ഒരു വാതിലിൽ മുട്ടുന്നതുപോലെ നിങ്ങളിൽത്തന്നെ മുട്ടുവിൻ. ഒരു തുറസ്സായ വഴിയിലൂടെ പോകുന്നതുപോലെ നിങ്ങളിൽത്തന്നെ ഏറെദൂരം നടന്നുപോകുക. എന്തെന്നാൽ, ആ വഴിക്ക്‌ നിങ്ങൾ പോയാൽ വഴിതെറ്റില്ല. ആ വാതിലിൽ മുട്ടിയാൽ തുറക്കപ്പെടുന്നത്‌ നിങ്ങളുടെതന്നെ വാതിലായിരിക്കും.

നാലുപതിറ്റാണ്ടുകൾക്കുമുമ്പ്‌ അടിയന്തരാവസ്ഥക്കാലത്ത്‌, വിപ്ലവരാഷ്ട്രീയത്തിന്റെ പേരിൽ ധാരാളം ചെറുപ്പക്കാർ ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ കണ്ണൂർ സെൻട്രൽ ജയിലിലെ  ക്ലോസ്‌ പ്രിസണിൽ ഈ ലേഖകനുമുണ്ടായിരുന്നു. ജയിലിനകത്ത്‌ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കായി ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ പ്രത്യേക ജയിലായിരുന്നു അത്‌. ഈ ഇരുട്ടുമുറിക്കുള്ളിൽവെച്ചാണ്‌ എത്രയോ ദൂരം എന്നിൽനിന്ന്‌ നടന്നുപോയ ഞാൻ എന്നിലേക്കുതന്നെ തിരിച്ചുവന്നത്‌. മുടിയനായ പുത്രൻ ഗതികെട്ട്‌ സ്വന്തം വീട്ടിലേക്ക്‌ തിരിച്ചുവരുന്നതുപോലെയായിരുന്നു അത്‌.

ഒരാൾക്കുവേണ്ടിയുള്ള കൊച്ചു സെല്ലിൽ ഓരോന്നിലും ഞങ്ങൾ നാലഞ്ചുപേരാണുണ്ടായിരുന്നത്‌. വൈകുന്നേരം ആറുമണിയോടെ അത്താഴം കഴിച്ച്‌ സെല്ലിലടയ്ക്കപ്പെട്ടാൽ പിറ്റേന്നു രാവിലെ  ആറുമണിവരെ അതിനുള്ളിൽത്തന്നെ കഴിയണം. സന്ധ്യയ്ക്ക്‌ തടവുകാരുടെ മുറികളിലേക്ക്‌ കയറാനുള്ള സൈറൺ മുഴങ്ങുമ്പോൾ  ബദ്ധപ്പെട്ട്‌ വളർത്തുമൃഗങ്ങളെപ്പോലെ പരക്കംപായുന്നത്‌ പറയാനാവാത്ത ഒരു ശോകഭാവത്തോടെ നോക്കിനിന്നുപോവുമായിരുന്നു. അപ്പോൾ പുറത്ത്‌ മനോഹരമായ സ്വർണവെയിൽ നാളങ്ങൾ മരങ്ങൾക്കിടയിലൂടെ വന്നുവീഴുന്നുണ്ടാവും.

