ബോധിവൃക്ഷച്ചുവട്ടില്‍


ഒരാൾ ഇരിക്കുമ്പോൾ, നിൽക്കുമ്പോൾ, നടക്കുമ്പോൾ, ഓടുമ്പോൾ, കിടക്കുമ്പോൾ ദേഹത്തിന്റെ അവബോധം, അനുഭൂതി വേറെ വേറെ അവസ്ഥകളിലാണ്‌. ഇരിക്കുമ്പോൾ മനസ്സും ഇരുന്നുകൊണ്ട്‌ ചിന്തയിലേക്കു കടക്കുകയാണ്‌. കിടക്കുമ്പോഴാകട്ടെ ചിന്തകൾ ശാന്തമാവുകയാണ്‌. മനസ്സപ്പോൾ വിശ്രമത്തിലേക്ക്‌ ചായുകയാണ്‌. നിൽക്കുമ്പോൾ ദേഹത്തിന്റെ ഊർജത്തിൽ മാറ്റംവരുന്നു. ഓടുമ്പോളാവട്ടെ ദേഹം തീർത്തും ഭിന്നമാണ്‌. അപ്പോൾ ശരീരം ധാരാളം പ്രാണവായു എടുക്കുകയും ചിന്തകളില്ലാത്ത ഒരവസ്ഥയിലേക്ക്‌ സ്വയമറിയാതെ പ്രവേശിക്കുകയുമാണ്‌. മന്ദതാളത്തിൽ, ചടുലതാളത്തിൽ ദേഹം ചലിക്കുമ്പോൾ, നൃത്തം വെക്കുമ്പോൾ ദേഹം പൂർണമായും മറ്റൊരവസ്ഥയിലേക്ക്‌ കടക്കുകയാണ്‌. ദേഹത്തിന്റെ ബാഹ്യാവയവങ്ങളുടെ ചലനം, ക്രമമായ താളം ദേഹത്തിനൊപ്പം മനസ്സിലും സത്തയിലും മോഹനമായ, സ്വച്ഛമധുരമായ ചില ഈണങ്ങൾ, ഊർജങ്ങൾ ഉണർത്തുകയാണ്‌.

ലോകത്തിലുള്ള ഏതു ധ്യാനരീതികളായാലും അതിലേക്ക്‌ സവിശേഷമായ അന്തർജ്ഞാനത്തോടെ, അന്തർമുഖതയോടെ, ഏകാന്തതയോടെ, ഏകാഗ്രതയോടെ, നിശ്ശബ്ദതയോടെ, നിശ്ചലതയോടെ പ്രവേശിക്കുന്ന ഒരു സാധകൻ തന്റെ ദേഹത്തിലും മനസ്സിലും സൂക്ഷമസത്തയിലും അനുഭവിക്കുന്ന സ്വച്ഛതയും സമാധാനവും സ്നേഹവും ദെക്കാർട്ടിന്റെ ‘‘ഞാൻ ചിന്തിക്കുന്നു, അതുകൊണ്ട്‌ ഞാനുണ്ട്‌’’ എന്ന ദർശനത്തിെനാരിക്കലും എത്തിപ്പെടാനാവാത്തതാണ്‌. ‘ഞാൻ അനുഭവിക്കുന്നു അതുകൊണ്ട്‌ ഞാനുണ്ട്‌’   എന്ന്‌ ഇത്തരം വഴിയിലൂടെ കടന്നുപോയ ഏതൊരെളിയ സാധകനും അനുഭവപ്പെടുന്നു.

ബുദ്ധന്റെ ശ്വസനപാഠങ്ങൾ, പതഞ്ജലിയുടെ ശ്വാസരഹസ്യങ്ങൾ, സൂഫി നൃത്തപാഠം, ഗുർജിഫിന്റെ താളാത്മകമായ ചലനങ്ങളുടെ പാഠം -ഇവയൊക്കെയും ദേഹത്തെ, ഇന്ദ്രിയങ്ങളെ അവധാനതയോടെ ഉപയോഗിക്കാൻ, പരിശീലിക്കാൻ, അനുഭവിക്കാൻ പറഞ്ഞിരിക്കുന്നു. ലാവോത്സു, ബുദ്ധൻ, പതഞ്ജലി എന്നിവർ ശ്വാസത്തെപ്പറ്റിയുള്ള സൂക്ഷ്മ സത്യങ്ങൾ വെളിപ്പെടുത്തിയ ശ്വാസത്തിന്റെ ശാസ്ത്രജ്ഞന്മാരായിരുന്നു.

