ലോകത്തിന്റെ പാപങ്ങള്‍ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍മൂന്നാം നാള്‍ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മപുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റര്‍. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു. തിന്മയുടെയും അസത്യത്തിന്റെയും ജയം താല്‍ക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികള്‍ തേടാതെ കഷ്ടങ്ങള്‍ സഹിച്ചും സത്യത്തിനു വേണ്ടി നില നില്‍ക്കണം എന്നതുമാണ് ഈസ്റ്റര്‍ പകര്‍ന്നു നല്‍കുന്ന പാഠം. 

അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെ  വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഒശാന ഞായറിനാരംഭിച്ച വിശുദ്ധവാരവും ഇന്ന് അവസാനിക്കുകയാണ്. ഉയിര്‍പ്പുതിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവര്‍ക്കുള്ളത്. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ആചരിക്കുന്നത്. 

വസന്തകാലത്ത് സൂര്യന്‍ ഭൂമദ്ധ്യരേഖയില്‍ വരുന്ന ദിവസം അഥവാ വസന്തവിഷുവം (Vernal Equinox) ആയ മാര്‍ച്ച് 21-ന് ശേഷം വരുന്ന പൂര്‍ണ ചന്ദ്രന് ശേഷം ഉള്ള ആദ്യത്തെ ഞായര്‍ ഈസ്റ്റര്‍ ആയി നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോള്‍ ഉള്ളത്. ഈ ഗണനപ്രകാരം ഈസ്റ്റര്‍ വരാവുന്ന ഏറ്റവും നേരത്തെയുള്ള തീയതി മാര്‍ച്ച് 22-ഉം ഏറ്റവും വൈകിയുള്ള തീയതി ഏപ്രില്‍ 25-ഉം ആണ്. ഇത് നീസാന്‍ കലണ്ടര്‍ പ്രകാരമുള്ള കണക്കാണ്. 

എന്നാല്‍ ജൂലിയന്‍ കലണ്ടര്‍ അടിസ്ഥാനപ്പെടുത്തി ആരാധനാവര്‍ഷം നിശ്ചയിക്കുന്ന ചില പൗരസ്ത്യ സഭകളില്‍ ഈസ്റ്റര്‍ ദിവസം ഗ്രിഗോറിയന്‍ കലണ്ടറിലെ (നിലവില്‍ ആഗോളവ്യാപകമായി ഉപയോഗിക്കുന്ന കലണ്ടര്‍) ഏപ്രില്‍ 4 മുതല്‍ മേയ് 8 വരെയുളള ഒരു ഞായറാഴ്ചയാണ് ആചരിക്കുന്നത്. കേരളത്തിലെ കല്‍ദായ സുറിയാനി സഭയടക്കം ഏകദേശം 20 കോടി ക്രൈസ്തവര്‍ ഇപ്പോഴും ജൂലിയന്‍ കലണ്ടര്‍ അനുസരിച്ചാണ് ഈസ്റ്റര്‍ തീയതി നിശ്ചയിക്കുന്നത്. 

എന്തായാലും ദാരിദ്ര്യത്തിന്റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്റെയും ഉള്‍വിളിയും ഉല്‍സവവുമാണ് യേശുക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍ന്നാള്‍. കുരിശുമരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്റെ ഓര്‍മയില്‍ ദേവാലയങ്ങളില്‍ ഇന്ന് തിരുക്കര്‍മ്മങ്ങള്‍ നടക്കും.