ഇരുളുന്നതോടെ എല്ലാവരും സ്വന്തം പായകൾ തട്ടിവിരിക്കുകയും ശാന്തമായി കിടക്കുകയും ചെയ്യുന്നു. ഞങ്ങൾക്കുമുകളിൽ വെളിച്ചമില്ല! അതുകൊണ്ട്‌ രാത്രി വായനയോ എഴുത്തോ നടക്കില്ല.  ജയിലിലാകെ ഒരു നിശ്ശബ്ദത പരക്കുന്നു. കിളികൾ ചേക്കേറുന്നതുപോലെ ഓരോ തടവുകാരനും തന്നിലേക്ക്‌ മടങ്ങിവരുന്ന സമയമാണത്‌. വീട്‌, നാട്‌, സ്വന്തക്കാർ, പരിചയക്കാർ എല്ലാം ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടമായും മനസ്സിലേക്ക്‌ കടന്നുവരും. ഒടുവിൽ ഓരോരുത്തരും ഇറങ്ങിപ്പോകും. ഏതെങ്കിലുമൊരാൾ, രണ്ടാൾ, മൂന്നാൾ മാത്രം ബാക്കിയാവും. പിന്നീടവരെയും പറഞ്ഞയയ്ക്കും. സ്വന്തം ശരീരം, അവയവങ്ങൾ അതുമാത്രമാവും.

കൈകൾ, മുഖം, തല, കാലുകൾ എല്ലാം തലോടും. വീണുവേദനിച്ചുകരയുമ്പോൾ ആരും വന്നാശ്വസിപ്പിക്കാനില്ലാത്ത കുട്ടി സ്വയം കണ്ണീർതുടച്ച്‌ എണീറ്റിരുന്നു സ്വയം തലോടുന്നതുപോലെ ഒടുവിൽ ഞാനൊറ്റയ്ക്ക്‌ എന്റെ ഉള്ളിലേക്ക്‌ പോകാൻ ശ്രമിക്കും. ചുറ്റും ചുമരുകൾ മാത്രമുള്ള ഒരു വിശാലമായ മുറിക്കകത്ത്‌ ഇരുട്ടിൽ വാതിൽത്തേടി നടക്കുന്നതുപോലെ ഞാൻ നടക്കും. എത്രയോദൂരം എത്രയോ നേരം നടന്ന്‌ ഒരു വാതിൽ കണ്ടുപിടിച്ച്‌ അതുവഴി പുറത്തുകടക്കാൻ. വീണ്ടും അതുപോലുള്ള മുറികളും വാതിലുകളും... അങ്ങനെ സ്വയമെവിടെയുമെത്താതെ എന്റെ അന്വേഷണം തളർന്നു കുഴഞ്ഞുവീണുപോകും.

മാർക്സ്‌, ലെനിൻ, മാവോ എന്നിവരുടെ വെളിച്ചത്തിനുപകരം ഗീത, ബൈബിൾ, ഖുർ ആൻ എന്നിവകളിലൂടെ പോയെങ്കിലും അവയൊന്നും എന്നിലെ എന്നെ എനിക്ക്‌ കാട്ടിത്തരുകയോ എന്നെ വ്യക്തിപരമായ സംബോധന ചെയ്യുകയോ ഉണ്ടായില്ല. അന്വേഷിക്കുക, തളരുക. അന്വേഷിക്കുക, തളരുക. അത്രമാത്രം.

ഒരുവർഷത്തെ ജയിൽവാസം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ മനസ്സിൽ പ്രത്യേക ബിംബങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജീവിതം, പ്രപഞ്ചം, മനുഷ്യൻ, പ്രകൃതി, ജീവജാലങ്ങൾ, ഭൂമി... എല്ലാം കൂടുതൽ അഗാധവും സൂക്ഷ്മവും നിഗൂഢവുമായി അനുഭവപ്പെടാൻ തുടങ്ങി.  അതിനിടയ്ക്ക് ജീവിതത്തിന്റെ പൊരുൾ തേടി പലയിടങ്ങളിലും അലഞ്ഞു. ഒടുവിൽ പുറത്ത്‌ എല്ലാ വാതിലുകളും മുട്ടിമുട്ടി തളർന്ന ഒരു പ്രയാണി സ്വന്തം ഹൃദയവാതിലിൽഎത്തുകയും അന്വേഷിച്ചത്‌ കണ്ടെത്തുകയും ചെയ്തതുപോലെ  ധ്യാനം ശീലിപ്പിക്കുന്ന രാജയോഗിനി ബി.കെ. സതി മാതാജിയുടെ മുന്നിൽ ഞാനെത്തി.