സാധനയിലൂടെ ദേഹം ഒരു തളിരിലപോലെ മൃദുലവും സംവേദന പരവുമാകുന്നതുപോലെ നമ്മുടെ മനസ്സിനെ ശുദ്ധതയിലേക്ക്‌, സ്വച്ഛതയിലേക്ക്‌, നിർഭയതയിലേക്ക്‌, പൂർണമായ അനുഭൂതിപരതയിലേക്ക്‌ നയിക്കുന്ന പല സാധനകളും ലോകത്തിലുണ്ടായിട്ടുണ്ട്‌.  ‘അമൃത്‌സമാധി’ ധ്യാന ക്രമത്തിൽ ഞാനൊരു മനുഷ്യന്റെ പുത്രൻ എന്നതിനുപകരം ‘ഞാനൊരാത്മാവ്‌, നാശമില്ലാത്തത്‌’ എന്നാണനുഭവപ്പെടുക. ഇതിൽ മരണഭയം പോകുന്നു; ആനന്ദം വളരുന്നു. ‘മണിപൂരചക്ര’ത്തിന്‌ താഴെയുള്ള ‘ഹരചക്ര’ത്തിൽ ശ്വസനത്തെ കേന്ദ്രീകരിക്കുന്ന തരത്തിലുള്ള ശ്വസന സമ്പ്രദായങ്ങൾ ദേഹത്തിലും മനസ്സിലും വല്ലാത്ത ഒരുനിർഭയത ഉണർത്തുന്നു.

‘തഥാതയോഗ’യെന്ന സാധന ചെയ്യുമ്പോൾ ജീവിതത്തിലും മൃതിയിലും എന്തുവന്നാലും അതതുപോലെ കൈക്കൊള്ളുക. വിധി നിർണയമില്ലാതെ, താരതമ്യമില്ലാതെ, ദുഃഖമോ സുഖമോ എന്നുനോക്കാതെ, സ്തുതിയോ നിന്ദയോ ഇല്ലാതെ ‘‘എന്താണോ വരുന്നത്‌ അതങ്ങനെത്തന്നെ സ്വീകരിക്കുക.’’ ജീവിതത്തിൽ ‘‘തഥാത’’ പരിശീലിച്ചാൽ മരണത്തിലും അതുനടക്കും. മൃതി അപ്പോൾ അമൃതമായി മാറ്റും. ബുദ്ധൻ ഒരവസരത്തിൽ പറഞ്ഞു: ‘‘നിർത്ത്‌, നിർത്ത്‌. മിണ്ടരുത്‌!പരമസത്യം ചിന്തിക്കാൻ പോലുമാകാത്തതാണ്‌’’

ആകാശം തെളിഞ്ഞിരിക്കുമ്പോൾ സൂര്യൻ പ്രത്യക്ഷമാവുന്ന ഭൂമി വരണ്ടിരിക്കുമ്പോൾ മഴവീഴുന്നു. ബുദ്ധൻ ഹൃദയം മലർക്കെ തുറക്കുകയും സംസാരിക്കുകയും ചെയ്തു.... ‘‘കാതുകൾ കൂടാതെ നിശ്ശബ്ദതയിലൂടെ കേൾക്കുക. കണ്ണുകൾ കൂടാതെ ഇരുളിലൂടെ കാണുക, വാക്കുകൾ കൂടാതെ പറയാത്തത്‌ അറിയുക’’ ശരിയായ സമയം മഴ അരുവിയായി മാറുന്നു. അരുവി പുഴയായും പുഴ കടലായും മാറുന്നു. നാം ഓരോരുത്തനും നമ്മുടെ താഴേക്കുള്ള വഴിക്ക്‌ ഒഴുകുന്നു. നാം മഴയോ അരുവിയോ പുഴയോ കടലോ ആണെങ്കിൽ ഇതെങ്ങനെ പ്രശ്നമാകും? എന്നാൽ അരുവിയെ പുഴയിൽനിന്നുംമഴയെ കടലിൽനിന്നും വേർതിരിക്കുമ്പോൾ പ്രശ്നമാരംഭിക്കുന്നു. വാക്കുകൾ കൂടാതെ ഓരോന്നും കാണുക...

