കോഴിക്കോട്: വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ തീപ്പൊരി പ്രസംഗം നടത്തി കപ്പുയർത്തിയ കൊല്ലം സ്വദേശി നൗഫൽ തന്നെയാണ് വെള്ളിയാഴ്ച സ്പീക്ക് ഫോർ ഇന്ത്യ സംവാദ മത്സരത്തിന്റെ ജേതാവുമായതെന്നത് പലരിലും കൗതുകമുണർത്തി.


തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ പൊളിറ്റിക്കൽ സയൻസ് ബിരുദാനന്തരബിരുദ കോഴ്‌സിന്റെ രണ്ടാം വർഷവിദ്യാർഥിയാണ് നൗഫൽ.  കൊല്ലം എസ്.എൻ. കോളേജിൽ പൊളിറ്റിക്കൽ സയൻസ് ബിരുദ കോഴ്‌സ് ഒന്നാം റാങ്കോടെ പാസായിരുന്നു.
 കൊല്ലം ചാത്തന്നൂർ കല്ലുവിള വീട്ടിൽ നൗഷാദിന്റെയും ഷൈലയുടെയും മകനാണ്.


സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രസംഗത്തിൽ ഒന്നാം സ്ഥാനം, സംസ്ഥാന ശാസ്ത്രമേള ജേതാവ്, സർവകലാശാലാ കലോത്സവ ജേതാവ്, കേരളോത്സവ ജേതാവ് എന്നിവയാണ് ഇതിനുമുമ്പ് ലഭിച്ചിട്ടുള്ള അംഗീകാരങ്ങൾ.