സുഖം നരകത്തിലേക്കും വേദന സ്വർഗത്തിലേക്കും നയിക്കുന്നു -ഗൗതമ ബുദ്ധൻ

വേദന നമ്മുടെ ജീവമന്ദിരത്തിന്റെ ജാലകങ്ങളിൽ  ഇരുളിലെരിഞ്ഞുകൊണ്ടിരിക്കുന്ന വിളക്കാകുന്നു. ഇതൊരാളെ അകത്തേക്ക്‌ വഴികാട്ടുന്നു. സുഖം ഒരാളെ വഴിതെറ്റിക്കുന്നു. സുഖം ഒരാളെ ചെളിയിലേക്ക്‌, തെറ്റിലേക്ക്‌, നാശത്തിലേക്ക്‌, നഷ്ടത്തിലേക്ക്‌ വലിച്ചിഴക്കുന്നു. അയാളുടെ വിവേകം നഷ്ടപ്പെടുത്തുന്നു.

വേദന, പക്ഷേ തന്റെ സ്വന്തം വസതിയിലേക്ക്‌ ഏകനായി നടന്നുപോകാൻ ഒരാളെ  ക്ഷണിക്കുകയാണ്‌. വേദന ശരിയായ വഴി കാട്ടിത്തരുന്നു. വേദനയെ സ്വാഗതംചെയ്യുകയെന്നത്‌ ഒരു മഹാഭാഗ്യമത്രേ. വേദന മനുഷ്യവംശത്തിന്റെ പൊതുവായ സ്വത്തത്രേ. ഇതൊന്നുമാത്രമാണ്‌ ദൈവം നമുക്കുതന്നിരിക്കുന്നത്‌. വായു, വെളിച്ചം, വെള്ളം -വേദനയും! ഇവയ്ക്കായി നാം ഒന്നും നൽകേണ്ടതില്ല. ഇവ നാം വിവേകത്തോടെ ഉപയോഗിച്ചാൽമാത്രം മതി. അപ്പോൾമാത്രമേ വേദന പോകൂ. യഥാർഥ സുഖംവരൂ.

വേദനിച്ചുവേദനിച്ചു വേദനിച്ചുവേണം പരമമായ സത്യത്തിലേക്ക്‌, സ്നേഹത്തിലേക്ക്‌, വെളിച്ചത്തിലേക്കെത്താൻ എന്ന പാഠം ഓരോ മനുഷ്യനും തന്റെ വ്യക്തിത്വത്തിന്റെ ഏകാന്തതയിൽ  അറിയുന്നു. ഇന്ദ്രിയാനന്ദങ്ങളിൽ ക്ഷണികസുഖങ്ങളിൽ താത്‌കാലിക വിജയങ്ങളിൽ രമിച്ചുകഴിയുന്ന ഒരാൾക്കുള്ളതല്ല അപ്പുറത്തുനിന്നുള്ള ഈ പരമപ്രകാശം.

ദിവ്യമായ ഒരു പാത്രത്തിൽനിന്ന്‌ വേദനയെ   ഒന്നുരുചിക്കുകയാണെങ്കിൽ അത്‌ വിസ്മയകരമായിരിക്കുമെന്ന്‌ സെന്റ്‌ ഫ്രാൻസിസിനെപ്പോലെ കാണിച്ചുതരുന്നവർ ചുരുക്കമായിരിക്കും. ദുഃഖം, വേദന ശരാശരിമനുഷ്യനെ വെളിച്ചത്തിലേക്കല്ല ഇരുട്ടിലേക്കാണെത്തിക്കുക. പരമവേദനയുടെയും യാതനയുടെയും ഉറവയിൽനിന്നുതന്നെ അത്‌ പാനംചെയ്യാൻ കഴിഞ്ഞതുകൊണ്ടാണ്‌, അതിൽനിന്നുളവായ ശക്തികൊണ്ടാണ്‌ ഒരു സാധാരണക്കാരനായ ഫ്രാൻസിസിന്‌ സെന്റ്‌ ഫ്രാൻസിസാകാൻ കഴിഞ്ഞത്‌.

