ലോകത്തിന്റെ സകലപാപങ്ങളുടേയും മോചനത്തിനായി തന്റെ തിരുശരീര രക്തങ്ങള്‍ ശിഷ്യര്‍ക്കു നല്‍കിയ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയിലാണ് ക്രൈസ്തവര്‍ വ്യാഴാഴ്ച 'പെസഹ' ആചരിക്കുന്നത്. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ കൂടിയാണ് പെസഹ. ദേവാലയങ്ങളില്‍ അര്‍പ്പിക്കുന്ന വിശുദ്ധകുര്‍ബ്ബാനയുടെ ആരംഭവും പെസഹയായാണ് കണക്കാക്കുന്നത്.

അന്ത്യ അത്താഴസമയത്ത് യേശു അപ്പമെടുത്തുവാഴ്ത്തി നുറുക്കി, 'ഇത് നിങ്ങള്‍ക്കുവേണ്ടി നല്‍കുന്ന എന്റെ ശരീരം, എന്റെ ഓര്‍മ്മയ്ക്കായി ഇത് ഭക്ഷിപ്പിന്‍' എന്ന് പറഞ്ഞു. 

ക്രിസ്ത്യാനികള്‍ ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായി ആചരിക്കുന്നു. യേശു തന്റെ അപ്പോസ്‌തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓര്‍മക്കായാണ് ഈ ആചാരം. വിശുദ്ധ ആഴ്ചയിലെ, അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം.

പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുര്‍ബ്ബാനയോടെ ഈസ്റ്റര്‍ ത്രിദിനത്തിന് തുടക്കമാകുന്നു. ഈ വ്യാഴം,വെള്ളി,ശനി ദിവസങ്ങളില്‍ വിശ്വാസികള്‍ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയര്‍ത്തെഴുന്നേല്പും സ്മരിക്കുന്നു. യേശുദേവന്‍ തന്റെ ശിഷ്യന്‍മാരുടെ കാല്‍കഴുകി പരിചരിച്ചത് അനുസ്മരിച്ച് ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷകള്‍ നടക്കും. 

പെസഹ എന്ന വാക്കിന് അര്‍ത്ഥം 'കടന്നുപോകല്‍' എന്നാണ്. ക്രൈസ്തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഈ ദിവസം ഓരോ ഇടവകയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടുള്ളത്. അതിന് ശേഷം വിശുദ്ധ കുര്‍ബാന വളരെ വിപുലമായി നടത്തും. ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്.

പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകുന്നേരം നടക്കും. അന്ത്യത്താഴ വിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തില്‍ പെസഹ അപ്പം അഥവാ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളില്‍ നിന്ന് നല്‍കുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളില്‍ വെച്ച് കുടുംബത്തിലെ കാരണവര്‍ അപ്പം മുറിച്ച് 'പെസഹ പാലില്‍' മുക്കി ഏറ്റവും പ്രായം കൂടി വ്യക്തി മുതല്‍ താഴോട്ട് കുടുംബത്തിലെ എല്ലാവര്‍ക്കുമായി നല്‍കുന്നു.

കുരിശിനുമുകളില്‍ എഴുതുന്ന 'INRI' യെ (മലയാളത്തില്‍ 'ഇന്രി') അപ്പവുമായി കൂട്ടി വായിച്ച് ഇന്രിയപ്പമെന്ന് പറയുന്നു. കാലക്രമേണ അത് ഇണ്ട്രിയപ്പമെന്നും ഇണ്ടേറിയപ്പമെന്നും പേര്‍ ആയതാണെന്ന് പറയപ്പെടുന്നു.

ചിലയിടങ്ങളില്‍ 'പാല് കുറുക്ക്' (പാലുര്‍ക്ക്) ഉണ്ടാക്കുകയും പെസഹയുടെ അന്ന് രാത്രിയില്‍ കുറുക്കായി തന്നെ കഴിക്കുകയും ചെയ്യുന്നു. പാല് കുറുക്കിയത് പിറ്റെ ദിവസമാകുമ്പോള്‍ കട്ടയാകുകയും, ദുഖവെള്ളി ദിവസം കാലത്ത് കുര്‍ബ്ബാന കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്ത് ചേര്‍ന്ന് കൈപ്പുള്ള ഇലയും മറ്റോ കടിച്ച് കട്ടയായ അപ്പം കഴിക്കുന്നു.