കമ്യൂണിസത്തിന്റെ വഴിയിലായിരുന്നപ്പോൾ ജീവിതത്തിന്റെ മഹാദൂരം ഒറ്റക്കാലിലോടാൻ ശ്രമിച്ചതുപോലെയായിരുന്നു എന്റെ പോക്കെന്ന്‌ തിരിച്ചറിഞ്ഞതുകൊണ്ട്‌ ധ്യാനത്തിന്റെ വഴിയിൽ പോകുമ്പോൾ ഒറ്റക്കാലിലുള്ള ഓരോട്ടമായി അത്‌ മാറരുതെന്ന്‌ സ്വയം കരുതപ്പെട്ടിരുന്നു. ജെ. കൃഷ്ണമൂർത്തി, സെൻ, താവോ, സൂഫിദർശനം, രമണമഹർഷി, ഓഷോ എന്നിവരുടെ വാക്കുകളും അനുഭവമണ്ഡലവും ജീവിതത്തിന്റെ ആത്മീയത ഏതൊരു മനുഷ്യനും രുചിച്ചറിയാവുന്നതാക്കി.

‘ഒരു വിഗ്രഹം തകരുമ്പോൾ, അത്‌ ആരാധനയ്ക്കെടുക്കില്ല. അത്തരം വിഗ്രഹങ്ങൾ മ്യൂസിയത്തിലേ വെയ്ക്കുകയുള്ളൂ’. നമ്മുടെ മതങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, സാമൂഹ്യസിദ്ധാന്തങ്ങൾ ഇപ്രകാരം മ്യൂസിയത്തിൽവെക്കേണ്ടവയാണെന്ന്‌ ആന്തരികമായി സൂചിപ്പിക്കുന്നവയല്ലാത്ത ഒന്നുമിപ്പോൾ മുന്നിലില്ല.  കെട്ടുപോയ ഈ വിളക്കുകളെയൊക്കെ മറന്ന്‌ ഒരു ശിശു ലോകത്തെ കാണുന്നതുപോലെ ലോകത്തെക്കാണാൻ ഒരാൾക്കാവില്ലേ?

ജീവിതം ഒരനശ്വരതീർഥാടനമായി ഇപ്പോഴെനിക്കും അനുഭവപ്പെടുന്നു. അവിടെ പഠിക്കുകയും പഠിച്ചതൊക്കെ മറക്കുകയും ചെയ്യുന്നു. ഇപ്പോഴൊരു സത്യം മനസ്സിലാകുന്നു. ജീവിതത്തിലൊരാൾ എന്തു പഠിക്കുന്നുവോ, അതിന്റെ പരമസാരം പൂവിന്റെ സുഗന്ധം പോലെയനുഭവിച്ച്, ബാക്കിയെല്ലാം ഉള്ളിൽ നിന്നു മാഞ്ഞുപോകണം. അപ്പോൾ ഒരാളുടെ അവബോധം ശുദ്ധമായി, നവ്യമായി നിലനിൽക്കുന്നു. അയാൾ വീണ്ടുമൊരു കുഞ്ഞായി മാറുന്നു. ജീവിതത്തിലുടനീളം ഈ ശൈശവഭാവം പുലർത്താൻ ഒരാൾ വർത്തമാനകാലത്തിന്റെ അനശ്വരനിമിഷങ്ങളിൽ ജീവിക്കാൻ ശീലിക്കണം.