അദ്ദേഹം വേദനിച്ചതുപോലെ മതാത്മകമായ ഒരു മനസ്സും ലോകത്ത്‌ ഇന്നുവരെ വേദനിച്ചിട്ടില്ല. അതുകൊണ്ട്‌ അയാളുറങ്ങുമ്പോൾ അയാളനുഭവിക്കുന്ന വേദനയുടെ ആഴമറിയാൻ ശിഷ്യനായ ലിയോ, സെന്റ്‌  ഫ്രാൻസിസിന്റെ കാലടികൾ നോക്കുകയും ഇങ്ങനെ മൊഴിയുകയും ചെയ്യുന്നുണ്ട്‌.  ‘‘ലോകത്തെങ്ങും ഞാനലഞ്ഞുനടന്നിട്ടുണ്ട്‌. എത്രയോ തെണ്ടികളുടെ കാലടികൾ ഞാൻ കണ്ടിട്ടുണ്ട്‌.  പക്ഷേ, സെന്റ്‌  ഫ്രാൻസിസിന്റേതുപോലെ മുറിവേറ്റ്‌, നൊന്തുനൊന്തുതകർന്ന കാലടികൾ ഞാനൊരിക്കലും കണ്ടിട്ടില്ല’’. ലിയോ കുനിഞ്ഞിരുന്ന്‌ ആ പാദങ്ങളിൽ ചുംബിച്ചുകൊണ്ട്‌ പറയുന്നുണ്ട്‌: ‘‘ഈ പാദങ്ങളിൽ ചുംബിക്കുമ്പോൾ ഭൂമിയിലെ മുഴുവൻ മനുഷ്യരുടെയും വേദനയിലാണ്‌, സഹനത്തിലാണ്‌ ഞാൻ ചുംബിക്കുന്നത്‌’’. സെന്റ്‌ ഫ്രാൻസിസ്‌ വേദനയിലൂടെ വെളിച്ചത്തിലെത്തി.

വേദന പലപ്പോഴും ഒരു സന്ദേശമാകുന്നു; താക്കീതും. ‘‘പിന്നോട്ടുപോകൂ, നിങ്ങളുടെ ദിശമാറ്റൂ. നിങ്ങൾ തെറ്റായ വഴിയിലാണ്‌’ -വേദന ഓർമിപ്പിക്കുന്നു. ശരീരത്തിലെ വസ്ത്രത്തിൽ ഒരാളറിയാതെ തീപിടിച്ചാൽ അതിന്റെ പൊള്ളലുണ്ടാക്കുന്ന വേദന അയാളെ അതിൽനിന്ന്‌ രക്ഷപ്പെടുത്താൻ ഓർമിപ്പിക്കുന്നതുപോലെ ശരീരത്തിലെവിടെയുള്ള വേദനയും ‘‘ഇതാ, ഇവിടെയൊരു കുഴപ്പമുണ്ട്‌, ശ്രദ്ധിക്കൂ’’ എന്ന്‌ ശരീരം താക്കീതുചെയ്യുകയാണ്‌. ഒരാൾ ആവശ്യത്തിലേറെ  തിന്നുമ്പോൾ, അതിന്റെ ഫലമായി വയറുനോവുമ്പോൾ അയാൾക്കതൊരു താക്കീതാണ്‌. വയർ അയാളോടപേക്ഷിക്കുകയാണ്‌: ‘‘ദയവായി ഇതാവർത്തിക്കരുത്‌, ഇതെനിക്ക്‌ നല്ലതല്ല’. വയറ്‌ ദേഷ്യത്തോടുപറയുന്നത്‌ മനസ്സ്‌ വിവേകത്തോടെ അനുസരിക്കുമ്പോൾ ദേഹം വേദനയിൽനിന്ന്‌ മുക്തമാക്കപ്പെടുന്നു.

ഒരിക്കൽ സമർഥനായൊരു സെൻ വിദ്യാർഥി ഗുരുവിനോട്‌ ‘സുഖവും വേദനയും എങ്ങനെ ഒഴിവാക്കാനാവും’ എന്നുചോദിക്കുന്നതിനുപകരം ‘ചൂടും തണുപ്പും നമുക്കങ്ങനെ ഒഴിവാക്കാനാവും’’ എന്നു ചോദിക്കുന്നുണ്ട്‌.  ഇതിന്‌ ഗുരു ലളിതമായ ഒരുത്തരമാണ്‌ കൊടുത്തത്‌. ‘ചൂടാവുക, തണുക്കുക!’. ചൂട്‌ അനിവാര്യമായും തണുപ്പിലെത്തുന്നു. സുഖമൊരു ഭാഗമാകുന്നു, വേദനയും. പകൽ ഒരു ഭാഗമാകുന്നു, അതുപോലെ രാവും’’.

വേദനയെപ്പറ്റി വേദനിക്കുന്നൊരു സത്യമുണ്ട്‌. ‘വേദന വേദനയാകുന്നു!’ എന്നതാണത്‌. വേദനയിൽനിന്നു മുക്തനാകാൻ അനിവാര്യമായും വേദന സ്വീകരിക്കപ്പെടണം. ‘വേദനയുണ്ടാവരുത്‌’ എന്ന ഒരാളുടെ ആഗ്രഹത്തിൽനിന്നാണ്‌ അയാളുടെ പ്രയാസങ്ങൾ, യാതനകൾ അധികരിക്കുന്നത്‌. 
അനുഭവത്തിലൂടെ  മനുഷ്യൻ വിവേകം, അറിവ്‌, ശരി, സൗന്ദര്യം ഇവയിലേക്കെത്തുകയാണ്‌. തെറ്റായ, വികലമായ ചിന്തയും വികാരവും പ്രവൃത്തിയും വേദനയെ, രോഗത്തെ വളർത്തുകയാണ്‌. അതുപോലെ ശരിയായ ചിന്തയും വികാരവും പ്രവൃത്തിയും ആരോഗ്യം, സുഖം ഉണ്ടാക്കുന്നു.

