ഇന്ത്യയിൽ വഴിദൈവങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള പാതയോരങ്ങളിലെ പ്രതിഷ്ഠകൾക്ക് മുന്നിലൊന്നു കുമ്പിടാതെ വിശ്വാസിയായ ഒരു സഞ്ചാരിയും കടന്നുപോകില്ല. ദൈവങ്ങൾ ഇവിടെയൊക്കെ പലരൂപത്തിലും ഭാവത്തിലുമാണ്.  രാജസ്ഥാനിലെ പാലി - ജോധ്പുർ ഹൈവേയിൽ ഇങ്ങനെയൊരു ദൈവമുണ്ട്. തുരുമ്പെടുത്ത 350 സി.സി. റോയൽ എൻഫീൽഡ് ബുള്ളറ്റ്..!

‘ഓം ബന്ന’ എന്നാണ് ഈ വഴിയോര ഗ്രാമത്തിന്റെ പേര്. ബുള്ളറ്റ് ബാബയിൽ നിന്നാണ് ഗ്രാമത്തിനും ഈ പേര് കിട്ടിയത്. 1991ൽ ആണ് സംഭവം. ബന്നാ ഗ്രാമത്തിൽനിന്ന്‌ മൂന്ന് കിലോമീറ്റർ അകലെയുള്ള ഛോട്ടില ഗ്രാമത്തിന്റെ തലവനായ ജോഗ് സിങ്ങിന്റെ മകനായിരുന്നു ഓം സിങ്‌. രജപുത്രയുവാക്കളെയെല്ലാം പേരിനൊപ്പം ബന്ന എന്ന് ചേർത്ത് വിളിക്കുമായിരുന്നതിനാൽ ഓം ബന്ന എന്നായിരുന്നു ഓം സിങ്‌ അറിയപ്പെട്ടിരുന്നത്. 
 വിവാഹം കഴിഞ്ഞ് അധികനാളാകും മുന്നെ ഓം ബന്ന ഒരു ബുള്ളറ്റ് വാങ്ങി. പിന്നെ അതിലായി യാത്ര.  

Bullet Babaഒരു ദിവസം രാത്രി പാലിയിൽനിന്ന്‌ ഛോട്ടിലയിലേക്കുള്ള യാത്രയിൽ വഴിയരികിലെ മരത്തിലിടിച്ച് ബന്ന ദൂരെയ്ക്ക് തെറിച്ചു വീണു. മണൽകൂനകൾക്കിടയിൽ നിന്നാണ് ശവശരീരം ലഭിച്ചത്.  പോലീസുകാരെത്തി ബൈക്ക് സ്‌റ്റേഷനിലേക്കെടുത്തു കൊണ്ടു പോയി. എന്നാൽ അന്നു രാത്രിതന്നെ, അപകടമുണ്ടായ സ്ഥലത്ത് ബുള്ളറ്റ് തിരിച്ചെത്തി. ആരോ കരുതിക്കൂട്ടി ചെയ്തതാണെന്ന ധാരണയിൽ പോലീസുകാർ ബൈക്ക് വീണ്ടും സ്റ്റേഷനിലെത്തിച്ചു. പെട്രോൾ ഊറ്റിക്കളഞ്ഞു. പക്ഷേ, അന്നു രാത്രിയും അനുഭവം പഴയതു തന്നെ. ഭയന്നു പോയ പോലീസുകാർ ബൈക്ക്, ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. അവർ അത് ഗുജറാത്തിലുള്ള ഒരാൾക്ക് വിറ്റു. എന്നാൽ 400 കിലോമീറ്റർ അകലത്തിൽനിന്ന്‌ അപകടം നടന്ന സ്ഥലത്ത് ബൈക്ക് വീണ്ടും പ്രത്യക്ഷപ്പെട്ടു. ബുള്ളറ്റ് വാങ്ങിയ ആളും അത് ഉപേക്ഷിച്ചു. കഥകൾ ഇങ്ങനെ നീളുന്നു...

മരിച്ച ദിവസം രാത്രി ഓം ബന്നയുടെ ആത്മാവ് അതുവഴി പോയ ഒരു ട്രക്കിന് ലിഫ്റ്റ് ചോദിച്ചുവത്രേ! അപകടം നടന്ന സ്ഥലമെത്തിയപ്പോൾ ട്രക്കിന്റെ ഡ്രൈവറോട് ഹോണടിക്കാൻ പറഞ്ഞു. ‘നീ എന്ത് കാര്യത്തിനായി പോകുന്നുവോ തീർച്ചയായും അത് സാധിക്കും’ എന്ന് പറഞ്ഞ ശേഷം ബന്നയുടെ ആത്മാവ് അപ്രത്യക്ഷനായെന്നു മറ്റൊരു കഥ. ബന്ന മരിച്ച നാൾ മുതൽ അർദ്ധരാത്രിയിൽ ബുള്ളറ്റിന്റെ ഇരമ്പൽ കേൾക്കാറുണ്ടെന്ന് ബന്ന ഗ്രാമത്തിലുള്ളവർ പറയുന്നു. കഥകളും എന്നു കൂടി ചേർക്കണം. 

കഥ കൗതുകമുള്ളതാണെങ്കിൽ അതിനേക്കാൾ കൗതുകമുള്ളതാണ് ഇവിടത്തെ രീതികൾ. ബുള്ളറ്റ് ബാബയ്ക്ക് നിവേദ്യം ബിയറാണ്. ക്ഷേത്രത്തിന് പൂജാരിയൊക്കെയുണ്ട്. റോഡരികിൽ ബന്നയുടെ ബൈക്കിടിച്ച മരത്തിനോട് ചേർന്ന് ഒരു തറ കെട്ടിയിട്ടുണ്ട്. അതിൽ ഓം ബന്നയുടെ ചിത്രം, മാർബിളിലുള്ള വിഗ്രഹം എന്നിവ വെച്ചാണ് പൂജ. ഈ വിഗ്രഹത്തിലാണ് ഭക്തർ ‘മദ്യധാര’ നടത്തുന്നത്. ഇതിന് പിന്നിലാണ് മേൽക്കൂരയൊക്കെ കെട്ടി ബുള്ളറ്റ് പ്രതിഷ്ഠിച്ചിരിക്കുന്നത്. എല്ലാ വർഷവും അഷ്ടമിനാളിൽ ബുള്ളറ്റ് തനിയെ സ്റ്റാർട്ടാകുമത്രേ! 

സമീപ ഗ്രാമങ്ങളിലുള്ളവർ ഉൾപ്പടെ വിവാഹ ദിവസം ഇവിടെയെത്തി പ്രണാമം അർപ്പിക്കുന്നു. രജപുത്ര കുടുംബത്തിലെ അംഗങ്ങളെല്ലാം നവജാത ശിശുക്കളെ ബുള്ളറ്റ് ബാബയ്ക്ക് മുന്നിൽ കൊണ്ടുവരും. തങ്ങളുടെ കുലദൈവമായാണ് അവർ ബന്നയെ കരുതുന്നത്.  ആദ്യമായി മുടിമുറിക്കുന്ന ചടങ്ങും ബുള്ളറ്റ് ബാബയുടെ സന്നിധിയിലാണ് നടത്തുക.  ക്ഷേത്രത്തിന് ചുറ്റും ഉത്സവപ്പറമ്പിൽ കാണുന്നത് പോലെ കടകളുണ്ട്. പൂജാ സാധനങ്ങളൊക്കെ ഇവിടെ കിട്ടും. മദ്യവും ഇഷ്ടം പോലെ. പക്ഷേ നിവേദ്യമായി അർപ്പിക്കാനാണ്.