ആകാശത്തിൽ പറക്കുമ്പോൾ ഒരടയാളവും അവിടെ ബാക്കിയാവുന്നില്ല, യുക്തി ഉപയോഗിച്ചുകൊണ്ടുള്ള മനസ്സിന്റെ യാത്ര മണ്ണിലൂടെ നടന്നുപോകുന്നതുപോലെയത്രെ. മനസ്സ് നിശ്ശബ്ദമായാൽ ഒരാൾ ഉണർന്നവനാകുന്നു. മനസ്സ് ഇല്ലാതായാൽ ഒരാൾ ബോധോദയമുള്ളവനാകുന്നു. സെൻ കാഴ്ചപ്പാടിൽ പരമമായ രോഗം ചിന്തിക്കലത്രെ (Ultimate sickness in thinking). രോഗമുള്ള ഒരാൾ മോശമായി ട്യൂൺ ചെയ്യപ്പെട്ട ഒരു പിയാനോപോലെയത്രെ. ചിന്തനമെന്ന രോഗത്തിന്റെ പിടിയിലമർന്ന ഒരാൾക്ക് സ്വന്തം ജീവിതഗാനം സുന്ദരമായി പാടാനാവുന്നില്ല.

ഒരു സത്സംഗത്തിൽ ഇരിക്കുന്നവരോടൊല്ലാം ഒരു ഗ്ലാസ് വെള്ളമെടുക്കാനായി പ്രഭാഷകൻ പറഞ്ഞു. തുടർന്ന് ‘‘കുരങ്ങനെപ്പറ്റി ചിന്തിക്കാതെ ആ വെള്ളം മുഴുവൻ കുടിച്ചു തീർക്കുക’’ എന്നും. എല്ലാവരും വെള്ളംകുടിച്ചു. താൻ പറഞ്ഞതുപോലെ വെള്ളംകുടിച്ചവർ എഴുന്നേറ്റുനിൽക്കുക എന്നു പറഞ്ഞപ്പോൾ ഒരാളും എഴുന്നേറ്റുനിന്നില്ല. ‘‘അങ്ങെന്തിനാണ് ഇപ്രകാരം ഒരുപാധിവെച്ചത്’’ അവർ അദ്ദേഹത്തോടു ചോദിച്ചു. അദ്ദേഹം ചിരിച്ചു. ‘‘നിങ്ങളുടെ മനസ്സിനെ മനസ്സിലാക്കാനുള്ള ഒരു പാഠമാണിത്.’’നിങ്ങളെന്തു നിഷേധിക്കുന്നുവോ, അടിച്ചമർത്തുന്നുവോ അതിലേക്ക് പോകാൻ മനസ്സ് വെമ്പുന്നു. മനസ്സ് ഇടപെടുമ്പോൾ ഒന്നും ആസ്വദിക്കാനാവില്ല. ഒരു യുക്തിവാദിക്ക് മനസ്സിൽ യുക്തിവാദം നടത്തി കുരങ്ങിനെ ഓർക്കാതെ ഒരു ഗ്ലാസ് വെള്ളംകുടിക്കുക എന്ന നിർദേശം അനുസരിക്കാനാവുന്നില്ല.

പ്രസക്തമായൊരു സെൻകഥ ഓർക്കുന്നു. ശിഷ്യർക്ക്‌ ദൈവത്തെപ്പറ്റി എണ്ണമറ്റ ചോദ്യങ്ങളുണ്ടായിരുന്നു. ഗുരു പറഞ്ഞു: ‘‘ദൈവം അജ്ഞാതനാണ്. അറിയപ്പെടാനാവാത്തവനും. അവനെപ്പറ്റിയുള്ള ഓരോ പ്രസ്താവനയും നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഓരോ ഉത്തരവും സത്യത്തെ ശിഥിലീകരിക്കുകയാണ്’’ ശിഷ്യന്മാർ അമ്പരന്നു. ‘‘അങ്ങനെയാണെങ്കിൽ അങ്ങ് അദ്ദേഹത്തെപ്പറ്റി എപ്പോഴും പറയുന്നതെന്തിനാണ്?’’ ഇതിന് ഗുരുവിന്റെ ഉത്തരം ഒരു ചോദ്യമായിരുന്നു: ‘‘ഒരു പക്ഷി എന്തിനു പാടുന്നു?’’ ഇവിടെ കഥയവസാനിക്കുന്നു. ഇവിടെ ശിഷ്യന്മാർ മൗനത്തിലിരുന്ന് ഉത്തരത്തിലേക്കെത്തണം.കിളിക്ക് എന്തെങ്കിലും പറയാനുള്ളതുകൊണ്ടല്ല അത് പാടുന്നത്. മറിച്ച്, അതിന് ഒരു പാട്ടുള്ളതുകൊണ്ടാണ്! മരങ്ങൾക്കിടയിലൂടെയെത്തുന്ന കാറ്റിനെയും ശബ്ദത്തെയും അകലെയെവിടെയോ വിരിഞ്ഞ് വന്നണയുന്ന പൂമണത്തെയും ഒരു പക്ഷിയുടെ പാട്ടിനെയും ഒരു ജ്ഞാനിയുടെ വാക്കുകളെക്കാൾ, ഗീതയിലോ ബൈബിളിലോ ഖുർആനിലോ ഉള്ള വചനങ്ങളെക്കാൾ പ്രാധാന്യത്തോടെ ഒരു വ്യാഖ്യാനവും കൂടാതെ അനുഭവിച്ചറിയുക..