യുക്തിക്കപ്പുറത്ത്, അഞ്ചിന്ദ്രിയങ്ങൾകൊണ്ട് കാണാനാവാത്തതെന്തോ ചിലത് ജീവിതത്തിലുണ്ട്. 'നമ്മുടെ മാതാപിതാക്കൾ പിറക്കും മുമ്പുതന്നെ നമ്മുടെ ശരിയായ മുഖം രൂപമെടുത്തിരിക്കും' എന്ന് സെൻ പൈതൃകത്തിൽ പറയുന്നുണ്ട്. ഒരു കുഞ്ഞ് ജനിക്കുന്നതോടെയല്ല അവന്റെ അസ്തിത്വം ആരംഭിക്കുന്നത്. അവനവിടെ സദാ ഉണ്ട്. ഇപ്പോൾ മാത്രമാണവർ ഈ രൂപത്തിൽവന്നത്. അതുപോലെ ഒരുകഷ്ണം കടലാസുണ്ടാകുന്നതിനുമുമ്പ് മേഘങ്ങളിലും മരങ്ങളിലും അതുണ്ടായിരുന്നു. ''ഞാൻ എന്റെ അച്ഛനാണ്, എന്റെ പൂർവപിതാക്കൾ എന്നിലുണ്ട്'' - വസുബന്ധു ചൂണ്ടിക്കാട്ടി.സത്യത്തിൽ നിങ്ങൾ നിങ്ങളുടെ അച്ഛന്റെ തുടർച്ചയാണ്. നാം പുഞ്ചിരിക്കുമ്പോൾ, സംസാരിക്കുമ്പോൾ, പ്രവർത്തിക്കുമ്പോൾ ഇവരെല്ലാമാണത്‌ ചെയ്യുന്നത്.

ഒരു പൂവ് പൂവിന്റെതല്ലാത്ത നിരവധിഘടകങ്ങളാൽ നിർമിതമായതുപോലെ മനുഷ്യന്റെ ദേഹവും സൂക്ഷ്മസത്തയും മനുഷ്യന്റെതല്ലാത്ത ഘടകങ്ങളാൽ നിർമിക്കപ്പെട്ടിരിക്കുന്നു. എന്നാൽ യുക്തിവാദപരമായ ചിന്തപുലർത്തുന്ന ഒരാളുടെ ചിന്തകൾ തീർത്തും സങ്കുചിതവും പരിമിതവുമായിരിക്കും.  ബോധോദയത്തിലെത്തിയവരുടെ ബോധനിറവിൽനിന്നുള്ള ചിന്തകളും സങ്കല്പങ്ങളും ഒരു 'യുക്തിവാദി'മനസ്സിന് ഒരിക്കലും അറിയില്ല. കാരണം ഒരു യുക്തിവാദിയുടെ മനസ്സ് ‘‘ഒരു പാത്രത്തിന്റെയുള്ളിലുള്ള സ്ഥലത്തെ മാത്രമനുഭവിക്കുന്ന ഒരു മീനിനെപോലെയാണ്.’’ യുക്തിവാദിയല്ലാത്ത മനസ്സ് 'പാത്രത്തിന്റെ അകത്തുംപുറത്തുമുള്ള സ്ഥലരാശിയിലെ ജലത്തിലേക്കൊക്കെ വ്യാപിച്ചുപോകുന്ന' അതിരറ്റ ബോധമാണ്.ലാവോത്സു, ബുദ്ധൻ, യേശു, നബി, ഗുരുനാനാക്, സെൻ, സൂഫി, വേദാന്തപാതയിലെ യോഗികൾ-അവരുടെ അതീതമനസ്സിൽ വരുന്ന ഉൾക്കാഴ്ചകളെ അറിയാൻ മുൻവിധികളില്ലാത്ത ഒരു മനസ്സോടെ അതിലേക്ക് ഇറങ്ങിച്ചെല്ലുകയേ വേണ്ടൂ.