ആത്മാവിന്റെ ഇരുണ്ട രാത്രികൾ വിശ്വത്തെയാകെ വിനാശമാക്കിക്കൊണ്ടിരിക്കുന്ന നാളുകളിൽ ജീവിക്കുന്ന ഒരാൾക്ക് ക്രിസ്തു, പുനരുദ്ധാനം, സ്വർഗരാജ്യം, പരിശുദ്ധാത്മാവ് എല്ലാം പുനർനിർവചിക്കപ്പെട്ടുകൊണ്ടല്ലാതെ ആത്മീയതയെ അനുഭവിക്കാനാവില്ല. ബുദ്ധനിലും യേശുവിലും നബിയിലും ഒക്കെയുള്ള നിഗൂഢ പൈതൃകത്തെ വീണ്ടെടുത്തുകൊണ്ടും അതിന്റെ പിന്തുണ നേടിക്കൊണ്ടുമല്ലാതെ പുതിയ കാലത്തെ മനുഷ്യന് പുലരാനാവില്ല.

യേശു മരിച്ചു. അദ്ദേഹത്തിന്റെ ശരീരം ഒരു ഗുഹയിൽ സൂക്ഷിക്കപ്പെട്ടു. മൂന്നാംനാൾ മഗ്ദലനമറിയം അദ്ദേഹത്തെ കാണാൻ ചെന്നെങ്കിലും ശരീരം അവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടവൾ യേശുവിനെ അന്വേഷിച്ച് ചുറ്റും നടന്നു. അവിടെ ഒരു തോട്ടക്കാരൻ പണിയെടുക്കുന്നതു കണ്ടു. അവൾ ആ തോട്ടക്കാരന്റെ അടുത്ത് ചെന്നാരാഞ്ഞു: ‘‘യേശുവിന്റെ ദേഹം എവിടേക്കാണ് നീക്കിയതെന്ന് അറിയുമോ?’’  തോട്ടക്കാരൻ ചിരിക്കുകയും ഇപ്രകാരം ചോദിക്കുകയും ചെയ്തു: ‘‘നിനക്ക് എന്നെ മനസ്സിലാകുന്നില്ല അല്ലേ?’’  അദ്ദേഹം ഉയിർത്തെണീറ്റ യേശുവായിരുന്നു. യേശു സംസാരിച്ചപ്പോൾ, അപ്പോൾ മാത്രമാണ് മഗ്ദലനയ്ക്ക് അയാളെ മനസ്സിലായത്. അയാളൊരു ഉദ്യാനപാലകനാണെന്നാണ് അവളാദ്യം നിനച്ചത്. എന്നിട്ടും ഒരു വാക്ക്‌ ഉച്ചരിച്ചക്ഷണം അവളദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കുകയും അയാളെ തിരിച്ചറിയുകയും ചെയ്തു.

നമ്മുടെയൊക്കെ ഉള്ളിൽ ഒരു ക്രിസ്തുവുണ്ട്. സ്ഥലകാലങ്ങളെ അതീന്ദ്രിയതയോടടുപ്പിക്കുന്ന ക്രിസ്തു. ഇതാണ് ജീവിക്കുന്ന ക്രിസ്തു. ചരിത്രത്തിലെ ക്രിസ്തു ബത്‌ലഹേമിൽ പിറന്നു. ഒരു മരപ്പണിക്കാരന്റെ മകനായി. അദ്ദേഹം മാതൃരാജ്യത്തുനിന്ന് ഏറെ യാത്ര ചെയ്തു. ഒരു പ്രബോധകനായി, 33-ൽ കുരിശിലേറി. നമ്മുടെ ഉള്ളിൽ ജീവിക്കുന്ന ക്രിസ്തു ദൈവപുത്രൻ. അദ്ദേഹം ഉയിർത്തെണീക്കുകയും ജീവിതം തുടരുകയും ചെയ്യുന്നു.

ഒരാൾ തന്നിൽത്തന്നെയുള്ള ഉന്നതബോധവുമായി സ്പർശത്തിലാകുമ്പോൾ അയാളൊരു ക്രിസ്തുവാകുന്നു. എന്തെന്നാൽ അയാളപ്പോൾ പരിശുദ്ധാത്മാവുകൊണ്ടു പൂരിതനാകുന്നു. ‘യേശു പാശ്ചാത്യബുദ്ധൻ’ എന്നൊരു കാഴ്ചപ്പാട് ബുദ്ധനെയും യേശുവിനെയും ഒരുപോലെ പഠിച്ചവർ പറയാൻ തുടങ്ങിയിരിക്കുന്നു. ഉണരുവാനും പ്രബോധിതനാവാനുമുള്ള സാധ്യത മുഴുവൻ മനുഷ്യരിലുമുണ്ടെന്ന് ബുദ്ധനും യേശുവും പറയുന്നു.

