ശ്രീമദ് ഭഗവദ്ഗീത ആമുഖം വേണ്ടാത്ത അമൃതഗ്രന്ഥമാണ്. വാക്കുകൾ ചുരുങ്ങുംതോറും അർഥവ്യാപ്തി വർധിക്കുമെന്നതുകൊണ്ട് ഗീതാസന്ദേശത്തിന് അതിരുകളില്ല. ഉള്ളിലേറിയ ഗീത തിരികെയിറങ്ങുമ്പോൾ പല ഭാവങ്ങളും കൊള്ളാറുണ്ട്. വിഷാദമേറ്റവനും ജിജ്ഞാസകൊണ്ടവനും രുചിക്കുന്ന ഭാവമാണ് ഇവിടെ തുടർന്നുവരുന്നതെന്ന് അത്യാഗ്രഹിക്കുന്നു. ഭക്തന് പോഷകമാകുമെന്ന് പ്രതീക്ഷിക്കുകയുംചെയ്യുന്നു. ഇത് ഒരു വ്യാഖ്യാനഗ്രന്ഥമല്ല. ദൈനികജീവിതത്തിന്റെ നൂലാമാലകളിലൂടെ കടന്നുപോകുന്ന ഒരു ദിവസം ആരംഭിക്കാനുള്ള ഊർജബിന്ദുവായോ ദിനാന്ത്യവേളയിലെ ശാന്തിചിന്തനമായോ ഉപകരിക്കുമെന്നു പ്രതീക്ഷിക്കുന്ന ഒരു രചനമാത്രമാണ്. ഒരു സംവത്സരത്തിലെ എല്ലാ ദിവസവും ഓരോ ഗീതാചിന്തനം എന്ന ഭാവനയാണ് ഈ ഗ്രന്ഥത്തിന്റെ രചനയ്ക്കുപിന്നിൽ. അതുകൊണ്ടുതന്നെ ആഴമേറിയ പല ഭാഗങ്ങളും സ്പർശിച്ചിട്ടുമില്ല.

വാസാംസി ജീർണാനി...

ഈ ശരീരം വസ്ത്രംപോലെയേ ഉള്ളൂ. ജീർണിച്ച് ഉപയോഗശൂന്യമാകുന്ന വസ്ത്രം എറിഞ്ഞുകളഞ്ഞ് പുതിയത് ധരിക്കുംപോലെ ആത്മാവ് പുനർജന്മംനേടുന്നു. ആഗ്രഹങ്ങൾ, കർമങ്ങൾ, സങ്കല്പങ്ങൾ, ഹൃഷികേശന്റെ കൃപ എന്നിവ ചേർന്നാണ് അടുത്ത ജന്മം തീരുമാനിക്കുക. അടുത്ത ജന്മത്തിലെ ജാതി, ആയുസ്സ്, ഭോഗം എന്നിവയാണ് ഇങ്ങനെ രേഖയാവുന്നത്. ‘ജാതി’യെന്നാൽ ഏത് ജന്തുജാതിയിൽ പോയി ജനിക്കണമെന്നത്. ‘ആയുസ്സ്’ ആത്മാവും ഒരു ശരീരവും ചേർന്നിരിക്കുന്ന കാലയളവാണ്.

ആ കാലയളവിൽ ഉള്ളിലും പുറമേക്കുമായി അനുഭവിച്ചുതീർക്കേണ്ടതെല്ലാം ‘ഭോഗ’മാകുന്നു. ജാതിയും ആയുസ്സും ഭോഗവും തീരുമാനിക്കുന്നത് മുൻപുള്ള ജന്മത്തിലെ ആഗ്രഹങ്ങളും കർമങ്ങളും ചേർന്നാണെങ്കിലും ഹൃഷികേശന്റെ കൃപ വീണ്ടും ലീലയാടും. മരണമടഞ്ഞവന്റെ കർമങ്ങൾക്കുമേൽ അവൻ പ്രേമലീലയാടും. നമ്മുടെ കർമങ്ങൾക്ക് ഇരയായവന് നഷ്ടപരിഹാരമേകി നമുക്ക് സമാധാനവും കാരുണ്യവും തരും. അവനെ ഹൃദയപാശംകൊണ്ട്‌ വരിയുക, അവന്റെ പ്രേമധാര കുടിച്ചാൽ വറ്റുമോ എന്നു നോക്കുക. പാർഥിവ, അവനല്ലാത്തതൊന്നും ശരണമല്ല.

നൈനം ഛിന്ദന്തി ശസ്ത്രാണി...