അവബോധത്തിൽതന്നെയുള്ള സൂക്ഷ്മമായ തെറ്റുകളെ, വികലതകളെ തിരുത്തുകയും ശരിയായ ശീലങ്ങളെ വളർത്തുകയുമാണ്‌ യഥാർഥ ചികിത്സ.
വെറുപ്പ്‌, ഭീതി, അസൂയ, സംഘർഷമുള്ള ഒരു മനസ്സ്‌ എല്ലാ രോഗങ്ങൾക്കും പറ്റിയ മണ്ണാണെന്ന്‌ ഡോ. അലക്സിസ്‌ കരോൾ പറയുന്നുണ്ട്‌ ( Man the Unknown). മനസ്സിന്റെ സന്മാർഗത്തിൽനിന്നുള്ള അടിതെറ്റലുകൾ ആരോഗ്യത്തെ കാതലായി ബാധിക്കുന്നു. 

വിഷവും അമൃതവും ഒരു ഊർജത്തിന്റെ രണ്ടുതലങ്ങളത്രെ. അതുപോലെ ജീവിതവും മരണവും രാവും പകലും സ്നേഹവും വെറുപ്പും സുഖവും ദുഃഖവും. ‘തന്ത്ര’ പറയുന്നു: ഒന്നിനെയും വെറുക്കരുത്‌. ഒന്നിനെയും നിന്ദിക്കരുത്‌. നിന്ദിക്കുന്ന മനോഭാവം വിഡ്ഢിക്കു ചേർന്നതാണ്‌. ചെളിയെ നിന്ദിക്കരുത്‌ കാരണം താമര അവിടെനിന്നാണ്‌ വിരിയുന്നത്‌. ചെളിയെ താമരയുണ്ടാക്കാനുപയോഗിക്കുക. താമര ചെളിയിൽനിന്ന്‌ പിറക്കുന്നുവെങ്കിലും അതിലൊരല്പം പോലും അത്‌ പുരളുന്നില്ല. അതുപോലെ വേദനയോടും സുഖത്തോടും കൂടിനിൽക്കാതെ, അതിന്റെ സ്പർശമേൽക്കാതെ അകന്നിരിക്കുമ്പോൾ വേദന ഒരാളെ ബാധിക്കുന്നില്ല.

ജീവിതം ജനനവും മരണവുമാണ്‌. യൗവനവും വാർധക്യവുമാണ്‌, സുഖവും വേദനയുമാണ്‌. ഈ ദ്വന്ദങ്ങളെ പരാതികളില്ലാതെ സ്വീകരിക്കാനുള്ള വിവേകമുള്ള ഒരാൾക്ക്‌ മാത്രം വേദനനിറഞ്ഞ ജീവിതത്തിലും അതിനെ സമാധാനത്തോടെ സ്വീകരിക്കാനാവുന്നു. ശാന്തതയോടെ വിടപറയാനും.
ബോധോദയത്തിലെത്തിയ ഒരു മനസ്സ്‌ സുഖത്തോടെന്നപോലെ വേദനയോടും ഒരു തുല്യ അകലത്തിലായിരിക്കും. കാൻസർ ബാധിതനായ രമണമഹർഷി തന്റെ ദേഹം നൽകുന്ന വേദനകളെ ഇത്തരത്തിൽ മാറിനിന്ന്‌ നിരീക്ഷിക്കുകയും അപ്രകാരം വേദനയുടെ കാഠിന്യത്തിൽനിന്ന്‌ ഏറെ മുക്തനാവുകയുമുണ്ടായി.

ജെ. കൃഷ്ണമൂർത്തി തന്റെ അന്ത്യനാളുകളിൽ അർബുദത്തിന്റെ പിടിയിലായിരുന്നല്ലോ. അദ്ദേഹവും ശുദ്ധാവബോധത്തിൽ ദേഹവുമായി ഒരു സാക്ഷിയായിരുന്നുകൊണ്ട്‌ വേദനകൂടാതെ എങ്ങനെ പുലരാനാവുമെന്ന്‌ തെളിയിക്കുകയുണ്ടായി. സാധാരണ ഒരാൾ വേദനയുമായി താദാത്മ്യപ്പെടുന്ന യോഗീഭാവത്തിലുള്ള ഒരാൾ സാക്ഷിയായി ജീവിക്കുന്നു. സാക്ഷീഭാവത്തിലിരിക്കുന്ന ബോധം വേദനയെ ഒരിക്കലും അനുഭവിക്കുന്നില്ല.