‘ദൈവരാജ്യം ഒരു ചെറു കടുകുമണിപോലെ!’ ഇതിന്റെ അർഥം ദൈവരാജ്യത്തിന്റെ ബീജം അത്രയും സൂക്ഷ്മമായി നമ്മിൽത്തന്നെയാകുന്നു എന്നത്രെ. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഈർപ്പമുള്ള മണ്ണിൽ അതെങ്ങനെ നട്ടുപിടിപ്പിക്കണമെന്നു നമ്മളറിഞ്ഞു കഴിഞ്ഞാൽ അതു വളർന്നുവലുതാകുന്നു. ഉണർവോടെ, മനോനിറവോടെ ജീവിക്കുമ്പോൾ ഒരാൾ ദൈവരാജ്യത്തേക്കു പോകുകയല്ല, ദൈവരാജ്യം അയാളിലേക്ക് വരികയാണ്. ദൈവരാജ്യം ഇവിടെ, ഇപ്പോൾ! ‘ദൈവസാന്നിധ്യത്തിൽ ജീവിക്കൽ’ ക്രൈസ്തവികതയിലെ സുന്ദരമായൊരു പ്രയോഗമത്രെ.

ജൂത പാരമ്പര്യത്തിൽ ഭക്ഷണസമയത്തിെന്റ പാവനത അത്യധികം ഊന്നിപ്പറയുന്നുണ്ട്. നിങ്ങൾ ഭക്ഷണം പാകം ചെയ്തു. മേശതുടച്ചൊരുക്കി ദൈവസാന്നിധ്യത്തിൽ ഭക്ഷിക്കുന്നു. നിങ്ങളുണരുമ്പോൾ ദൈവം ഈ ലോകം സൃഷ്ടിച്ചുവെന്ന് നിങ്ങൾ ബോധവാനാകുന്നു. സൂര്യവെളിച്ചം ജാലകത്തിലൂടെ കടന്നുവരുമ്പോൾ അതിൽ ദൈവസാന്നിധ്യം നിങ്ങളനുഭവിക്കുന്നു. നിങ്ങളെഴുന്നേറ്റ് ഭൂമിയിൽ നിൽക്കുമ്പോൾ ഈ ഭൂമി ദൈവത്തിന്റേതാണെന്ന് നിങ്ങളറിയുന്നു. മുഖം കഴുകുമ്പോൾ ജലം ദൈവമാണെന്ന് നിങ്ങളറിയുന്നു.

തണുത്ത കാറ്റേൽക്കുമ്പോൾ ദൈവസ്പർശം നിങ്ങളറിയുന്നു. പൂക്കളുടെ സുഗന്ധത്തിൽ, കിളികളുടെ പാട്ടിൽ, ആകാശനീലിമയിൽ നിങ്ങൾ ദൈവത്തെ മണക്കുന്നു, കേൾക്കുന്നു, കാണുന്നു. അപ്പോഴൊക്കെയും ഒരാൾ തന്നിലുള്ള പരിശുദ്ധാത്മാവിന്റെ ബീജത്തെ സ്പർശിക്കുകയായിരുന്നു. അപ്പോൾ ഒരാൾ ശിശുവിനെപ്പോലെയാകുന്നു. ദൈവരാജ്യത്തിലേക്കു പ്രവേശനം കിട്ടണമെങ്കിൽ നാം ശിശുക്കളെപ്പോലെയാകണമെന്ന് യേശു പറഞ്ഞു.