ഈ ആത്മാവ് ശരീരത്തിൽനിന്ന് ഭിന്നമാണ്. ശരീരമാണ് ഉണ്ടാവുന്നതും നശിക്കുന്നതും. ആത്മാവ് ഉണ്ടാകുന്നതല്ല, നശിക്കുന്നതുമല്ല. ആയുധങ്ങൾകൊണ്ട്‌ ആത്മാവിനെ മുറിക്കാവതല്ല, അഗ്നികൊണ്ട്‌ ദഹിപ്പിക്കാവതല്ല, ജലംകൊണ്ട്‌ നനയ്ക്കാവതല്ല, കാറ്റുകൊണ്ട്‌ ഉണക്കാവതുമല്ല. മുറിവേറ്റും തീയിൽപ്പെട്ടും വിട്ടുപോകുന്നത് ശരീരംമാത്രമാണ്; ആത്മാവിന് എങ്ങനെ വിട്ടുപോകുന്നതും ഒരുപോലെയേയുള്ളൂ. സുമരണവും ദുർമരണവുമില്ല, മരണമേയുള്ളൂ. പക്വമൃത്യു, അപക്വമൃത്യു, അപമൃത്യു, അകാലമൃത്യു, പ്രായോപവേശം ഇത്യാദി സൂചിപ്പിക്കുന്നത് രീതിയെയാണ്, ഗുണത്തെയല്ല.
ആത്മാവിന് ശരീരംവിട്ടുപോകലും സ്വീകരിക്കലുമേയുള്ളൂ. (പക്വമൃത്യു: 84 വയസ്സിനു മേലുള്ളത്.അപക്വമൃത്യു: മക്കളുടെ വിവാഹം മുഴുവൻ നടക്കുന്നതിനു മുൻപുള്ളത്. അപമൃത്യു: അപകടത്തിൽപ്പെട്ടുള്ളത്.അകാലമൃത്യു: ആയുസ്സു തീരുംമുൻപുള്ളത്.പ്രായോപവേശം: അനുഷ്ഠാനരൂപത്തിൽ സ്വയം ശരീരത്യാഗംചെയ്യുന്ന ക്രിയ; മൺസമാധി, ജലസമാധി.)

ഏവം വിദിത്വാ ഏനം...

ഇങ്ങനെ അറിയുക ഇതിനെ-ഈ ആത്മാവ് അവ്യക്തമാണ്; കാരണം, സ്പർശിക്കാനാവില്ല. ഇത് അചിന്ത്യമാണ്; കാരണം, ഭാവനയ്ക്കപ്പുറമാണ്. അവികാരിയാണ്‌; കാരണം, രൂപഭേദമോ മാറ്റമോ വരാത്തതാണ്. ഇത് ജനിക്കയും മരിക്കയും ചെയ്യുന്നില്ല-ഉപകരണം സ്വീകരിക്കയും ഉപേക്ഷിക്കയും ചെയ്യുന്നതേയുള്ളൂ. അങ്ങനെ സ്വയം തിരിച്ചറിയുക, ശാശ്വതമായ ബന്ധം മനസ്സിലാഴ്ത്തുക, എല്ലാം പരസ്പരം ഉൾച്ചേർന്നതെന്ന് തെളിവാകുക; ഹൃഷികേശൻ പുഞ്ചിരിക്കുന്നതു കാണുക, കണ്ടുകൊണ്ടേയിരിക്കുക.

ജാതസ്യ ഹി ധ്രുവോമൃത്യു...

ജനിച്ചാൽ മരണം നിശ്ചിതം. മരിച്ചാൽ ജനനവും ഉറപ്പ്. അതിനപ്പുറം പോകുന്നത് മോക്ഷം. ഹൃഷികേശനുമായി ഒന്നുചേരുന്ന പൂർണാവസ്ഥ. പൂർണശുദ്ധി വരുംവരെ ജനിച്ചും മരിച്ചും കൊണ്ടേയിരിക്കുക. നീളുന്ന കർമബന്ധങ്ങളിൽ ഉഴന്നുകൊണ്ടേ യിരിക്കുക. ഒന്നും യാദൃച്ഛികമല്ല. എത്രയോ കാര്യങ്ങൾ നോക്കിയിട്ടാണ് അവൻ വിധി നിർണയിക്കുന്നത്! അച്ഛനും അമ്മയും കുടുംബാംഗങ്ങളും മിത്രങ്ങളും മാത്രമല്ല, ഒരു തവണ തിരക്കിനിടയിൽ പുഞ്ചിരിച്ചവർപോലും അന്യരല്ല. വീണ്ടും വീണ്ടും ഭവിക്കുന്ന ജീവിതത്തിൽ ഒന്നും ചുമ്മാതെ വരുന്നതല്ല. എല്ലാ ബന്ധങ്ങളും ഒരു ജന്മംകൊണ്ട്‌ തീരുന്നവയുമല്ല. ഒരേ ബന്ധംതന്നെ എത്രയോ തവണ ആവർത്തിച്ചാലാണ് വഴിമാറിയേക്കാവുന്നത്!
അനുഷ്ഠാനങ്ങൾക്കും ആചാരങ്ങൾക്കുമപ്പുറമാണ് ആത്മാവിന്റെ ഗതികൾ. പാർഥിവ, ഒന്നും യാദൃച്ഛികമല്ല, ഒന്നിനും വിരാമമില്ല...

വ്യക്തമധ്യാനി...

