കോഴിക്കോട്: വേദങ്ങളെയും സ്മൃതികളെയും മതഗ്രന്ഥങ്ങളെയും സുപ്രീം കോടതി വിധികളെയും ഉദ്ധരിച്ചുള്ള വാക്‌ പോര്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ കലാലയങ്ങളിൽ നിന്നെത്തിയ എട്ടുപേർ ആശയങ്ങങ്ങളും ആദർശങ്ങളും രാഷ്ട്രീയവും മതബോധങ്ങളുമായി സദസ്സിൽ കൊമ്പുകോർത്തപ്പോൾ രാജ്യത്തിന് വേണ്ടിയുള്ള സംവാദമായി അത് മാറി. കാഴ്ചക്കാരായി കണ്ടിരുന്നവർ പക്ഷം പിടിച്ച് ആരവങ്ങളുയർത്തിയും കൈയടിച്ചും സദസ്സിൽ ഓളം സൃഷ്ടിച്ചു.

കോഴിക്കോട് അണ്ടിക്കോട്ടെ മിയാമി കൺവെൻഷൻ സെന്ററിൽ നടന്ന ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി സഹകരിച്ച്‌ നടത്തുന്ന ഫെഡറൽ ബാങ്ക്‌ സ്പീക്ക് ഫോർ ഇന്ത്യ സംവാദത്തിന്റെ കേരള എഡീഷൻ ഗ്രാൻഡ് ഫിനാലെയാണ് അറിവിന്റെ വാദപ്രതിവാദ വേദിയായത്.

കഴിഞ്ഞ വർഷത്തെ ജേതാവായ റെബിൻ വിൻസെന്റ് ഗ്രാലനും ജനപ്രിയ അവാർഡ് ജേതാവ് ശ്രീജിത്ത് കാഞ്ഞിലശ്ശേരിയും നാടകീയമായി സംവാദത്തിൽ ഏർപ്പെട്ടെത്തിയാണ് ഗ്രാൻഡ് ഫിനാലെ മത്സരങ്ങൾ തുടങ്ങിയത്.  

മത്സരത്തിനെത്തിയ എട്ടുപേരെ പരിചയപ്പെടുത്തി ‘മതപരമായ ലിംഗവിവേചനം മനുഷ്യാവകാശത്തെ ലംഘിക്കുന്നു’ എന്ന വിഷയം നൽകി. മത്സരാർഥികളിൽ രണ്ടുപേരെ ഇതിൽ സംസാരിക്കാൻ വേദിയിലേക്ക് ക്ഷണിച്ചപ്പോഴാണ് അവർക്ക് പകരം മുൻജേതാക്കളെത്തി അതേ വിഷയത്തിൽ സംവാദത്തിന് തിരികൊളുത്തിയത്. മോഡറേറ്ററായ ഡോ. അരുൺ കുമാർ ഇടപ്പെട്ട് ഇതിന് നാടകീയമായി തന്നെ അവസാനവുമുണ്ടാക്കി യഥാർഥ മത്സരം തുടങ്ങി.

മാർ ഇവാനിയസ്സിലെ സിദ്ധാർഥ്‌ എം. ജോയിയും കാലടി സംസ്‌കൃത സർവകലാശാലയിലെ എ.പി. അശ്വിനിയുമാണ് ആദ്യം സംവദിച്ചത്. ലംഘിക്കുന്നുണ്ടെന്ന് വാദിച്ച സിദ്ധാർഥ്‌ മതം ഉറച്ചുപോയ ശിലയെപ്പോലെയാകരുതെന്നും കാലത്തിനൊത്ത് വികസിക്കുന്ന ഒന്നായി മാറേണ്ടതാണെന്നും അഭിപ്രായപ്പെട്ടു. ലിംഗവ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യമായ സ്ഥാനമാണ് മതഗ്രന്ഥങ്ങൾ നൽകുന്നതെന്നും പലപ്പോഴും അത് വ്യാഖ്യാനിക്കുന്നതിലാണ് പിഴവുണ്ടാകുന്നതെന്നും അശ്വിനി വ്യക്തമാക്കി. ചെമ്പഴന്തി എസ്.എൻ. കോളേജിലെ ടി. ഐശ്വര്യ അനീഷും അകക്കണ്ണിന്റെ വെളിച്ചത്തിൽ പഠനം നടത്തുന്ന മാർ ഇവാനിയസ് കോളേജിലെ എസ്. ഗോകുലുമാണ് തുടർന്ന് മാറ്റുരച്ചത്. 

ബഹുഭാര്യാത്വം, തലാക്ക്, സ്ത്രീ ചേലാകർമം എന്നിവ മതപരമായ ലിംഗവിവേചനത്തിന്റെ ഉദാഹരണങ്ങളാണെന്ന് ഐശ്വര്യ ചൂണ്ടിക്കാട്ടി. എന്നാൽ, മതമെന്നത് സ്ഥാപനമാണെന്നും അവിടെ അടിച്ചേൽപ്പിക്കലല്ല മാർഗനിർദേശങ്ങൾ നൽകലാണ് നടക്കുന്നതെന്നും മറുവാദമായി ഗോകുൽ ഉന്നയിച്ചു. ഫൈനൽ റൗണ്ടിലെത്തിയ നൗഫലും ശ്രീലക്ഷ്മിയും തെരുവുനായ പ്രശ്നത്തിൽ അനുകൂലിച്ചും എതിർത്തും സംവദിച്ചു. മനുഷ്യന്റെ കാർഷിക സംസ്കാരത്തിനുൾപ്പെടെ വിവിധ ഘട്ടങ്ങളിൽ കൂടെ നിന്ന നായയെ കൊല്ലുകയല്ല സംരക്ഷിക്കുകയാണ് വേണ്ടതെന്ന് ശ്രീലക്ഷ്മി വാദിച്ചു. 

മനുഷ്യന് ദോഷമായുള്ളതിനെ നശിപ്പിക്കുക തന്നെയാണ് വേണ്ടതെന്ന്‌ നൗഫൽ എതിർവാദമുയർത്തി. 
മനുഷ്യ പ്രകൃതിയിലുണ്ടാക്കുന്ന പ്രശ്നങ്ങളുടെ പ്രതികരണങ്ങൾ മാത്രമാണ് തെരുവു നായയിൽ നിന്നുണ്ടാകുന്നതെന്നും അതിന് നായയെക്കൊന്നല്ല പ്രതിവിധി കണ്ടെത്തേണ്ടതെന്നും മറ്റൊരു ടീമംഗമായ ഷോന സ്മിത്ത് പറഞ്ഞു. 
സ്വയംപ്രതിരോധത്തിനായി ആക്രമകാരികളായ നായ്ക്കളെ കൊല്ലാമെന്ന് നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് എതിർവാദമുന്നയിച്ച കോഴിക്കോട് പ്രോവിഡൻസിലെ അസില മിസബാഹ് നായ്ക്കളെ തിന്നുന്നവരുടെ നാട്ടിലേക്ക് ഇവയെ കടത്തുന്നതിനെക്കുറിച്ചുവരെ സംസാരിച്ചു.  മാതൃഭൂമിയുടെ ഇവന്റ് ഡിവിഷനായ റെഡ്‌മൈക്കാണ് പരിപാടി സംഘടിപ്പിച്ചത്.