ജനിക്കുംമുൻപുള്ളത് അവ്യക്തത മാത്രം, മരിച്ചശേഷവും തുടരുന്നത് അസ്പഷ്ടത തന്നെ. കണ്ടും തൊട്ടുമറിയാനാവാത്ത കാര്യങ്ങളാണ് അവ്യക്തങ്ങൾ. ജനനത്തിനും മരണത്തിനുമിടയിലുള്ള ജീവിതത്തിന്റെ വിഹ്വലതയും ആനന്ദവും മാത്രമാണ് വ്യക്തങ്ങൾ. മുൻപുംപിൻപുമുള്ള എല്ലാ ഓർമകളും സുരക്ഷിതംതന്നെ. പക്ഷേ, വ്യക്തമല്ല. ബോധത്തിന്റെ ചക്രവാളങ്ങൾ പ്രകാശിച്ചുതുടങ്ങുമ്പോഴേ ഈ ഓർമകൾ ഉണരൂ. അതുവരെ അവ അസ്പഷ്ടമാണ്. ഏതാനും വർഷങ്ങൾക്കു മുൻപുള്ള ഓർമകൾപോലും വ്യക്തമല്ലെന്നിരിക്കേ, കാലങ്ങൾക്കപ്പുറത്തെ സ്മരണകൾകൊണ്ട് എന്തു പ്രയോജനം? അതുകൊണ്ട് വർത്തമാനകാലം വിഹ്വലമാവുകയേയുള്ളൂ. വിസ്മൃതിയും അനുഗ്രഹമാകുന്നു, അവന്റെ പ്രേമവും കാരുണ്യവും തന്നെയാകുന്നു.

ശ്രുത്വാപി...

കേട്ടിട്ടും ചിലർക്ക് സംശയം തീരുന്നില്ല. ആത്മാവ് വാസ്തവത്തിൽ ഉള്ളതുതന്നെയോ? അഥവാ വെറും ഒരു ആശ്ചര്യം മാത്രമോ, മരണാനന്തരസാന്നിധ്യങ്ങളായി അലട്ടുന്ന ആശ്ചര്യം? അല്ല, ശ്രുതി എല്ലാം പറഞ്ഞുതന്നിട്ടുണ്ടല്ലോ: ഇച്ഛ, ദ്വേഷം, കാമം, ക്രോധം, സന്തോഷം, തിരിച്ചറിവുകൾ, ഓർമകൾ-എല്ലാം ആർക്കാണുള്ളത്, ശരീരത്തിനോ? എങ്കിൽ മൃതശരീരത്തിൽ എന്താണിവ ഇല്ലാത്തത്? മൃതശരീരത്തിൽ ഒന്നിനും കുറവില്ല, പക്ഷേ, ഇച്ഛയും തിരിച്ചറിവുമില്ല, ബോധവും വിവേകവുമില്ല. അപ്പോൾ ഈ ഗുണങ്ങൾ ശരീരത്തിന്റെതല്ല, ആത്മാവിന്റെതാണ്. ശരീരത്തെ കൊല്ലാം, ആത്മാവിനെ നശിപ്പിക്കുക അസാധ്യം.
ആത്മാവേ ശരീരത്തിൽനിന്ന് വേർതിരിച്ചറിയുക, രണ്ടും ഒന്നിക്കുമ്പോഴുള്ള വ്യത്യാസവും കണ്ടറിയുക, പിന്നെ ഒന്നിപ്പിക്കുന്നതാരെന്നും ഓർമിച്ചുകൊള്ളുക...

ന വികമ്പിതും അർഹസി

പതറരുത്, പാർഥിവ, വിഭ്രമങ്ങൾക്കു മുന്നിൽ കാഴ്ചയറ്റുപോകരുത്. ഓരോ കർമബന്ധങ്ങൾകൊണ്ട് വന്നെത്തുന്ന പ്രഹേളികകളാണിവ. ആത്മാവ് തന്റെ ആവരണങ്ങൾക്കുള്ളിലിരുന്നുകൊണ്ട് നാടകമാടുകയാണ്. ഏറ്റവും പുറത്ത് അന്നം കഴിച്ചുണ്ടാക്കിയ ഈ അന്നമയകോശം-ഈ ശരീരം. അതിനുള്ളിൽ എല്ലാ ശരീരധർമങ്ങളും ചെയ്യുന്ന വിദ്യുച്ഛക്തിയായ പ്രാണമയകോശം. അതിനെക്കാളും സൂക്ഷ്മമായ, അതിനെയും നിയന്ത്രിക്കുന്ന മനോമയകോശം എന്ന മനസ്സിൻ ശക്തി പ്രാണമയത്തിനുള്ളിൽ പരന്നുനില്ക്കുന്നു. മനസ്സിനെ നിയന്ത്രിച്ചുകൊണ്ട് വിജ്ഞാനമയമെന്ന അറിവിന്റെ ആവരണം. അതിനപ്പുറം ആനന്ദമയകോശമെന്ന സൂക്ഷ്മാനന്ദത്തിന്റെ ആവരണം. ഈ ആവരണങ്ങൾക്കുള്ളിലാണ് ആരാലും നശിപ്പിക്കപ്പെടാനാവാത്ത ഈ ആത്മാവ്.